- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിപ്പിച്ച് രഞ്ജിത്ത് സ്വന്തം കുഞ്ഞിനെ കൊന്നു! 'ഞാൻ' ഒരു പാഴായിപ്പോയ പരീക്ഷണം; അൽഭുതപ്പെടുത്തി ദുൽഖർ സൽമാൻ; മമ്മൂട്ടി ദുൽഖറിന്റെ പിതാവെന്ന് അറിയപ്പെടുന്ന കാലം വരുമോ? അഭിനയ മികവ് തെളിയിച്ച് സുരേഷ് കൃഷ്ണയും രഞ്ജി പണിക്കരും
മകൻ ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് വന്നപ്പോൾ നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.' ഞാൻ സിനിമയിലേക്ക് കടന്നുവന്നപ്പോൾ ഇത്രവലിയ ഉയരത്തിലത്തെുമെന്ന് ആരും കരുതിയതല്ല. അതുവരെ എന്റൈ ബാപ്പയുടെ പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നതെങ്കിൽ പിന്നീട് ബാപ്പ എന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദുൽഖർ മമ്മൂട്ടിയുടെ മകന
മകൻ ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് വന്നപ്പോൾ നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.' ഞാൻ സിനിമയിലേക്ക് കടന്നുവന്നപ്പോൾ ഇത്രവലിയ ഉയരത്തിലത്തെുമെന്ന് ആരും കരുതിയതല്ല. അതുവരെ എന്റൈ ബാപ്പയുടെ പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നതെങ്കിൽ പിന്നീട് ബാപ്പ എന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദുൽഖർ മമ്മൂട്ടിയുടെ മകനായി അറിയപ്പെടുന്നു. പക്ഷേ ഭാവിയിൽ ആരുകണ്ടൂ, നടൻ മമ്മൂട്ടി ദുൽഖർ സൽമാന്റൈ പിതാവെന്ന പേരിൽ അറിയപ്പെടുമെന്ന്'. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പേരിൽ എന്ത് സ്ഥാനത്തേക്ക് ആര് എത്തിപ്പെടുന്നതും മക്കൾ രാഷ്ട്രീയത്തെപ്പോലെ അതിനിശിതമായി വിമർശിച്ച ഈ ലേഖകനൊക്കെ ആദ്യ ഘട്ടത്തിൽ ദുൽഖറിനെ തീർത്തും എഴുതിത്തള്ളിയിരുന്നു.
'സെക്കൻഡ്‌ഷോ'പോലൊരു സിനിമയിൽ മമ്മൂട്ടിയുടെ മകനായതുകൊണ്ടുമാത്രമല്ലേ ഇയാൾക്ക് അവസരം കിട്ടിയത് എന്ന് പലരും അക്കാലത്ത് നെറ്റി ചുളിച്ചിരുന്നു. എന്നാൽ 'ബാംഗ്‌ളൂർ ഡെയ്‌സ്' കണ്ടപ്പോഴാണ്, പ്യൂപ്പയിൽ നിന്ന് അതിമനോഹരമായ ചിത്രശലഭം പൊട്ടിവിടരുന്നതുപോലെ ഒരു പുതിയ നടൻ പറന്നിറങ്ങുന്നത് കണ്ടത്. ബീജഗുണത്തിന്റെ മികവിൽ പിടിച്ചു നിലക്കുന്ന നടനല്ലെന്ന് ദുൽഖർ 'വിക്രമാദിത്യനിലും' തെളിയിച്ചു. പക്ഷേ അപ്പോഴും മമ്മൂട്ടിയുടെ നിഴൽ ദുൽഖറിൽ ഉണ്ടായിരുന്നു.പഴയ മോഹൻലാലിന്റെ ചില ഭാവങ്ങൾ കാണാൻ ഒരുകാലത്ത് ജനം ദിലീപ് സിനിമക്ക് കയറിയതുപോലെ, മമ്മൂട്ടിയിൽ നിന്ന് കാണാനാഗ്രഹിക്കുന്ന മാനറിസങ്ങളായിരുന്നു ദുൽഖറിൽ ആരാധകർ തേടിയത്. എന്നാൽ അനുഗൃഹീത സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രമായ 'ഞാൻ' കണ്ടുനോക്കൂ. മമ്മൂട്ടിയുടെ ഒരു മാറ്റൊലിയുമില്ലാത്ത, പുതുമഴക്ക് മുളച്ച പച്ചപ്പിന്റെ ചേതോഹാരിതയുമായി ദുൽഖർ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിലെ തലയെടുപ്പുള്ള പക്വതയാർന്ന നടനായി. മമ്മൂട്ടിയുടെ പ്രവചനം യാഥാർഥ്യമാവാൻ അധികകാലമൊന്നും വേണ്ടെന്ന് 'ഞാൻ' തെളിയിക്കന്നു.
കുളിപ്പിച്ച് കുട്ടിയില്ലാതാക്കുന്ന വിധം
അഭിനേതാക്കളുടെ മികച്ച പ്രകടനം, അന്തസാധ്യതകളുള്ള കഥ, ഒന്നാന്തരം കാമറ, നല്ല സംഗീതം, കൃതഹസ്തനായ രഞ്ജിത്തിന്റെ സംവിധാനം. വ്യത്യസ്തമായ സിനിമയെ സ്‌നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. പക്ഷേ ഇതൊക്കെയുണ്ടെിലും 'ഞാൻ' ഒരു ഹൃദയഹാരിയായ ദൃശ്യാനുഭവമാകുന്നില്ല. ആളുകൂടിയാൽ പാമ്പുചാവില്ല എന്ന നാടൻ ചൊല്ലിനെയാണ് ഈ സിനിമ ഓർമ്മിക്കുന്നത്. പതിവ് രീതിയിൽനിന്ന് വിട്ടുമാറാനുള്ള ബോധപൂർവമായ പരിശ്രമത്തിന്റെ ഭാഗമായി രഞ്ജിത്ത് നടത്തിയ നോൺ ലീനിയർ ആഖ്യാനവും, മിത്തും യാഥാർഥ്യവും സ്വപ്നവും എല്ലാം കൂട്ടിക്കുഴച്ച കഥപറച്ചിലും ചേരുമ്പോൾ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുന്ന അവസ്ഥയാണ്. ഇടക്ക് വല്ലാതെ ഇഴച്ചും, ആശയക്കുഴപ്പമുണ്ടാക്കിയും നീങ്ങുന്ന സവിശേഷ ആസ്വാദന ഘടന പ്രേക്ഷകരിലേക്ക് എത്തുന്നില്ല. കൂവിക്കൊണ്ടാണ് അവരിൽ പലരും തീയേറ്റർ വിടുന്നത്. ചട്ടപ്പടി സിനിമകൾ കണ്ടു ശീലിച്ചതുകൊണ്ടുണ്ടാവുന്ന ആസ്വാദന ദുശ്ശീലം ഇക്കാര്യത്തിൽ ഒരു പ്രധാന ഘടകമാണെന്ന് പറയാതെ വയ്യ. പക്ഷേ ആധുനികോത്തര ജാടകൾ ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ എത്ര ഹൃദ്യമായേനേ.
'ടി.പി രാജീവന്റെ കെ.ടി.എൻ കോട്ടുർ, എഴുത്തും ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് 'ഞാൻ' ഒരുക്കിയിട്ടള്ളത്. നേരത്തെ രാജീവിന്റെ തന്നെ പാലേരി മാണിക്യം രഞ്ജിത്ത് സിനിമയാക്കിയപ്പോൾ അത് അനിതര സാധാരണമായ അനുഭവമായിരുന്നു. ആദ്യ സീൻതൊട്ട് നാം പാലേരിയിൽപെട്ടുപോകുന്നു. പക്ഷേ ആ സുഖം ഇത്തവണ കിട്ടുന്നില്ല. മാത്രമല്ല, മൂന്നുമണിക്കൂർ നീളുന്ന സിനിമയുടെ ഇഴച്ചിൽ കാരണം, തീയേറ്ററിലെ ഡയലോഗിന് കൗണ്ടർ പറഞ്ഞും , ഫോൺചെയ്തും വാട്‌സാപ്പിൽ കളിച്ചും ജനം നേരം പോക്കുകയുമായിരുന്നു.
അസ്തിത്വപരമായ അന്താളിപ്പ് അഥവാ വറ്റുകുത്തൽ
മദ്രാസ് പ്രവിശ്യയിൽപ്പെട്ട മലബാറിലെ ചെങ്ങോട്ടുമലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന കോട്ടൂർ ഗ്രാമത്തിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ ചരിത്രമാണ് നോവൽ. മാജിക്കൽ ഹിസ്റ്ററി എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവൽ ഭാവനയും കൽപ്പനയും ഇടകലർന്ന ഒരു ലോകമാണ് നൽകുന്നത്. കൊയിലോത്തുതാഴെ കുഞ്ഞപ്പൻനായർ മകൻ നാരായണൻനായർ എന്ന കപട സദാചാരങ്ങളെ കൂഴിച്ചുമൂടണമെന്ന് ആഗ്രഹിക്കുകയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കയും ചെയ്ത കെ.ടി.എൻ കോട്ടൂരിന്റെ അത്മകഥയാണ് 'ഞാൻ'. കോൺഗ്രസുകാർ കമ്യൂണിസ്റ്റുകാരനെന്നും കമ്യൂണിസ്റ്റുകാർ തിരിച്ചും ആക്ഷേപിക്കുന്ന ഒരു കള്ളിയിലും പെടാത്ത, അസാധാരണമായി എഴുതാനും സംസാരിക്കാനും കഴിവുള്ള കരിസ്മാറ്റിക്ക് യുവത്വം. ജന്മിത്തത്തിന്റെയും ഫ്യൂഡലിസത്തിന്റെയും ഇരുട്ട് തനിക്കുചുറ്റും തീർക്കുന്ന മതിൽ മുറിച്ചുകടക്കാനാവാതെ അയാൾ തളരുന്നു. ഒരു പ്രത്യയശാസ്ത്രത്തിന്റെ നിഴൽപറ്റി ജീവിക്കാൻ അയാൾ ഇഷ്ടപ്പെടുന്നില്ല. താനും കൂടി ചേർന്ന് രൂപപ്പെടുത്തിയ കർഷകസംഘംകൂടി ഒറ്റപ്പെടുത്തിയതോടെ കടുത്ത നിരാശയിലേക്കം മദ്യപാനത്തിലേക്കും അയാൾ നീങ്ങുന്നു. [BLURB#2-H]
(മദ്യനിരോധനം ആദർശത്തിന്റെ വലിയ ലക്ഷണമായി പറയുന്ന ഇക്കാലത്ത് മനുഷ്യൻ എന്തുകൊണ്ട് മദ്യപിക്കുന്നു എന്നതിന്റെ അടിസ്ഥാന പ്രശ്‌നം കോട്ടൂർ ഗംഭീരമായി വർണ്ണിക്കുന്നുണ്ട്. മദ്യപാനവും ചൂതുകളിയും മന്ദബുദ്ധികൾക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് സിനിമയിൽ തമ്പ്രാനായി വന്ന് ഞെട്ടിച്ച രഞ്ജിപണിക്കരും പറയുന്നു) പിന്നീട് മദ്യപാനത്തിൽനിന്ന് രക്ഷപ്പെട്ട് എഴുത്തിന്റെ വഴികളിലേക്ക് നീങ്ങിയ അയാൾ വിവാഹത്തിന് പറ്റിയ പെണ്ണിനെക്കുറിച്ച് പറയുന്നത് അവൾക്ക് കാഴ്ചയുണ്ടാകരുതെന്ന ഒരേയൊരു ഡിമാന്റാണ്. പകൽവെളിച്ചത്തിലെ ചതിയുടെ ലോകത്ത് തന്നെ ശബ്ദത്തിലൂടെ തിരിച്ചറിയാൻ കഴിയുന്ന ഭാര്യയെ അയാൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.അങ്ങനെയുള്ള അങ്ങേയറ്റം വൈചിത്രമുള്ള അൽപ്പം ഭാന്ത്രൻ ചിന്തകളും കാമനകളുമുള്ള സങ്കീർണ്ണ വ്യക്തിത്വമാണ് കോട്ടൂർ. ആ റോൾ ദുൽഖർ കൈയടക്കത്തോടെ ചെയ്തുവെങ്കിലും സിനിമയുടെ നിർമ്മാണത്തിലെ സങ്കീർണതകൾമൂലം കോട്ടൂരിന്റെ അന്തർസംഘർഷങ്ങളൊന്നും പ്രേക്ഷകരുടെ അടുത്ത് എത്തുന്നില്ല. ഇഷ്ടംപോലെ ഭൂസ്വത്തുക്കളുള്ള, നിയന്ത്രിക്കാനാളില്ലാത്ത ഒരു വീട്ടിലെ പയ്യൻ, ആവശ്യത്തിന് കള്ളും കുടിച്ച്, പെണ്ണും പിടിച്ച് ജീവിച്ച്, ഒടുവിൽ അന്ധയായ ഭാര്യയെ വീട്ടിലുപേക്ഷിച്ച് നാടുവിടുന്നതായാണ് സാധാരണ പ്രേക്ഷകർക്ക് തോന്നുക. അതാണ് സംവിധായകൻ എന്ന നിലയിൽ രഞ്ജിത്തിന്റെ പരാജയം. അവർ അസ്തിത്വപരമായ അന്താളിപ്പ് എന്നു പറയുന്നതിനെ, സാധാരണക്കാർ സിരകളിൽ വറ്റ് വിലങ്ങത്തിൽ കുത്തുക എന്നാണ് തർജമചെയ്യുന്നത്.
ഭോഗതൃഷ്ണക്ക് കാരണഭൂതനായ അച്ഛൻ!
പക്ഷേ ഏറ്റവും അരോചകമായത് പഴയ വെള്ളരി നാടകങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള ചില സംഭാഷണങ്ങളാണ്. ജോയ് മാത്യു അടങ്ങുന്ന നാടക സംഘത്തിന്റെയൊക്കെ ജാട അസഹനീയം. കേരളത്തിലെ ആളുകൾ ഈ രീതിയിൽ അച്ചടി ഭാഷയിലാണൊ സംസാരിക്കുന്നത്. സാധാരണ രഞ്ജിത്ത് സിനിമകളെ അനുഗ്രഹീതമാക്കുന്ന നാട്ടുഭാഷയുടെ അതിമനോഹരമായ കുത്തൊഴുക്ക് ഇതിലില്ല. സ്വാതന്ത്ര്യസമരക്കാലത്തെ ജനഗണമന ടൈപ്പിലുള്ള ഉപദേശങ്ങൾ യുവാക്കൾക്കെന്നല്ല, വയോധികർക്കുപോലും താങ്ങാവുന്നതിൽ അപ്പുറമാണ്.കഥാന്ത്യത്തിൽ ഭാന്ത്രമായ മാനസികാവസ്ഥയിലത്തെുന്ന നായകൻ, മരിച്ചുപോയ പിതാവിനെ കൺമുന്നിൽകാണുന്ന രംഗം തുടങ്ങുന്ന ഡയലോഗ് മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്താവുന്നതാണ്. 'ഭോഗതൃഷ്ണക്ക് കാരണഭൂതനായ അച്ഛാ' എന്ന് തുടങ്ങുന്ന ദുൽഖറിന്റെ ഡയലോഗ് കേട്ട്, ഒന്നും പിടികിട്ടാതെ ജനം ആർത്തു ചിരിക്കയാണ്. ഖസാക്കിന്റെ ഇതിഹാസത്തിലെ 'സായാഹ്നയാത്രകളുടെ അച്ഛാ, മന്ദാരത്തിന്റെ ഇലകൾകൊണ്ടുതുന്നിയ പുനർജനിയുടെ കൂട് വിട്ട് രവി യാത്രയാവുകയാണ്'എന്ന പ്രശസ്തമായ വാചകത്തെ വികൃതമായി അനുകരിക്കാനുള്ള ശ്രമം അതർഹിക്കുന്ന വിധത്തിൽതന്നെ ചീറ്റിപ്പോവുന്നു. ( ഒഥല്ലോയെ ജയരാജ് കളിയാട്ടമാക്കിയപ്പോൾ ഷേക്‌സ്പിയറിന്റെ വാക്കുകൾ 'നിർമലമായ താരസമൂഹങ്ങളെ നിങ്ങളോടെനിക്ക് പറയാതിരിക്കാൻ വയ്യ' എന്നെല്ലാമാക്കി വികൃതമായി തർജ്ജമചെയ്ത് സുരേഷ് ഗോപി പറഞ്ഞതാണ് ഇവിടെ ഓർമ്മവരുന്നത്)
ഇരകളുടെ ഭാഗത്തുനിൽക്കുമെന്ന് തോന്നിപ്പിക്കയും വേട്ടക്കാരനൊപ്പം ഓടുകയുമെന്ന ന്യൂജനറേഷൻ ട്രെൻഡിനൊപ്പിച്ച രാഷ്ട്രീയമാണ് സിനിമയുടേതെന്ന് വേണമെങ്കിൽ വിലയിരുത്താവുനനതാണ്. കുറത്തിയും, കള്ളുകാച്ചുന്നവനും, അടിച്ചുതളിക്കാരിയുമൊക്കെ എപ്പോഴും തമ്പ്രാന് പായവിരിച്ച് കൂടെക്കിടക്കണമെന്നും ഭാവിയിലും അവർ ഒരു പ്രതിഷേധവുമില്ലാതെ ആ സഹശയന സുഖം നൊട്ടിനുണയുമെന്നും സിനിമ ധ്വനിപ്പിക്കുന്നുണ്ടോ?. തമ്പ്രാന്റെ മകൻ 'നശിപ്പിച്ച' അടിച്ചുതളിക്കാരിക്ക്, അയാളുടെ ദലിതനായ അർധസഹോദരൻ ജീവിതം നൽകുന്നത് യാദൃശ്ചികം തന്നെയാവും. പക്ഷേ അവസാനം പുറപ്പെട്ടുപോവുന്ന സീനിലും തന്നെ കുട്ടിക്കാലംതൊട്ട് പോറ്റിവളർത്തിയ വാല്യക്കാരൻ വയോധികനോട് ഒരു യാത്രപോലും പറയാതെ കോട്ടൂർ കടന്നുപോവുന്നത് ആ കഥാപാത്രത്തിന്റെ തന്നെ സ്വഭാവ സവിശേഷതകളാണെന്ന് ആശ്വസിക്കാം. സിനിമയുടെ അവസാനം ആ നാട്ടിന്റെ സകലദുരിതങ്ങൾക്കും മുഖ്യകാരണക്കാരനായ ജന്മി, ഭാരതാംബക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും ജയ് വിളിച്ച് കോൺഗ്രസ് പതാകയുമായി നീങ്ങുന്നതിലൂടെ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയാനും സംവിധായകന് ആവുന്നുണ്ട്.
അഭിനയവും അനുഭവം
ഇങ്ങനെയൊക്കെയാണെങ്കിലും അഭിനേതാക്കളുടെ അസാധാരണമായ പ്രകടനമാണ് ഈ ചിത്രത്തെ അൽപ്പമെങ്കിലും ആസ്വാദ്യമാക്കുന്നത്. വ്യത്യസ്തമായ മേക്കപ്പിലൂടെ കോട്ടൂരിന്റെ പിതാവായി എത്തിയ സുരേഷ് കൃഷ്ണയുടെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാം ഈ സിനിമയെ. എത്രയോ കാലമായി ടൈപ്പ് വില്ലനായി ഇടിവാങ്ങുന്ന സുരേഷിന് മുമ്പ് കുട്ടിസ്രാങ്ക് അടക്കം എതാനും ചിത്രങ്ങളിൽ മാത്രമാണ് വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയത്. അംഗീകാരങ്ങൾ വാരിക്കൂട്ടിയ 'ഷട്ടറിനു'ശേഷം ഈ സിനിമയിലെ കുറത്തിയിലൂടെ സജിതാ മഠത്തിൽ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. അഭിനയം രഞ്ജി പണിക്കർക്ക് സൈഡ് ബിസിനസാണെന്ന് ഇനിയാരും പറയില്ല. ഹരീഷ്‌പേരോടി, സൈജുകുറുപ്പ്, മുത്തുമണി, അനുമോൾ എന്നിവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.ബിജിപാലിന്റെ സംഗീതവും മനോജ്പിള്ളയുടെ കാമറയും സിനിമക്കുനൽകുന്ന ഉയർച്ച എടുത്തു പറുയണ്ടതാണ്. മൂന്നുമണിക്കുർ ദൈർഘ്യമുള്ള സിനിമയിൽ അൽപ്പം കൂടി എഡിറ്റങ്ങ് വേണമെന്ന് പലേടത്തുമുള്ള ഇഴച്ചിൽ കണ്ടാൽ ആർക്കും തോന്നിപ്പോവും. [BLURB#1-VL]
ജനപ്രിയ വ്യാപരചേരുവകൾ ഒരുപാടുചേർക്കാറുണ്ടെങ്കിലും എക്കാലവും നല്ല സിനിമയുടെ ഭാഗത്തുനിൽക്കാനഗ്രഹിച്ച സംവിധായകനാണ് രഞ്ജിത്ത്.ലോഹിതദാസിനെപ്പോലുള്ളവരുടെ വിടവ് നികത്താൻ തക്ക പ്രതിഭയുള്ള മലയാള സിനിമയിലെ അപൂർവങ്ങളിൽ ഒരാൾ.അത്തരത്തിലൊരാൾ സിനമയെടുക്കുമ്പോൾ ഉയർന്ന നിലവാരമാണ് പ്രേക്ഷകർ പ്രതീക്ഷികുന്നത്. എന്തു പരീക്ഷണ ചിത്രമാണെങ്കിലും ചുമരില്ലാതെ ചിത്രംവരക്കാൻ കഴിയില്‌ളെന്ന് പറഞ്ഞതുപോലെ, പ്രേക്ഷകരെ അകറ്റിക്കൊണ്ട് പറ്റില്ല. കാഴ്ചയുടെ ദുശ്ശീലങ്ങൾ ഒറ്റയടിക്ക് കഷായം നൽകി മാറ്റിയെടുക്കാൻ കഴിയില്ലല്ലോ. നേരത്തെ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവിയുടെ ചിത്രവും സാമ്പത്തികമായി പരാജയപ്പെട്ടത് ആഖ്യാനത്തിലെ അവിശ്വസനീയതകൊണ്ടായിരുന്നു. പരീക്ഷണങ്ങൾ സത്യത്തിൽ മലയാള സിനിമക്ക് ബാധ്യതയാവുകയാണോ?
വാൽക്കഷ്ണം: ചിത്രത്തിലെ നാടകകലാകാരന്മാർ ഏത് കാലത്തുള്ളവരാണെന്ന സംശയമാണ് സിനിമ കഴിഞ്ഞാൽ ബാക്കിയാവുന്നത്. ജോയ് മാത്യുവിനെപ്പോലെ നാടകത്തിൽനിന്ന് സിനിമയിലത്തെുകയും ഇന്നും നല്ല നാടകങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്ന കലാകാരന്മാരെ, മനപൂർവമല്ലെങ്കിലും അപമാനിക്കുന്ന രീതിയിലായിപ്പോയി സിനിമയിൽ ദുൽഖർ ഉൾപ്പെടുന്ന നാടക സംഘം. ആർക്കും മനസ്സിലാവാത്ത രീതിയിൽ 'തത്തെയ്യത്തോം, തിത്തയ്യത്തോം' എന്ന് പറഞ്ഞ് ചിലർ തുള്ളിച്ചാടി എന്തൊക്കെയെ വിളിച്ചു പറയുന്ന ആധുനികോത്തര നാടകങ്ങളെ എന്നും എതിർത്ത്, ജനപക്ഷത്ത് നിൽക്കുന്ന സാധാരണക്കാരന്റെ ഹൃദയഭാഷ തൊട്ടറിഞ്ഞ് നാടകമുണ്ടാക്കുന്നവരാണ് ജോയ്മാത്യവും, ജയപ്രകാശ് കുളൂരിന്റെ അപ്പുണ്ണി നാടക പരമ്പരാകളിലൊക്കെ ശ്രദ്ധേയവേഷങ്ങൾചെയ്ത ഹരീഷ്‌പേരോടി( ഈ സിനിമയിൽ നകുലൻ) യുമൊക്കെ. എന്നാൽ ബുജികൾക്കുമാത്രം മനസ്സിലാവുന്ന യാന്ത്രിക നാടകങ്ങളാണ് ഈ ജനകീയ കലാകാരന്മാരുടെ പേരിൽ സിനിമയിലുടനീളം കാണിക്കുന്നത്. നാടകമേ ഉലകം!