തിരുവനന്തപുരം: കേരളക്കരയിലെ കൊയ്ത്തുക്കാലമാണ് തിരുവോണം. എല്ലാം മറന്ന് മലയാളികൾ കടകളിലേക്ക് ഓടിയെത്തുന്ന ചിങ്ങ മാസം. ഈ സമയത്ത് മലയാളിയുടെ മനസ്സ് പിടിക്കാൻ വമ്പന്മാർ പരസ്യങ്ങളുമായി രംഗത്ത് എത്തും. എല്ലാവർക്കും വേണ്ടത് താരങ്ങളെയാണ്.

മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും ടോവിനോയും നിവിൻ പോളിയുമെല്ലാം വിവധ ഉൽപ്പനങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തും. മഞ്ജു വാര്യരേയും പാർവ്വതിയേയും പോലുള്ള നടിമാർക്കും ഡിമാൻഡ് കൂടും. ഇത് മുതലെടുക്കാനുള്ള പരസ്യ തന്ത്രങ്ങൾ നേരത്തെ തന്നെ അണിയറയിൽ ഒരുങ്ങും. കോടികൾ ചെലവിട്ടുള്ള ഷൂട്ടും പലതിനും നടന്നു. ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങൾ പുറത്തുവരുന്നത്. ജനപ്രിയ നായകൻ ദിലീപിന്റെ അറസ്റ്റിൽ മെഗാതാരത്തിനും കംപ്ലീറ്റ് ആക്ടർക്കും പോലും വിപണി മൂല്യം ഇടിഞ്ഞു.

ഓണത്തിനായി ഷൂട്ട് ചെയ്ത പല വമ്പൻ ഗ്രൂപ്പുകളും കലങ്ങി. നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മ നടത്തിയ വാർത്താ സമ്മേളനമാണ് എല്ലാത്തിനും കാരണം. യോഗത്തിൽ മുകേഷും ഗണേശ് കുമാറും ദിലീപിനെ പിന്തുണച്ചു. മോഹൻലാലും മമ്മൂട്ടിയും മിണ്ടാട്ടമില്ലാതെയായി. ഇന്നസെന്റിന് തൊട്ടതെല്ലാം പിഴച്ചു. പിറകെ ദിലീപിന്റെ അറസ്റ്റ് എത്തി. കാവ്യയും മഞ്ജു വാര്യരുമായുള്ള ഭിന്നത ചർച്ചയാക്കി. ഇതൊക്കെ എല്ലാ വിഭാഗം ഉപഭോക്താക്കളേയും ബാധിച്ചു. അതുകൊണ്ട് തന്നെ ഈ സിനിമാ നടീ നടന്മാരെ വച്ച് ചിത്രമെടുത്താൽ ആരും വാങ്ങില്ലത്രേ. ആക്രമിക്കപ്പെട്ട നടിയുടെ പുതിയ പരസ്യത്തിന് പോലും വിപണിയുടെ മനസ്സ് പിടിക്കാനായില്ല. പൾസർ സുനിയുടെ ആക്രമണവുമായി ബന്ധപ്പെടുത്തി പരസ്യം ഷൂട്ട് ചെയ്തിട്ടു പോലും സിനിമാക്കാരിലെ വിശ്വാസം ആളുകൾക്ക് നഷ്ടമായെന്ന തരത്തിലെ പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഓണത്തിന് സിനിമാ താരങ്ങളില്ലാതെ പരസ്യം ഇറക്കുന്നതിനെ കുറിച്ചാണ് ചിന്ത.

നിലവിൽ പല ബ്രാൻഡുകളും പരസ്യം ഷൂട്ട് ചെയ്തിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിയും മഞ്ജുവുമെല്ലാം ചില ബ്രാൻഡുകളുടെ സ്ഥിരം മോഡലുകളാണ്. മുണ്ടും അച്ചാറും സ്വർണ്ണവും സാരിയും ലേലചിട്ടയുമെല്ലാം ആളുകളിലേക്ക് അടുപ്പിക്കുന്നവർ. ഇവരിലൂടെ ഉൽപ്പന്ന ബ്രാൻഡ് ചെയ്യുന്നതിന് പരസ്യ ഏജൻസികളും സജീവം. കേരളത്തിൽ വമ്പൻ നിര കമ്പനികളാണുള്ളത്. ഇവരെല്ലാം താരങ്ങളുടെ സൗകര്യത്തിന് പരസ്യ ഷൂട്ട് നേരത്തെ നടത്തും. ഓണത്തിനായി പലരും ഇത് ചെയ്തിട്ടുണ്ട്. സൂപ്പർ താര പരസ്യങ്ങൾക്കായി സൂപ്പർ സംവിധായകരേയും സാങ്കേതിക വിദഗ്ധരേയും എത്തിക്കും. ഇതിന് കോടികളാണ് പൊടിപൊടിക്കുക. ഇത്തരത്തിൽ പലരും പരസ്യം എടുത്തു. അതൊന്നും ഒരിടത്തും തൽകാലത്തേക്ക് കാണിക്കേണ്ടെന്നാണ് തീരുമാനം. ഓണത്തിനായി മാത്രം ചിത്രീകരിച്ച പരസ്യങ്ങളിലെ മുടക്ക് മുതൽ പൂർണ്ണമായും നഷ്ടമാകും.

ഇതിനൊപ്പം ചാനലുകളും പ്രതിസന്ധിയിലായി. റേറ്റിങ് കൂട്ടാൻ സിനിമാ നടന്മാരെ അങ്കറാക്കുന്നതാണ് പതിവ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിനായിരുന്നു കൂടുതൽ റേറ്റിങ്. മുകേഷിന്റെ നിഷ്‌കളങ്കമായ ഇടപെടലായിരുന്നു ഇതിന് കാരണം. നടിയെ ആക്രമിക്കപ്പെട്ട വിവാദത്തിൽ മുകേഷ് പെട്ടതോടെ ഈ പരിപാടിക്ക് റേറ്റിങ് കുറഞ്ഞു. പൊലീസ് ചോദ്യം ചെയ്ത ധർമ്മജൻ ബോൾഗാട്ടിയും ഈ ഷോയിലെ താരമാണ്. ദിലീപുമൊത്ത് അമേരിക്കൻ പര്യടനം നടത്തിവർ ആണ് ഈ ഷോയിലെത്തുന്ന ബഹുഭൂരിഭാഗവും. അതുകൊണ്ട് ഈ ഷോയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ചാനൽ സജീവമായി പരിഗണിക്കുന്നു. റേറ്റിംഗിൽ വിലയ ഇടിവുണ്ടായാൽ ബഡായി ബംഗ്ലാവ് വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം. മോഹൻലാൽ ഷോയുമായി മുഖം മിനുക്കാൻ തയ്യാറെടുക്കുന്ന അമൃതാ ടിവിക്കും വൻ തിരിച്ചടിയായി വിവാദങ്ങൾ. ഇതുമൂലം താരങ്ങൾക്ക് ഇനി കുറച്ചു കാലം വമ്പൻ പ്രതിഫലം നഷ്ടം ഉണ്ടാകുമെന്നാണ് സൂചന.

അതിനിടെ വിവാദത്തിൽ ഇരയ്ക്കൊപ്പം നിന്ന പൃഥ്വി രാജിനും മഞ്ജുവിനും പരസ്യ വിപണിയിൽ വമ്പൻ ഡിമാൻഡ് തുടരുമെന്നാണ് വിലിയരുത്തൽ. ഏതായാലും ഈ ആഴ്ചയിൽ എല്ലാ കമ്പനികളും പരസ്യ ചിത്രങ്ങളുടെ കാര്യത്തിൽ നിലപാട് എടുക്കും. പലരും ആശയ വിനിമയം തുടരുകയാണ്. വിവാദങ്ങളിൽ കുടുങ്ങിയ താരങ്ങളുടെ പരസ്യങ്ങൾ തൽകാലം ആരും ഉപയോഗിക്കാനിടയില്ല. അത് ഉൽപ്പനത്തിന്റെ നല്ല പേരിനെ പോലും ബാധിക്കും. കരുതലോടെ തീരുമാനങ്ങളെടുത്തില്ലെങ്കിൽ സിനിമാ ലോകത്തെ പ്രതിസന്ധി കേരളത്തിലെ വിപണിയേയും ബാധിക്കും-പരസ്യ വിപണയിലെ പ്രമുഖൻ മറുനാടനോട് സ്ഥിതിഗതികളെ കുറിച്ച് വിലയിരുത്തിയത് ഇങ്ങനെയാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് സിനിമയും പരസ്യ മേഖലയും കടന്നു പോകുന്നത്. താരങ്ങൾക്ക് പകരം വയ്ക്കാനുള്ള കായികതാരങ്ങളും കേരളത്തിൽ ഇല്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ ടിവി ചാനലുകളുടെ ഷോകൾക്ക് ഇനിയില്ലെന്ന് ചില താരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ദിലീപിനെതിരെ വാർത്ത കൊടുത്ത ചാനലുകളെ ബഹിഷ്‌കരിക്കുമെന്നാണ് ഭീഷണി. എന്നാൽ ഇത് നടക്കില്ലെന്നാണ് വാണിജ്യ ലോകം വിലയിരുത്തുന്നത്. ടി വി റൈറ്റിലൂടെ കിട്ടുന്നത് ഭീമമായ തുകകളാണ്. പല നിർമ്മാതാക്കൾക്കും ആശ്വാസമാണ് ടിവി പ്രക്ഷേപണത്തിൽ നിന്ന് ലഭിക്കുന്ന തുക. വിവാദങ്ങൾ സിനിമയുടെ ടിവി റേറ്റിംഗിനേയും കുറയ്ക്കും. ഈ സാഹചര്യത്തിൽ ചാനുകൾക്ക് പിറകേ പോയില്ലെങ്കിൽ അവർ സിനിമയെ പൂർണ്ണമായും കൈവിടും. ഇത് ഇരട്ടിയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ടിവി ഷോകളും മറ്റും സിനിമാ ലോകത്തിന് ഇനിയും ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ മലയാളം ക്രിമിനൽ എന്നു വിശേഷിപ്പിച്ച് ഗൂഗിൾ പോലും എത്തിയിരുന്നു. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓൺലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാർത്തയായതിനു പിന്നാലെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

ഇതെല്ലാം സിനിമാ താരങ്ങൾക്കെതിരെ ഉയരുന്ന പ്രിതഷേധത്തിന്റെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്. നേരത്തേ, ജനങ്ങൾക്കിടയിലെ ദിലീപിന്റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആർ ഏജൻസികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപിപ്പോൾ. ഇത്തരം നീക്കങ്ങൾ പോലും മലയാള സിനിമാ വ്യവസായത്തിന്റെ മൊത്തം പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.