തിരുവനന്തപുരം: വെള്ളിത്തിരയിൽ ആരെയും മോഹിപ്പിക്കുന്ന വിധത്തിൽ നായികാ- നായകന്മാരായി ശോഭിച്ചവരാണ് പ്രേംനസീറും ഷീലയും. എന്നിട്ടും എന്തുകൊണ്ടാണ് ഇവർ വിവാഹം കഴിക്കാത്തത്? മലയാളികൾ എല്ലാം ഒരിക്കലെങ്കിലും ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അത്രയ്ക്ക് അഗാഥമായി പ്രണയമായിരുന്നു നിത്യഹരിത നായകനും ഷീലയും തമ്മിൽ. എല്ലാവർക്കും അറിയാമെങ്കിലും ഈ താരവിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ പ്രണയ തകർച്ചക്ക് ശേഷം രണ്ട് വിവാഹം കഴിച്ചെങ്കിലും ഷീലയുടെ ജീവിതം കാറും കോളും നിറഞ്ഞതായിരുന്നു. സിനിമാക്കഥ പോലെ തന്നെ ജീവിതവും മാറിമറിഞ്ഞു. സുഖവും ദുഃഖവും ഒരുപോലെ ചേർന്നതായിരുന്നു ക്ലാരയെന്ന ഷീലയുടെ ജീവിതം.

മലയാള സിനിമയിൽ പ്രേംനസീറും ഷീലയും തമ്മിൽ 107 സിനിമകളിൽ നായികയും നായകനുമായി അഭിനയിച്ചിരുന്നു. ഇത് ഇന്നും തിരുത്തപ്പെടാത്ത ലോകറെക്കോർഡായി നിലനിൽക്കുന്നുണ്ട്. വെള്ളിത്തിരയിൽ ശോഭിച്ചിരുന്ന വേളയിലാണ് ജീവിതത്തിലും ഇവർ ഒരുമിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ പ്രേംനസീറിന് തന്റെ വാഗ്ദാനത്തിൽനിന്നും പിന്മാറേണ്ടി വന്നവെന്നും അതേത്തുടർന്ന് ഷീല ആത്മഹത്യക്കു ശ്രമിച്ചുവെന്നും പ്രമുഖ സിനിമാ ലേഖകൻ പല്ലിശ്ശേരി വെൡപ്പെടുത്തിയിരുന്നു.

പിന്നീട് അഭിനയ രംഗത്ത് തുടർന്ന ഷീല മധു, സുകുമാരൻ തുടങ്ങിയവരുടെ നായികയായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, സിനിമയിൽ അഭിനയിച്ച് തുടങ്ങുന്ന കാലത്ത് ഷീലയുടെ ആദ്യവിവാഹം നടന്നിരുന്നു. ചലച്ചിത്രരംഗത്തെത്തി ഏതാനും വർഷങ്ങൾക്കകം പ്രശസ്തമായ ഒരു ദേശീയ ഇംഗീഷ് ദിനപത്രത്തിന്റെ പത്രാധിപസമിതിയംഗമായ ഒരു സേവ്യറെ ഷീല വിവാഹം ചെയ്തു. തുടർന്നും അവർ അഭിനയരംഗത്ത് സജീവമായി നില കൊണ്ടു. ഈ വേളയിലായിരുന്നു പ്രേംനസീറുമായി അടുക്കുന്നതും സോവ്യറുമായി പിണങ്ങി വിവാഹമോചനം നേടുകയും ചെയ്തത്.

നസീറുമായുള്ള പ്രണയം എങ്ങുമെത്താതെ പോയപ്പോഴാണ് ഷീലയുടെ രണ്ടാം വിവാഹം. ആരോമലുണ്ണിയിലൂടെ മലയാളികൾക്ക് കൂടി പ്രിയങ്കരനായ തമിഴ് നടൻ രവിചന്ദറായിരുന്നു ഷീലയുടെ ഭർത്താവായത്. ഈ ബന്ധത്തിൽ അവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു. തുടർന്നും അവർ ചലച്ചിത്രരംഗത്ത് സജീവമായി. തുമ്പോലാർച്ച എന്ന ചിത്രമാകട്ടെ വലിയ ഇടവേളയ്ക്ക് ശേഷം പ്രേംനസീറുമായി ഷീല അഭിനയിച്ച ചിത്രമായിരുന്നു. തുടർന്ന് എത്രയോ അവിസ്മരണീയമായ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

രവിചന്ദറുമായുള്ള വിവാഹവും അധികകാലം നീണ്ടില്ല. മകൻ വിഷ്ണു(ജോർജ്ജ്) ജനിച്ചതിന് ശേഷം ഇവർ പിരിയുകയായിരുന്നു. അമ്മയെ പേലെ മകനും സിനിമാപാതയാണ് തിരഞ്ഞെടുത്തതെങ്കിലും അതും ശോഭിക്കാതെ പോയി. വിഷ്ണു 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന മലയാളസിനിമയിൽ നായകനായെങ്കിലും സിനിമാരംഗത്ത് പ്രശസ്തനാകാനോ, തുടർന്ന് അഭിനയിക്കാനോ കഴിഞ്ഞില്ല. തമിഴ് സിനിമയിൽ രവിചന്ദറിന്റെ മകൻ എന്ന നിലയിൽ അറിയപ്പെട്ടെങ്കിലും സിനിമയിൽ ശോഭിക്കാൻ സാധിച്ചില്ല.

ദാമ്പത്യത്തിലെ തകർച്ചകൾക്കിട അഭിനയ രംഗത്തു നിന്നും ഷീല പിന്മാറി. മറ്റാർക്കും മുഖംകൊടുക്കാതെ ഊട്ടിയിലും ചെന്നൈയിലും മറ്റുമായി കുറെക്കാലം ഷീല ജീവിച്ചു. ഈ സമയങ്ങലിൽ എഴുത്തും വായനയും തുടർന്നതിനൊപ്പം പെയിന്റിങ് അഭ്യസിച്ചു അവർ. നല്ലൊരു ചിത്രകാരിയായി. സ്വയം വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോഴാണ് ഷീല എന്ന ചിത്രകാരിയുടെ അജ്ഞാതവാസത്തിന്റെ രഹസ്യം മലയാളികൾ അറിഞ്ഞത്. ഇപ്പോൾ ഷീല സ്വതന്ത്രയാണ്. പൂർണമായും തിരക്കിലാണവർ.

70ാം വയസിലും സൗന്ദര്യവം യുവത്വവും കാത്തുസൂക്ഷിച്ച് വിവിധ രംഗങ്ങളിൽ കൂടുതൽ സജീവമായി ഷീല. രാഷ്ട്രീയത്തിലും ഒരു കൈനോക്കിയെങ്കിലും അത് വൃഥാവിലായി. കോൺഗ്രസ് പാർട്ടിയിലാണ് ഷീല അംഗത്വമെടുത്തത്. ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് മൂന്നുപ്രാവശ്യം നേടി. രണ്ടാംവരവിൽ 'അകലെ'യിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടിക്കുള്ള സംസ്ഥാന അവാർഡും നാഷണൽ അവാർഡും ലഭിച്ചു.