പുഷ്പയും, കെജിഎഫും, വിക്രമും, ആർആർആറുമൊക്കെയായി അന്യഭാഷാ ചിത്രങ്ങൾ കോടികൾ വാരിക്കൂട്ടിയ നാടാണിത്. പക്ഷേ കേരളത്തിലെ തീയേറ്ററുകളിൽ ഇപ്പോൾ മലയാള സിനിമക്ക് ആളില്ലാത്ത അവസ്ഥയാണ്. അഞ്ചുപേർ തികച്ചില്ലാത്തതുകൊണ്ട് ഈ മഴക്കാലത്ത് നിരവധി ഷോകളാണ് ക്യാൻസൽ ചെയ്യേണ്ടിവന്നത്. പക്ഷേ ചിത്രങ്ങളുടെ എണ്ണത്തിൽ റെക്കോർഡിട്ട കാലവുമാണിത്. ആറുമാസം കൊണ്ട് 108 സിനിമകളാണ് ഇറങ്ങിയത്. മൊത്തം അറുനൂറ് കോടിയിലേറെ ചെലവ്. പക്ഷേ വരവ് അതിന്റെ പകുതിപോലുമില്ല. മൂന്നുറ് കോടിയിലേറെ ധൂളിയായി. കോവിഡിന്റെ മാന്ദ്യം മാറാത്ത തീയേറ്ററുകൾക്ക് ഒടിടിയും വമ്പൻ ഭീഷണിയാവുകയാണ്. 2022 ജനുവരി മുതൽ ജൂൺവരെയുള്ള മലയാള സിനിമയുടെ അർധവാർഷിക അർധവാർഷിക കണക്ക് ശരിക്കും അമ്പരപ്പിക്കുന്നതാണ്.

പരമ്പരാഗത ചലച്ചിത്ര ആസ്വാദനത്തിൽ വന്ന മാറ്റം മാത്രമല്ല, 'പ്രകൃതിപ്പടങ്ങൾ' എന്ന സോഷ്യൽ മീഡിയ പരിഹസിക്കുന്ന രീതിയിൽ, ഓവർ റിയലിസ്റ്റിക്കായി മലയാളത്തിലെ ചിത്രങ്ങൾ മാറിയതും ഇതിനുള്ള ഒരുകാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഹീറോയിസവും, ത്രില്ലുമൊക്കെയായി സിനിമ ഒരു ആഘോഷമാക്കാൻ വരുന്ന ചെറുപ്പക്കാരായ പ്രേക്ഷകരെ വെറുപ്പിച്ച് കൈയിൽ കൊടുക്കാൻ ഈ 'പ്രകൃതിപ്പടങ്ങൾക്ക്' ആയിട്ടുണ്ട്. അതുകൊണ്ടാണ് അന്യഭാഷാ ചിത്രങ്ങൾ, കോടികൾ വാരുമ്പോഴും മലയാള സിനിമ ഈച്ചയാട്ടിയിരിക്കുന്നത്. ഈ കെണി സത്യത്തിൽ മലയാള സിനിമ ഒരു പരിധിവരെ തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ് അവസാനം ഇറങ്ങിയ പൃഥിരാജിന്റെ 'കുടുവ'. മാസ് മസാല കോമ്പിനേഷനിൽ എടുത്ത ചിത്രത്തിന് തീയേറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നും.

അതേസമയം സാമ്പത്തിക പരാജയങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആർക്കും ചെറിയ ബജറ്റിൽ സിനിമയെടുക്കാവുന്ന കാലം ഇപ്പോൾ വന്നുചേരുകയാണ്. പക്ഷേ വിപണിയുടെ താരങ്ങൾ ഇപ്പോഴും മമ്മൂട്ടിയും മോഹൻലാലും തന്നെയാണ്. മലയാളത്തിലെ ന്യൂജൻ താരങ്ങൾക്ക് ഒന്നും തന്നെ യഥാക്രമം, 70ഉം, 62ഉം വയസ്സുള്ള ഈ താരങ്ങളെ കവച്ചുവെക്കാൻ കഴിയുന്നില്ല. പകച്ചുപോവുകയാണ് മലയാള സിനിമയുടെ ബാല്യം!


ഹിറ്റ് ചിത്രങ്ങൾ ഇവയാണ്

പുഷ്പയും, വിക്രവും, കെജിഎഫും, കോടികൾ വാരിയ അതേ തകർപ്പൻ ഫോർമാറ്റിലൂടെയാണ്, അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവവും കടന്നുപോയത്. ഇത് മലയാളം ബോക്സോഫീസിനുണ്ടാക്കിയ ആവേശം ചെറുതൊന്നുമല്ല. കിടിലൻ ബാക്ക്ഗ്രൗണ്ട് സ്‌ക്കോറിനും, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കുമൊപ്പം കൗമാരക്കാർ നൃത്തം ചെയ്ത സമയം. നൂറുകോടിയിലേറെ നേടിയ ഭീഷ്മപർവം തന്നെയാണ് ഈ അർധവർഷത്തിലെ ഹിറ്റ് ചാർട്ടിലെ നമ്പർ വൺ. ഒടിടി വിൽപ്പനയും, സാറ്റലൈറ്റ്- അന്യഭാഷാ റൈറ്റുകളുമൊക്കെ നോക്കുമ്പോൾ, മൊത്തം 150 കോടിയിലേറെ രൂപയുടെ ബിസിനസാണ് ഈ ഒറ്റ ചിത്രം കൊണ്ട് ഉണ്ടാകുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, പ്രണവ് മോഹൻലാൽ നായകനായ 'ഹൃദയവും' മലയാളികളുടെ ഹൃദയം കവർന്നു. മൊത്തം 52 കോടിരൂപയാണ ചിത്രം തീയേറ്റിൽനിന്ന് നേടിയത് എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. അതിഗൗരവമായ രാഷ്ട്രീയ വിഷയം ഉന്നയിച്ച് പൃഥ്വിരാജിന്റെ 'ജന ഗണ മന'യും അമ്പത് കോടി ക്ലബിലെത്തി. പൃഥ്വിയുടെ തീപ്പൊരി ഡയലോഗുകൾ തന്നെയായിരുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ കലാപരമായി മികച്ചതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും, മോഹൻലാൽ ചിത്രം ആറാട്ട് 42 കോടിയാണ് തീയേറ്റർ കലക്ഷനായി നേടിയത്. ഒടിടിയും സാറ്റലൈറ്റ് റൈറ്റുനോക്കുമ്പോൾ 60 കോടിക്കടുത്ത് ബിസിനസാണ് ഈ ചിത്രം നടത്തിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

സൂപ്പർ ശരണ്യയും ജോ ആൻഡ് ജോയും

പക്ഷേ പോയ അർധവർഷത്തെ ഞെട്ടിച്ചത് രണ്ട് കൊച്ചു സിനിമകൾ ആണ്. വെറും 3 കോടി മുടക്കി 25 കോടി നേടിയ ജോ ആൻഡ് ജോയും, ചുരുങ്ങിയ ബജറ്റിൽ 23 കോടി നേടിയ സൂപ്പർ ശരണ്യയും. അരുൺ ഡി ജോസ് ഒരുക്കിയ ജോ ആൻഡ് ജോ ശരിക്കും ഒരു കുളിർ തെന്നൽപോലെയാണ് കടന്നുപോയത്. ഒരു നല്ല സിനിമയൊരുക്കാൻ കോടികൾ ഒന്നും വേണ്ട എന്ന് തെളിയിക്കയാണ് ഈ ചിത്രം. ലോക്ഡൗൺ കാലത്തെ ഒരു വീടും അവിടത്തെ ചേച്ചിയും അനിയനും, അനിയന്റെ കൂട്ടുകാരും അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. നിഖില വിമൽ ആദ്യമായി ടൈറ്റിൽ റോളിൽ എത്തിയ സിനിമയാണ്. മാത്യുവാണ് അനിയനായി എത്തിയതും.

അതുപോലെ പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു, 'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സൂപ്പർ സിനിമയെടുത്ത ഗിരീഷ് എ ഡിയുടെ സൂപ്പർ ശരണ്യയും. തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്ലസ്ടു കാലത്തെ അനുഭവങ്ങളാണ് പങ്കുവെച്ചതെങ്കിൽ ഇക്കുറി കഥ കോളേജിലാണ്. പ്രണയവും സൗഹൃദവും തന്നെയാണ് ഇവിടെയും. ആൺകുട്ടിയുടെ കാഴ്ചപ്പാടിൽ പറഞ്ഞ കഥയാണ് തണ്ണീർമത്തനെങ്കിൽ പെൺകുട്ടിയുടെ കാഴ്ചപ്പാടിൽ പറയുന്ന കഥയാണ് സൂപ്പർ ശരണ്യ. അനശ്വര രാജൻ, മമിത ബൈജു, അർജ്ജുൻ അശോകൻ, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അങ്ങേയറ്റം ലളിതമായി എടുത്ത ഈ ചിത്രത്തിനും കൗമാരക്കാരക്കും കുടുംബ പ്രേക്ഷകരും ഇടിച്ച് കയറുക ആയിരുന്നു. ഇത്തരം സംവിധായകരിലും യുവ നടന്മാരിലും ഒക്കെ ആയിരിക്കും ഇനി മലയാള സിനിമയുടെ ഭാവിയുണ്ടാവുക.

അതുപോലെ തന്നെ തീയേറ്ററിൽ മികച്ച വിജയമായ ചിത്രമായിരുന്നു ഉണ്ണി മുകന്ദന്റെ 'മേപ്പടിയാനും'. സംഘപരിവാർ ചിത്രമെന്നൊക്കെയുള്ള അതിശക്തമായ ഡീ ഗ്രഡിങ്ങ് അതിജീവിച്ചാണ്, ചിത്രം പത്തുകോടിയിലേറെ ഗ്രോസ് കലക്ഷൻ നേടിയത്. ജിസിസിയിൽനിന്ന് ചിത്രം 1.65 കോടി നേടി. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് -റീമേക്ക് റൈറ്റ്‌സുകളും വിറ്റുപോയിട്ടുണ്ട്. ഈയിനത്തിൽ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്. സാറ്റ്‌ലൈറ്റ്- ഒടിടി റൈറ്റ്‌സുകളും വിറ്റുപോയിട്ടുണ്ട്. ഒടിടി റൈറ്റ്‌സ് ആമസോണിനാണ്. ഓഡിയോ റൈറ്റ്‌സ് ഇനത്തിൽ ലഭിച്ച 12 ലക്ഷം ഉൾപ്പെടെ 12 കോടിയലിധകം രൂപയുടെ ബിസിനസ് ഈ ചിത്രം നടത്തിയിട്ടുണ്ട്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി അടക്കം മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയും. കർശന കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പകുതിപേർക്ക് മാത്രമാണ് തിയറ്ററുകളിൽ പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണ് മേപ്പടിയാന്റെ ഈ നേട്ടം എന്നോർക്കണം.

അതുപോലെ ഉടൽ, പ്രിയൻ ഓട്ടത്തിലാണ്, ഒരുത്തീ, പട, 21ഗ്രാംസ് എന്നീ ചിത്രങ്ങളും തീയേറ്റിൽ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ ഉടൽ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുമുണ്ട്. 'പ്രിയൻ ഓട്ടത്തിലാണ്' നല്ല ചിത്രമെന്ന് ആസ്വാദകർക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ തീയേറ്റർ വിട്ട് ഒടിടിയിൽ ഇറങ്ങിയാലും ഈ ചിത്രത്തിന് പ്രേക്ഷകർ ഉണ്ടാവും.


ഒടിടിയിൽ ബ്രോ ഡാഡി

ഈ അർധ വർഷം ഒടിടിയിൽ 36 ചിത്രങ്ങളാണ് ഇറങ്ങിയത്. പക്ഷേ തീയേറ്റർ റിലീസിനേക്കാളും നിർമ്മാതാക്കളെ രക്ഷിച്ചത് ഒടിടി തന്നെയാണ്. തീയേറ്റിൽ റിലീസ് ചെയ്തശേഷം ഒടിടിയിൽ ഇറങ്ങുന്ന ചിത്രങ്ങൾക്കുപോലും, പ്രേക്ഷകർ ഉണ്ട് എന്നത്, മലയാളിയുടെ മാറുന്ന ആസ്വാദന മനോഭാവത്തെയുമാണ് കാണിക്കുന്നത്.

കോവിഡ് കാലത്ത് പരിചയപ്പെടുകയും പിന്നീട് ജനകീയമാകുകയും ചെയ്ത ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരിക്കാർ ഇപ്പോൾ ഏതു ഗ്രാമാന്തരങ്ങളിലുമുണ്ട്. ഒരാൾ സബ്‌സ്‌ക്രൈബ് ചെയ്ത് ഒന്നിലധികം പേർക്ക് ഷെയർ ചെയ്യുകയും വീട്ടുകാർക്ക് ഒന്നിച്ചിരുന്ന് കാണുകയും ചെയ്യാനുള്ള മാർഗം ഉള്ളപ്പോൾ ആളുകൾ തീയേറ്ററിൽ പോകാൻ മടിക്കും. തീയേറ്ററിൽ റിലീസ് ചെയ്ത സിനിമകളും രണ്ടാഴ്ച കഴിഞ്ഞ് ഒടിടിയിൽ എത്തുന്നു. അപ്പോൾ പിന്നെ വലിയ ചെലവിൽ എന്തിന് തീയേറ്ററിൽ പോകണം എന്ന് സ്വാഭാവികമായും ആൾക്കാർ ചിന്തിക്കുന്നു. അതിൽക്കവിഞ്ഞ് അവരെ ആകർഷിക്കത്തക്ക തിയേറ്റർ എക്‌സ്പീരിയൻസുകൾ മലയാളത്തിൽ ഉണ്ടാകുന്നുമില്ല.

ലൂസിഫറിനുശേഷം പൃഥിരാജ്, മോഹൻലാലിനെ നായകനാക്കി എടുത്ത ബ്രോ ഡാഡിയാണ് ഈ അർധ വർഷത്തെ ഒടിടി മെഗാഹിറ്റ്. തീയേറ്ററുകളിൽ ഇറങ്ങുകയാണെങ്കിലും വൻ വിജയം ആവുമായിരുന്നു ഈ ചിത്രം. പൃഥിയും മോഹൻലാലും അപ്പനും മകനുമായി വന്ന കോമ്പോ ആളുകളെ രസിപ്പിച്ചു. ചിത്രം ഇറങ്ങി മണിക്കൂറുകൾക്കകം ഇത് ട്രൻഡിങ്ങ് ചാർട്ടിലുമെത്തി. അത്രക്ക് എത്തിയില്ലെങ്കിലും, ദൃശ്യം 2വിന് ശേഷം ജീത്തുജോസഫ് മോഹൻലാലിനെ നായകനാക്കി എടുത്ത, ട്വൽത്ത് മാനും വിജയ ചിത്രമായി. പക്ഷേ ജീത്തുവിന്റെ മുൻകാല ചിത്രങ്ങളുടെ മേന്മ ഈ പടത്തിനില്ല.

അതുപോലെ വലിയ രീതിയിൽ ചർച്ചയായ ചിത്രമാണ് മമ്മൂട്ടിയുടെ 'പുഴു'. ഈ ചിത്രം തീയേറ്റിൽ ആവുകയാണെങ്കിൽ വലിയ പരാജയം ആവുമായിരുന്നു. പക്ഷേ ഒടിടിയിൽ ചിത്രം നന്നായി വീക്ഷിക്കപ്പെട്ടു. ഭൂതകാലം, ഫ്രീഡം ഫൈറ്റ്, സല്യൂട്ട്, ലളിതം സുന്ദരം, അന്താക്ഷരി, കീടം തുടങ്ങിയ ചിത്രങ്ങൾക്കും വലിയ തോതിൽ പ്രേക്ഷകർ ഉണ്ടായി. ഇതിൽ ദൂൽഖർ സൽമാന്റെ സല്യൂട്ടിന് മലയാളത്തിനേക്കാൾ പ്രേക്ഷകർ ഉണ്ടായത് തെലുങ്കിലും തമിഴിൽനിന്നും ആണെന്നാണ് കണക്ക്. ഏത് ഭാഷയിൽ സബ്ടൈറ്റിൽ ചെയ്ത് കാണാനുള്ള ഒടിടിയിലെ സൗകര്യം തന്നെയാണ് ഇവിടെ ഗുണം ചെയ്യുന്നത്. ഇതിൽ ഭൂതകാലം എന്ന ഷെയിൻ നിഗത്തിന്റെ ചിത്രമൊക്കെ തീയേറ്ററിൽ എത്തിയാൽ വലിയ ശോകം ആവുമെന്ന് ഉറപ്പാണ്. പക്ഷേ ഒടിടി ഇവയൊക്കെ രക്ഷിച്ചു.

ഇനി ഒടിടിക്ക് വേണ്ടിയും തീയേറ്ററിന് വേണ്ടിയും എന്ന രണ്ട് രീതിയിൽ തന്നെ മലയാളത്തിൽ ചിത്രങ്ങൾ ഇറങ്ങുമെന്നും ഉറപ്പാണ്. പക്ഷേ ഒടിടിയിലും സക്സസ് റേറ്റ് കുറവാണ്. 36 പടങ്ങൾ ഇറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ടത് വെറും പത്തെണ്ണമാണെന്ന് ഓർക്കണം.

സിബിഐ തൊട്ട് സൂപ്പർ ഫ്ളോപ്പുകൾ

ഈ അർധവർഷം ഇറങ്ങിയതിൽ 85 ശതമാനം സിനിമകളും സൂപ്പർ ഫ്ളോപ്പുകൾ ആണ്. പലതിനും അഞ്ചു ദിവസം പോലും തീയേറ്റിൽ പിടിച്ചു നിൽക്കാൻ ആയില്ല. ഇത്തരത്തിൽ ആർക്കോവേണ്ടിയെന്നപേരിൽ എടുത്തത് 25ലേറെ സിനിമകളാണ്. ബാക്കിയുള്ളവ ഒരാഴ്ച ഓടിയില്ല.

പക്ഷേ ഇവിടെ മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. വിജയിക്കാൻ അർഹതയുള്ള എത്ര ചിത്രങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടായി എന്നതാണ് ചോദ്യം. സിബിഐ ദ ബ്രയിൻ, നാരദൻ, ജാക്ക് ആൻഡ് ജിൽ, മേരി ആവാസ് സുനോ, ജോൺ ലൂഥർ, ഡിയർ ഫ്രണ്ട്, കുറ്റവും ശിക്ഷയും പ്രകാശാൻ പരക്കട്ടെ, തൊട്ട് പഴയകാല ഹിറ്റ്മേക്കർ സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രം മകൾവരെ കണ്ടുനോക്കുക. എന്തൊരു ദുരന്തം എന്നേ പറാൻ കഴിയൂ. സന്തോഷ് ശിവന്റെ ജാക്ക് ആഡ് ജിൽ ഒക്കെ പ്രേക്ഷകന്റെ ബുദ്ധിയെ പരിഹസിക്കയാണ്.. കെ മധുവും എസ്എൻ സ്വാമിയും എടുത്തുവെച്ച സിബിഐ പടത്തിന്റെ നിലവാരത്തകർച്ച അമ്പരപ്പിക്കുന്നതാണ്. പുതിയതായി ഒന്നും കൊടുക്കാൻ അവർക്ക് കഴിയുന്നില്ല.ആഷിക്ക് അബു- ടൊവീനൊ ടീമിന്റെ നാരദൻ ഒക്കെ നോക്കുക. പ്രേക്ഷകനെ ഒരിക്കലും പിടിച്ചിരുത്താൻ കഴിയുന്നില്ല. സത്യൻഅന്തിക്കാടൊക്കെ ഇത് എത്രാമത്തെ പടമാണ് ഒരേ പാറ്റേണിൽ എടുക്കുന്നത് എന്നോർക്കുക. ജയറാം എന്തൊരു ക്ലീഷേയാണ്.

അപ്പോൾ കുഴപ്പം പ്രേക്ഷകരുടെയോ ഒടിടിയുടേതോ ഒന്നുമല്ല എന്ന് വ്യക്തമാണ്. പ്രതിസന്ധി സർഗാത്മകം തന്നെയാണ്. നല്ല ചിത്രങ്ങൾ എടുക്കാനുള്ള ബ്രയിൻ നമ്മുടെ സംവിധായകർക്കും എഴുത്തുകാർക്ക് വർക്ക് ചെയ്യുന്നില്ല എന്ന് ചുരുക്കം. മുമ്പുക്കെ നല്ല ചിത്രങ്ങൾ ഇറങ്ങിയിട്ടും അവ പബ്ലിസ്റ്റിയില്ലാതെ പരാജയപ്പെട്ട് പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ഉണ്ടാവാറില്ല. അൽപ്പം നന്നായാൽ പ്രേക്ഷകർ വിജയിപ്പിക്കും. പക്ഷേ അതിനുള്ള വകുപ്പ്പോലും മിക്ക സിനിമകളിലും ഉണ്ടാവാറില്ല.

താരങ്ങൾ മമ്മൂട്ടിയും ലാലും തന്നെ

ഈ സമയത്തും മലയാള സിനിമയെ നിയന്ത്രിക്കുന്നത്, അതിനെ നാല് പതിറ്റാണ്ടായി നിയന്ത്രിച്ചുകൊണ്ടിരുന്ന, മമ്മൂട്ടിയും ലാലും തന്നെയാണ്. 70കാരനായ മമ്മൂട്ടിയും 62 കാരനായ മോഹൻലാലും, ഇവിടുത്തെ എത് ന്യൂജൻ താരത്തെയും കടത്തിവെട്ടുകയാണ്. മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മോശം പടം എന്ന് വിലയിരുത്തപ്പെട്ട, സിബിഐ ദ ബ്രയിനിന് പോലും 37 കോടി രൂപയുടെ കളക്ഷൻ കിട്ടിയെന്നാണ് ഇതിന്റെ അണിയറ ശിൽപ്പികൾ പറയുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് ഉറപ്പില്ലെങ്കിലും, മമ്മൂട്ടിക്ക് ഒരു വലിയ ഓഡിയൻസ് മലയാളത്തിൽ ഉണ്ടെന്നതിൽ തർക്കമില്ല. ഇതുപോലെ ഒരു മാസ് ഓഡിയൻസിനെ ഉണ്ടാക്കിയെടുക്കാൻ മറ്റ് യുവതാരങ്ങൾക്ക് കഴിയുന്നില്ല. 2022ലെ ആദ്യ അർധവർഷം സത്യത്തിൽ മമ്മൂട്ടിയുടേത് തന്നെയായിരുന്നു. ഇറങ്ങിയ മൂന്നു ചിത്രങ്ങളിൽ രണ്ടു വിജയച്ചു. ഭീഷ്മ പർവവും വമ്പൻ ഹിറ്റുമായി.

മോഹൻലാലിന്റെ കാര്യം എടുത്താൽ, 'ആറാട്ട്' കടുത്ത സൈബർ വിമർശനങ്ങൾ നേരിട്ട ചിത്രമാണ്. പക്ഷേ എന്നിട്ടും അതിന് തീയേറ്റർ കലക്ഷൻ മാത്രം വന്നത് 42 കോടിയാണ്. എന്റർടെയ്ന്മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം, ആറാട്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം ആദ്യദിനം 3.50 കോടി നേടി. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യൻ സെന്ററുകളിൽ നിന്ന് 50 ലക്ഷത്തോളവും. ആഗോള തലത്തിൽ 2700 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസിന് എത്തിയത്. ഇതാണ് മോഹൻലാൽ എന്ന താരത്തിന്റെ വിജയം. ഒടിടിയിൽ ഇറങ്ങിയ ബ്രോ ഡാഡി വൻ ഹിറ്റായി. ട്വവൽത്ത്മാൻ അത്രയെത്രിയില്ലെങ്കിലും വിജയമായി. അതായത് മലയാള സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് മമ്മൂട്ടിയും ലാലും തന്നെയാണ്. ഇവരെ മൈസസ് ചെയ്താൽ ബിഗ്സീറോയാണ് മലയാള ചലച്ചിത്ര വ്യവസായം.

ജയറാമും, സുരേഷ് ഗോപിയുമൊക്കെ ഏതാണ്ട് ഔട്ടായ മലയാള സിനിമയിൽ, നിവിൻ, ദുൽഖർ, ആസിഫലി, ടൊവീനോ, ഫഹദ്ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ ചെറുപ്പക്കാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അവരിൽനിന്ന് വ്യത്യസ്തനാവുന്നതും, കരിയർ കയറിവരുന്നുതും പൃഥിരാജ് തന്നെയാണ്.


പൃഥി സൂപ്പർ താരമാവുമോ?

ഒരു ചലച്ചിത്ര വ്യവസായത്തിന്റെ സാധ്യതകൾ നിശ്ചയിക്കുന്നത് അതിൽ ഉൾപ്പെട്ട താരങ്ങൾ കൂടിയാണ്. അതുകൊണ്ട് തന്നെ സൂപ്പർ താരങ്ങൾ എന്ന് പറയുന്നത് ഒരു ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് മോശം കാര്യമൊന്നുമല്ല. അല്ലു അർജുൻ എന്ന ഒറ്റ നടനാണ് ഉത്തരേന്ത്യയിൽ പോലും തെലുങ്ക് സിനിമയെ മാർക്കറ്റ് ചെയ്യുന്നത്. സൂര്യയും, വിജയും അടക്കം നിരവധിപേർ തമിഴിനുമുണ്ട്. കെജിഎഫിലെ റോക്കി ഭായിയിലൂടെ യാഷ് എന്ന നടനാണ് ചത്തുകിടന്നിരുന്ന കന്നഡ സിനിമയുടെ ആഗോള ബ്രാൻഡ് അംബാസിഡർ ആയി വരുന്നത്.

മലയാള സിനിമയിൽ ഒരു സൂപ്പർ താരോദയ പ്രതീക്ഷ വന്നത്, നേരത്തെ ടോവീനോ തോമസിലൂടെ ആയിരുന്നു. മിന്നൽ മുരളി എന്ന ടൊവീനോ ചിത്രം പാൻ ഇന്ത്യൻ ഹിറ്റ് ആവുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് ടോവീനോയുടെ ഈ വർഷത്തെ സിനിമകൾ ഒന്നും ആ റേഞ്ചിലേക്ക് വരുന്നില്ല. നാരദൻ, വാശി തുടങ്ങിയവയൊക്കെ വലിയ പരാജയം ആവുന്ന കാഴ്ചയാണ് കണ്ടത്.

പക്ഷേ ഇവിടെയാണ് ഒരു നടനായും, നിർമ്മാതാവായും, സംവിധായകനായുമൊക്കെ പൃഥീരാജ് സുകുമാരൻ കയറിവരുന്നത്. സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ഹിറ്റായി. ഈ അർധവർഷത്തിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രമേയം കൈകാര്യം ചെത്ത 'ജന ഗണ മന' അമ്പതുകോടി ക്ലബിലെത്തിയത് പൃഥി എന്ന നടനുള്ള അംഗീകാരം കൂടിയാണ്. കാരണം, രണ്ടാം പകുതിയിലെ കോർട്ട് റും ഡ്രാമിയിലൊക്കെ, ഏത് നിമിഷവും കൈവിട്ട് പോകാവുന്ന സിനിമയെ രക്ഷിച്ചെടുത്തത് ഈ നടന്റെ അസാധാരണ പ്രകടനം കൂടിക്കൊണ്ടാണ്.

ഇപ്പോൾ ഇതാണ് ജെൈൂലയിലെ പെരുമഴക്കാലത്ത് പൃഥി തീയേറ്റുകൾ നിറക്കയാണ്. 'കടുവ'യിലെ, കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ മാസ് ആക്ഷന് വലിയ കൈയടി കിട്ടുകയാണ്. ഇക്കണക്കിന് പോയാൽ മമ്മൂട്ടിക്കും, മോഹൻലാലിനുംശേഷം മലയാള സനിമയെ അടയാളപ്പെടുത്തുന്ന ഒരു നടൻ തീർച്ചയായും പൃഥിരാജ് ആവുമെന്ന് നമുക്ക് ഉറപ്പിക്കാം. ആദ്യ ദിനം തന്നെ രണ്ടുകോടി നേടിയ 'കടുവ' സിനിമ ആ താരോദയത്തിന്റെ കൃത്യമായ സൂചനകൾ ആണ് നൽകുന്നതും.

'പ്രകൃതിപ്പടങ്ങൾ' ബാധ്യതയാവുന്നോ?

മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ മറ്റൊരു മോശം ട്രൻഡുമുണ്ട്. നമ്മൾ അന്യ സിനിമാക്കാരുടെ ആക്ഷൻ കണ്ട് കൈയിടിക്കും. എന്നാൽ നമ്മൾ അതുപോലെയുള്ള പടങ്ങൾ എടുത്താൽ കൂവും. ലോജിക്കും പൊളിറ്റിക്കൽ കറക്ട്നസ്സും നോക്കി ഫേസ്‌ബുക്കിൽ റിവ്യൂ ചെയ്ത് നശിപ്പിക്കും. കഴിഞ്ഞ പത്തുവർഷമായി മലയാള സിനിമ ന്യൂജൻ ഫോർമാറ്റിൽ ആണെല്ലോ. അധികം ഡീറ്റേയിലിങ്ങിലേക്ക് പോകാതെ, കഥാപാത്രങ്ങളെ അവരുടെ നാച്ച്വറൽ അവസ്ഥയിൽ ചിത്രീകരിക്കയാണ് ഇവിടെ ചെയ്യുന്നത്.

പക്ഷേ ഈ റിയലസ്റ്റിക്ക് പാതയോട് ഒരു വിഭാഗം കാണികൾക്ക് മാത്രമാണ് പഥ്യം. മറിച്ചൊരു വിഭാഗം കാണികളും സിനിമാ മേഖലയിലുള്ളവർ തന്നെയും 'പ്രകൃതിപ്പടങ്ങൾ' എന്നു വിളിച്ച് ഈ ധാരയോടുള്ള മടുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. എന്റർടെയ്ന്മെന്റ് മൂല്യങ്ങൾ, പരമ്പരാഗത കഥപറച്ചിൽ ശൈലി, ക്ലിഷേ, ഫാന്റസി തുടങ്ങിയവയോട് പ്രതിപത്തിയുള്ള വലിയൊരു വിഭാഗം കാണികളുണ്ടെന്നതിനു തെളിവാണ് പുഷ്പ, ആർആർആർ, കെജിഎഫ് 2, വിക്രം എന്നീ അന്യഭാഷാ സിനിമകൾ വിജയം കണ്ടതിനു പിന്നിൽ. തങ്ങളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ വന്നാൽ തീയേറ്ററിൽ കയറുമെന്ന കാണികളുടെ പ്രഖ്യാപനമായിരുന്നു ഈ സിനിമകളുടെ വിജയം. ഇപ്പോൾ 'കടുവ'യിൽ കാണുന്നതും അതുതന്നെയാണ്. നമുക്ക് ഒരേ അച്ചിൽ വാർത്ത സിനിമകൾ മാത്രമല്ല ആവശ്യം. എല്ലാ തരത്തിലുള്ള ചിത്രങ്ങളും വേണം. അപ്പോൾ മാത്രമേ ഒരു വ്യവസായം എന്ന നിലയിൽ ചലച്ചിത്ര നിർമ്മാണത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ. ഈ തിരിച്ചറിവിലേക്ക് വൈകിയെങ്കിലും മലയാള സിനിമയും നീങ്ങുകയാണെന്ന് തോനുന്നു.

വാൽക്കഷ്ണം: ആദ്യമൊക്കെ തീയേറ്റിറിൽ സിനിമ കാണാൻ ഒരുങ്ങുമ്പോൾ ബുക്കിങ്ങ് ഫുൾ ആകുമെന്നായിരുന്നു ആശങ്ക. ഇപ്പോൾ മിനിമം അഞ്ചുപേർ ഇല്ലെങ്കിൽ ഷോ നടക്കാത്തതുകൊണ്ട് അത്രയും പേർ ഉണ്ടോ എന്നാണ് നോക്കാറുള്ളത്. നമ്മുടെ തീയേറ്റർ വ്യവസായം എവിടെ എത്തിയെന്ന് നോക്കുക.