തിരുവനന്തപുരം: ലിഗ സ്‌കോർമാന്റെ കൊലപാതകത്തിൽ സർക്കാറിനും പൊലീസിനുമെതിരെ പ്രതികരിച്ചതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലക്കെതിരെ കേസെടുത്ത പൊലീസ് നിലപാടിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. അശ്വതിക്കെതിരെ കേസെടുത്ത നടപടി ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് സൈബർ ലോകത്ത് സജീവമായി ഇടപെടുന്നവർ അഭിപ്രായപ്പെടുന്നു. അശ്വതി ജ്വാലക്കൊപ്പം എന്ന ഹാഷ് ടാഗിൽ അവരെ പിന്തുണച്ചു കൊണ്ട് പ്രചരണം നടക്കുന്നത്.

ലിഗയുടെ പേരിൽ അശ്വതി ജ്വാല പണപ്പിരിവ് നടത്തുന്നു എന്ന ആരോപണമാണ് ഒരുവിഭാഗം ആളുകൾ ഉയർത്തിയത്. സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഉയർന്ന ആരോപണത്തിൽ പൊലീസ് നടപടി തുടങ്ങിയതോടെയാണ് വിവാദം ശക്തമായത്. എന്നാൽ, തങ്ങളെ സഹായിച്ചതിന്റെ പേരിൽ അശ്വതിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ അതീവ ദുഃഖിതയാണ് ലിഗയുടെ സഹോദരി ഇൽസിയും. ഇന്ന് തിരുവനന്തപുരത്ത് അശ്വതി വാർത്താസമ്മേളനം നടത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ആരോപണങ്ങൾ തെറ്റാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ലിഗയുടെ പേരിൽ പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച് സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയും രംഗത്തെത്തി. പരാതിയെ കൃത്യമായി നേരിടുമെന്നും ഇതുമായി സംബന്ധിച്ച് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുകയുണ്ടായി. എന്തൊക്കെ ആരോപണം ഉയർന്നാലും ലിഗയുടെ ബന്ധുക്കൾക്കൊപ്പം നിൽക്കും. ഇവിടെ നിന്ന് പോകുന്നിടം വരെ അവർക്ക് പിന്തുണ നൽകുമെന്നുമാണ് അശ്വതിയുടെ നിലപാട്. അശ്വതിയെ പിന്തുണച്ചു കൊണ്ടാണ് സൈബർ ലോകത്ത് നിരവധി പേർ രംഗത്തെത്തിയത്.

ഡോ. കഫീൽ ഖാനെ അറസ്റ്റു ചെയ്ത ഉത്തർപ്രദേശ് പൊലീസിന്റെ പാതയിലാണോ കേരളാ പൊലീസുമെന്ന ചോദ്യം നിരവധി പേർ ഉന്നയിച്ചു. സർക്കാറിനും പൊലീസിനും എതിരായ വിമർശനം ശക്തമാകുമ്പോൾ പ്രതിരോധിക്കാനും സൈബർ ലോകത്ത് പോരാളികൾ രംഗത്തില്ല. ദീപക് ശങ്കരനാരായണനെതിരെ കേസെടുത്തതോടെ സൈബർ ലോകത്ത് പിണറായി സർക്കാറിനെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് സൈബർ പോരാളികൾ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അശ്വതി വിഷയത്തിൽ സർക്കാറിന് അനുകൂലമായ ന്യായീകരണങ്ങൾ കുറവാണ്.

ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരെ തിരഞ്ഞിറങ്ങിയത്. അഞ്ച് വർഷത്തെ പൊതുജീവിതത്തിനിടയിൽ ഒരു കളങ്കവും ഇതുവരെ കേൾപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തെ ഭയക്കുന്നില്ല. ഏത് അന്വേഷണത്തെയും നേരിടുമെന്നും അശ്വതി പറഞ്ഞു. ലിഗയുടെ മരണത്തിന് ശേഷം താൻ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവാദം നൽകിയില്ലെന്ന് അശ്വതി ആരോപിച്ചിരുന്നു. അശ്വതി സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് അശ്വതിക്കെതിരെ കേസെടുത്തതും.

അതിനിടെ ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവരികയുണ്ടായി. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചതാണു മരണകാരണണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ലിഗയെ മാനഭംഗപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ശരീരത്തിൽ പത്തിലേറെ മുറിവുകൾ പരിശോധനയിൽ കണ്ടെത്തി. സംഘം ചേർന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പൊലീസിനു കൈമാറിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കോവളത്തിനടുത്തു വാഴമുട്ടത്തു കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരണകാരണം അപ്പോൾ വ്യക്തമായിരുന്നില്ല. ശ്വാസം മുട്ടിയാകാം മരിച്ചതെന്നു ഫൊറൻസിക് വിദഗ്ദ്ധർ നേരത്തെ പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നു. ഇതു ശരിയാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറൻസിക് സംഘത്തെ എത്തിച്ചത്.

ലാത്വിയൻ സ്വദേശിയായിരുന്ന ലിഗ ചികിത്‌സാർഥമാണ് കേരളത്തിലെത്തിയത്. ചികിത്‌സയിലിരിക്കെ കാണാതായ ഇവരെ മാസങ്ങൾക്ക് ശേഷം കോവളത്തെ കണ്ടൽക്കാട്ടിനുള്ളിൽ മരിച്ച് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ലിഗയുടെതുകൊലപാതകമാണെന്നതിന് പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ഇതിന്റെ പകർപ്പ് സഹോദരി ഇൽസിക്കും കൈമാറിയിട്ടുണ്ട്.

കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അദ്ധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. കൊലപാതകത്തിൽ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകും. വള്ളിപ്പടർപ്പുകളിൽനിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കൽ ബോർഡ് വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയിൽനിന്നും നിർണായക തെളിവുകൾ ലഭിച്ചിരുന്നു.