- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്ര പറഞ്ഞുപൊക്കാൻ ഈ 'പ്രേമത്തിൽ' എന്താണുള്ളത്? ഇത് പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ്; പക്ഷേ അസാധാരണ വാണിജ്യ വിജയം; നിവിൻപോളി സൂപ്പർതാര പദവിയിലേക്ക്
ഒരു നല്ല ചിത്രം പരാജയപ്പെടുന്നതിനേക്കാൾ വിപണിക്ക് ദോഷംചെയ്യുക ഒരു മോശമോ അല്ലെങ്കിൽ ആവറേജോ ആയ ചിത്രം ഹിറ്റാവുവോമ്പോഴാണ്. വെള്ളിത്തിര എന്നും വിജയിച്ചവന്റെ കൂടെയാണ്. ഇന്നലെ ചെയ്ത അബദ്ധം നാളത്തെ ശാസ്ത്രമാവുമെന്ന് പറഞ്ഞപോലെ, ഇനിയങ്ങോട്ട് ഈ അരപ്പിരി മോഡൽ സിനിമകളുടെ പൂക്കാലമായിരിക്കും. തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഇനീഷ്യൽ റിപ്
ഒരു നല്ല ചിത്രം പരാജയപ്പെടുന്നതിനേക്കാൾ വിപണിക്ക് ദോഷംചെയ്യുക ഒരു മോശമോ അല്ലെങ്കിൽ ആവറേജോ ആയ ചിത്രം ഹിറ്റാവുവോമ്പോഴാണ്. വെള്ളിത്തിര എന്നും വിജയിച്ചവന്റെ കൂടെയാണ്. ഇന്നലെ ചെയ്ത അബദ്ധം നാളത്തെ ശാസ്ത്രമാവുമെന്ന് പറഞ്ഞപോലെ, ഇനിയങ്ങോട്ട് ഈ അരപ്പിരി മോഡൽ സിനിമകളുടെ പൂക്കാലമായിരിക്കും. തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഇനീഷ്യൽ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഒരുചിത്രത്തിനും കിട്ടിയിട്ടില്ലാത്ത അഭൂതപൂർവമായ തിരക്കാണ് അൽഫോൻസ് പുത്രനെന്ന യുവസംവിധായകൻ, നിവിൻപോളിയെ നായകനാക്കി സൃഷ്ടിച്ചെടുത്തത്. ഈ വർഷം മലയാളത്തിൽ ഹിറ്റുകൾ ഒന്നും ഉണ്ടാകുന്നില്ലെന്ന പായാരം ഇതോടെ തീരും. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ സംവിധായകൻ അൻവർ റഷീദിന്റെ കീശനിറയുമെന്ന് ചുരുക്കം.
വാണിജ്യ വിജയമാണെന്നതിൽ സംവിധായകനെ അഭിനന്ദിച്ചുകൊണ്ടുതന്നെ പറയട്ടെ, കലാപരമായി വിലയിരുത്തുമ്പോൾ വെറും ശരാശരിയിലോ അതിലും താഴെയൊ ആണ് ഈ ചിത്രത്തിന്റെ കിടപ്പ്! പക്ഷേ 'ഭാസ്‌ക്കർ ദ റാസ്‌ക്കലും', 'ലൈലാ ഓ ലൈയും' പോലുള്ള കൂതറ പടങ്ങളിൽനിന്നുള്ള അല്പം ആശ്വാസം എന്ന നിലയിൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിലായിരക്കണം ഈ സിനിമ വിജയിക്കുന്നത്. വന്നുവന്ന് ബോറടിയില്ലായെ കണ്ടിരിക്കാമെന്ന ഒറ്റക്കാരണംകൊണ്ട് ഒരു ചിത്രം ഹിറ്റാവുന്നു. ഇത് മലയാള സിനിമുടെ അധോഗതിയുടെ സൂചകം തന്നെയല്ലേ.
സിനിമയുണ്ടാക്കാൻ കഥ വേണ്ട!
രാജീവ് രവി മുമ്പുപറഞ്ഞപോലെ അറുപതും എഴുപതും പേജ് തിരക്കഥയൊക്കെ എഴുതിവരുന്നവനെ ഓടിച്ചിട്ട് അത് ഇനി ധൈര്യമായി കത്തിക്കാം. കാരണം സിനിമ ഹിറ്റാക്കാൻ കഥയും തിരക്കഥയുമൊന്നും വേണ്ടെന്ന് അൽഫോൻസ് പുത്രൻ തെളിയിച്ചിരിക്കുന്നു. ഒരുപാട് തവണ കേട്ട് അളിഞ്ഞുപോയ കഥയെ മേക്കിങ്ങിന്റെ വ്യത്യസ്തതകൊണ്ടും അതിഗംഭീരമായ മാർക്കറ്റിങ്ങ് തന്ത്രങ്ങൾകൊണ്ടും വിജയിപ്പിച്ചിരിക്കയാണവർ.
തമിഴ് സംവിധായകൻ ചേരന്റെ 'ഓട്ടോഗ്രാഫ്' തൊട്ട് നിവിൻ പോളിയുടെ തന്നെ '1983'വരെയുള്ള വിവിധ സിനിമകൾ പറഞ്ഞ, കൗമാരത്തിന്റെയും യൗവനത്തിന്റെയും പ്രണയാതുരമായ മനസ്സാണ് ഈ സിനിമയിലും പ്രതിപാദിക്കുന്നത്. സത്യൻ അന്തിക്കാടും, പ്രിയദർശനും, സിദ്ധീഖ് ലാലുമൊക്കെ ഇതേ തീം പലതവണ എടുത്തിട്ട് വിജയിപ്പിച്ചവരാണ്. ജോർജ് ഡേവിഡ് എന്ന നിവൻ പോളിയുടെ മുപ്പതുകാരനായ നായകന്റെ പ്രീഡിഗ്രിക്കാലത്തും, കോളജ് കാലത്തും, ഇപ്പോഴുമുള്ള മൂന്ന് വ്യത്യസ്ത പ്രണയങ്ങളിലുടെയാണ് 'പ്രേമം' ഇതൾ വിരിയുന്നത്.
കൗമാരക്കാലത്തെ ജോർജിന്റെ പ്രണയമൊക്കെ എത്ര വികലമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കുക. സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഈ സിനിമയിൽ കാണിക്കുന്ന ചില രംഗങ്ങൾ. ( 'പെരുച്ചാഴി', 'ഭാസ്‌ക്കർ ദ റാസ്‌ക്കൽ' എന്നീ സിനിമകളൊക്കെ യുക്തിസഹമല്ലെന്ന് പറഞ്ഞ് തുള്ളിയവരാണ് ഇവരൊക്കെ). മേരി എന്ന ബ്യൂട്ടി (അനുപമ പരമേശ്വരൻ) ട്യൂഷൻകഴിഞ്ഞ് വരുമ്പോഴേക്കും അവളെക്കാത്ത് നിരവധി വായ്‌നോക്കികൾ ക്യൂ നിൽക്കയാണ്. അവളോടൊന്ന് മിണ്ടാനായി ഇവർ തമ്മിൽ മത്സരമാണ്. വായ്‌നോക്കികളെ അങ്ങോട്ട് കയറൂരിവിട്ടിരിക്കുന്ന വിചിത്രമായ വെള്ളരിക്കാപ്പട്ടണത്തിലാണ് കഥ നടക്കുന്നത്. അതായത് ഒട്ടും റിയലിസ്റ്റിക്കായല്ല അൽഫോൽസ് പുത്രൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥപറയുന്നത്. ഞെരമ്പുരോഗികൾമാത്രം താമസിക്കുന്ന ഒരു വിചിത്ര സ്ഥലമായാണ് അത് തോന്നുത്! നമ്മുടെ സിദ്ധീഖ് ലാലിന്റെ 'ഇൻ ഹരിഹർ നഗറിലെ' പൂവാലന്മാർ ഇതിനേക്കാൾ എത്രയോ മെച്ചവും ഹ്യൂമർ സെൻസ് ഉള്ളവരും ആയിരുന്നു.
ഡേവിഡിന്റെ രണ്ടാമത്തെ പ്രണയം കോളജിൽ തന്നെ പഠിപ്പിക്കുന്ന ഗസ്റ്റ് ലക്ച്ചറായ മലർ (സായി പല്ലവി) എന്ന തമിഴ് യുവതിയുമായാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ക്ലാസിലും കയറാതെ, കള്ളുംകുടിച്ച് തല്ലുണ്ടാക്കി നടക്കുന്ന ഈ വിദ്യാർത്ഥിയോട് ടീച്ചർക്ക് എങ്ങനെയാണ് അടുപ്പം തോന്നുന്നതെന്ന് വ്യക്തമായി വിശദീകരിക്കാൻ സംവിധായകന് ആവുന്നില്ല. (ചിലപ്പോൾ നായകൻ നിവിൻപോളി ആയതു കൊണ്ടായിരക്കണം). ഒരു സ്ത്രീക്ക് പ്രണയം തോന്നണമെങ്കിൽ അവൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും ഒരു ഗുണം അയാൾക്കുള്ളതായി തോന്നേണ്ടേ? ക്ലാസിലിരുന്നു പോലും മദ്യപിക്കുന്നയാളാണ് നമ്മുടെ വീരശൂര പരാക്രമിയും, എതിരാളി ഡാൻസ് കളിക്കുമ്പോൾ സ്റ്റേജിനുള്ളിൽ ഗുണ്ട് വച്ച് പൊട്ടിച്ച് പ്രതികാരം ചെയ്യുന്നവനുമായ (ഇതൊക്കെ എത്രകണ്ടതാണ്. എന്നിട്ടും പറയുന്നു ഇത് പുതുമയുടെ പടമാണെന്ന്) നമ്മുടെ നായകൻ. നേരത്തെ കേരളീയ ഗ്രാമത്തെകുറിച്ചുള്ള വികലധാരണപോലെ തന്നെയാണ് എ.ഡി 2000-ത്തിലെ കാമ്പസുകളെകുറച്ചും സംവിധയകൻ ഉണ്ടാക്കിയ മിഥ്യാധാരണ.[BLURB#1-VL]മദ്യപിച്ച് ക്ലാസിൽവരുന്നവർ ഉണ്ടാകാമെങ്കിലും, ടീച്ചർ ക്ലാസെടുക്കവേ പിൻബഞ്ചിലിരുന്ന് കൂളായിട്ട് മദ്യപിക്കുന്നവരെപ്പറ്റി എഴുപതുകളുടെയും എൺപതുകളുടെയും അരാജക കാമ്പസിന്റെ കാലത്തുപോലും കേട്ടിട്ടില്ല. എന്നാൽ നമ്മുടെ നായകൻ ജോർജും കൂട്ടാളികളും അത് ചെയ്യുന്നു. ഇതുകണ്ടിട്ടും ടീച്ചറാകട്ടെ അവരെ ക്ലാസിൽനിന്ന് പുറത്താക്കുകയല്ലാതെ ഒരു നടപടിയും എടുക്കുന്നുമില്ല. ഇനി ഇവിടുത്തെ അദ്ധ്യാപകരും ഇതേ ടീച്ചറെ മണത്തു നടക്കുന്ന കുറെ കോന്തന്മാരും തീറ്റപ്രാന്തന്മാരുമാണ്.
ഈ പ്രേമത്തെ തകർക്കാനായി എഴുത്തുകാരൻകൂടിയായ സംവിധായകൻ എടുത്ത വിദ്യയാണ് ഗംഭീരം. ഒരു അപകടത്തിൽപെട്ട് ടീച്ചർക്ക് എല്ലാം മറന്നുപോവുന്നു. കൂട്ടത്തിൽ ജോർജിനെയും. ഒടുക്കത്തെ ബുദ്ധിതന്നെ. ഈ രോഗത്തിന് എതോ ഒരു സിനിമയിൽ ജഗതി പറഞ്ഞപോലെ 'ബ്രയിനോ മാഞ്ചിയ ഒട്ടോപ്പിക്ക' എന്നോമറ്റോ പേര് കൊടുത്താൽ നന്നായേനെ!
അരപ്പിരി ഷോട്ടുകൾ; അടഞ്ഞ ശബ്ദം
എന്തൊക്കെയായാലും ഈ ചിത്രത്തിന്റെ ആഖ്യാനം ചലച്ചിത്ര വിദ്യാർത്ഥികളെങ്കിലും പഠിക്കേണ്ടതാണ്. ഏറെ രീതിയിലുള്ള ശൈലിയും സങ്കേതങ്ങളും കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഷോട്ടുകൾ ഈ ശ്രേണിയിലൊന്നും പെടില്ല. അമച്വറായ ഷോട്ടുകൾ ബോധപൂർവം ചേർത്തതുകൊണ്ട് ഒരു ഫീച്ചർ ഫിലിം ആയല്ല, ഒരു ഹോം സിനിമയുടെ തുടർച്ചയായിട്ടാണ് ഈ ലേഖകന് തോന്നിയത്. ഭൂതകാലത്തിൽനിന്ന് വർത്തമാനത്തിലേക്കും തിരച്ചും ഞൊടിയിടയിൽ വരുന്നു. ഇതുകൊണ്ട് വ്യത്യസ്തതയും പുതുമയും തോന്നുമെങ്കിലും കഥാഗതിയെയും ആസ്വാദനത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. ഇടവേളയോട് അടുപ്പിച്ചുള്ള വേളയിലൊക്കെ സ്ലോമോഷനിലും മറ്റുമായി എന്തുഷോട്ടുകളാണ് എടുത്തുവച്ചിരിക്കുന്നത്, എന്താണ് അതിന്റെയൊക്കെ അർഥമെന്നും സംവിധായകനോട് ഫോൺചെയ്ത് ചോദിക്കേണ്ട അവസ്ഥയാണ്, ഫിലിംഫെസ്റ്റിവലുകളിലൂടെ നിരവധി പുതിയ ആഖ്യാനസങ്കേതങ്ങൾ കണ്ട മലയാളികൾ.
ഇത്തരം അരപ്പിരി ഷോട്ടുകൾ നിരവധിയാണ് ഈ സിനിമയിൽ. അവസാനത്തെ 'സീൻ കോൺട്രായെന്ന്' തുടങ്ങുന്ന പാട്ടു സീനുകളും നോക്കുക. പിള്ളേര് യൂട്യൂബിലിടുന്ന കച്ചറപ്പാട്ടുകളും സീനുകളും ഇതിനെക്കാളും മെച്ചമാണ്. ഒരു എഡിറ്റർ കൂടിയായ അൽഫോൻസ് പുത്രൻ ആ ജോലിയിൽ അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മാരണമൊന്നും പ്രേക്ഷകന് കാണണേണ്ടി വരില്ലായിരുന്നു. രണ്ടേമുക്കാൽ മണിക്കൂറാണ് ഈ പടം. ചിലയിടത്തൊക്കെ ഇഴച്ചിലുമുണ്ട്. ഇതൊന്ന് അരമണിക്കൂർ കുറച്ചിരുന്നെങ്കിൽ നന്നായേനെ.
ഏറ്റവും വിചിത്രമായി തോന്നിയത് ഈ പടത്തിന്റെ ശബ്ദപഥമാണ്. സിങ്ക് സൗണ്ട് ഉപയോഗിക്കുന്നത് റിയലിസ്റ്റ്ക്ക് ആണെങ്കിലും പല സംഭാഷണങ്ങളും വ്യക്തമല്ല. അടിസ്ഥാനപരമായി പ്രേക്ഷകൻ കേൾക്കാനാണെല്ലോ ഡയലോഗുകൾ ഉണ്ടാക്കുന്നത്. അല്പം ബഹളമോ ചിരിയോ തീയറ്റിൽ ഉണ്ടായാൽ ചില ഭാഗങ്ങൾ കേൾക്കുന്നില്ല. ചിലതാവട്ടെ പശ്ചാത്തല സംഗീതത്തിൽ മുങ്ങിയും പോവുന്നു.
നിവിൻ സൂപ്പർ താര പദവിയിലേക്ക്
തൊട്ടതല്ലാം പൊന്നാക്കിക്കൊണ്ട് നീങ്ങുന്ന നിവിൻ പോളി തന്നെയാണ് ഈ പടത്തിന്റെ സാമ്പത്തിക വിജയത്തിന്റെ ആണിക്കല്ലും. ഇപ്പോൾ നിവിന്റെ നേരമാണ്. കുറ്റം പറയരുതല്ലോ, മൂന്നു തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയും കൈയടക്കത്തോടെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൗമാരക്കാരനിൽനിന്ന് യുവാവിലേക്കുള്ള ആ മാറ്റമൊക്കെ അസ്സലായിട്ടുണ്ട്. തമിഴ് നടിയും റിയലിറ്റി ഷോ താരവുമായി സായി പല്ലവിയാണ്, മലർ എന്ന ടീച്ചറിന്റെ വേഷത്തിൽ ഞെട്ടിച്ചത്. സായി പല്ലവിയുടെ ഡാൻസൊക്കെ കാണേണ്ട കാഴ്ചയാണ്. ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്നതും ഈ യുവ നടിതന്നെ.
പതിനേഴോളം പുതുമുഖങ്ങളിൽ ചിലരൊക്കെ വെറുപ്പിക്കുന്നുമുണ്ട്. ഒന്നും പഠിപ്പിക്കാനറിയാതെ ഇടക്കിടക്ക് 'മനസ്സിലായോ, ഇല്ലെങ്കിൽ പറയണം' എന്ന് എടുത്തെടുത്ത് പറഞ്ഞ് ക്ലാസെടുക്കുന്ന വിനയ് ഫോർട്ട് ശരിക്കും ചിരിപ്പിച്ചു. ക്ലൈമാക്‌സിനോടടുപ്പിച്ച് രണ്ടു സീനിൽ പ്രത്യക്ഷപ്പെട്ട് സംവിധായകൻ അൽഫോൻസ് പുത്രനും കൈയടി നേടുന്നുണ്ട്. ഒരുപാട്ട് ചീറ്റിപ്പോയതൊഴിച്ചാൽ രാജേഷ് മുരുഗേശന് അഭിമാനിക്കാം. അടുത്തകാലത്തൊന്നും കിട്ടാത്ത സ്വീകാര്യതയാണ് 'പ്രേമ'ത്തിലെ ഗാനങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.[BLURB#2-H]
വാൽക്കഷ്ണം: ഒരുത്തൻ കുതിരപ്പുറത്ത് കയറി നിവിൻ പോളിയുടെ കഫേയിൽ ചായകുടിക്കാൻ വരുന്ന ഒരു കോമഡിയും ചിത്രത്തിൽ പിന്നീട് വരുന്നുണ്ട്. ഇതെന്തിനാണെന്നൊന്നും ഒരുപിടിയും കിട്ടുന്നില്ല. ഇതിനെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് വാച്ച്മാൻ പറയുന്നതൊക്കെയാണ് വലിയ തമാശ. എന്റമ്മോ!