തിരുവനന്തപുരം: നടി ധന്യ മേരി വർഗ്ഗീസ് ഉൾപ്പെട്ട ഫ്‌ളാറ്റ് കുംഭകോണത്തിൽ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുമുണ്ടെന്ന സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ മേയർക്ക് ഫ്‌ലാറ്റ് കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കമ്പനിയുടെ ചെയർമാനായ സാംസണും മക്കളുമായും മുൻ മേയർക്ക് അടുത്ത ബന്ധമുണ്ടായുരുന്നു. മേയറുടെ മകനും അറസ്റ്റിലായ ജോണും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പാർട്ടി ഓഫീസ് നിർമ്മാണത്തിനടക്കം സാംസൺ കമ്പനിയുടെ സഹായം മേയർക്ക് ലഭിച്ചിരുന്നതായും സൂചനയുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഉന്നതനും ഈ കേസിൽ നേരിട്ട് പങ്കുപറ്റിയതയാണ് സൂചന. ഇതോടെ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

തിരുവനന്തപുരത്ത് വികാസഭവനിൽ ഈ കമ്പനിക്ക് സ്ഥലമുണ്ടായിരുന്നു. ഇവിടെ നിന്ന് അനധികൃത മണ്ണെടുക്കൽ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയാണ് സാംസൺ ഗ്രൂപ്പ് പ്രതികാരം തീർത്തത്. മന്ത്രിസഭയിലെ ഉന്നതിന്റെ സഹായത്തോടെയായിരുന്നു ഇത്. മണ്ണെടുക്കാനായി കോർപ്പറേഷനും കള്ളക്കളി നടത്തി. എന്റെ നഗരം സുന്ദരം നഗരം പദ്ധതിക്കായി മണ്ണെടുക്കാനുള്ള ഔദ്യോഗിക കമ്പനിയായി സാംസണെ അംഗീകരിച്ചു. ഇവരുടെ സ്ഥലത്തുള്ള മണ്ണുപയോഗിച്ചാണ് പാളയം മാർക്കറ്റിലെ മാലിന്യകൂമ്പാരം നീക്കിയത്. അങ്ങനെ മണ്ണ് നീക്കത്തെ കോർപ്പറേഷൻ സഹായിച്ചു. ഇതിനെല്ലാം പിന്നിൽ മുൻ മേയറുടെ ഇടപെടലുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം.

ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെടലിന്റെ സഹായത്തോടെയാണ് അനധികൃത മണ്ണെടുക്കലിനെ എതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇതോടെയാണ് സാംസണിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായത്. പ്രത്യുപകരാമായി പലതും ഇവർക്ക് തിരിച്ചും ചെയ്തു കൊടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ഫ്‌ലാറ്റ് തട്ടിപ്പിന്റെ വ്യാപ്തിയും കൂടുകയാണ്. അതിനിടെ വിദേശത്ത് നിന്നും ഈ കമ്പനിയെ സംബന്ധിച്ച നിരവധി പരാതികൾ പൊലീസിന് കിട്ടി തുടങ്ങിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുന്നതാണ് ഈ കണ്ടെത്തലുകൾ. ഫ്ളാറ്റ് തട്ടിപ്പ് കേസിൽ പ്രതികളുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കും. ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടു രജിസ്ട്രേഷൻ ഐ.ജിക്ക് അന്വേഷണസംഘം കത്ത് നൽകിയിട്ടുണ്ട്.

പ്രതികളായ ജോൺ ജേക്കബ്, ഭാര്യയും നടിയുമായ ധന്യ മേരി വർഗീസ്, ജോണിന്റെ സഹോദരൻ സാമുവൽ ജേക്കബ് എന്നിവർ ഒളിവിൽകഴിഞ്ഞതു മുംബൈ, ബംഗളുരു, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. ഈ സാഹചര്യത്തിലാണു പ്രതികൾ കേരളത്തിനു പുറത്തും വിദേശത്തും ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നത്. എന്നാൽ, ഫ്ളാറ്റ്/നിക്ഷേപത്തട്ടിപ്പുകളിൽ തനിക്കു പങ്കില്ലെന്നാണു ധന്യ മേരി വർഗീസിന്റെ മൊഴി. സെയിൽസ് വിഭാഗം ഡയറക്ടർ എന്ന നിലയിൽ ധന്യയുടെ പേര് കമ്പനി വെബ് സൈറ്റിലും ബ്രോഷറിലും ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അവരെ പ്രതിചേർത്തത്.
.
തിരുവനന്തപുരം നഗരത്തിൽ സാംസൺ ബിൽഡർ ഗ്രൂപ്പ് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 100 കോടിയിലധികം രൂപ തട്ടിയ കേസിലാണു ജില്ലാ ക്രൈംബ്രാഞ്ച് പ്രതികളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. സമ്പാദിച്ച പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കുകയോ വസ്തുവകകൾ വാങ്ങിക്കൂട്ടുകയോ ചെയ്തിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.