കൊച്ചി: മലയാള പ്രശസ്ത സംവിധായകൻ ദീപൻ (47) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു അദ്ദേഹരം. ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് അദ്ദേഹം വീട്ടിലേക്ക് പോയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും.

ഇടയ്ക്ക് നില മെച്ചപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിയെങ്കിലും ദിവസങ്ങൾക്ക് മുൻപ് നില മോശമായി. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് ആശുപത്രിവൃത്തങ്ങൾ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൃതദേഹം കൊച്ചിയിൽ പൊതുദർശനത്തിന് വെക്കുന്നതിനെക്കുറിച്ച് ചലച്ചിത്രപ്രവർത്തകരും ബന്ധുക്കളും ആലോചിക്കുന്നുണ്ട്.

2003 ലീഡർ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി ദീപൻ അരങ്ങേറ്റം കുറിച്ചത്. പൃഥിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഷാജി കൈലാസിന്റെ സഹായിയാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. ആറാം തമ്പുരാൻ, എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. പിന്നീട് 2003ൽ സായികുമാറിനെ പ്രധാനകഥാപാത്രമാക്കി ദ് കിങ് മേക്കർ ലീഡർ എന്ന പൊളിറ്റിക്കൽ സിനിമ ഒരുക്കി.

2009ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം പുതിയമുഖം ദീപനെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക് ഉയർത്തി. പൃഥ്വിരാജിന്റെ സിനമാ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിയിരുന്നു പുതിയമുഖം. ത്രില്ലർ ഗണത്തിലുള്ള സിനിമകളാണ് അദ്ദേഹം എടുത്തിരുന്നത്. ഹീറോ, ഡി-കമ്പനി, സിം, ഡോൾഫിൻ ബാർ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എ.കെ.സാജന്റെ തിരക്കഥയിൽ ജയറാമിനെ നായകനാക്കി ഒരുക്കുന്ന 'സത്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഇതിനിെയാണ് അന്ത്യം സംഭഴിച്ചത്.

സുരേഷ് ഗോപി നായകനായ ഡോൾഫിൻ ബാർ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.