- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടി ഇടിപ്പിച്ച് നാടകീയമായി തുടക്കം; ആയുധം കാട്ടി നിശബ്ദയാക്കി നിരവധി ഇടവഴികളിലൂടെ രണ്ട് മണിക്കൂറോളം നടിയുമായി കറങ്ങി; പിന്നിൽ സിനിമാ രംഗത്തെ പ്രമുഖരുണ്ടോ എന്ന സംശയം ശക്തം
കൊച്ചി: വെള്ളിയാഴ്ച പകൽ നാലു മണി. കാക്കനാട്ടുള്ള ലാൽ മീഡിയയിൽ നിന്ന് ഡബ്ബിംഗിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്‌സ്.യു.വി കാറുമായി മാർട്ടിൻ തൃശൂർക്ക് പുറപ്പെടുന്നു. സിനിമാ ടെക്‌നീഷ്യനായ സുനിയാണ് ഇയാളെ ഒരാഴ്ച മുമ്പ് ഡ്രൈവറായി ഇവിടെയെത്തിച്ചത്. തൃശൂരിൽ നിന്ന് ഏഴു മണിയോടെ നടിയുമായി കൊച്ചിയിലേക്ക്. എറണാകുളത്ത് നടിക്ക് നേരെയുണ്ടായ അതിക്രമം തുടങ്ങുന്നത് ഇവിടെയാണ്. പിന്നെ എല്ലാം ആസൂത്രിതം. സംഭവത്തിൽ ഉൾപ്പെട്ടവർ കൂടാതെ മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ച സൂപ്പർതാരം അടക്കം നിരവധി പേർ സംശയ നിഴലിലാണ്. നടിയുടെ കാറോടിച്ചിരുന്ന മാർട്ടിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ദീർഘനേരം ആലുവയിൽ പൊലീസ് ചോദ്യം ചെയ്തു. മാർട്ടിന്റെ മൊബൈൽ ഫോൺ വിളികളുടെയും എസ്.എം.എസുകളുടെയുമൊക്കെ വിവരങ്ങളും പൊലീസ് ശേഖരിച്ച് കഴിഞ്ഞു. സംഭവം ആസൂത്രണം ചെയ്തുവെന്ന് പറയുന്ന പൾസർ സുനി അടക്കമുള്ളവർ പിടിയിലായാലേ കൃത്യമായ വിവരങ്ങൾ ലഭിക്കൂ. സംഭവത്തിൽ
കൊച്ചി: വെള്ളിയാഴ്ച പകൽ നാലു മണി. കാക്കനാട്ടുള്ള ലാൽ മീഡിയയിൽ നിന്ന് ഡബ്ബിംഗിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്‌സ്.യു.വി കാറുമായി മാർട്ടിൻ തൃശൂർക്ക് പുറപ്പെടുന്നു. സിനിമാ ടെക്‌നീഷ്യനായ സുനിയാണ് ഇയാളെ ഒരാഴ്ച മുമ്പ് ഡ്രൈവറായി ഇവിടെയെത്തിച്ചത്. തൃശൂരിൽ നിന്ന് ഏഴു മണിയോടെ നടിയുമായി കൊച്ചിയിലേക്ക്. എറണാകുളത്ത് നടിക്ക് നേരെയുണ്ടായ അതിക്രമം തുടങ്ങുന്നത് ഇവിടെയാണ്. പിന്നെ എല്ലാം ആസൂത്രിതം. സംഭവത്തിൽ ഉൾപ്പെട്ടവർ കൂടാതെ മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ച സൂപ്പർതാരം അടക്കം നിരവധി പേർ സംശയ നിഴലിലാണ്.
നടിയുടെ കാറോടിച്ചിരുന്ന മാർട്ടിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ദീർഘനേരം ആലുവയിൽ പൊലീസ് ചോദ്യം ചെയ്തു. മാർട്ടിന്റെ മൊബൈൽ ഫോൺ വിളികളുടെയും എസ്.എം.എസുകളുടെയുമൊക്കെ വിവരങ്ങളും പൊലീസ് ശേഖരിച്ച് കഴിഞ്ഞു. സംഭവം ആസൂത്രണം ചെയ്തുവെന്ന് പറയുന്ന പൾസർ സുനി അടക്കമുള്ളവർ പിടിയിലായാലേ കൃത്യമായ വിവരങ്ങൾ ലഭിക്കൂ. സംഭവത്തിൽ ഉൾപ്പെട്ടതായി പറയുന്ന ആറ് പേർക്കും സിനിമാ രംഗവുമായി ബന്ധമുണ്ട്. പലരും നിലവിൽ ഡ്രൈവർമാരായും മറ്റും സെറ്റിൽ ജോലി ചെയ്യുന്നവരാണ്. മറ്റാർക്കെങ്കിലും വേണ്ടിയാണോ ഇവർ കൃത്യം നടത്തിയതെന്നും സംശയം. കേസ് പൾസർ സുനിയിലും മറ്റും ഒതുക്കിനിർത്താനുള്ള തന്ത്രം ബുദ്ധിപൂർവം പ്രയോഗിച്ചതായും സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളെ പൂർണമായി ആശ്രയിച്ചാൽ കേസ് വഴിതെറ്റിപ്പോകുമോ എന്നും പൊലീസ് കരുതുന്നു.
തൃശ്ശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് മറ്റൊരു ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾക്കായാണ് നടി കൊച്ചിയിലേക്ക് വന്നത്. ഇതെല്ലാം കൃത്യമായി സുനിക്ക് അറിയാമായിരുന്നു. ബ്ലാക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് നടിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അപമാനിക്കുകയും മറ്റും ചെയ്താൽ പുറത്ത് പറയില്ലെന്ന ധാരണയിലാകും ഇപ്രകാരം ചെയ്തതെന്നും അവർ പറയുന്നു. ഒൻപതേകാലോടെ നടിയുടെ കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത സംഘം 11.15-ഓടെയാണ് ഇവരെ മോചിപ്പിക്കുന്നത്. ദേശീയപാതയിൽ വിവിധ സിഗ്‌നൽ ജങ്ഷനുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കാലത്തുതന്നെ പൊലീസ് ശേഖരിച്ചു. ഇതിൽ നടിയുടെ കാറിനെ പിന്തുടർന്ന വാഹനത്തെക്കുറിച്ച് സൂചനയില്ലെന്നാണ് പറയുന്നത്. ഇവർ മറ്റേതെങ്കിലും വഴിയിലൂടെയാണോ കൊച്ചിയിലേക്കെത്തിയതെന്നും സംശയിക്കുന്നുണ്ട്.
സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും എറണാകുളത്ത് അരങ്ങേറിയത്. വണ്ടി ഇടിപ്പിച്ച് തന്ത്രപരമായി സൃഷ്ടിച്ച വാക്കേറ്റത്തിന്റെ സീനിൽ നിന്നാണ് നാടകീയ രംഗങ്ങളുടെ തുടക്കം. പല വഴികളിലൂടെയും നടിയുമായി കാർ സഞ്ചരിച്ചതായാണ് വിവരം. ആയുധം കാട്ടി നടിയെ നിശ്ശബ്ദയാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കാക്കനാട്, പാലാരിവട്ടം, വൈറ്റില, മരട് ഭാഗങ്ങളിൽ വരെ ഇവർ നടിയുമായി കറങ്ങിയെന്നാണ് പ്രാഥമിക വിവരം. തൃശൂരിൽ നിന്നു തന്നെ മാർട്ടിൻ മൊബൈൽഫോണിലൂടെ യാത്രാവിവരങ്ങൾ സുനിക്ക് കൈമാറി. തൃശൂരിൽ നിന്ന് മടങ്ങവേ കടന്നു പോകുന്ന സ്ഥലങ്ങൾ അറിയിച്ച് സന്ദേശങ്ങളും അയച്ചു. നെടുമ്പാശ്ശേരി അത്താണിയിലെത്തിയപ്പോൾ കാറിനു പിന്നിൽ ടെമ്പോ ട്രാവലർ വന്നിടിച്ചു. പുറത്തിറങ്ങിയ മാർട്ടിൻ വാനിലുള്ളവരുമായി തർക്കിച്ചു. ചെറിയ അടിപിടി. ഇതിനിടെ ട്രാവലറിലുണ്ടായിരുന്ന രണ്ടു പേർ മഹീന്ദ്രകാറിന്റെ പിന്നിൽ കയറി നടിയെ ബന്ദിയാക്കി. മാർട്ടിനെ കൊണ്ടുതന്നെ കാർ ഓടിപ്പിച്ചു. ട്രാവലർ പിന്തുടർന്നു.
നടിയുടെ കൈകൾ പിന്നിലേക്കാക്കി ബന്ധിച്ചു. കുതറാൻ പറ്റാത്ത വിധത്തിൽ കാലുകൾ കുടുക്കി. വായും പൊത്തിപ്പിടിച്ചു. വസ്ത്രങ്ങൾ മാറ്റി അപകീർത്തികരമായ രീതിയിൽ ചിത്രങ്ങളും വീഡിയോയും പകർത്തി. എതിർത്തപ്പോൾ മർദ്ദിച്ചു. കളമശ്ശേരിയിൽ എത്തിയപ്പോൾ കാറിൽ മറ്റൊരാൾ കൂടി കയറി. വാഹനം പാലാരിവട്ടത്തെത്തിയപ്പോൾ മാർട്ടിനെ കാറിൽ നിന്ന് പുറത്തിറക്കി ട്രാവലറിൽ കയറ്റി. കാറുമായി സംഘത്തിലെ മറ്റൊരാൾ മുന്നോട്ട്. ഇടവഴികളിലൂടെ ഏറെനേരം കറക്കിയ കാർ രാത്രി പത്തരയോടെ പടമുഗളിലെത്തി. ഇവിടെനിന്ന് വീണ്ടും കാറിന്റെ ഡ്രൈവറായി മാർട്ടിനെ നിയോഗിച്ച് സംഘം മുങ്ങി. സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി കാര്യങ്ങൾ ധരിപ്പിച്ചു. ഈ സമയം സംഘം മർദ്ദിച്ചെന്ന് പറഞ്ഞ് മാർട്ടിൻ നിലത്ത് കിടന്നുരുണ്ടു. നിർമ്മാതാവ് ആന്റോ ജോസഫ് വിവരം അറിയിച്ചതോടെ പി.ടി. തോമസ് എംഎൽഎ ലാലിന്റെ വസതിയിലെത്തി. പിന്നെ എല്ലാം മാറിമറിഞ്ഞു.
കൊച്ചി റേഞ്ച് ഐ.ജി പി.വി. ജയനെ എംഎൽഎ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. എംഎൽഎയുടെ ഫോണിലൂടെ നടിയുമായി ഐ.ജി സംസാരിച്ചു. മാർട്ടിനോട് കാര്യങ്ങൾ തിരക്കിയെങ്കിലും സംശയം തോന്നിയ എംഎൽഎ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതു. ഇതോടെ എല്ലാം പുറംലോകത്ത് എത്തി. നടിയുമായി ബന്ധപ്പെട്ട മറ്റ് ചിലരുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണിത്. സുനി കുറച്ച് നാൾ മുമ്പുവരെ നടിയുടെ ഡ്രൈവറായിരുന്നു. പിന്നീട് ഒഴിവാക്കി. ഇവർ തമ്മിൽ തെറ്റാനുണ്ടായ സാഹചര്യവും പരിശോധിക്കുന്നു. നടി അഭയം തേടിയ സംവിധായകന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയുമായും സുനിക്ക് ബന്ധമുണ്ട്. ഇവിടേക്കും അന്വേഷണം നീളും.
നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചുവെന്ന വിവരമറിഞ്ഞയുടൻ പൊലീസ് ഉണർന്നു. ഐ.ജി. പി. വിജയൻ നേരിട്ടെത്തി രാത്രിതന്നെ നടിയിൽ നിന്ന് വിവരങ്ങളെടുത്തിരുന്നു. ജില്ലയിൽ നിന്ന് പുറത്തേക്കുള്ള വഴികളിലെല്ലാം രാത്രി രണ്ട് മണിക്കു മുമ്പു തന്നെ പൊലീസ് നിലയുറപ്പിച്ചു. ജങ്ഷനുകളിലും ദേശീയപാതയിലും വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചു. ഇതിനിടെ രാത്രിതന്നെ നടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. പിന്നീട് വൈകീട്ട് കളമശ്ശേരിയിലെ വനിത ജഡ്ജിക്ക് മുന്നിൽ രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് നടി മൊഴി നൽകിയത്.
കേസ് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് പറയരുതെന്ന് ഡി.ജി.പി. കർശന നിർദ്ദേശം നൽകി. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഐ.ജി. പി. വിജയനെ നേരിട്ട് വിളിച്ച് സംഭവത്തെക്കുറിച്ച് ആരാഞ്ഞു. പ്രതികളെ വലയിലാക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ നിർദ്ദേശവും നൽകി. മാർട്ടിൻ ഡബിൾ റോളിൽ അഭിനയിക്കുകയായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ഇതോടെ പ്രതികളിലേക്കെത്താൻ പെട്ടെന്ന് കഴിഞ്ഞു. കാറ്ററിങ്ങിനും മറ്റും ഉപയോഗിക്കുന്ന വിധത്തിലുള്ള ട്രാവലർ ഉപേക്ഷിക്കപ്പെട്ട നിലയിൽ തമ്മനത്തു നിന്ന് രാവിലെ തന്നെ കണ്ടെത്തുകയും ചെയ്തു.
നേരത്തെ തന്നെ പ്ലാൻ ചെയ്താണ് പദ്ധതി നടപ്പാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. മാർട്ടിൻ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ സുനിക്ക് മെസേജ് അയച്ചിരുന്നതായാണ് വിവരം. പിന്നീട് യാത്രാവിവരങ്ങൾ മെസേജ് ആയി അറിയിച്ചു കൊണ്ടിരുന്നു. കറുകുറ്റി മുതലാണ് ട്രാവലറിൽ സംഘം കാറിനെ പിന്തുടർന്നതെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകൽ, മാനഭംഗശ്രമം, ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ ചിത്രമെടുക്കൽ എന്നീ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. നടിയെ കാറിൽ ലൈംഗികമായി പീഡിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് പൊലീസ് വെളിപ്പെടുത്തി.
നടിയുടെ അർദ്ധനഗ്‌ന ദൃശ്യങ്ങളെടുത്ത് ബ്‌ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് മാർട്ടിൻ മൊഴി നൽകി. വിവാഹിതയായ മറ്റൊരു പ്രമുഖ നടിയെയും സമാനരീതിയിൽ തട്ടിക്കൊണ്ടുപോകാൻ സംഘം പദ്ധതിയിട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ സുനി നേരത്തെയും പ്രതിയാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നെടുമ്പാശ്ശേരി സ്‌റ്റേഷനിലേക്ക് കൈമാറി.