- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചയാകുന്നത് മലയാള അക്ഷരമാല മുതൽ സാഹിത്യവും ചരിത്രവും എല്ലാം; പഠിപ്പിക്കുന്നതാകട്ടെ ജർമ്മൻ സ്വദേസിയും; ജർമ്മൻ സർവ്വകലാശാലയിലെ മലയാളം ക്ലാസിന്റെ വിശേഷങ്ങൾ
കൊച്ചി: അ.. ആ.. ഇ .. ഈ മുതൽ ഇന്നത്തെ ഏറ്റവും പുതിയ മലയാള കൃതികൾ വരെ ചർച്ചചെയ്തും പഠിച്ചും ജർമ്മനയിലെ സർവ്വകലാശാല കൗതുകമാകുന്നു.ജർമനിയിലെ ടൂബിങ്ങൻ സർവകലാശാലയിലെ വിന്റർ സീസൺ കാമ്പസിലാണ് ക്ലാസ്. ജർമ്മൻ സ്വദേശി തന്നെയാണ് പഠിപ്പിക്കുന്നതെന്നതാണ് ഏറ്റവും വലിയ സവിശേത. ജർമൻ സ്വദേശിനി ഹെയ്ക്കെ ഒബെർലിൻ ആണ് മലയാളത്തെ ജർമനിയിലെ ക്ലാസ് മുറികളിലെത്തിക്കുന്നത്. മലയാളം ഫോർ ബിഗിനഴ്സ് എന്ന പേരിലാണ് ക്ലാസുകൾ.
ഈ ക്ലാസിന് പിന്നിലെ കഥ ഇങ്ങനെ; 95-97 കാലത്ത് കൂടിയാട്ടവും നങ്ങ്യാർകൂത്തും പഠിക്കാൻ കലാമണ്ഡലത്തിലെത്തിയതാണ് ഹെയ്ക്കെ ഒബെർലിൻ എന്ന പ്രിയ. ഇവിടെ വെച്ച് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചു. പിന്നീട് ജർമനിയിലെത്തി ടൂബിങ്ങൻ സർവകലാശാലയിൽ എം.എ. ഇൻഡോളജി പഠിച്ചു. മലയാളത്തോടുള്ള പ്രണയം സഹപാഠികളെയും മറ്റും മലയാളം പഠിപ്പിക്കുന്നതിലേക്ക് നയിച്ചു. പുതിയ ഭാഷയെ ഉൾക്കൊള്ളാൻ സർവകലാശാല തയ്യാറായതോടെ ഇൻഡോളജി വകുപ്പിനു കീഴിൽ മലയാളം ക്ലാസുകൾ ആരംഭിച്ചു.
പഴയതും പുതിയതുമായി ലിപികളും പ്രാഥമിക വ്യാകരണവും ഉച്ചാരണവും എഴുത്തുശൈലിയുമെല്ലാം പഠിപ്പിക്കും. സർവകലാശാലയിലെ വിദ്യാർത്ഥികൾക്കാണ് മുൻഗണന. പുറത്തുള്ളവർക്കും ഫീസടച്ച് ചേരാം. കോവിഡ് കാലമായതിനാൽ ഓൺലൈനായും ക്ലാസിലെത്താം.മലയാളത്തെക്കുറിച്ച് ഒന്നുമറിയാത്തവർക്ക് ഇന്ത്യയിലെ ദ്രാവിഡ ഭാഷകളിലൊന്നായ ഭാഷയെ പരിചയപ്പെടാനുള്ള അവസരമാണ് ഒരുക്കുന്നത്.
2015 മുതൽ തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. മലയാളം സർവകലാശാലയുമായുള്ള സഹകരണത്തോടെ ഗുണ്ടെർട്ട് ചെയർ ടൂബിങ്ങൻ സർവകലാശാലയിൽ ആരംഭിച്ചു.ഡോ. സ്‌കറിയ സക്കറിയ, പ്രൊഫ. ടി. അനിതകുമാരി, എം. ശ്രീനാഥൻ, രാജൻ ഗുരുക്കൾ, കേശവൻ വെളുത്തത് തുടങ്ങിയവർ സർവകലാശാലയിൽ ക്ലാസുകളെടുക്കുന്നുണ്ട്.
മികച്ച മലയാളം ഇംഗ്ലീഷ് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ വിപുലമായ മലയാളം ഗ്രന്ഥശേഖരം ഡിജിറ്റൈസ് ചെയ്ത് ലോകത്തിനു സമർപ്പിച്ചതും ഹെയ്ക്കെയുടെ നേതൃത്വത്തിൽ ടൂബിങ്ങൻ സർവകലാശാലയാണ്.
മറുനാടന് മലയാളി ബ്യൂറോ