- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോടൊപ്പം തൃശ്ശൂരിലെ പുള്ള് എൽപി സ്കൂളിലെത്തി വോട്ടു ചെയ്തു മഞ്ജു വാര്യർ; 'കള' സിനിമയുടെ ലൊക്കേഷനിൽ നിന്നും ഇരിങ്ങാലക്കുടയിലെത്തി വോട്ടു ചെയ്തു ടൊവീനോ; കാര്യംപറ വാർഡിൽ വോട്ടു ചെയ്തു നടൻ ഉണ്ണി മുകുന്ദനും; വീടു മാറിയതിലെ ആശയക്കുഴപ്പത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി; ദുൽഖറും വോട്ടു ചെയ്തില്ല: താരവോട്ടു വിശേഷം ഇങ്ങനെ
കൊച്ചി: സിനിമാ രംഗത്തു നിന്നും ഇക്കുറി താരവോട്ടുകൾ കുറവായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും വോട്ടു ചെയ്യാതെ മാറി നിന്നപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് തിരിച്ചടിയായത് വോട്ടർലിസ്റ്റിൽ പേരില്ലാതെ പോയതാണ്. അതേസമയം മഞ്ജു വാര്യർ, ടൊവിനോ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി.
രാഷ്ട്രീയം പറഞ്ഞും പറയാതെയുമാണ് താരങ്ങൾ പതിവു പോലെ വോട്ടു രേഖപ്പെടുത്തിയത്. ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നാണ് വോട്ടു ചെയ്ത മുൻ എംപികൂടായി നടൻ ഇന്നസെന്റ് അഭിപ്രായപ്പെട്ടത്. നിലവിലെ വിവാദങ്ങളൊന്നും ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളത്തെ 'കള' സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ടൊവീനോ തോമസ് വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെത്തിയാണ് ടൊവിനോ വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യൂവിൽ നിന്നാണ് അദ്ദേഹം വോട്ട് കുത്തിയത്. പിതാവ് തോമസും ടൊവിനോയ്ക്കൊപ്പം ഉണ്ടായിരുന്നു.
നടി മഞ്ജു വാര്യർ അമ്മയോടൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി. തൃശ്ശൂരിലെ പുള്ള് എൽപി സ്കൂളിലാണ് നടിയും കുടുംബവും വോട്ടിനായെത്തിയത്. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ ജനങ്ങൾക്ക് ആകില്ലെന്നതിന്റെ തെളിവാണ് വോട്ടെടുപ്പിലെ ജനപങ്കാളിത്തമെന്ന് രൺജി പണിക്കർ അഭിപ്രായപ്പെട്ടു.
കാര്യംപറ വാർഡ് പത്തൊൻപതിലായിരുന്നു നടൻ ഉണ്ണി മുകുന്ദന്റെ വോട്ട്. എല്ലാ വർഷവും മുടങ്ങാതെ സമ്മതിദാന അവകാശം വിനിയോഗിക്കാറുള്ള നടൻ മമ്മൂട്ടിക്ക് എന്നാൽ ഇക്കുറി വോട്ടു ചെയ്യാനായില്ല. കൊച്ചി പനമ്പള്ളി നഗറിലെ വോട്ടർ പട്ടികയിൽ മമ്മൂട്ടിയുടെ പേരുണ്ടായിരുന്നില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാൽ വന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്നാണ് സൂചന. ചെന്നൈയിലായതിനാൽ ദുൽഖറും ഇത്തവണ വോട്ട് ചെയ്യാനെത്തിയില്ല.
ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരിക്കു വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ടു ചെയ്യാനായില്ല. ശാരീരിക അവശതകൾ മൂലം പ്രശസ്ത എഴുത്തുകാരി ഡോ. എം. ലീലാവതി വോട്ടു ചെയ്യാൻ പോയില്ല. പാലക്കാട്ട് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ആശുപത്രിയിലായതിനാൽ വോട്ട് ചെയ്തില്ല. മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എംപി വോട്ടു ചെയ്തില്ല. കോട്ടയം മണിമലയിൽ വോട്ടു ചെയ്യാനായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ ഡൽഹിയിൽ അടിയന്തിര യോഗം ഉള്ളതിനാൽ ബുധനാഴ്ച മടങ്ങി.
മറുനാടന് ഡെസ്ക്