മ്പതും, നൂറും, ഇരുനൂറും കോടി ക്ലബുകളിലൊക്കെ ഉൾപ്പെടാൻ കഴിയുന്ന രീതിയിൽ മലയാള സിനിമ വളർന്നിട്ടും, ഇതിലെ 'തൊഴിലാളികളിൽ' സാമ്പത്തിക സുരക്ഷിതത്വമുള്ളത് ഏതാനും സൂപ്പർ താരങ്ങൾക്ക് മാത്രമാണോ? നേരത്തെ കെപിഎസി ലളിതയുടെ മരണവും ചികിത്സാവിവാദവും ഈ ചോദ്യം പൊതുസമൂഹത്തിന് മുന്നിലേക്ക് ഉയർന്നിരുന്നു. ഇപ്പോൾ നൂറിലേറെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ജോൺപോളിന്റെ മരണം ഓർമ്മിപ്പിക്കുന്നത് ഈ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അവസാന കാലത്ത് ചികിത്സിക്കാൻ പണമില്ലാതെ കഷ്ടതയിലായിരുന്നു, മലയാളം കണ്ട എക്കാലത്തെയും പ്രഗൽഭനായ, നിരവധി ഹിറ്റുകൾക്ക് തൂലിക ചലപ്പിച്ച 71 കാരനായ അതുല്യ കലാകാരൻ. ജോൺപോളിന്റെ മരണം ഒരു കൊലപാതകമാണെന്ന വിലയിരുത്തലുകൾ പോലും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്തുന്ന സമയമാണിത്.

മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ, കെപിഎസി ലളിതയുടെയും, ജോൺപോളിന്റെതുമൊന്നും, ഒന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്ന് വ്യക്തമാവും. മല്ലുവുഡ്ഡിൽ കോടീശ്വരന്മാർ ആയിട്ടുള്ളത് ഏതാനും മൂൻ നിര നടന്മാരും, ചില സംവിധാകരും മാത്രമാണ്. കിടപ്പാടും പോലുമില്ലാതെ അനാഥാലയത്തിൽ കഴിയേണ്ടി വന്ന എത്രയോ കലാകാരന്മാരുടെ ജീവിത ദുരിതം തിരമലയാളത്തിന് പറയാനുണ്ട്. എന്തുകൊണ്ട് സിനിമയിൽ ഇത്ര വലിയ സാമ്പത്തിക അസമത്വം നിലനിൽക്കുന്നുവെന്ന ചോദ്യം, ചലച്ചിത്രസംഘടനകൾ പോലും കൃത്യമായി വിലയിരുത്തിയിട്ടില്ല. അമ്പരപ്പിക്കുന്ന അവഗണയുടെ കഥകൾ മലയാള സിനിമക്കും പറയാനുണ്ട്.

ലാലിനെ കാത്തിരിക്കുന്ന ടിപി മാധവൻ

നാടോടിക്കാറ്റിൽ മോഹൻലാലും ശ്രീനിവാസനും, ആളറിയാതെ കാറിന്റെ കാറ്റഴിച്ച് വിടുന്ന എംഡിയെ ഓർമ്മയില്ലേ. അതാണ് ഹാസ്യവും ക്യാരക്ടർ റോളുകളെുമൊക്കെയായി 600ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ടി.പി മാധവൻ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ടി.പി.മാധവന്റെതും അതി ദയനീയമായ ജീവിത കഥയാണ്. ഇപ്പോൾ അഭിനയ ലോകത്ത് നിന്നും വിട്ടുമാറി മാധവേട്ടനിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ജീവിക്കുന്നത്. വാർധക്യകാലത്ത് കൂട്ട് ഇവിടുത്തെ അന്തേവാസികളും സ്നേഹ സമ്പന്നരായ ജീവിനക്കാരും മാത്രം.

നേരത്തെ വല്ലാതെ ഒറ്റപ്പെട്ടുവെന്ന് തോന്നിയപ്പോൾ മാധവേട്ടൻ ആരോടും പറയാതെ ഹരിദ്വാറിലേക്ക് ഒരു യാത്രപോയിരുന്നു. അവിടെവെച്ച് പക്ഷാഘാതം പിടിപെട്ട് വീണുപോയ അദ്ദേഹത്തെ, ചില മനുഷ്യസ്നേഹികൾ ചേർന്നാണ് പത്താനാപുരം ഗാന്ധി ഭവനിൽ എത്തിച്ചത്. 1975 ൽ പുറത്തിറങ്ങിയ 'രാഗം' മുതലിങ്ങോട്ട് അറുനൂറോളം പടങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടന് ഇപ്പോൾ സിനിമാജീവിതം അടഞ്ഞ അദ്ധ്യായമാണ്. എത്രയോ സഹപ്രവർത്തകരെ ആപൽഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ള, ഈ എൺപത്തഞ്ചാം വയസ്സിലും ഉള്ളിലെ നന്മയും നിഷ്‌കളങ്കതയും വാടാതെ സൂക്ഷിക്കുന്ന ടി പി മാധവൻ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. കടുത്ത സിനിമാ പ്രേമത്തിന്റെ പേരിൽ കുടുംബജീവിതം പോലും ഇടയ്ക്കുവെച്ചു ഉപേക്ഷിക്കേണ്ടി വന്ന കഥ മാധവേട്ടൻ പറയാറുണ്ട്. ഭാര്യയുമായി നേരത്തെ വേർപിരിഞ്ഞ മാധവേട്ടന്റെ മക്കളിലൊരാൾ ബോളിവുഡിലെ പ്രമുഖ സംവിധായകനാണിപ്പോൾ- എയർ ലിഫ്റ്റ്, ഷെഫ് എന്നീ ചിത്രങ്ങളൊരുക്കിയ രാജകൃഷ്ണമേനോനാൻ. പക്ഷേ ഇവർ തമ്മിൽ പരസ്പരം വലിയ ബന്ധമൊന്നുമില്ല.

അമ്മയുടെ സ്ഥാപക സെക്രട്ടറിയെ സിനിമാലോകത്തുനിന്ന് അധികമാരും തിരഞ്ഞുവരാറില്ല. ''മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സെലിബ്രിറ്റികൾക്ക് ഇവിടെ വരാൻ അത്ര താൽപ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികൾ..''- മാധവേട്ടൻ പറയുന്നു. പക്ഷേ താൻ ഒരുപാട് വേഷങ്ങൾ ഒപ്പം ചെയ്ത മോഹൻലാലിലെ ഒരിക്കൽ കൂടി കാണാമെന്ന, ആഗ്രഹം മാധവേട്ടനുണ്ടായിരുന്നു. തന്നെ വന്നുകണ്ട പല മാധ്യമ പ്രവർത്തകരോടും അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചിരുന്നു. ''ഒരു മോഹൻലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാൽ, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക.''- ലാലേട്ടൻ വരാത്തതിലും ടിപിക്ക് പരാതികൾ അധികമൊന്നുമില്ല. എന്നാലും നന്ദികേടിന്റെ ലോകമാണ് സിനിമയെന്ന് അടിവരയിടുന്നതാണ് ഈ ജീവിതവും.

അനാഥാലയത്തിലായ നടി ശാന്താദേവി

കിളിച്ചുണ്ടൻ മാമ്പഴത്തിൽ നടി ഐശ്വര്യയോട് മോഹൻലാലിന് മുത്തം കൊടുത്തോളാൻ പറയുന്ന വല്യുമ്മയെ ഓർമ്മയില്ലേ. അൻവർ റഷീദിന്റെ ബ്രിഡ്ജ് എന്ന സിനിമയിൽ ഒരു പൂച്ചയെയു തടവി ഇരിക്കുന്ന ആ പാവം അമ്മ, ചിത്രം കണ്ടവരുടെ മനസ്സിൽനിന്ന് മായില്ല. അതാണ്, കോഴിക്കോട് ശാന്താദേവി. താൻ നാടകത്തിലും സിനിമയിലും അവതരിപ്പിച്ച ദുഃഖപുത്രിമാരുടെ പതിപ്പായിപ്പോയി ശാന്തദേവിയുടെ ജീവിതവും.

കോഴിക്കോട്ടെ സമ്പന്നമായ നാടക വേദിയിലൂടെയാണ് ശാന്താദേവി അരങ്ങിലെത്തിയത്. 18 വയസുള്ളപ്പോൾ റെയിൽ വേ ഗാർഡായ, മുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനന ശേഷം അയാൾ ശാന്താദേവിയെ ഉപേക്ഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ പ്രസിദ്ധനായ ഗായകൻ കോഴിക്കോട് അബ്ദുൽ ഖാദറെ വിവാഹം ചെയ്തു.

57ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന സിനിമയിലാണ് ആദ്യമായി ശാന്താദേവി വെള്ളിത്തിരയിൽ എത്തിയത്. മൂടുപടം, കുട്ടിക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ്, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. 'കേരള കഫേ'യിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജി'ലാണ് അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും ശാന്താദേവി അഭിനയിച്ചിട്ടുണ്ട്.യമനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1992ൽ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ശാന്താ ദേവിക്ക് ലഭിച്ചിട്ടുണ്ട്.

പക്ഷേ സാമ്പത്തിക ദുരിതങ്ങളും ദുരന്തങ്ങളും അവരെ വേട്ടയാടി. നടനും കലാകാരനുമായ മകൻ സത്യജിത്ത് ആത്മഹത്യ ചെയ്തത് അവരെ ഏറെ തളർത്തിയിരുന്നു. അവസാനകാലത്ത് അനാനാഥലത്തിൽനിന്ന് അവരെ കോഴിക്കോട്ടെ മനുഷ്യസ്നേഹികൾ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പ്രേം ചന്ദ് ശാന്താദേവിയെക്കുറിച്ചുള്ള ഓർമ്മ എഴുതിയത് ഇങ്ങനെയാണ്. -'' 50 വർഷം അഭിനയ രംഗത്ത് പിന്നിട്ട നടി ശാന്താദേവി അവസാന കാലം ഗതികെട്ട് കുറച്ച് കാലം കോഴിക്കോട്ട് ഒരനാഥ മന്ദിരത്തിലായിരുന്നു. 'ശാന്തേടത്തിക്ക് എന്തിനാ പൈസ ' എന്ന മനോഭാവമായിരുന്നു ആ അഞ്ചു പതിററാണ്ടും ഇൻഡസ്ട്രിക്ക്. അഭിനയിച്ച് മടങ്ങുമ്പോൾ തുച്ഛമായ സംഖ്യ കയ്യിൽ ചുരുട്ടി നൽകും. കൊടും ചൂഷണത്തിന്റെ എഴുതപ്പെടാത്ത അഞ്ചു പതിറ്റാണ്ട് . അവരാ അനുഭവം നേരിൽ പങ്കു വച്ചിട്ടുണ്ട്. ഒടുവിൽ മരണത്തിന് തൊട്ടു മുമ്പ് തിരക്കഥാകൃത്ത് ടി.എ. റസാക്കിന്റെ നേതൃത്വത്തിൽ നടന്ന ഒരു ജീവകാരുണ്യ സംരംഭത്തിൽ കലക്ടർ ഇടപെട്ട് വീട് നന്നാക്കിയെടുത്തപ്പോൾ തിരിച്ച് അനാഥമന്ദിരത്തിൽ നിന്നും അവരെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുമ്പോൾ പറഞ്ഞ ഡയലോഗ് ഒരിക്കലും മറക്കില്ല.

നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ആകാശത്തേക്ക് നോക്കി ശാന്തേടത്തി പറഞ്ഞു : ഞാനിപ്പോൾ ദൈവത്തെ ദൈവേ എന്നൊന്നും വിളിക്കാറില്ല, നായിന്റെ മോനേ എന്നാ വിളിക്കാറ്. എന്നെ കഷ്ടപ്പെടുത്തി മതിയായിട്ടില്ല ദൈവത്തിന്. ജീവിത പങ്കാളിയായിരുന്ന കോഴിക്കോട് അബ്ദുൾ ഖാദറിനൊപ്പം പാട്ടുകൾ പാടി കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ച പഴയ സാംസ്‌കാരിക നവോത്ഥാനത്തിന്റെ യൗവ്വനത്തിന്റെ പേരാണ് ശാന്താദേവി എന്നത്. എന്നാൽ സിനിമ അവരോട് നീതി കാട്ടിയിരുന്നില്ല. അങ്ങിനെ എത്രയോ ശാന്താദേവിമാർ.''- പ്രേം ചന്ദ് ചൂണ്ടിക്കാട്ടുന്നു.

2010 നവംബർ 20 നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് അവർ അന്തരിച്ചത്. ജീവിച്ചിരിക്കെ അവരെ തിരഞ്ഞുനോക്കാത്ത പലരും മരിച്ചപ്പോൾ അനുശോചനവുമായി രംഗത്ത് എത്തിയിരുന്നു.

മൂന്നുസെന്റിനായി കുട്ട്യേടത്തി

എം ടി- പി.എൻ മേനോൻ കുട്ടുകെട്ടിൽ പിറഞ്ഞ കുട്ട്യേടത്തി എന്ന ശക്തമായ ചലച്ചിത്രത്തിലുടെ ആ പേര് പിൽക്കാല ജീവിത്തിൽ ഉറച്ചുപോയ നടിയാണ് വിലാസിനി. ചെറുതുവലുതുമായ ഒരുപാട് വേഷങ്ങൾ സിനിമയിലും ജീവിതത്തിലും ചെയ്ത ഈ നടിയുടെയും സ്വപ്നം, ജീവിതസായന്തനത്തിൽ തലചായ്ക്കാനൊരു കൂരയാണ്.

അവരുടെ അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവുമായിരുന്നു. അക്കാലത്ത് രണ്ടു മതത്തിൽപ്പെട്ടവർ പ്രേമിച്ചു കല്യാണം കഴിച്ചാലുണ്ടാവുന്ന പുകില് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർ നാട്ടിൽനിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട് കോയമ്പത്തൂരിലെത്തുകയായിരുന്നു. ബ്രോണി എന്നായിരുന്നു അക്കാലത്ത് വിലാസിനിയുടെ പേര്. മിഠായിതെരുവിൽ ജോലിചെയ്യുന്ന ഇഗനേഷ്യസിനെ വിവാഹം കഴിച്ചാണ് അവർ കോഴിക്കോട്ട് എത്തുന്നത്. അങ്ങനെ നാടകങ്ങളിലേക്കും പിന്നീട് സിനിമയിലേക്കും എത്തി.

തച്ചോളി ഒതേനൻ, കുഞ്ഞാലിമരയ്ക്കാർ, ആൽമരം, കടൽപ്പാലം തുടങ്ങിയ സിനിമകളിൽ മുഖം കാണിച്ചു. ഈ സിനിമകളിൽ നസീറും സത്യനുമൊക്കെയായിരുന്നു താരങ്ങൾ. പക്ഷേ അവരോടൊപ്പം അഭിനയിക്കാൻ അക്കാലത്ത് അവസരം ലഭിച്ചില്ല. എക്സ്ട്രാ നടികളെന്നാണ് അക്കാലത്ത് വിളിപ്പേര്. ഇന്ന് അത് ജൂനിയർ ആർടിസ്റ്റെന്ന് പരിഷ്‌കരിച്ചിട്ടുണ്ടെന്നുമാത്രം.അതിനുശേഷം 1971ലാണ് എം ടിയുടെ കുട്ട്യേടത്തിയിൽ അഭിനയിക്കുന്നത്. അതോടെ കുറേ നല്ലവേഷങ്ങൾ കിട്ടി. പക്ഷേ പ്രതിഫലം കുറവായിരുന്നു. അതിനാൽ ഒന്നും സമ്പാദിക്കാനും പറ്റിയില്ല.

മാങ്കാവ് തിരുവണ്ണൂരിനു സമീപത്താണ് ഇപ്പോൾ ുട്ട്യേടത്തി വിലാസിനി താമസിക്കുന്നത്. അഭിനയിക്കാനുള്ള അവസരങ്ങൾ കുറഞ്ഞുവരികയാണ്. സീരിയലുകളിൽ അഭിനയിക്കാനും ആരും വിളിക്കുന്നില്ലെന്നും വിലാസിനി പറയുന്നു.കഴിഞ്ഞ വർഷം വിലാസിനിയുടെ മൂത്ത മകനും റിഥം ആർടിസ്റ്റുമായ ജോയ് ഇഗ്നേഷ്യസ് (തുമ്പ ജോയ്) ഒരു പരിപാടിയുടെ റിഹേഴ്സലിനിടെ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് വിലാസിനിയിപ്പോൾ. താരസംഘടനയായ അമ്മ നൽകുന്ന പെൻഷനാണ് ഇപ്പോഴത്തെ ആശ്രയം. സത്യന്റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ ധനസഹായവും ലഭിക്കുന്നുണ്ട്.

സ്വന്തമായി മൂന്നു സെന്റ് സ്ഥലമുള്ള അഭിനേതാക്കൾക്ക് അമ്മ സംഘടന സ്വന്തമായൊരു വീടുവച്ചു കൊടുക്കും. ഇതറിഞ്ഞ് വിലാസിനിക്ക് പത്തനംതിട്ടയിൽ ഒരാൾ മൂന്നുസെന്റ് സ്ഥലം വിട്ടുകൊടുക്കാൻ തയാറായി. എന്നാൽ പ്രായാധിക്യമുള്ള വിലാസിനി പത്തനംതിട്ടയിൽ പോയി താമസിക്കുന്നത് ചിന്തിക്കാൻപോലും കഴിയുന്നില്ല. കോഴിക്കോട്ടുകാരായ ആരെങ്കിലും സ്ഥലം നൽകാൻ തയാറാൽ സ്വന്തമായൊരു വീടു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിലാസിനിയിപ്പോൾ. അതിനുള്ള ശ്രമങ്ങൾ കോഴിക്കോട്ടെ സഹൃദയർ തുടങ്ങിയിട്ടുണ്ട്.

നിർധനനായി മരിച്ച ടി എ റസാഖും പുത്തഞ്ചേരിയും

മുപ്പതോളം സിനിമകൾക്ക് തിരക്കഥയൊരുക്കിയ, വലിയ മനുഷ്യസ്നേഹിയായ ടി എ റസാഖിന്റെ മരണവും കടബാധ്യതകൾ ബാക്കിവച്ചായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഉദ്യോഗസ്ഥനായപ്പോഴുാണ് ധ്വനി എന്ന ചിത്രത്തിൽ സഹസംവിധായകനായി റസാഖിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം. ഘോഷയാത്ര എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. 1991ൽ വിഷ്ണുലോകമാണ് റസാഖിന്റെ തിരക്കഥയിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം. അനശ്വരം നാടോടി, ഗസൽ, എന്നിങ്ങനെയുള്ള ഒരുപിടി ചിത്രങ്ങളിലൂടെ റസാഖിന്റെ തൂലിക ശ്രദ്ധിക്കപ്പെടുകയായിരുന്നു. 1996ലെ കാണാക്കിനാവിലൂടെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഭൂമി ഗീതം, സ്നേഹം, താലോലം, സാഫല്യം തുടങ്ങി മുപ്പതോളം സിനിമകൾക്കായി റസാഖ് പേന ചലിപ്പിച്ചു.

എന്നാൽ ജോൺപോളിനെപ്പോലെ തന്നെ പണം കണക്കുപറഞ്ഞ് വാങ്ങിക്കുന്നതിലും സമ്പാദിക്കുന്നതിലും റസാഖും വലിയ പരാജയമായിരുന്നു. വെറം 58 വയസ്സുള്ളപ്പോഴാണ് അദ്ദേഹം വിടപറഞ്ഞത്. 2016 ജൂലൈ ഓഗസ്റ്റ് പതിനഞ്ചിന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെവച്ച് കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വച്ച് അന്തരിച്ചു. അന്ന് ആശുപത്രിയിലെ ബിൽ തീർക്കാൻ പോലും ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കൾക്ക് സഹായം തേടേണ്ടി വന്നു. പിന്നീട് റസാഖിന്റെ പേരിലുള്ള കടങ്ങൾ തീർത്തതും സുഹൃത്തുക്കൾ തന്നെയാണ്.

ഏതാണ്ട് സമാനമായ അവസ്ഥയായിരുന്നു, 344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരിയുടെ മരണത്തിലും സംഭവിച്ചത്. എഴുതവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി ഗിരീഷും ബാക്കിയാക്കിത് കടങ്ങൾ തന്നെ ആയിരുന്നു. 2010 ഫെബ്രുവരി 10-ന് മസ്തിഷ്‌കരക്തസ്രാവത്തെത്തുടർന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിക്കുന്നത്. ആ ആശുപത്രി ബിൽ സെറ്റിൽചെയ്യുന്നത് വരെ സിനിമാ സുഹൃത്തുക്കൾ ആയിരുന്നു. അദ്ദേഹത്തിന് ഉണ്ടായിരുന്നു സാമ്പത്തിക ബാധ്യതയും അവർ തന്നെയാണ് പരിഹരിച്ചത്.

മേലെപ്പറമ്പിൽ ആൺവീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോവിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രങ്ങൾക്കു കഥയും, വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം ബ്രഹ്മരക്ഷസ്സ് എന്നീച്ചിത്രങ്ങൾക്കു തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പൊലീസ് എന്നപേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.

കടത്തിൽ മുങ്ങിയ കെപിഎസി ലളിത

ഏതാണ്ട് അരനൂറ്റാണ്ടോളം വലതും ചെറുതുമായ വേഷങ്ങളിൽ നിറഞ്ഞു നിന്ന ഒരു നടിക്ക് സർക്കാർ ചികിത്സാസഹായം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ഏറെയായിരുന്നു. കെപിഎസി ലളിതയുടെ ജീവിതം സത്യത്തിൽ ഒരു കടങ്കഥപോലെ ആയിരുന്നു.

ഭർത്താവ് ഭരതൻ മരിക്കുമ്പോൾ ഏകദേശം ഒരു കോടിരൂപ കടം വരുത്തിയിരുന്നു. ഭരതൻ മറ്റുള്ളവർക്കായി എടുത്ത എല്ലാ പടങ്ങളും വിജയിച്ചു. എന്നാൽ സ്വന്തം പ്രൊഡക്ഷനിൽ എടുത്ത പടങ്ങൾ പരാജയപ്പെടുയും ചെയ്തു. മഞ്ജീരധ്വനി അടക്കമുള്ള ചിത്രങ്ങൾ ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാക്കിയത്. ഭരതന്റെ മരണത്തോടെ ആ കടം വീട്ടാനുള്ള ചുമതല ലളിതയുടെതായി. വിവാഹ പ്രായമായ മകളും മകനും മാത്രമേയുണ്ടായിരുന്നു. കടം കാരണം മദ്രാസിലെ വീടെല്ലാം വിറ്റിരുന്നു. അങ്ങെയിരിക്കുമ്പോൾ ദിലീപ്, ജയറം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ പിന്തുണയോടെയാണ് അവർ പിടിച്ചു നിന്നത്.

പ്രതീക്ഷയായ മകൻ സിദ്ധാർത്ഥും വിവാദങ്ങളിലേക്കാണ് വീണത്. വിവാഹത്തിലെ പ്രശ്‌നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി. മുറിയടച്ച് അകത്തിരുന്ന സിദ്ധാർത്ഥ അമ്മയ്ക്ക് കുറച്ചു കാലം തീരാ വേദനയായി. ഇതെല്ലാം അതിജീവിച്ച് സിദ്ധാർത്ഥ് മിടു മിടുക്കനായപ്പോഴേക്കും ലളിതയെ രോഗം പിടിച്ചു കുലുക്കി. പിന്നെ ചികിൽസയ്ക്ക് വേണ്ടിയുള്ള യാത്രകൾ. ഇങ്ങനെയെല്ലാമായി പലവഴിക്ക് പണം ചെലവായിപ്പോകുന്നതുകൊണ്ടായിരിക്കണം, അരനൂറ്റാണ്ടോളം അഭിനയിച്ചിട്ടും കാര്യമായ ഒരു കൈയിലിരിപ്പും ലളിതചേച്ചിക്ക് ഇല്ലായിരുന്നു. അവർക്ക് അസുഖം വന്നപ്പോൾ സർക്കാർ സഹായം നൽകിയതും വിവാദമായി. കോടീശ്വരന്മാരായ സിനിമ താരങ്ങളെയാണോ സർക്കാർ സഹായിക്കേണ്ടത് എന്നാണ് ചിലർ ചോദിച്ചത്. പക്ഷേ അവർ അറിഞ്ഞിരുന്നില്ല കെപിഎസി ലളിതയുടെ സാമ്പത്തിക സ്ഥിതി. ലളിതയുടേത് മാത്രമല്ല, സൂപ്പർതാരങ്ങൾ ഒഴികെയുള്ള ഒട്ടുമിക്കവരുടെയും അവസ്ഥ സമാനമായിരുന്നു.

ജോൺപോളിന്റെ മരണം കൊലപാതകമോ?

എറ്റവും ഒടുവിലായി ജോൺപോളിന്റെ മരണവും വിവാദത്തിലായി. തിരക്കഥയെഴുത്തിൽ സെഞ്ച്വറി തികച്ചിട്ടും സ്വന്തമായി ഒരു വീടുപോലും ദ്ദേഹത്തിനുണ്ടായില്ല. 40 വർഷക്കാലം നീണ്ട ചലച്ചിത്ര ജീവിതത്തിനൊടുവിൽ ജോൺപോൾ കിടപ്പിലാകുമ്പോൾ, അദ്ദേഹത്തിനുവേണ്ടി സിനിമാരംഗത്ത് നിന്ന് സഹായഹസ്തം നീണ്ടിരുന്നില്ല. എം.കെ. സാനുമാഷിന്റെ നേതൃത്വത്തിലുള്ള സിനിമാ ഇതര സാംസ്‌കാരിക പ്രവർത്തകരുടെ ഒരു കൂട്ടമാണ് ഇതിനായി ആദ്യം രംഗത്ത് എത്തിയത്. രണ്ടു മാസത്തെ ചികിത്സക്ക് ഇരുപത് ലക്ഷം ചെലവിട്ടതോടെ കുടുംബം ബുദ്ധിമുട്ടിലായിരുന്നു.

പക്ഷേ ജോൺപോളിന്റെ ജീവിതം സിനിമയായിരുന്നു. അതുകൊണ്ടുതന്നെ സിനിമാ സംഘടനകളുടെയും സിനിമാ പ്രവർത്തകരുടെയും മുൻകെയിലായിരുന്നു അദ്ദേഹത്തിന് സഹായം എത്തിക്കേണ്ടിയിരുന്നതെന്നും, ഇത് വലിയ നന്ദികേടായിപ്പോയെന്നും അന്നുതന്നെ ജോൺപോളിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഇതുപോലെ ഒരാൾ കിടപ്പിലാകുമ്പോൾ അദ്ദേഹം എഴുതിയ സിനിമകളിൽ അഭിനയിച്ചവർക്കും ആ സിനിമകൾ സംവിധാനം ചെയ്തവർക്കും കെട്ടിപ്പടുത്ത സംഘടനക്കും ആ സിനിമകളുടെ ലക്ഷങ്ങളുടെ നികുതി വരുമാനമുണ്ടാക്കിയ സർക്കാറിനും മുൻകൈ എടുക്കാൻ ഒരു ഉത്തരവാദിത്വമില്ലേ എന്ന ചോദ്യമാണ് അന്ന് ഉയർന്നുകേട്ടത്. ഇത് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതോടെയാണ് ചലച്ചിത്രലോകത്തെ ചിലർ സഹായവുമായി രംഗത്ത് എത്തിയത്. ജോൺപോളിന്റെ സിനിമകളിലൂടെ വളർന്ന് കാലക്രമത്തിൽ 100 കോടി ക്ലബ്ബിൽ അംഗങ്ങളായ നായകന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സഹായത്തിന്റെ ആവശ്യം തന്നെ ഉണ്ടാവുമായിരുന്നില്ല.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് കാനറാ ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോൺപോൾ ജോലി ചെയ്തിരുന്നു. സിനിമയിൽ തിരക്കായപ്പോൾ അദ്ദേഹം ബാങ്കിലെ സുരക്ഷിതമായ ജോലി രാജിവെക്കുകയായിരുന്നു. അന്ന് ബാങ്കിലെ ആ ജോലി നിലനിർത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ ഗതികേട് ഉണ്ടാവുമായിരുന്നില്ല എന്നാണ് സുഹൃത്തുക്കൾ കടുംബം പറയുന്നത്.

അതപോലെ പൊണ്ണത്തടിയുണ്ടായിരുന്ന ജോൺ പോൾ കട്ടിലിൽനിന്നു വീണപ്പോൾ മാറ്റിക്കിടത്താൻ ഫയർ ഫോഴ്സിന്റേയും പൊലീസിന്റേയും സേവനം കിട്ടാൻ മണിക്കൂറുകളോളം വൈകിയെന്ന് നിർമ്മാതാവ് ജോളി ജോസഫും നടൻ കൈലാഷും ആരോപിച്ചതും വിവാദമായി. ജോൺ പോളിനെ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടിനു കട്ടിലിൽനിന്നു വീണ അദ്ദേഹത്തെ പുലർച്ചെ രണ്ടോടെ പൊലീസിന്റെകൂടി സഹായത്തോടെയാണ് കട്ടിലിലേക്കു മാറ്റിയത്. അത്രയും സമയം തറയിലെ തണുപ്പിൽ കിടന്ന് ആരോഗ്യനില മോശമായി. 'ജോൺ പോൾ സർ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്നാണ് ജോളി ജോസഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. നോക്കുക, വെറുതേ വയോജന സൗഹൃദം എന്നൊക്കെ പറയുന്നുണ്ടെങ്കിലും, നമ്മുടെ ആരോഗ്യപരിപാല സമ്പ്രദായം ഇനിയും എത്രയോ മെച്ചപ്പെടാനുണ്ടെന്നും ഈ അനുഭവം തെളിയിക്കുന്നത്.

ഗുണം സൂപ്പർ താരങ്ങൾക്ക് മാത്രം

ഏതാനും പേരുടെ അനുഭവം മാത്രമാണ് ഇവിടെ പറഞ്ഞത്. വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ഈയംപാറ്റകളെപ്പോലെ പാഞ്ഞുകയറി എരിഞ്ഞ് തീർന്ന ഒരുപാട് നിർമ്മാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും എല്ലാം അനുഭവങ്ങൾ എഴുതിയാൽ തീരില്ല. ഇവിടെ രണ്ടു പ്രശ്നങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഒന്ന് ജോലിചെയ്ത കാശ് ചോദിച്ച് വാങ്ങാൻ ഇനിയും നമ്മുടെ കലാകാരന്മാർ വളർന്നിട്ടില്ല. രണ്ട് കൈയിൽവന്ന ധനം മാനേജ്ചെയ്യാനും അവർക്ക് കഴിയുന്നില്ല. മദ്യപാനവും സർക്കീട്ടുമായി കിട്ടുന്നതൊക്കെയും മുടിച്ച് കളഞ്ഞ, ഒരുപാട് താരങ്ങളുടെയും ലിസ്റ്റ് ഇതോടൊപ്പം ചേർക്കാൻ കഴിയും. എന്നാലും കലാകാരന്മാർ സമൂഹത്തിന്റെ പൊതുസ്വത്ത് തന്നെയാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ പിരിവെടുത്ത് അപമാനിക്കാതെ, അവരുടെ ചികിത്സാചെലവുകൾ, സിനിമാ സംഘടനകളോ സർക്കാരോ തന്നെ വഹിക്കണമെന്നാണ് പൊതുവെ ഉയരുന്നു ആവശ്യം.

വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം കോടികളുടെ ക്ലബ്ബിൽ അംഗങ്ങളായി ഉയരുകയും, നിർമ്മാതാക്കളും സംവിധായകരും എഴുത്തുകാരും ഛായാഗ്രാഹകരും എഡിറ്റർമാരും അടങ്ങുന്ന മഹാഭൂരിപക്ഷവും ശരാശരിയിലും താഴെയുള്ള സാമ്പത്തീകാവസ്ഥയിലേക്ക് പുറം തള്ളപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യത്വഹീനമായ സാമ്പത്തീകവ്യവസ്ഥ സിനിമ പിന്തുടരുണ്ട്. ഇത് മാറ്റിമറിക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല. അതുപോലെ പ്രതിഫലത്തിന്റെ അടക്കം കാര്യത്തിൽ സ്ത്രീകളാണ് ഏറെ പിന്തള്ളപ്പെടുന്നത്.

എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ പ്രേം ചന്ദ് ഇങ്ങനെ വിലയിരുത്തുന്നു. ''സമത്വ സുന്ദരമായ ഒരു മായാലോകമാണ് സിനിമ എന്ന മിത്ത് അടിമുടി പൊളിഞ്ഞത് 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ്. സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നിയമ വിധേയമായി അർഹതയുള്ള ഒരു പരാതി പരിഹാര സമിതി നടപ്പിലാക്കാൻ ഇൻസ്ട്രി ഒന്നടങ്കം തയ്യാറല്ലായിരുന്നു. ആക്രമിക്കപ്പെട്ട നടി ഏത് സിനിമയിൽ പണിയെടുക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത് എന്നോ അതിനിടയാക്കിയ സാഹചര്യം എന്ത് എന്നോ നിയമവിധേയമായ പരാതി പരിഹാര സമിതി അവിടെ ഇല്ലാതെ പോയത് എന്തുകൊണ്ട് എന്നോ അന്വേഷിക്കാനോ നടപടി എടുക്കാനോ ആരും തയ്യാറായില്ല. തുടർന്നുണ്ടായ വിമൻ ഇൻ സിനിമാ കലക്ടീവിന്റെ ഉദയവും പോരാട്ടവും ഇപ്പോൾ ചരിത്രമാണ്. ''- പ്രേം ചന്ദ് ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ

താരകേന്ദ്രീകൃതമായ ഒരു സാമ്പത്തിക ഘടനയാണ് മലയാള സിനിമയുടെ സാമ്പത്തിക അസമത്വത്തിന് പ്രധാന കാരണമായി വരുന്നത്. കാരണം ഇപ്പോൾ ഒരു സിനിമയുടെ ബിസിനസിന്റെ 60 ശതമാനവും പോകുന്നത് താരങ്ങളുടെ പോക്കറ്റിലേക്കാണ്. സിനിമയുടെ നിർമ്മാണച്ചെലവിന്റെ പകുതി താരങ്ങളുടെ പ്രതിഫലമാണ്. ഇത് ലോകത്തിൽ എവിടെയും കാണാത്ത പ്രതിഭാസമാണ്. ഇത് പരിഹരിക്കാൻ കഴിയാത്തിടത്തോളം കാലം മലയാള സിനിമയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

വാൽക്കഷ്ണം: കഴിഞ്ഞ ബിഗ്ബോസ് റിയാലിറ്റിഷോയുടെ വിന്നർ ആയിരുന്നു യുവ നടൻ മണിക്കുട്ടൻ. അന്ന് ഷോയിൽ മണിക്കുട്ടൻ പറഞ്ഞതുകേട്ട് കേരളം ഞെട്ടിയിരുന്നു. ഇത്രയും സിനിമയിൽ അഭിനയിച്ച ആ നടന് ഒരു വീടുപോലും ഉണ്ടായിരുന്നില്ല. ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. ഒരു യുവ നടന് എത്ര പ്രതിഫലം കിട്ടുമെന്ന് എന്ത് സമ്പാദിക്കാൻ കഴിയുമെന്നുമൊക്കെ ഇതിൽനിന്നുതന്നെ വ്യക്മാണ്. കൃത്യമായ ഒരു ഫിനാൻസ് സിസ്റ്റം മലയാള സനിമയിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.