കൊച്ചി: ദിലീപിന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ഓണക്കാലത്തെ സിനിമകളെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ന്യൂജെൻ സിനിമകളൊന്നും ഓണത്തിന് തിയേറ്ററിൽ എത്താനിടയില്ല. കുഞ്ഞ് സിനിമകളും മാറി നിൽക്കും. ഓണത്തിന് തീയറ്ററുകളിൽ ഏറ്റുമുട്ടാൻ താരരാജാക്കന്മാരുടെ ചിത്രങ്ങൾ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായി. അതിൽ മമ്മൂട്ടി ചിത്രത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ദിലീപിന്റെ രാമലീല ഈ ഓണത്തിനും എത്തില്ല. ഓണം റിലീസ് നിശ്ചയിച്ചിരുന്ന പറവ, ലവകുശ, ആകാശമിഠായി, നിവിൻപോളിയുടെ തമിഴ് ചിത്രം റിച്ചി എന്നിവ ഓണത്തിന് ശേഷമേ തിയേറ്ററുകളിലെത്തൂ. വില്ലനെന്ന മോഹൻലാൽ ചിത്രവും വഴിമാറുകയാണ്.

മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം പ്രദർശനത്തിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞെന്നും മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ അല്ലറ ചില്ലറ മിനിക്കുപണികളേ അവശേഷിക്കുന്നുള്ളു എന്നുമാണ് സിനിമ ലോകത്തുനിന്നും ലഭിക്കുന്ന വിവരം. പൃഥ്വി രാജിന്റെ ആദം ജോണും നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിലും ഓണത്തിന് തീയറ്ററിൽ എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അസീഫലിയുടെ സഹോദരൻ അസ്‌കർ അലി നായകാനായെത്തുന്ന ഹണിബി 2.5 എന്ന ചിത്രവും ഓണത്തിന് പുറത്തിറങ്ങുമെന്നാണ് സൂചന. ദുൽഖർ സൽമാന്റെ പറവയും അവസാന ഘട്ട പണികളിലാണ്. എന്നാൽ അച്ഛനൊപ്പം ഈ ഓണക്കാലത്ത് ഏറ്റുമുട്ടലിന് ദുൽഖർ ചിത്രം ഉണ്ടാകില്ല.

കഴിഞ്ഞ ഓണക്കാലത്ത് ഏഴോളം സിനിമകളാണ് എത്തിയത്. ലാലിനും പൃഥ്വിക്കും ദിലീപിനും സിനിമകളുണ്ടായിരുന്നു. തമിഴ്-ഹിന്ദി സിനിമകളും വിപണി പിടിക്കാനെത്തി. ഇത് മോഹൻലാലിന്റെ ഒപ്പം റിക്കോർഡുകൾ ഭേദിച്ചു. ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ തെലുങ്ക് ചിത്രം ജനതാ ഗാരേജും വൻ നേട്ടമുണ്ടാക്കി. വെൽകം ടു സെൻട്രൽ ജയിലായിരുന്നു ദിലീപിന്റെ സിനിമ. ഓണക്കാലത്ത് വമ്പൻ പരാജയമായിരുന്നു ഈ ചിത്രം. വീണ്ടും ഓണമെത്തുമ്പോൾ ജനപ്രിയ നായകൻ ആലുവ സബ്ജയിലിലാണെന്നതാണ് പ്രതിസന്ധികളുടെ കാരണം. ദിലീപ് അറസ്റ്റിലായ ശേഷം സിനിമകളുടെ കളക്ഷൻ വലിയ തോതിൽ കുറഞ്ഞു. ആളുകൾ തിയേറ്ററിൽ നിന്ന് മാറി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ചെറിയ സിനിമകളുടെ നിർമ്മാതാക്കൾ ചിത്രം തിയേറ്ററിലെത്തിക്കാൻ മടിക്കുകയാണ്.

ഇക്കൂറി ഓണത്തിന് ദീലിപ് ചിത്രം ഇല്ലന്നതും ശ്രദ്ധേയമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ദിലീപ് ചിത്രം രാമലീല ഉടൻ പ്രദർശനത്തിനില്ലന്ന് നിർമ്മാതാവ് ടോമിച്ചൻ മുളക് പാടം വ്യക്തമാക്കി.ഇതോടെ മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങളായിരിക്കും തീയറ്ററുകളിൽ പണം വാരുക എന്നുറപ്പായിക്കഴിഞ്ഞു. അങ്കമാലി ഡയറീസിലൂടെ സിനിമ പ്രേമികളുടെ മനംകവർന്ന അന്ന രേഷ്്മ രാജനാണ് വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാലിന്റെ നായിക. പുള്ളിക്കാരൻ സ്റ്റാറാ-യിൽ ആശാ ശരത് ആണ് മമ്മൂട്ടിയുടെ നായിക. മോഹൻലാലിന്റെ വില്ലനും പ്രദർശനത്തിന് തയ്യാറാണ്. എന്നാൽ ഓണം കഴിഞ്ഞേ ബി ഉണ്ണികൃഷ്ണന്റെ സിനിമ എത്തൂ. ദിലീപിന്റെ അറസ്റ്റ് കാരണമാണ് വില്ലനും തിയേറ്ററിലെത്താൻ വൈകാൻ കാരണം.

വിജയപ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ തമ്മിലുള്ള മത്സരം തന്നെയായിരിക്കും ഈ ഓണ മത്സരത്തിന് മാറ്റ് കൂട്ടുന്നത്. ലാൽജോസും മോഹൻലാലും ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകമാണ് ഓണം റിലീസുകളിൽ ആദ്യമെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിന്റെ പുസ്തകം മാക്‌സ് ലാബ് റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. യൂണിവേഴ്‌സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറാ ആന്റോ ജോസഫ് ഫിലിം കമ്പനി സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിലെത്തിക്കും. മമ്മൂട്ടി ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പൃഥ്വിരാജ് നായകനാകുന്ന ആദം ജോൺ എന്നിവ സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. രൺജി പണിക്കരുടെ നിർമ്മാണ വിതരണക്കമ്പനിയായ രൺജി പണിക്കർ എന്റർടെയ്ന്മെന്റ് സാണ് പൃഥ്വിരാജിന്റെ ആദം ജോൺ പ്രദർശനശാലകളിലെത്തിക്കുന്നത്. പൃഥ്വിരാജ് ചിത്രങ്ങളായ മാസ്റ്റേഴ്‌സ്, ലണ്ടൻ, ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദം ജോൺ എറണാകുളത്തും സ്‌കോട്ട്‌ലൻഡിലുമായാണ് ചിത്രീകരണം പൂർത്തിയായത്. ഭാവനയും മിഷ്ടിയുമാണ് നായികമാർ.

നിവിൻ പോളി ചിത്രങ്ങളായ പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ ഒരു പ്രവാസിയുടെ വേഷമാണ് നിവിൻ പോളിക്ക്. ഐശ്വര്യ ലക്ഷ്മിയും, അഹാനകൃഷ്ണകുമാറുമാണ് നായികമാർ. പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടെയ്ന്മെന്റാണ് തിയേറ്ററുകളിലെത്തിക്കുന്നത്.