- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവി ഉപേക്ഷിച്ച ജാതിവാൽ എന്തിന് ഫിറ്റ് ചെയ്തു; മലയാളം മിഷന്റെ ആശംസാ കാർഡിൽ ആദ്യം ആർ.മുരുകൻ നായർ; ട്രോളുകൾ വന്നതോടെ മുരുകൻ കാട്ടാക്കട ആയി; സാങ്കേതിക പിഴവ് എങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് ഡയറക്ടറായ കവിയും
തിരുവനന്തപുരം: കവി മുരുകൻ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേർത്ത പോസ്റ്റർ വിമർശനങ്ങൾക്ക് പിന്നാലെ മലയാളം മിഷൻ പിൻവലിച്ചു. സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച ആശംസാകാർഡിലാണ് ആർ മുരുകൻ നായർ എന്ന് എഴുതി, മുരുകൻ കാട്ടാക്കട എന്ന പേര് ബ്രാക്കറ്റിൽ ഉപയോഗിച്ചത്. നടപടി വിവാദത്തിലായതോടെ മലയാളം മിഷൻ 'നായർ' ജാതിവാൽ ഒഴിവാക്കി പോസ്റ്റർ തിരുത്തി.
കവി ഉപേക്ഷിച്ച ജാതിപ്പേര് എന്തിനാണ് ഇത്തരത്തിൽ വീണ്ടും ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. പൊതുവേദിയിൽ പോലും മുരുകൻ കാട്ടാക്കട എന്ന് തന്നെയല്ലേ അറിയപ്പെടുന്നത്. അപ്പോൾ എന്തിനാണ് ഇത്തരത്തിൽ ഒരു പ്രദർശനമെന്നും മലയാളം മിഷന് വൻ പുരോഗതിയാണെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.
പേരിനൊപ്പം ജാതിപ്പേര് വന്നത് ഒഴിവാക്കാമായിരുന്ന പിഴവെന്ന് കവി മുരുകൻ കാട്ടാക്കട. ഔദ്യോഗിക പേര് എന്ന നിലയിലാണ് കാർഡിൽ പേര് വന്നത്. സംഭവിച്ചത് സാങ്കേതികമായ പിഴവ് മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെ മാനിക്കുന്നു. തീർത്തും ഒഴിവാക്കാമായിരുന്ന പിഴവായിരുന്നു ഇതെന്നും മുരുകൻ കാട്ടാക്കട മാധ്യമങ്ങളോട് പ്രതികരിച്ചു.
മലയാളം മിഷൻ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ആശംസാകാർഡിലാണ് ആർ മുരുകൻ നായർ എന്ന് എഴുതി, മുരുകൻ കാട്ടാക്കട എന്ന പേര് ബ്രാക്കറ്റിൽ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലെത്തി മുരുകൻ കാട്ടാക്കട മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റത്. ഇതിന് പിന്നാലെ ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. സാംസ്‌കാരികകാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മോട്ടോ
മറുനാടന് മലയാളി ബ്യൂറോ