തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ഫ്‌ലാറ്റ് തട്ടിപ്പു കേസായി മാറുകയാണ് സിനിമാതാരം ധന്യമേരി വർഗീസ് ഉൾപ്പെട്ട തിരുവനന്തപുരത്തെ സാംസൺ ആൻഡ് സൺസിന്റെ ഫ്‌ലാറ്റ് തട്ടിപ്പ്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ഒമ്പത് പദ്ധതികളിലായി 100 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോടികളുടെ പരസ്യത്തിൽ മയങ്ങി മുഖ്യധാരാ മാദ്ധ്യമങ്ങൾ കൊടുക്കാൻ മടിച്ച ഈ തട്ടിപ്പിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ധന്യമേരി വർഗീസും കുടുംബവും തന്നെയാണ് പ്രമുഖമായ ഈ കമ്പനിയുടെ തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. മറുനാടൻ വാർത്ത പുറത്തുവിട്ട ശേഷം ഒരു മാസത്തിനിടെ വിദേശ മലയാളികൾ അടക്കം അമ്പതിലേറെ പേരാണ് ഫ്‌ലാറ്റ് തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്ന് വ്യക്തമായി.

നാട്ടിൽ സമ്പാദ്യമെന്ന വിധത്തിൽ ഫ്‌ലാറ്റിന് ഓർഡർ ചെയ്ത പ്രവാസികളിൽ ചിലർ ഒരു കോടി രൂപ മുഴുവനായും നൽകിയിരുന്നു. എന്നാൽ, കാലാവധി കഴിഞ്ഞപ്പോൾ ഇവരോട് പറഞ്ഞിരുന്നത് കുറച്ചു പണികൾ മാത്രമേയുള്ളൂ എന്നായിരുന്നു ഇവർ വിശ്വസിപ്പിച്ചത്. എന്നാൽ, ഇതിനിടെ ചിലർ പരാതിയുമായി രംഗത്തെത്തിയപ്പോൾ അവരെ പരാതി പിൻവലിപ്പിക്കുകയായിരുന്നു. കമ്പനി എംഡിയും ഭാര്യാ പിതാവുമായ സാംസൺ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോൾ ഭർത്താവുമായ ജോൺ സാംസണിനും സഹോദരൻ സാമുവലിനുമൊപ്പമാണ് ധന്യയെ ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്.

50 ലക്ഷത്തിന്റെയും ഒരു കോടി രൂപയുടേയും ആഡംബര ഫ്‌ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2011 മുതലാണ് ഇവർ വിദേശ മലയാളികളിൽനിന്നടക്കം കോടികൾ തട്ടിയെടുത്തത്. പണം നഷ്ടമായ അൻപതിലേറെ ആളുകളാണ് ഇതിനോടകം ക്രൈം ഡിറ്റാച്ച്‌മെന്റിന് പരാതി നൽകിയിരിക്കുന്നത്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. മ്യൂസിയം, കന്റോൺമെന്റ്, പേരൂർക്കട പൊലീസ് സ്‌റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫ്ളാറ്റ് നിർമ്മിച്ചു നൽകാമെന്നു പറഞ്ഞു പലരിൽ നിന്നായി ഇവർ അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഇവർ പലരിൽ നിന്നായി വാങ്ങിയത്. ആഡംബര ഫ്‌ലാറ്റെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഫ്‌ലാറ്റ് ലഭിച്ചതുമില്ല.


പണി പൂർത്തിയാക്കി 2014 ഡിസംബറിൽ ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ളാറ്റ് നൽകാതിരുന്നതിനെ തുടർന്നു പണം നൽകിയവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർതൃപിതാവിന്റെ കമ്പനിയിൽ ഫ്ളാറ്റുകളുടെ സെയിൽസ് വിഭാഗത്തിലായിരുന്നു ധന്യ മേരി വർഗീസ് പ്രവർത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടു നിന്നതായും പരാതിക്കാരുടെ ആരോപണം. ധന്യക്ക് കമ്പനി ഡയറക്ടർ ബോർഡിൽ അംഗത്വമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, അങ്ങനെയില്ലെന്നാണ് പൊലീസ് പറയുന്നത്.

പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ജേക്കബ് സാംസൺ, മക്കളായ ജോൺ, സാം എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ജോണും ഭാര്യ ധന്യയുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വസ്തുത പരിശോധിച്ചു. എന്തായാലും അറസ്റ്റിലായതോടെ ധന്യാ മേരി വർഗിസിനും കേസിൽ നിന്നും കൈകഴുകാനുള്ള ശ്രമം എളുപ്പമാകില്ല. മുൻകൂർ ജാമ്യമത്തിനായി ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേരെയും പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ പിരിച്ചെടുത്ത് 100 കോടിയോളം രൂപ എവിടെയെന്ന കാര്യത്തിൽ പൊലീസിന് ശരിക്കും വ്യക്തത വന്നിട്ടില്ല. നിരവധി സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

2011 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസിൽ എന്ന ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 25 പേരിൽ നിന്ന് ഇവർ അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ കൊടുത്തവരിൽ ഉൾപ്പെടുന്നു. 2014 ഡിസംബറിൽ ഫ്‌ലാറ്റ് പൂർത്തീകരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ലാറ്റ് നിർമ്മാണം പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾ ഫ്‌ലാറ്റ് നിർമ്മാതാക്കളെ സമീപിച്ചു. ഉടൻ പൂർത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവർഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ഇതുകൂടാതെ ഫ്‌ലാറ്റുകളും ഫ്‌ലാറ്റ് നിർമ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാർ ആരോപിക്കുന്നു.

നോവ കാസിൽ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറിൽ ഓർക്കിഡ് വാലി എന്ന ഫ്‌ലാറ്റ് നിർമ്മിക്കാമെന്ന് കാണിച്ച് പലരിൽ നിന്നും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് അഡ്വാൻസ് തുക കൈപ്പറ്റി. 25 ഫ്‌ലാറ്റുകളാണ് ഇവിടെ നിർമ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്. പലരും 20 ലക്ഷം മുതൽ 40 ലക്ഷം വരെ ഈ ഫ്‌ലാറ്റുകൾക്ക് അഡ്വാൻസ് നൽകി. എന്നാൽ ഫ്‌ലാറ്റ് നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല.

പേരൂർക്കടയിൽ പേൾ എന്ന് ഫ്‌ലാറ്റും വഴയിലയിൽ സാങ്ച്വറി എന്ന് ഫ്‌ലാറ്റ് സമുച്ചയവും മരുതൂരിൽ ഷാരോൺ വില്ലാസ് ആൻഡ് ഫ്‌ലാറ്റ് എന്ന് സമുച്ചയവും നിർമ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയിൽ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്‌ലാറ്റ് നിർമ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയിൽ മെറിലാന്റ് എന്ന ഫ്‌ലാറ്റ് നിന്നിരുന്ന സ്ഥലം സാംസൺ ആൻഡ് ബിൾഡേഴ്‌സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്‌ലാറ്റ് ഉടമകൾക്ക് പകരം ഫ്‌ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസൺ ആൻഡ് ബിൾഡേഴ്‌സിനെതിരെ ലഭിച്ചത്.

2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാർ വർഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളിൽ ധന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006ൽ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോൺ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷൻ ചാനലിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂർണമെന്റ്' എന്ന സിനിമയിൽ നാല് യുവനായകന്മാരിൽ ഒരാളായിരുന്നു ജോൺ.