കൊച്ചി: മലയാള സിനിമയുടെ ആ നല്ലകാലം തിരിച്ചു വരികയാണ്. സൂപ്പർഹിറ്റടിച്ച പൃഥ്വിരാജ് ചിത്രം കടുവയ്ക്കും ദേദപ്പെട്ട വിജയം നേടി സുരേഷ് ഗോപി ചിത്രം പാപ്പനും ശേഷം തീയറ്ററുകൡലേക്ക് ഒരുപിടി നല്ല ചിത്രങ്ങൾ എത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രവും സൂപ്പർഹിറ്റിലേക്കാണ് നീങ്ങുന്നത്. കൂടാതെ ടൊവിനോയുടെ മാസ്സ് പടം തല്ലമാലയും തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നു. രണ്ട് ചിത്രങ്ങളും വിജയവഴിയിലാണ് യാത്ര ചെയ്യുന്നത്.

'ന്നാ താൻ കേസ് കൊട്' ചിത്രം റിലീസ് ചെയ്ത് മൂന്നാം ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 4.49 കോടി രൂപയാണ്. ശനിയാഴ്ച മാത്രം ചിത്രം നേടിയത് 2.04 കോടി രൂപയാണ്. ഓരോ ദിവസം കഴിയും തോറും ചിത്രത്തിന്റെ കളക്ഷൻ കൂടി വരികയാണ്. ഒന്നാം ദിവസം ചിത്രം നേടിയത് 1.02 കോടി രൂപയാണ്. രണ്ടാം ദിവസം 1.25 കോടി രൂപയാണ്. ചിത്രം റിലീസ് ചെയ്ത് നാലാം ദിവസമായ ഞായറാഴ്ച 2.00 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ കളക്ഷൻ 6.49 കോടി രൂപയാവും.

റോഡിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ വന്ന പത്രപ്പരസ്യത്തെ ഇടത് സൈബർ വിങ്ങുകൾ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ റിലീസിന് പിന്നാലെ പ്രേക്ഷകർ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച കാഴ്ചയാണുള്ളത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക.

ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പർ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളിൽ ആണ് ഗായത്രി ശങ്കർ അഭിനയിച്ചിട്ടുള്ളത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ടൊവിനോ ചിത്രം തല്ലുമാല രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും 15 കോടിയിലേറെ സ്വന്തമാക്കിയപ്പോൾ, കുഞ്ചാക്കോ ബോബൻ ചിത്രം കേരളത്തിൽ നിന്ന് മാത്രം മൂന്ന് ദിവസം കൊണ്ട് നാലര കോടിക്ക് മുകളിലാണ് കളക്ഷനായി നേടിയത്. തല്ലുമാലക്ക് രണ്ട് ദിവസം കൊണ്ട് തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഏഴ് കോടിയോളം രൂപ കളക്ഷൻ കിട്ടിയെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരും ദിവസങ്ങളിലും രണ്ട് ചിത്രങ്ങൾക്കും മികച്ച കളക്ഷൻ സ്വന്തമാക്കാൻ കഴിയും എന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ജോണറുകളിലുള്ള സിനിമകൾ ആയിട്ട് കൂടി മികച്ച രീതിയിൽ രണ്ട് ചിത്രങ്ങളേയും പ്രേക്ഷകർ സ്വീകരിച്ചത് പോസിറ്റീവായി തന്നെയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും കാണുന്നത്. നിരവധി പ്രതിസന്ധികൾക്കും, മലയാളം സിനിമക്ക് തിയേറ്ററിൽ ആളില്ല എന്ന പരാതികൾക്കും ശേഷം റിലീസ് ചെയ്ത ഇരു ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങൾക്കും കളക്ഷനായും കോടികളാണ് ലഭിക്കുന്നത്.

റിലീസ് ദിവസത്തേക്കാൾ കൂടുതൽ തിയേറ്ററുകളിൽ നിലവിൽ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ഇരു ചിത്രങ്ങളും നിശ്ചയിച്ച ഷോകൾക്ക് പുറമെ സ്‌പെഷ്യൽ ഷോകളും കളിക്കുന്നുണ്ട്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ന്നാ താൻ കേസ് കൊട് സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്, കളർഫുൾ ആക്ഷൻ എന്റർടൈനറായി ഒരുക്കിയിരിക്കുന്ന തല്ലുമാല സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. മുഹ്‌സിൻ പരാരിയാണ് തിരക്കഥ.