ലൂയിസ് കരോൾ എഴുതിയ 'ആലീസിന്റെ അത്ഭുദലോകം' ലോകമെമ്പാടുമുള്ള കുട്ടികൾ ആവേശത്തോടെ വായിച്ചുകൊണ്ടിരിക്കെ, യുക്തിരാഹിത്യവും അന്ധവിശ്വാസവും പ്രോൽസാഹിപ്പിക്കുന്നെന്ന് പറഞ്ഞ് ആ മാസ്റ്റർപീസ് രചനയെ കമ്യൂണിസ്റ്റ് ചൈനയിലെ ഒരു പ്രവിശ്യാ ഭരണകൂടം നിരോധിച്ചിരുന്നു! സസ്യങ്ങളും മൃഗങ്ങളും മനുഷ്യരെപ്പോലെ സംസാരിക്കുന്നതും മറ്റും കുട്ടികളിൽ തെറ്റായ ശാസ്ത്രചിന്ത ഉണർത്തുമെന്നായിരുന്നു അവരുടെ ആരോപണം. ഫാന്റസികളെയും മറ്റും ഈ രീതിയിൽ ശാസ്ത്രബുദ്ധിയാൽ വിലയിരുത്തുന്നത് അപക്വമാണെന്ന് ബോധ്യപ്പെട്ടതിനാൽ പിൽക്കാലത്ത് ചൈനതന്നെ നിരോധനം പിൻവലിക്കയും ചെയ്തു.

ഒരു ഫാന്റസി സിനിമയാക്കുമ്പോൾ അതിൽ യുക്തിബോധവും ശാസ്ത്രബോധവുമൊക്കെ വേണമെന്ന് ശഠിക്കുന്നവരെ ഭോഷന്മാരെന്നേ, ഇപ്പോഴത്തെകാലത്ത് വിശേഷിപ്പിക്കാനാവൂ. എന്നാൽ കഥ ഫാന്റസിയാണെന്ന് പ്രേക്ഷകന് തോന്നണം. നമ്മുടെ നാട്ടിലും അമേരിക്കയിലുമായി നടക്കുന്ന ഒരു കഥ, നേർരേഖയിൽ പറഞ്ഞിട്ട്, അതിൽ കുറേ അസംബന്ധരംഗങ്ങൾ ചേർത്തുവച്ചിട്ട്, ഇത് ലോജിക്ക് ആവശ്യമില്ലാത്ത സിനിമയാണെന്ന് പരസ്യംചെയ്തിട്ട് വല്ലകാര്യവുമുണ്ടോ. അതാണ് നമ്മുടെ 'പെരുച്ചാഴി'ക്ക് പറ്റിയത്. അതിന്റെ ഡയറക്ടറും നമ്മുടെ ലാലലേട്ടനുമൊക്കെ ഇപ്പോഴിറങ്ങിയ 'ഇതിഹാസ' എന്ന കൊച്ചുചിത്രമൊന്നു കാണണം. ലോജിക്കില്ലാതെ എങ്ങനെ സിനിമയെടുക്കാം എന്നതിന്റെ കേസ് സ്റ്റഡിയാണിത്.

ഈ സിനിമിയുടെ ഏറ്റവും ഗുണപരമായവശം ഇതുപോലൊരു പ്രമേയം മലയാളത്തിൽ സിനിമയാക്കാൻ കാണിച്ച ചങ്കൂറ്റമാണ്. അതീന്ദ്രിയ ശക്തിയുള്ള രണ്ട് മോതിരങ്ങൾ അണിയുന്നതിന്റെ ഫലമായി ഒരു യുവാവിന്റെയും യുവതിയുടെയും ശരീരങ്ങൾ പരസ്പരം മാറിപ്പോകുന്നതാണ് സിനിമയുടെ വൺലൈൻ. അതായത് പുരുഷന്റെ ശരീരംവച്ച് സ്ത്രീയും, സ്ത്രീയുടെ ശരീരംവച്ച് പുരുഷനും ജീവിച്ചാലുള്ള അവസ്ഥനോക്കുക. മലയാളത്തിലെ ഏതെങ്കിലും മുൻനിര നായകനോട് ഈ കഥ പറഞ്ഞിരുന്നെങ്കിൽ, സംവിധായകനും കഥാകൃത്തിനും വട്ടാണെന്ന് പറഞ്ഞ് അവർ ഓടിക്കുമായിരുന്നു. പക്ഷേ നോക്കുക. കൃത്യമായി ആ പ്രമേയം പറഞ്ഞ് ഫലിപ്പിക്കാൻ ബിനു എസ് കാലടി എന്ന പുതുമുഖ സംവിധാകന് കഴിയുന്നുണ്ട്. എന്നുവച്ച് മഹത്തായ ഒരു സിനിമയൊന്നുമല്ലിത്. അതിന്റെ അണിയറ പ്രവർത്തകർ ആരും അങ്ങനെ അവകാശപ്പെടുന്നുമില്ല. പക്ഷേ കൊടുത്തകാശ് നിങ്ങൾക്ക് വസൂലാവും. രണ്ടുമണിക്കൂറിലേറെ ചിരിക്കാനുള്ള വകുപ്പ് ഈ സിനിമ ഒരുക്കിത്തരുന്നുണ്ട്. ബോറടിച്ച് ഉറങ്ങിപ്പോകുന്ന സൂപ്പർതാര ചിത്രങ്ങളുടെ ഇക്കാലത്ത് ഇതും വലിയൊരു കാര്യമല്ലേ. പക്ഷേ അപ്പോഴും ഒരു വിഷമം അവശേഷിക്കുന്നു. 2002ൽ ഇറങ്ങിയ 'ഹോട്ട് ചിക്ക്' എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പിയാണിത്. പക്ഷേ സിനിമയുടെ ടൈറ്റിലിൽ എവിടെയും ഇക്കാര്യം പറയുന്നില്ല. ഇത്രക്ക് സത്യസന്ധത ഇല്ലാത്തവരാണ് നമ്മുടെ പുതുതലമുറാ സംവിധായകരെന്നത് ലജ്ജാകരം കൂടിയാണ്.[BLURB#1-H]

ആരു വിശ്വസിക്കാത്ത കഥ; ഒരു പ്രമേയ വിപ്ലവം

ഒരു ഈച്ചയുടെ പ്രതികാരമാണ് മൂന്നുമണിക്കുർ നീളുന്ന ഒരു ഫീച്ചർ സിനിമയെന്ന് കേട്ടാൽ അഞ്ചുവർഷംമുമ്പുവരെ നാം പൊട്ടിച്ചിരിച്ചേനേ. എന്നാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായി 'ഈച്ചയെന്ന' തെലങ്കുസിനിമ മാറിയപ്പോഴും നാം പ്രമേയപരമായ പ്രാരാബ്ദങ്ങളിൽ കിടന്ന് നട്ടം തിരഞ്ഞു. നവതരംഗ സിനിമക്കാരിൽ ഒരാൾക്കുപോലും ആഖ്യാനത്തിൽ അവർ കൊണ്ടുവന്ന വൈവിധ്യം പ്രമേയത്തിലേക്ക് പകർത്താനായില്ല.

കുറച്ചുവർഷംമുമ്പ് 'അനന്തഭദ്രം' എന്ന ഹൊറർ സിനിമയെടുത്തപ്പോൾ, സംവിധായകൻ സന്തോഷ് ശിവൻ പറഞ്ഞതോർക്കുന്നു. 'ഹാരിപോർട്ടറെയൊക്കെ വിദേശികൾക്ക് കേരളത്തിൽവരെ നന്നായി മാർക്കറ്റ് ചെയ്യാൻ കഴിയുന്നുണ്ടല്ലേ. എന്നാൽ എത്രയോ മാന്ത്രിക കഥകൾ നമുക്കിടയിലുണ്ട്. നമ്മുടെ മാടനും, മറുതയും, ജലപ്പിശാചും, കുട്ടിച്ചാത്തനുമൊക്കെ ഹാരിപോർട്ടറേക്കാൾ ഒട്ടും മോശക്കാരല്ല. പക്ഷേ നമുക്ക് അവയെ മാർക്കറ്റ്‌ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രം'. അത്തരമൊരു ശ്രമമായിരുന്നു 'അനന്തഭദ്രത്തിലൂടെ' സന്തോഷ് ശിവൻ നടത്തിയെതെങ്കിലും സിനിമ സാമ്പത്തികമായി അത്ര വിജയിക്കാത്തത് ആ മോഹങ്ങളെ തല്ലിക്കെടുത്തി. ( സത്യത്തിൽ, മായാജാലങ്ങളുടെയും മാന്ത്രിക വിദ്യയുടെയും നാടായ ഇന്ത്യയിലേക്ക് വിദേശ മാന്ത്രിക കഥകൾ എത്തുകയെന്നതുകൊല്ലക്കുടിയിൽ സൂചിവിൽക്കുന്നതുപോലെയല്ലേ. ഇംഗ്‌ളീഷിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന സാസ്‌ക്കാരിക അധിനിവേശത്തിന് ഇതിൽകൂടുതൽ തെളിവുകൾ വേണോ)

പക്ഷേ കോപ്പിയടിയാണെങ്കിലും തീർത്തും അപരിചിതമായ ഒരു പ്രമേയം പരിസരത്തെകൊണ്ടുവന്നതിന് കഥയും തിരക്കഥയുമെഴുതിയയാളെന്ന് പേരുകാണുന്ന അനീഷ് ലീ അശോകിനോടും സംവിധായകൻ ബിനുവിനോടും നാം കടപ്പെട്ടിരിക്കുന്നു. പലതരത്തിലുള്ള ഭൂതപ്രേതങ്ങളടക്കം ഫാന്റസി കഥകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെിലും സിനിമയുടെ പരസ്യവാചകം പറയുന്നതുപോലെ ആരും വിശ്വസിക്കാത്ത കഥയാണ്.[BLURB#2-VR] 

ഒരു ഐടി കമ്പനിയിയിൽ ജോലിചെയ്യുന്ന പാലക്കാട്ടെ യാഥാസ്തിക നായർ കുടുംബത്തിലെ അംഗമമായ ജാനകിയുടെയും (സിനിമയിൽ അനുശ്രീ), പോക്കറ്റടിയും അല്ലറ ചില്ലറ തരികിടകളുമായി ജീവിക്കുന്ന ആൽവിയുടെയും (സിനിമയിൽ ഷൈൻ ടോം ചാക്കോ) ശരീരങ്ങളാണ് മോതിരത്തിന്റെ മാന്ത്രികതയിൽ രാക്കുരാമാനം മാറിപ്പോവുന്നത്. മോതിരങ്ങളുടെ അതീന്ദ്രിയശക്തിക്ക് ബലമേകാൻ നൂറ്റാണ്ടുകൾ മുമ്പ് നടന്ന ഒരു യുദ്ധത്തിന്റെ കഥ തുടക്കത്തിൽതന്നെ അതിമനോഹരമായ ഫ്രെയിമുകളിൽ ചേർത്ത് ബുദ്ധിപൂർവമാണ് സിനിമയുടെ തുടക്കം. ഈ തുടക്കം കണ്ടിട്ടില്ലാത്തവർക്ക് സിനിമയുടെ ലോജിക്കിൽ അൽപ്പം സശയംമുണ്ടാവാൻ ഇടയുണ്ട്. കേവലം ലിംഗമാറ്റമല്ലിത്. ജാനകിയുടെ ശരീരത്തിൽ ആൽവിയും, ആൽവിയുടെ ശരീരത്തിൽ ജാനകിയുമാണുള്ളത്. ഇതുവഴിയുണ്ടാകുന്ന നർമ്മമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ഈ രണ്ടുപേരുടെ അഭിനയം അൽപ്പം പാളിയാൽ ചിത്രം മൊത്തം പാളംതെറ്റി കുളമാവുമായിരുന്നു. പക്ഷേ അനുശ്രീയും ഷൈനും ആ വേഷങ്ങൾ ഭദ്രമാക്കി.

ചിരിപ്പിച്ച് ഷൈൻ, കത്തിക്കയറി അനുശ്രീ പക്ഷേ, മാൻ ഓഫ് ദി മാച്ച് ബാലു വർഗീസ്

പുരുഷശരീരത്തിനുള്ളിൽ സ്ത്രീ കയറിക്കൂടുന്നത് അനായാസമായി ചെയ്ത് ഷൈൻടോം കൈയടി നേടി. ഒരു നാടൻ സ്ത്രീയുടെ ശരീരഭാഷയിലേക്കുള്ള ഷൈനിന്റെ മാറ്റവും അതിനായുള്ള സ്‌ത്രൈണതയുമൊക്കെ ചിരിപ്പിക്കുന്നു. കലങ്കിന്റെ സംവിധാന സഹായിയായും 'ഗദ്ദാമ' സിനിമയിൽ ശ്രദ്ധേയവേഷത്തിൽ അഭിനയിച്ചും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഷൈൻ ടോമിന് ബ്രേക്കാവും ഈ വേഷം. സ്ത്രീ ശരീരത്തിൽ കയറിക്കൂടിയ പുരുഷന്റെ അവതരിപ്പിക്കേണ്ട അനു ആദ്യമൊന്ന് പതറിയെങ്കിലും പിന്നീടങ്ങോട്ട് കത്തിക്കയറുകയാണ്. ഹോളിവുഡ് നടിമാരെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അനുശ്രീയുടെ ഫൈറ്റ് സീനുകളൊക്കെ. ലാൽ ജോസിന്റെ 'ഡയമണ്ട് നെക്ലേസിലെ' അഞ്ചുപൈസ കുറവുള്ള നാടൻ പെൺകുട്ടിയുടെ റോളും ഇതുംവച്ച് താരതമ്യം ചെയ്യുമ്പോൾ അനുശ്രീ എന്ന നടിയുടെ റേഞ്ച് അപാരം തന്നെയാണ്.

പക്ഷേ ഈ സിനിമയുടെ മാൻ ഓഫ് ദി മാച്ച് ഇവരാരുമല്ല. ആൽവിയുടെ കൂട്ടുകാരനായ പോക്കറ്റടിക്കാരാൻ വിക്കുവായി തിളങ്ങിയ ബാലുവർഗീസാണത്. വേഷം കൊണ്ടും ഭാഷകൊണ്ടുമൊക്കെ നർമ്മമുണ്ടാക്കാൻ ബാലുവിനാവുന്നു. പോകാനിഷ്ടമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഹോങ്കോങ്ങും, ബങ്കോക്കും ചേർത്ത് 'ഹോങ്കോക്ക്' എന്നാണ് ബാലുവിന്റെ ക്‌ളാസിക്ക് മറുപടി. 'നിക്കല്ലേ, പോവല്ലേ എന്നൊക്കെ പറഞ്ഞ് പ്രത്രേ്യക മോഡൽ പാട്ടൊക്കെ കാണേണ്ടതാണ്. ആൽവി സ്ത്രീയായി മാറിയതോടെ പീന്നീടുള്ള സിനിമയിൽ 'പുരുഷന്റെ' റോളിൽവരുന്നത് ബാലുവാണ്. രാത്രി തന്റെ കൂടെ ഒരേ ബെഡ്ഡിൽ കിടന്ന് സുഹൃത്ത് നേരം വെളുത്തപ്പോൾ സുന്ദരിയായ യുവതിയായി മാറിയാലുണ്ടാവുന്ന അമ്പരപ്പും ആക്രാന്തവും കുട്ടിച്ചാലിച്ച് ബാലു കൂട്ടച്ചിരി ഉയർത്തുന്നു. മുമ്പ് ലാൽ ജൂനിയറിന്റെ ഹണീബിയിലാണ് ബാലുവർഗീസിന്റെ നല്ലൊരുവേഷം കണ്ടത്. [BLURB#3-VL] 

കുതിരവട്ടം പപ്പുവിന്റെയും ഒടുവിൽ ഉണ്ണികൃഷ്ണന്റെയും ശങ്കരാടിയുടെയുമൊക്കെ നിര്യാണവും ജഗതിച്ചേട്ടന്റെ അനാരോഗ്യവും വഴി മലയാളസിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്യാൻ അനുയോജ്യമായവർ കുറവാണെന്ന പതിവ് പല്ലവിക്ക് ഒരു പരിധിവരെ സുനിൽ സുഖദയെപ്പോലുള്ള നടന്മാർ മറുപടി പറയും. ശങ്കരാടിയെപ്പോലെ പ്രത്യേക മോഡുലേഷനിൽ ഡയലോഗ് പറയാനുള്ള കഴിവാണ് സുനിൽ സുഖദയുടെ ഹൈലറ്റ്. ചിത്രത്തിൽ സാദാ എന്തെങ്കിലും തിന്നുകൊണ്ടിരിക്കുന്ന പൊലീസുകാരനാണ് ഇദ്ദേഹം. സംശയാസപ്ദമായ സാഹചര്യത്തിൽകണ്ട് ജീപ്പിൽ കയറ്റിയവർക്കുപോലും, താൻ തിന്നുകൊണ്ടിരിക്കുന്ന ഓറഞ്ച് കൊടുത്ത് 'പുളിയുണ്ടോ' എന്ന് പ്രത്യേക ടോണിൽ ചോദിക്കുന്നത് കേട്ടാൽതന്നെ ചിരിവരും. ദീപക്‌ദേവിന്റെ സംഗീതം ശരാശരിമാത്രമാണ്. അനുശ്രീയും ഷൈൻടോമും തമ്മിലെ പ്രണയഗാനം ചിത്രത്തിന്റെ ഒഴുക്കിനെ തളംകെട്ടിച്ച് ചിത്രത്തിൽ മുഴച്ചു നിൽക്കുന്നു. പക്ഷേ സംവിധായകൻ ബിനുവിൽനിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം. മലയാള സിനിമയുടെ ബജറ്റ് പരിമിതിക്കുള്ളിൽനിന്നുകൊണ്ട് എത്ര സുന്ദരമായാണ് അയാൾ ഈ സിനിമയുടെ പല രംഗങ്ങളും ഒരുക്കിയതെന്ന് നോക്കുക.

മോഷണം എന്ന സുകുമാരകല

മലയാളസിനിമക്ക് ആശയമോഷണം ഒരു പുതുമയുള്ള കാര്യമല്ല. പ്രിയദർശനെപ്പോലുള്ള സീനിയർ സംവിധയകർ തൊട്ട് നമ്മുടെ അമൽ നീരദ് വരെ ഫ്രെയിം ടു ഫെയിം കോപ്പിയടിയുടെപേരിൽ പഴികേട്ടിട്ടുണ്ട്. (ഇതിൽ പ്രിയന് തന്റെ ആശയമോഷണം, തുറന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റമുണ്ടെന്ന് മാത്രം) പക്ഷേ, ഇത്രയധികം സിനിമാ സാക്ഷരതയുള്ള ഒരു പ്രേക്ഷക സമൂഹത്തിൽ സ്വന്തം കഥയെന്ന് നിർലജ്ജം പറഞ്ഞുകൊണ്ട് ഒരു കലാകാരന് എങ്ങനെ നിലനിൽക്കാൻ കഴിയുന്നു എന്നതാണ് അത്ഭുദം. മൗലികത എന്നത് ഏതൊരു കലാകാരനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്.

ഏറ്റവും ചുരുങ്ങിയത് ഈ സിനിമക്ക് പ്രചോദനമായത് ഇന്ന സിനിമയാണെന്ന് എഴുതിക്കാണിക്കാനോ, റഫറൻസ് സിനിമകളിൽപെടുത്താനോ ചെയ്യേണ്ടതുണ്ടായിരുന്നു. റഫർചെയ്യുകയെല്ല, പലസീനുകളും 'ഹോട്ട് ചിക്കിൽ'നിന്ന് അതേ പടി പൊക്കിയിട്ടുമുണ്ട്. ഈ രീതി പരിഹസിക്കപ്പെടാതെ പോയാൽ നാളെ മലയാള സിനിമയിൽ കോപ്പിയടിയുടെ അയ്യരുകളിയായിരിക്കും. കോപ്പിയടിച്ചപ്പോൾ ചിലയിടത്തൊക്കെ മലയാളീകരിക്കാൻ സംവിധായകനും തിരക്കഥാകൃത്തും വിട്ടുപോയതും കല്ലുകടിയാവുന്നു. ഉദാഹരണമായി വിദേശരാജ്യങ്ങളിലെപ്പോലെ ഒരു ഫ്‌ളാറ്റിൽ രണ്ടു സ്ത്രീകൾക്കൊപ്പം, പുരുഷന്റെ ശരീരമുള്ള ഒരാൾ തമസിച്ചാൽ ഇവിടെയുണ്ടാവുന്ന പുകിലെന്തായിരിക്കും. അത്തരം സംഭവങ്ങളൊന്നും അധികം ആലോചിക്കാതിരക്കയാണ് നല്ലത്. കാരണം ഇത് ആരും വിശ്വസിക്കാത്ത കഥയാണെല്ലോ!

വാൽക്കഷ്ണം: പണ്ടൊരു മോഷണസിനിമ, കൈയോടെ പിടികൂടിയപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത്, ഞാൻ ആ ഇംഗ്ലീഷ് ചിത്രം കണ്ടിട്ടില്ല, ഒരു പക്ഷേ രണ്ടു പ്രതിഭകൾ ഒരേപോലെ കൂട എന്നില്ലല്ലോ, എന്നാണ്. ഇനി 'ഇതിഹാസയുടെ' മോഷണവും അങ്ങനെവല്ലതും ആവുമോ?