ഞാൻ ആദ്യമേ നന്ദി പറയുന്നത് വി ജെ ജെയിംസ് എന്ന മലയാള സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ പ്രണയോപനിഷത്ത് എന്ന അതിമനോഹരമായ പേരുള്ള ചെറുകഥ ജിബു ജേക്കബ് എന്നൊരു സിനിമാക്കാരൻ വായിച്ചിരുന്നില്ലെങ്കിൽ മലയാളത്തിന് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാവുമായിരുന്നില്ല. ആ കഥയ്ക്ക് നല്ലൊരു തിരക്കഥ ഒരുക്കിയ സിന്ധുരാജിനും, സിനിമ എങ്ങനെ ആയിരിക്കണം എന്നു കൃത്യമായി അറിയാവുന്ന ജിബു ജേക്കബ് എന്ന സംവിധായകനും ആ കഥയെ ഓരോ മലയാളിയുടെ ഹൃദയത്തിൽ അടിച്ചേൽപ്പിച്ച ലാലേട്ടനും കോടി നന്ദി പറഞ്ഞാലേ തുടക്കം പൂർത്തിയാകൂ.

അത്രയ്ക്കും മനോഹരമാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ഈ മലയാള സിനിമ. ഈ ലേഖകൻ ഇന്നേവരെ കണ്ട ഏറ്റവും നല്ല സിനിമ. ജോമോന്റെ സുവിശേഷത്തിന് ഇല്ലാതെ പോയത് കഥ ആയിരുന്നെങ്കിൽ ഈ സിനിമയ്ക്ക് അടിത്തറയായത് ആ കഥയിലെ ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ സ്പാർക്ക് ആയിരുന്നു. കഥയ്ക്കപ്പുറം പടർന്നു പന്തലിച്ച തിരക്കഥ. അതിനും അപ്പുറം സ്വതന്ത്രമായി വളർന്നുപൊന്തിയ ആവിഷ്‌കാരം. മോഹൻലാൽ എന്ന മഹാപ്രതിഭയുടെ താരതമ്യങ്ങൾ ഇല്ലാത്ത അഭിനയം. ചേരേണ്ടത് മാത്രം ചേർത്തുവച്ച കഥാപാത്ര നിർമ്മിതി, മനസിൽ പതഞ്ഞുകയറുന്ന ഡയലോഗുകൾ, ഒരു കുറ്റവും പറയാനില്ലാത്ത ക്യാമറയും എഡിറ്റിങ്ങും... ഇങ്ങനെ വർണിച്ചാൽ തീരില്ല ഈ പ്രണയോപനിഷത്തിന്റെ മാഹാത്മ്യം.

ദൈവങ്ങൾക്ക് സ്വയം രക്ഷപെടാൻ അറിയാവുന്നതുകൊണ്ട് മതങ്ങൾ പ്രാധാനമായും ഇന്നു നിർവ്വഹിക്കാൻ ശ്രമിക്കുന്നത് കുടുംബം രക്ഷിക്കുകയാണലലോ. എന്തായാലും ഈ ലേഖകൻ അംഗമായ മതം കൂടുതലായി ഊന്നുന്നത് കുടുംബ നവീകരണത്തിലാണ്. അങ്ങനെ ഒരു ശ്രമം മറ്റു മതങ്ങളുടെ ഭാഗത്തു ഇല്ലെങ്കിൽ അങ്ങനെ വേണം എന്നാണ് അപേക്ഷ. കുടുംബം നന്നാക്കാനായി ക്രിസ്തുമതം കണ്ടെത്തുന്ന മാർഗ്ഗം ധ്യാനങ്ങൾ ആണ്. ലോകം എമ്പാടുമുള്ള മലയാളികൾ ഇത്തരം അനേകം കുടുംബ നവീകരണ ധ്യാനങ്ങൾ ആണ് കൂടുന്നത്.

ഈ ധ്യാനങ്ങൾ തന്നെ പലതരണം ഉണ്ട്. ജോസഫ് പുത്തൻപുരയ്ക്കൽ യൂട്യൂബ് ഹിറ്റായ വൈദികന്റെ തമാശ കലർന്ന ധ്യാനം പലർക്കും പരിചയം ആണ്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ നായകൻ പറമ്പിൽ അച്ചനും പഞ്ചക്കൽ അച്ചനും മുതൽ അട്ടപ്പാടിയിലെ വട്ടായി അച്ചനും ആലപ്പുഴയിലെ പ്രശാന്ത് അച്ചനും ഒക്കെ ഈ ധ്യാനത്തിന്റെ മുഖങ്ങളാണ്. ഇത്തരം ഒരു പത്ത് തകർപ്പൻ ധ്യാനം ഒരുമിച്ചുകൂടിയ ഫലം കിട്ടും ഈ സിനിമ കണ്ടാൽ. ഇനി ഇപ്പോൾ നിങ്ങൾ ഹിന്ദുവാണെന്നു കരുതുക. എങ്കിൽ ശബരിമല ശാസ്താവിനെയും കണ്ടു പളനിയിൽ മുരുകനെയും തൊഴുതു മൂകാംബിക ദേവിയുടെ നടകയറുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ, ആ സുഖം... ആ ശാന്തത... ആ സ്വച്ഛത... അത് ലഭിക്കും ഈ സിനിമ കണ്ടാൽ.[BLURB#1-H] 

പത്ത് വയസിനും അൻപതു വയസിനും ഇടയിൽ ഉള്ള മലയാളികൾ മുഴുവൻ ഈ സിനിമ കാണണം. പത്ത് പേർക്ക് ടിക്കറ്റ് സ്‌പോൺസർ ചെയ്യാൻ ഈ ലേഖകനും തയ്യാറാണ്. കാരണം ഇതിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പ്രണയം ഉണ്ട്. വിശുദ്ധവും, സുന്ദരവുമായ പ്രണയം. അപ്പനും അമ്മയും ആറ്റുനോറ്റ് വളർത്തിയിട്ട് പെട്ടെന്നൊരു ദിവസം എവിടെയോ വച്ചു കണ്ടുമുട്ടിയ ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ തോന്നുന്ന മനസ്സുള്ളവരായി മാറാൻ സാധ്യതയുള്ളതുകൊണ്ട് തീർച്ചയായും കുട്ടികളും കൗമാരക്കാരും ഇതു കാണണം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമോ എന്നോർത്ത് ഓരോ മാതാപിതാക്കളും എങ്ങനെയാണ് നീറുന്നത് എന്നറിയാൻ ഈ സിനിമ കാണണം. അങ്ങനെ സംഭവിച്ചാൽ എങ്ങനെയാണ് മക്കളെ കൈകാര്യം ചെയ്യേണ്ടത് എന്നറിയാൻ മുന്തിരി വള്ളി കാണണം.[BLURB#2-VL] 

സത്യത്തിൽ ഈ സിനിമയുടെ ഒരു ചെറിയവശം മാത്രമാണ് മേൽപ്പറഞ്ഞത്. മുന്തിരിവള്ളികൾ അതിനൊക്കെ അപ്പുറമാണ്. വിവാഹ ജീവിതം എന്ന യാന്ത്രികതയെ തൊട്ടുണർത്തി പുഷ്പ്പിക്കുകയാണ് ജിബു ജേക്കബ്. ഭാര്യമാരും ഭർത്താക്കന്മാരും തമ്മിലുള്ള ഇക്വേഷൻ തെറ്റുന്നതും, അത് ശരിയാവുന്നതുമാണ് കഥയുടെ തന്തു. നമുക്ക് ചുറ്റും കാണുന്ന അനേകം പച്ചയായ ജീവിതങ്ങൾ ഇവിടെ അതേപടി ചുരുൾ നിവരുന്നു. നമ്മുടെ ജീവിതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചോ ആറോ കുടുംബങ്ങൾ ഉണ്ടിവിടെ. ഓരോ കുടുംബത്തിലും ഉണ്ട് ഓരോ ജീവിതങ്ങൾ. പരസ്പരം കൂട്ടിമുട്ടാത്ത താല്പര്യങ്ങളുടെ ഇടയിലൂടെ ജീവിതം അങ്ങനെ ഒഴുകി പോകുന്ന പച്ചയായ യാഥാർത്ഥ്യം. അവിടെയാണ് ഉലഹന്നാൻ തന്റെ ജീവിതം മാറ്റാൻ തീരുമാനിക്കുന്നത്.

വിശുദ്ധമായ പ്രണയം പെയ്തിറങ്ങുകയാണ് ഈ സിനിമ നിറയെ. പതിവ് സിനിമകളെ ഓർമ്മിപ്പിച്ച് ക്യാമ്പസിലെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടക്കുമ്പോൾ ആശാ ശരത്ത് എന്ന പൂർവ്വ കാമുകിയെ കാണുന്നതും സംസാരിക്കുന്നതും ഒക്കെ പ്രണയത്തിന്റെ പൂമഴ പെയ്തുകൊണ്ടാണ്. ഒരു പക്ഷേ ഉലഹന്നാനിലെ പ്രണയം വീണ്ടും ജനിക്കാൻ ആ കൂടിക്കാഴ്‌ച്ച കാരണമായിരിക്കണം. മകളുടെ പ്രണയം മകളോട് അച്ഛനുള്ള സ്‌നേഹവും അമ്മയുടെ ആധിയും വഴിതെറ്റി വന്ന ഒരു ഫോൺകോൾ സൃഷ്ടിക്കുന്ന ഉന്മാദവും ഒക്കെ പ്രണയത്തിന്റെ മുന്തിരി തോപ്പുകളിലൂടെയുള്ള വിശുദ്ധമായ യാത്രയാണ് നമ്മുടെ മുമ്പിൽ തുറന്നിടുന്നത്.

ഹാസ്യത്തിന്റെ കാര്യം പറയുകയും വേണ്ട. ജിബുവിന്റെ ആദ്യ സിനിമയായ വെള്ളമൂങ്ങ ഒരു ആക്ഷേപ ഹാസ്യ സിനിമ ആയിരുന്നെങ്കിൽ ഇത് പ്രണയവും ജീവിതവും പറഞ്ഞപ്പോഴും ഹാസ്യം നിലനിർത്തി ചെയ്ത സിനിമയാണ്. സിനിമയുടെ ഓരോ അണുവിലും ആർത്തു ചിരിക്കാൻ പറ്റിയ അനേകം ഹാസ്യ ഡയലോഗുകൾ ഉണ്ട്. അമ്മയുടെയും അച്ഛന്റെയും പ്രണയത്തിലെ രഹസ്യം മക്കൾക്ക് മനസിലാകുന്നത് അടക്കമുള്ള സീനുകൾ മനോഹരമാണ്. ഉലഹന്നാന്റെ കാമുകിയുടെ ഭർത്താവ് അന്വേഷിച്ച് വരുമ്പോഴത്തെ പിരിമുറുക്കം അവസാനിക്കുന്നത് ചിരിച്ചു മരിക്കാൻ പറ്റിയ സംഭവത്തോടെയാണ്. നാലഞ്ചു പേർക്ക് പണം കൊടുക്കാനായി അഗസ്റ്റിൻ പറയുന്ന ആ സീൻ ഉണ്ടല്ലോ... അതാണ് ഹാസ്യം.[BLURB#3-VR]

ജീവിതത്തിന്റെ ഏടുകൾ ഓരോന്നായി ചീന്തിയെടുത്ത് നിർമ്മിച്ച ഈ സിനിമയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ഭാര്യയും, ഭർത്താവും അകൽച്ചയിലാണ് എന്നു വ്യക്തമാകുമ്പോൾ വളയ്ക്കാൻ നടക്കുന്ന പരിചയക്കാരുടെ കഥ ഇവർ അടുപ്പത്തിലാകുമ്പോൾ പറയുന്ന സംഭവം ഉണ്ട്. കാമുകിയിലേയ്ക്ക് വഴുതി വീഴാൻ തുടങ്ങിയ അനുഭവം പറയുമ്പോളാണ് ആനിയെ വളയ്ക്കാൻ ശ്രമിച്ചവരുടെ കഥയും ആനി പറയുന്നത്. ഫ്‌ലാറ്റിൽ തന്നെയുള്ള പരിചയക്കാരായ മൂന്ന് പേരായിരുന്നു. അതിൽ ഒരുത്തൻ ഒപ്പം കള്ളുകുടിക്കുന്നവനായതുകൊണ്ട് എല്ലാവരെയും വിളിച്ച് വീട്ടിൽ ഇരുത്തി സംസാരിക്കുമ്പോൾ അവനെ മാത്രം തല്ലുന്നത് ആ സിനിമയുടെ സത്യസന്ധതയുടെ ഭാഗമാണ്. ഉലഹന്നാന്റെ ചെലവിൽ കള്ളുകുടിച്ചിട്ട് ഉലഹന്നാനിട്ട് തോണ്ടിയതിലുള്ള വിരോധം ആയിരുന്നു അത്. ഇതിന് സമാനമാണ് മകളെ ലൈൻ അടിച്ചു കറങ്ങുന്ന പയ്യനെ കൈകാര്യം ചെയ്യുന്ന സീനും.

ഓരോ സാഹചര്യത്തിനും പറ്റിയ അർത്ഥപൂർണ്ണമായ ഡയലോഗുകൾ ആണ് ഇതിന്റെ മറ്റൊരു മേന്മ. മനസിൽ തുളച്ചു കയറുന്ന അനേകം പ്രണയ ഡയലോഗുകൾ ഉണ്ട്. ഒറ്റക്കാഴ്‌ച്ചയിൽ ഓർത്തിരിക്കാൻ പറ്റില്ലെങ്കിലും അപൂർവ്വമായ അർത്ഥങ്ങൾ ഉള്ളതും കുറിക്ക് കൊള്ളുന്നതുമാണ് ഓരോ ഡയലോഗും. അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല. ഒട്ടേറെ സ്വത്വപ്രതിസന്ധികളും ഇതിലുണ്ട്. മക്കളുടെ മുമ്പിൽ വച്ചുള്ള പ്രണയം കുഞ്ഞുങ്ങളെ പ്രണയിക്കാൻ പ്രേരിപ്പിക്കുമോ എന്ന ഒരു ചോദ്യം ആനി ഉയർത്തുന്നുണ്ട്. എന്നാൽ പിന്നീട് സിനിമയുടെ വഴിത്തിരിവായി മാറുന്നത് പക്ഷേ ഇതേ പ്രണയം തന്നെയാണ്.

ഒരു സീൻ പോലും അനാവശ്യമായി തോന്നാറില്ല. ഉലഹന്നാന്റെ പഞ്ചായത്തിലെ ജീവനക്കാരിയായ ലില്ലിക്കുട്ടിയുടെ പ്രണയം പോലും രസകരമാണ്. ബസിൽ ഇരുന്നുറങ്ങുന്ന ഉലഹന്നാന്റെ തല സീറ്റുകമ്പിയിൽ ഇടിക്കാതിരിക്കാനായി കൈ വച്ചു കൊടുക്കുന്ന ഒരു സീൻ ഉണ്ട് ഏതോ ഒരു പാട്ടിൽ. ഗാനരംഗത്തിലെ വിഷ്വലിൽ പോലും നൽകുന്ന ശ്രദ്ധയ്ക്ക് ഇതിലും നല്ലൊരു ഉദാഹരണമില്ല. കുട്ടനാടിന്റെ മനോഹാരിത ഇതിൽ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. അതിമനോഹരമായ ഈണങ്ങളും വരികളും സിനിമയെ സമ്പന്നമാക്കുന്നുണ്ട്. അഭിനയത്തിന്റെ കാര്യം അങ്ങനെ തന്നെ ഒന്നിനൊന്നു മെച്ചമായി എല്ലാവരും തകർത്തഭിനയിക്കുകയാണ്.[BLURB#4-H]

പ്രായത്തിന് ചേർന്ന കഥാപാത്രങ്ങളെ നൽകിയാൽ മോഹൻലാലിനെ വെല്ലാൻ മറ്റാരുമില്ല എന്നു വീണ്ടും തെളിയിക്കുകയാണ് ഇവിടെ. കാസനോവ പോലെയുള്ള പ്രായത്തിന് ചേരാത്ത കഥാപാത്രങ്ങളെ എടുത്തു കൂക്കൽ വാങ്ങുന്നതിലും എത്രയോ നല്ലതാണ് പക്വതയുള്ള ഉലഹന്നാൻ എന്ന കഥാപാത്രം. ദൃശ്യവും, പ്രണയവും, ഒപ്പവും ഒക്കെ വിജയിച്ചതിന്റെ പ്രധാന കാരണം ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രങ്ങൾ തന്നെ. പുലിമുരുകൻ സാങ്കേതിക വിദ്യയുടെ കൂടി വിജയം ആയിരുന്നെങ്കിൽ ഒപ്പവും, ദൃശ്യവും ഒക്കെ അങ്ങനെ ആയിരുന്നില്ല. ആ ശ്രേണിയിൽ അതിനേക്കാൾ ഏറെ ഉയരം പറക്കേണ്ട സിനിമയാണ് മുന്തിരി വള്ളികൾ. അത് പറക്കുമെന്ന് ഉറപ്പാണ്.

ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒക്കെ സിനിമയുടെ അനിഷേധ്യ ഭാഗമാണെങ്കിലും മനസിൽ തങ്ങി നിൽക്കുന്നത് നമ്മിൽ ഒരാളായ ആനിയമ്മയും ഉലഹന്നാനും അവരുടെ മക്കളുമാണ്. സാധാരണക്കാരായ ഒരു സർക്കാർ ഉദ്യോഗസ്ഥനും അവരുടെ സാധാരണക്കാരായ മക്കളും ബന്ധുക്കളുമാണ് ഈ സിനിമയുടെ ജീവൻ. അതുകൊണ്ടുതന്നെ ഇവരുടെ പ്രശ്‌നങ്ങൾ നമ്മുടേതുമാണ്. ഇവരുടെ പരിഹാരങ്ങൾ നമുക്കുള്ള സന്മാർഗ്ഗോപദേശങ്ങൾ ആണ്. ഇവരുടെ സന്തോഷം നമ്മുടേതുമാണ്. ഇവർ കാണുന്ന കാഴ്ചകളുടെ സൗന്ദര്യം നമ്മൾ കാണാൻ ആഗ്രഹിക്കുന്നതും ഒരുപക്ഷേ കാണുന്നതുമാണ്.

മുന്തിരിവള്ളികൾ മലയാള സിനിമ ചരിത്രമായി മാറണം എന്നാണ് ഈ ലേഖകന്റെ ആഗ്രഹം. സാങ്കേതിക വിദ്യയുടെയും മുടക്കുമുതലിന്റെയും പേരിൽ വിജയിച്ച പുലിമുരുകനെ മാറ്റി നിർത്തിയാൽ ഏറ്റവും കളക്ഷൻ നേടുന്ന പടമായി മാറണം. ഒപ്പത്തിന്റെയും ദൃശ്യത്തിന്റെയും ഒക്കെ റെക്കോർഡുകൾ ഭേദിക്കണം. അങ്ങനെ വിജയിച്ചാൽ അത് മലയാള സിനിമയ്ക്ക് തന്നെ ഒരു അഭിമാനം ആയിരിക്കും. ധൈര്യമായി ഇതാണ് മലയാള സിനിമ എന്നു നമുക്ക് ആരെയും ചൂണ്ടിക്കാട്ടാൻ പറ്റണം.

അടിക്കുറിപ്പ്: കയ്യടിച്ചും ആവേശം കാട്ടിയും വിജയിപ്പിക്കാൻ മോഹൻലാൽ ഫാൻസ് തീയേറ്റർ കീഴടക്കിയിരുന്നു. ആദ്യമൊക്കെ കൈയടിച്ച് ബഹളം വച്ചവർ കഥ കണ്ടതോടെ മിണ്ടാതായി. അവർക്ക് ആവേശം നൽകുന്ന ഒന്നും ഇല്ലാത്തതുകൊണ്ടാണോ, അതോ മിണ്ടാൻ പോലും വയ്യാതെ സ്റ്റഡി ആയതാണോ എന്നറിയില്ല. ഇടയ്ക്ക് പിന്നാമ്പുറത്ത് മമ്മൂട്ടിയുടെ ഒരു ചുവർചിത്രം കണ്ടപ്പോൾ ഇവർ പക്ഷേ മത്സരിച്ച് കൂവുകയും ചെയ്തു.