- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമാ വ്യവസായത്തിന്റെ നട്ടെല്ലൊടിയുന്നു; രണ്ടരമാസം കൊണ്ട് നഷ്ടം നൂറു കോടിയിലേറെ; ഈ വർഷം ഒരു ഹിറ്റുമില്ല; സാറ്റലൈറ്റില്ലാതെ കെട്ടിക്കിടക്കുന്നത് രണ്ടുഡസൻ ചിത്രങ്ങൾ; വാടകയ്ക്ക് വീടുപോലും കിട്ടാതെ ന്യൂജൻ സിനിമക്കാരും!
വെറും നാലരക്കോടി മുതൽ മുടക്കി 60 കോടിരൂപ വാരിക്കൊണ്ട് മലയാള വ്യാവസായിക സിനിമയുടെ ചരിത്രത്തിൽ സ്ഥാനംപിടിച്ച 'ദൃശ്യം' തകർത്തോടിയ വർഷമായിരുന്നു 2014. 2013 അവസാനമിറങ്ങിയ ഈ മോഹൻലാൽ ചിത്രം ആദ്യമായി ഒരു മലയാള സിനിമയെ 50കോടി കളക്ഷൻ ക്‌ളബിലത്തെിച്ച് റെക്കോർഡിട്ടപ്പോൾ, മലയാള സിനിമാ വിപണി എത്ര ശക്തമാണെന്ന പ്രതീക്ഷയാണ് ഉയർന്നത്. വെറും 26 ദിവസങ്ങൾകൊ
വെറും നാലരക്കോടി മുതൽ മുടക്കി 60 കോടിരൂപ വാരിക്കൊണ്ട് മലയാള വ്യാവസായിക സിനിമയുടെ ചരിത്രത്തിൽ സ്ഥാനംപിടിച്ച 'ദൃശ്യം' തകർത്തോടിയ വർഷമായിരുന്നു 2014. 2013 അവസാനമിറങ്ങിയ ഈ മോഹൻലാൽ ചിത്രം ആദ്യമായി ഒരു മലയാള സിനിമയെ 50കോടി കളക്ഷൻ ക്‌ളബിലത്തെിച്ച് റെക്കോർഡിട്ടപ്പോൾ, മലയാള സിനിമാ വിപണി എത്ര ശക്തമാണെന്ന പ്രതീക്ഷയാണ് ഉയർന്നത്.
വെറും 26 ദിവസങ്ങൾകൊണ്ട് പതിനായിരം ഷോയാണ് 'ദൃശ്യം' പിന്നിട്ടത്. ഇത് അഭൂതപുർവ്വമായ ഉണർച്ചയാണ് തീയേറ്റർ വ്യവസായത്തിനും നൽകിയത്. സത്യൻ അന്തിക്കാടിനെപ്പോലെ ഈഗോയില്ലാത്ത സംവിധായകർ തുറന്ന് സമ്മതിക്കും, 'ദൃശ്യ'ത്തിന് ടിക്കറ്റുകിട്ടാത്തവർകൂടി കയറിയാണ് ' ഇന്ത്യൻ പ്രണയ കഥ'യെന്ന തന്റെ ചിത്രം വിജയിച്ചതെന്ന്!
2014ലെ ആ ചരിത്ര വിജയത്തിൽനിന്ന് 2015ൽ മലയാള സിനിമ എങ്ങോട്ടാണ് കൂപ്പുകുത്തിയതെന്ന് നോക്കുക. 2015 മാർച്ച് 15വരെ ഇറങ്ങിയ 33 സിനിമകളിൽ രണ്ടു ചിത്രങ്ങൾ ഒഴികെയുള്ളവ തകർന്നടിഞ്ഞു. ഇതിൽ 20ഓളം ചിത്രങ്ങൾക്ക് തീയറ്റിൽ ഒരാഴ്ചപോലും തികയ്ക്കാനായില്ല. ഈ വർഷത്തെമാത്രം മൊത്തം നഷ്ടം നൂറുകോടി രൂപയാണത്രേ. റദ്ദായ പ്രോജക്ടുകളുടെയും, അഡ്വാൻസ് തിരച്ചുകൊടുക്കുന്നതിന്റെയും കഥകളാണ് എവിടെയും. നേരത്തെ അനൗൺസ് ചെയ്ത് 16 പ്രൊജക്ടുകളാണ് ഇത്തവണ കാൻസലായത്. പക്ഷേ ഞെട്ടിപ്പിക്കുന്നത് അതൊന്നുമല്ല. ഇത്രയും ചിത്രങ്ങൾ ഇറങ്ങിയിട്ടും ഒരൊറ്റ ഹിറ്റുപോലും ഈവർഷം ഉണ്ടായില്ല എന്നതാണ്.
'ഫയർമാനും' 'പിക്കറ്റ് 43'യും വിജയിച്ചോ?
മമ്മൂട്ടിയുടെ 'ഫയർമാനും', പൃഥ്വിരാജിന്റെ 'പിക്കറ്റ് 43'യും മാത്രമാണ് പിടിച്ചു നിന്നത്. ഈ സിനിമകൾതന്നെ ലാഭമാണോ എന്നകാര്യത്തിൽ തർക്കം തുടരുകയാണ്. 'പിക്കറ്റിന്റെ' സംവിധായകൻ മേജർ രവി ഷെഡ്യൂൾ തെറ്റിച്ച് തനിക്ക് ബാധ്യതയുണ്ടാക്കിയെന്ന് നിർമ്മാതാവ് പരസ്യമായി പറഞ്ഞുകഴിഞ്ഞു. തീയേറ്ററിൽ 'ഫയർമാൻ' ആവറേജ് കളക്ഷന്മാത്രമേ ആയിട്ടുള്ളൂവെന്നാണ് തീയറ്റർ ഉടമകളുടെ പ്രതിനിധിയായ ലിബർട്ടി ബഷീർ പറയുന്നത്. ഉയർന്ന സാറ്റലൈറ്റ് റേറ്റ് കൂടി കൂട്ടുമ്പോൾ 'ഫയർമാൻ' നിർമ്മാതാവിനെ പൊള്ളിക്കാതെ രക്ഷപ്പെടുമെങ്കിലും, അതൊരു ഹിറ്റല്ലെന്ന് ഉറപ്പാണ്. നാലുസിനിമ പരാജയപ്പെടുമ്പോഴുള്ള നഷ്ടം ഒരു സിനിമയുടെ വിജയത്തിൽനിന്ന് നികത്തുന്ന ഇൻഡസ്ട്രിയുടെ അപ്രഖ്യാപിക ഫോർമുലയാണ് ഇതോടെ അട്ടിമറിഞ്ഞത്.
മുമ്പൊക്കെ അന്യഭാഷാചിത്രങ്ങൾ വൻനേട്ടമുണ്ടാക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ വിക്രമിന്റെ 'ഐ' മാത്രമാണ് വിതരണക്കാരുടെ പണപ്പെട്ടിയിൽ എന്തെങ്കിലും വീഴ്‌ത്തിയത്. രജനീകാന്തിന്റെ ലിംങ്ക ഉൾപ്പെടെയുള്ള മറ്റ് തമിഴ് ചിത്രങ്ങൾ ബാധ്യതയായി. അടിക്കടി പുതിയ സിനിമകൾ റിലീസ് ആകുന്നതുകൊണ്ട് മാത്രമാണ് ഇന്ന് മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെയുള്ളവ പിടച്ചു നിൽക്കുന്നത്. കളക്ഷൻ കുറഞ്ഞതോടെ നഗരങ്ങളിലെ മൾട്ടിപ്ലക്‌സുകാരും ഷോ വെട്ടിക്കുറച്ചിരിക്കയാണ്.
ബാധ്യതയാവുന്ന ന്യൂജൻ തരംഗം?
2011ൽ 'ട്രാഫിക്ക്' എന്ന സിനിമയുടെ വിജയത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ട ന്യൂജനറേഷൻതരംഗം മലയാളസിനിമയിൽ ഇപ്പോൾ പുറംതിരഞ്ഞ് നടക്കയാണ്. താരാധിപത്യത്തിനും, കച്ചവടസിനിമക്കുമെതിരായ കലാപം കൂടിയായിരുന്ന ഈ നവതരംഗം. ഇതോടൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയുംകൂടിയായതോടെ ആർക്കും സിനിമയെടുക്കാവുന്ന രീതിയിൽ ഇവിടം ജനാധിപത്യപരമായി. ഓരോ രണ്ടുദിവത്തിലും ഒരു പുതിയ സിനിമ ഇറങ്ങുന്ന സുവർണകാലം ഇതോടെ മലയാളത്തിൽ എത്തി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ നൂറിലധികം പുതുമുഖ സംവിധായകരാണ് ഈ കൊച്ചു വ്യവസായത്തിൽ ഉണ്ടായത്! (കൂട്ടിമുട്ടുന്ന മൂന്നുപേരിൽ ഒരാൾ സിനിമാക്കാരനാവുന്ന കാലമായിരുന്നു അത്. ആരോടു ചോദിച്ചാലും ആ പ്രൊജക്റ്റിന്റെ ഷൂട്ടിലാണ്, ഇതിന്റെ ഡിസ്‌ക്കഷനിലാണ് എന്നൊക്കെയായിരുന്നു മറുപടി). ഈ വളർച്ചയ്ക്ക് പ്രധാനകാരണം സാറ്റലൈറ്റ് റേറ്റായിരുന്നു.
ചാനലുകൾ മൽസരിച്ച് സിനിമ വാങ്ങിയതോടെ, കുറഞ്ഞ ചെലവിൽ പടമെടുതതാൽ കേടില്ലാതെ തടി രക്ഷപ്പെടുത്താം എന്ന അവസ്ഥ വന്നു. തീയേറ്റർ കളക്ഷൻ അവർക്ക് ബോണസായിരുന്നു. എന്നാൽ ഇങ്ങനെ എടുത്ത പല ചിത്രങ്ങൾക്കും പരസ്യക്കാരെ കിട്ടാതായതോടെ ചാനലുകാർ ആ പണി നിർത്തി. ന്യൂജൻ സിനിമയുടെ നട്ടെല്ലൊടിച്ച തീരുമാനമായിരുന്നു അത്. ഈ വർഷംമാത്രം ഇരുപതിലേറെ ചിത്രങ്ങൾ സാറ്റലെറ്റ് റൈറ്റ് കാത്തിരിക്കയാണ്.
ന്യൂജൻ സിനിമകളുടെ നിലവാരം ഇക്കാലത്ത് വല്ലാതെ ഇടിഞ്ഞു. ഒരേ പാറ്റണേിനുള്ള മൾട്ടിസ്റ്റോറികഥകൾ, വാലും തലയുമില്ലാതെ കുറെ ഫിലോസഫി ഡയലോഗുകൾ, ഒപ്പം മുട്ടിനുമുട്ടിന് തെറികളും സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും. കേരളത്തിൽ ഇന്നിറങ്ങുന്ന ഒരു ന്യൂ ജനറേഷൻ സിനിമയുടെ ഫോർമാറ്റാണിത്. കണ്ടുകണ്ട് പ്രേക്ഷകർ മടുത്തിട്ടും അവർ മാറ്റിപ്പിടിക്കുന്നില്ല. ഈ വർഷം ഇറങ്ങിയ 'ആട് ഒരു ഭീകര ജീവിയാണ്', 'ഹരം', 'ഒന്നാംലോക മഹായുദ്ധം', തുടങ്ങിയ സിനിമകളൊക്കെ നോക്കുക. എല്ലാം മേൽപ്പറഞ്ഞ ഒരേ അച്ചിൽ വാർത്തത്. ട്രാഫിക്കിന്റെ സംവിധായകൻ രാജേഷ്പിള്ളതന്നെ യാതൊരു പുതുമയുമില്ലാത്ത 'മിലിയെന്ന' സിനിമയുമായാണ് നാലുവർഷത്തിനുശേഷം വന്നത്. അത് അതർഹിക്കുന്ന രീതിയിൽതന്നെ പരാജയപ്പെടുകയും ചെയ്തു. തന്റെ പടങ്ങൾ അടിക്കടി പൊളിഞ്ഞതോടെ ന്യൂജനറേഷൻ ഹീറോ ഫഹദ്ഫാസിൽ ചില ചിത്രങ്ങളുടെ അഡ്വാൻസ് തിരച്ചുകൊടുത്ത് മാതൃകയായെന്ന വാർത്തകൾ മലയാള സിനിമയിൽ എന്താണ് സംഭവിക്കാൻ പോവുന്നത് എന്നതിന്റെ സൂചകങ്ങളാണ്.
കൊക്കെയിൻ ആരോപണം വന്നതോടെ ന്യൂജൻ സിനിമക്കാരുടെകാര്യം ദയനീയമായി. സിനിമാ ചർച്ചക്കായി വീടോ ഫ്‌ളാറ്റോപോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ. ഇവന്മാർ മൊത്തത്തിൽ കഞ്ചാവാണെന്ന ധാരണ വന്നതോടെ ജനം വല്ലാതെ പേടിക്കയാണ്. ഈ സാമൂഹിക ഭീതി ജീവിതത്തിന്റെ എല്ലാ തുറകളിലും സിനിമക്കാരെ ബാധിച്ചു കഴിഞ്ഞു. പണ്ടൊക്കെ സിനിമയിലാണെന്ന് പറയുന്നത് അഭിമാനമായിരുന്നെങ്കിൽ ഇന്ന് പെണ്ണുപോലും കിട്ടാത്ത അവസ്ഥയാണ്. ഈവിധ ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത മികച്ച ചിത്രങ്ങളെ സ്‌നേഹിച്ചും സ്വപ്നംകണ്ടും, നല്ല ജോലികൾ വേറെ കിട്ടിയിട്ടും പോവാതെ ഈ ഫീൽഡിൽ പിടിച്ചു നിൽക്കുന്ന കുറെ പാവങ്ങളുണ്ട്. പുതിയ പ്രചാരണങ്ങൾ അക്ഷരാർഥത്തിൽ ഇവരുടെ വയറ്റത്തടിച്ചിരിക്കയാണ്.
അവധിക്കാലവും ലാലേട്ടനും തുണക്കുമോ?
മലയാള സിനിമ വ്യവസായം എപ്പോഴൊക്കെ പരിപ്പെടുത്ത് നിൽക്കുമ്പോഴും തൂണുപൊളിച്ച് 'നരസിംഹമായി' വൻ ഹിറ്റുമായി വന്ന് വിപണിയെ ചലിപ്പിക്കാറുണ്ട് സൂപ്പർസ്റ്റാർ മോഹൻലാൽ. ഈ അവധിക്കാലത്ത് ഇറങ്ങുന്ന മോഹൻലാൽ - മഞ്ജുവാരിയർ ചിത്രമായ 'എന്നും എപ്പോഴും', അടുത്തമാസം ഇറങ്ങുന്ന ജോഷി ചിത്രം 'ലൈല ഓ ലൈല' എന്നിവയെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്. ദേശീയ ഗെയിംസ് 'ലാലിസത്തിന്റെ' പേരിൽ പൊതു ഇമേജിനേറ്റ പരിക്കിൽ നിന്ന് രക്ഷനേടാൻ ലാലിനും ഒരു ഹിറ്റ് കൂടിയേ കഴിയൂ. മലയാള സിനിമയുടെ വ്യവസായിക അടിത്തറ എങ്ങനെയാരിക്കും എന്നത് ഈ രണ്ടു ചിത്രങ്ങളുടെയും വിജയത്തെ ആശ്രയിച്ചിരിക്കുമെന്ന് ചുരുക്കം.
വാൽക്കഷ്ണം: രണ്ടരമാസത്തിനുള്ളിൽ നൂറുകോടി രൂപ തുലച്ചിട്ടും ഇത്രയും അപകടകരമായ ബിസിനിസിലേക്ക് പ്രൊഡ്യൂസർമാരെ കിട്ടുന്നത് മറ്റൊരു ഗുട്ടൻസാണ്. അതാണ് ഗസ്റ്റ് പ്രൊഡ്യൂസർമാർ. ഗൾഫിലും മറ്റും ബിസിനസ് നടത്തികൂടുന്ന ഏതെങ്കിലും ഒരു പ്രാഞ്ചിയേട്ടനെ പ്രൊഡ്യൂസറാക്കി ചാക്കിലാക്കുയാണ് ആദ്യ ഘട്ടം. ഒറ്റയടിക്ക് ഒരു മൂന്നുമൂന്നരക്കോടി രൂപ പൊടിയുന്നതോടെ അയാൾ സ്ഥലം വിടും. ഉടനെ അടുത്തയാളെ ചാക്കിലാക്കും. അല്ലാതെ പണ്ടത്തെപോലെ പരമ്പരാഗത പ്രൊഡ്യൂസർമാർ ഇന്നില്ല. പിന്നെ പച്ചാളം ഭാസി പറഞ്ഞപോലെ ബിനാമി പേരിൽ താരങ്ങളും, കള്ളപ്പണം വെളുപ്പിക്കേണ്ട കുറെ വീരന്മാരും വേറെയുമുണ്ട്. അങ്ങനെ ലാഭക്കണക്കുനോക്കുമ്പോൾ ലോകത്തിലെ ഏറ്റവും അപകടംപിടച്ച ബിസിനസായിട്ടും മലയാള സിനിമ പെഴച്ചുപോവുന്നു!