വ്യത്യസ്തവും റിയലിസ്റ്റിക്കുമായ പൊലീസ് വേഷം എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ എന്താണു കരുതുക. ഭരത് ചന്ദ്രനും ഇൻസ്‌പെക്ടർ ബൽറാമുമൊക്കെ ഉണ്ടാക്കിയ അതിമാനുഷ പൊലീസ് അന്വേഷണങ്ങളിൽ നിന്നും മാറി, സമകാലീന യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്ന ഒരു പടമാണ് ആക്ഷൻ ഹീറോ ബിജു എന്നാണെന്നല്ലേ. എന്നാൽ പ്രത്യേകിച്ചൊരു ട്വിസ്റ്റോ സസ്‌പെൻസോ ഇല്ലാതെ, ഒരു പൊലീസ് ദിനചര്യ പകർത്തിവെക്കുന്നതാണ് വലിയ വ്യത്യസ്തതായി അവകാശപ്പെടുന്നതെന്ന് ഓർക്കുമ്പോൾ, സങ്കടം തോനുന്നു. കാര്യത്തോട് അടുക്കുമ്പോൾ പൊലീസ് തനി ഇടിയൻ പൊലീസാവുകയും ചെയ്യും. ദേശീയ അവാർഡ് കിട്ടിയ '1983' എന്ന ഒന്നാന്തരം സിനിമയെടുത്ത എബ്രിഡ് ഷൈന് എന്താണ് പറ്റിപ്പോയത്. തൊട്ടതെല്ലാം പൊന്നാക്കുന്ന നമ്മുടെ നിവൻ പോളി 'പ്രേമം' എന്ന കളക്ഷൻ റെക്കോർഡിട്ട സിനിമക്കുശേഷം തലവച്ചുകൊടുത്ത സാധനം കൊള്ളാം.

എന്നുവച്ച് കാശിനുകൊള്ളാത്ത പടപ്പൊന്നുമല്ല ഇത്. പ്രതീക്ഷകളുടെ അമിതഭാരംമാറ്റിവച്ചാൽ ഇത്തിരി ചിരിയും നൊമ്പരവുമൊക്കെയായി സിന എവിടെയൊക്കെയേ നമ്മെ സ്പർശിക്കുന്നുണ്ട്. പക്ഷേ മൊത്തമായി ആ ഫീൽഗുഡ് മൂഡ് കിട്ടുന്നില്ല. അതവിടെ നിക്കട്ടെ. ഈ ലേഖകനെ ഞെട്ടിച്ചത് അതൊന്നുമല്ല. കൊളോണിയൽ ഹാങ്ങോവർ ഇനിയും വിട്ടുമാറിയിടില്ലാത്ത നമ്മുടെ പൊലീസിനെ കുടുതൽ ജനാധിപത്യ വൽക്കരിക്കുവാനൊക്കെയുള്ള ചർച്ചകൾ പുരോഗമിക്കുന്ന ഇക്കാലത്ത് അങ്ങേയറ്റും അരാഷ്ട്രീവും, കൈക്കരുത്തിൽ മാത്രം വിശ്വസിക്കുന്നതുമായ ഒരു പൊലീസിങ്ങിനെയാണ് ഈ ചിത്രം ആദർശവത്ക്കരിക്കുന്നത്. വ്യത്യസ്തമെന്ന് പറഞ്ഞ് പഴയ വീഞ്ഞ് അതിലും അപകടകരമായ കുപ്പിയിലാക്കുകയാണ് ഇവർ. ഈ സിനിമ ഒരു സാംസ്കാരിക അശ്‌ളീലമാകുന്നതും അതിന്റെ രാഷ്ട്രീയ വായനയിലാണ്.

ഇതു താൻ ടാ പൊലീസ്!

സൊസൈറ്റി വേഴ്‌സസ് സിസ്റ്റം എന്ന പരമ്പരാഗത രീതിയനുസരിച്ച് വാർത്തെടുക്കപ്പെട്ട ക്ഷുഭിതരായ നായകർ ആയിരുന്നില്ലേ, നമ്മുടെ മുൻകാല പൊലീസ് പടങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ വ്യത്യസ്തനെന്ന് അവകാശപ്പെടുന്ന ഈ പടത്തിന്റെ സംവിധാനവും ഇതേ മാതൃകയിലാണ്. മാത്രമല്ല, ബിജുവിന്റെ കൈയിലിരുപ്പുവച്ചുനോക്കുമ്പോൾ സുരേഷ് ഗോപിയൊക്കെ എത്രയോ ഭേദവുമായിരുന്നു.

സബ് ഇൻസ്‌പെക്ടർ ബിജു പൗലേസിന്റെ ഗുണങ്ങൾ സിനിമയിൽ തന്നെ കാണിക്കുന്നത് നോക്കുക. ലോക്കപ്പ് മർദ്ദനത്തിനെതിരെ സുപ്രീം കോടതിവരെ ഇടപെട്ട ഇക്കാലത്തും, അയാൾ നാളികേരം ഭംഗിയായി തോർത്തുമുണ്ടിൽ പൊതിഞ്ഞ് പ്രതികളുടെ മുതുകത്ത് നിർദയം ഇടിക്കുന്ന ആളാണ്. ഈ പടത്തിനായി വലിയ ഗവേഷണം നടത്തിയെന്നൊക്കെ പറയുന്ന അണിയറ ശിൽപ്പികൾ മര്യാദയ്ക്ക് ഒരു പൊലീസ് സ്റ്റേഷനിൽ കയറിയിരുന്നെങ്കിൽ ഇത്തരം രംഗങ്ങൾ ഒഴിവാക്കാമായിരന്നു. വാട്‌സാപ്പിന്റെയും ഫേസ്‌ബുക്കിന്റെയുമൊക്കെ കാലത്ത് ഇന്ന് ഏത് സ്‌റ്റേഷനിലാണ് ഗരുഡൻതൂക്കവും സാങ്കൽപ്പിക കസേരയുമൊക്കെ പരസ്യമായി ഉള്ളത്. (സ്റ്റേഷനിൽ ഇല്ലന്നേയുള്ളൂ, കടുത്ത പ്രയോഗങ്ങൾക്കുള്ള ടോർച്ചറിങ്ങ് സെല്ലുകൾ പലയിടത്തും പുറത്ത് പ്രത്യേകമുണ്ട്) എന്നാൽ ഒരു പ്രദേശത്തിന്റെ നാടുവാഴിയെപ്പോലെ ഇരുന്ന് കൈയൂക്കും തൻപ്രമാണിത്തവുമായി ഭരണം നടത്തുകയാണ് അയാൾ. അതിന് അയാൾക്ക് പറയാനുള്ളത് പാവപ്പെട്ടവന്റെ സുപ്രീംകോടതിയാണ് പൊലീസ് സ്റ്റേഷൻ എന്നാണ്.

[BLURB#1-VL] പ്രതിയും ഒരു മനുഷ്യനാണെന്ന് ഒരിക്കലും അയാൾ ഓർക്കുന്നില്ല എന്ന് മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകരെ മുഖത്തുനോക്കി സഭ്യേതരമായ രീതിയിൽ ആക്ഷേപിക്കുന്നുമുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുമ്പോഴും അയാൾ മാനസ്സികമായി അതിന് എതിരാണ്. അടിക്കേണ്ടവനെ അടിച്ചാലും തൊഴിക്കേണ്ടവനെ തൊഴിച്ചാലുമേ നാട് നന്നാവൂ എന്ന കാടൻ രീതിയിലാണ് അയാൾ വിശ്വസിക്കുന്നത്. മുടി നീട്ടി വളർത്തുന്നവനെയും, മൂന്നാം ലിംഗാവസ്ഥയിലുള്ളവനെയും അയാൾക്ക് പുച്ഛമാണ്. പൊലീസ് വാഹന പരിശോധനിലും മറ്റും ഇടപെടുമ്പോൾ ജനത്തെ സാറേ എന്ന് വിളിക്കണമെന്ന സർക്കുലറൊന്നും അയാൾക്ക് ബാധകമല്ല. തന്റെ മുന്നിലത്തെുന്നവർ ഏത് പ്രായക്കാർ ആയാലും അയാൾ തനി പൊലീസ് വിളിയായ 'എടാ, പോടാ, എന്നേ വിളിക്കൂ. സാറേ, സാറേ എന്ന് കരഞ്ഞുവിളിക്കുന്നതിന്റെ വോയ്‌സ് ഓവറാണ് പടത്തിൽ ഭൂരിഭാഗവും. ആ സാർ വിളിയിൽ അഭിരമിക്കുന്നവർക്ക് ജനങ്ങളെ സാറേ എന്ന് വിളിക്കുന്നത് എങ്ങനെ സഹിക്കാനാണ്. കറുത്തവരും പ്രാന്ത്രവത്കൃതരുമായ ആളുകൾ മാത്രമാണ് അയാൾക്കുമുന്നിൽ പ്രതികളായി എത്തിപ്പെടുന്നതും. ഈ മാഫിയാ ലോകത്ത് വീട്ടുജോലിക്കാരും, പുറമ്പോക്കിൽ താമസിക്കുന്നവരുമല്ലാത്ത 'ക്രിമിനലുകളിലേക്ക്' ബിജു അല്ല സിനിമ പോവുന്നില്ല. കറുത്തവരോട് അയാൾ ബാലിശമായ മുൻവിധി പുലർത്തുന്നുണ്ട്. ഒരുതവണ ഒരു അൽപ്പം പ്രായം ചെന്ന കറുത്ത സ്ത്രീയെ പ്രണയിച്ച ഓട്ടോ ഡ്രൈവറുടെ കരണത്ത് അടിച്ചുകൊണ്ട് സബ് ഇൻസ്‌പെക്ടർ ബിജു പറയുന്നത് 'ഇതുപോലൊരു സാധനത്തെ പ്രേമിച്ചതിനാണ് നിനക്ക് ആദ്യത്തെ അടിയെന്ന്'.

ആൺകോയ്മയുടെയും പരസ്യ വ്യക്താവായ ബിജു ഒരിക്കൽ ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ മീശയില്ലാത്ത ഭർത്താവിനെ കളിയാക്കി സംസാരിക്കുന്നുമുണ്ട്. എന്തിനധികം ക്രിമനലിസത്തെക്കുറിച്ച് അൽപ്പം ബോധമുള്ളവർ ആരും തന്നെ ഒരു അമ്മയെ പ്രതിയാണെന്ന കാരണംകൊണ്ട് മക്കളുടെ മുന്നിലൂടെ വിലങ്ങുവച്ച് കൊണ്ടുപോവില്ല. ഇവിടെ മേഘനാഥന്റെ കഥാപാത്രം, ഗതികേടുകൊണ്ട് ഒരു കേസിൽ പ്രതിയായ തന്റെ ഭാര്യയെ, ( രോഹിണി) മക്കൾ കാണുന്നതിനുമുമ്പ് കൊണ്ടുപോവണം എന്ന് വിങ്ങിപ്പൊട്ടി പറയുമ്പോഴും 'എല്ലാവരും കാണട്ടേയെന്നാണ്' അയാൾ പറയുന്നത്'! ഇപ്പോൾ പറയുക, അജിത്തിന്റെയും സൂര്യയുടെയുമൊക്കെ പൊലീസുകാർ പോലും എത്ര ഭേദമായിരുന്നു. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി പൊങ്കാലയിടുന്ന ചിത്രങ്ങൾ അവിടെ ഇറക്കാൻ തന്നെ കഴിയില്ല.

ഭരണകൂടം പൗരന്റെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാതെ പരാമാവധി മാറിനിൽക്കുന്നതാണ് വികസിത രാജ്യങ്ങളിലൊക്കെ ചെയ്തുവരുന്നത്. ഇവിടെ ചീട്ടുകളി പിടിക്കാൻപോലും പൊലീസ് നാട്ടുകാരുടെ പിറകെ നേട്ടോട്ടമോടുകയാണ്. പണ്ട് സൈക്കിളിൽ ഡബിളടിച്ച് ( രണ്ടുപേർ യാത്രചെയ്യുന്നത്) പോവുന്നതായിരുന്ന ഈ നാട്ടിലെ വലിയ ക്രമസമാധാന പ്രശ്‌നമെങ്കിൽ ഇന്നത് ബൈക്കും ഹെൽമെറ്റുമാണ്. തൊട്ടടുത്തേക്ക് വീട്ടിൽനിന്ന് ബൈക്ക് എടുക്കുന്നവനെപ്പോലും കെണിവച്ചന്നപോലെ പിടിക്കുന്ന അവസ്ഥ. അതായത് നിങ്ങളെ എത് നിമിഷവും ഞങ്ങൾ പരിശോധിക്കും, സ്വകാര്യതയെന്നത് ആർക്കുമില്ല എന്ന ഭരണകൂട മൂടുതാങ്ങി പൊലീസിനെയാണ് ഈ പടം പ്രതിധാനം ചെയ്യുന്നത്. അഴിമതിക്കാരനല്ല എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം സാധൂകരിക്കപ്പേടേണ്ടതല്ല, ബിജുവിന്റെ ചെയ്തികൾ. ഭരണകൂട ഭീകരത വർധിച്ചുവരുന്ന നമ്മുടെ കൃത്യമായ വിധേയത്ത രാഷ്ട്രീയം തന്നെയാണ് ഈ പടം പറയുന്നത്.[BLURB#2-H] 

ഇനി മറ്റൊരു കാര്യം നോക്കൂ.ഈ പടത്തിലെ മുഴവൻ പൊലീസുകാരും, കമ്മ തൊട്ട് കോൺസ്റ്റബിൾ വരെ ശുദ്ധ പുണ്യാളമ്മാരാണ്. ഉന്നതർ കോഴവാങ്ങിയതിന്റെയും വ്യഭിചരിച്ചതിന്റെയും കേസുകൾ ഒതുക്കി മാനം നഷ്ടപ്പെട്ട് കേരളാപൊലീസ് കഴിയുന്ന സമകാലീന സാഹചര്യത്തിലാണ് ഈ കാക്കിയിട്ട കാരുണ്യനിധികളെ കാണിക്കുന്നത്. ഒറ്റ പൊലീസുകാരനും നെഗറ്റീവ് ഷെയ്ഡ്‌പോലുമില്ല. സംവിധയകന്റെയും തിരക്കഥാകൃത്തിന്റെയും തലയൊന്ന് പരിശോധിക്കുന്നത് നല്ലതാണെന്ന് ഈ രംഗങ്ങൾ കണ്ടപ്പോൾ ഓർത്തുപോയി. ( 'ഞാൻ സ്റ്റീവ് ലോപ്പസ് 'എന്ന രാജീവ് രവിയുടെ ചിത്രമൊക്കെ എത്ര ശക്തമായാണ് പൊലീസും പൗരസമൂഹവും തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അടയാളപ്പെടുത്തുന്നത്)

ചീറ്റിപ്പോയ തിരക്കഥ അഥവാ വ്യത്യസ്തതക്കായുള്ള കോപ്രായങ്ങൾ

വ്യതസ്തത വേണമെന്ന് നിരന്തരം ശല്യപ്പെടുത്തുന്നവരോട്, ഫുൾ സ്‌മോക്കിട്ട് കൊടുത്ത് ഒന്നും കാണാതാക്കി വെറൈറ്റി കൊടുത്ത സലീംകുമാറിന്റെ ഡാൻസ് മാസ്റ്ററെ ഓർമ്മിപ്പിക്കയാണ് ഈ പടത്തിന്റെ രചന നിർവഹിച്ച സംവിധയകാൻ എബ്രിഡ് ഷൈനും, മുഹമ്മദ് ഷഫീഖും. അവർ വ്യത്യസ്തനെന്ന് തോന്നിപ്പിക്കുന്ന ഒരു പൊലീസ് വേഷം വേണം. എന്നാൽ വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും അതിൽ കുത്തിത്തിരുകയും വേണം.

ഇനി റിയിലിസ്റ്റിക്കായ കഥയെന്നാൽ എന്താണ്് സാർ അർഥമാക്കുന്നത്. അന്തവും കുന്തവുമില്ലാതെ ഒരു കഥയങ്ങ് പറഞ്ഞു പോവുകയോ. അതിൽ സിനിമയെവിടെ. ആദ്യ പകുതിയിലെ മുക്കാൽഭാഗം വരുന്ന സീനീകളിൽ ഒഴിച്ചാൽ പ്രേക്ഷകനെ പടിച്ചിരുത്തുന്ന രീതിയിൽ ചിത്രീകരിക്കാൻ പോലും എബ്രിഡ് ഷൈനിന് ആയിട്ടില്ല. രണ്ടാം പകുതിയുടെ പല സീനുകളും ഇഴയുന്നതായ തോന്നുന്നത്, ഇത്തരം ഒരു ലീനിയർ നരേറ്റീവ് ആയ കഥ കണ്ടു പരിചയമില്ലാത്തതുകൊണ്ട് മാത്രമല്ല, മികച്ച സിനിമാറ്റിക്ക് മുഹൂർത്തങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് കൂടിയാണ്. ബിജു രാവിലെ എണീക്കുന്നു, കാപ്പികുടിക്കുന്നു, തൊപ്പിവച്ച് സ്റ്റേഷനിലേക്ക ഇറങ്ങുന്നു, അവിടെവച്ച് കള്ളനെ പിടക്കൽ, വാഹനപരിശോധന തുടങ്ങിയകാര്യങ്ങൾ അറ്റൻഡ് ചെയ്യുന്നു... അങ്ങനനെ പ്രത്യേകിച്ചൊരുകാര്യവുമില്ലായെ നീളുകയാണ് ഈ പടത്തിന്റെ 'വ്യത്യസ്തമായ' കഥ. ഇടക്ക് നർമ്മവും നൊമ്പരവും അടങ്ങുന്ന എതാനും മുഹൂർത്തങ്ങൾ ഒരുക്കാൻ കഴിഞ്ഞെങ്കിലും മൊത്തത്തിൽ കഥക്ക് ഫോക്കസില്ലാതെ പോയി. ഏവരെയും മുണ്ടുപൊക്കികാണിക്കുന്ന ഒരു മദ്യപാനിയെയും, സ്റ്റേഷനിലെ വയർലെസ് സെറ്റ് മോഷണം പോവുന്നതുമൊക്കെ ശരിക്കും രസകരമായാണ് ചിത്രീകരിച്ചിരുക്കുന്നത്. പക്ഷേ രസം അവയിൽ ഒതുങ്ങിപ്പോവുന്നു.

ആദ്യ സീൻ കണ്ടാൽ തന്നെ കൈ്‌ളമാക്‌സ് ഊഹിക്കാവുന്ന രീതിയിലുള്ള ദുർബല തിരക്കഥയാണ് ബിജുവിനുള്ളത്. സാധാരണ ന്യൂജൻ സിനിമയിലെ കഥാപാത്രങ്ങളൊക്കെ പരസ്പരം ബന്ധമില്ലെന്ന് തുടക്കത്തിൽ തോന്നുമെങ്കിലും അവസാനം അവർ തമ്മിൽ പ്രത്യക്ഷമോ പരോക്ഷമോ ആയുള്ള സഹവർത്തിത്വം നിർധാരണംചെയ്ത് എടുക്കാറുണ്ട്. എന്നാൽ ഇവിടെ വ്യത്യസ്തനാവാനുള്ള ശ്രമത്തിൽ അവയെല്ലാം വേറിട്ട് കിടക്കുന്നു. അതുകൊണ്ടുതന്നെയാണ് പടത്തിന്റെ പലഭാഗങ്ങും പ്രേക്ഷകർക്ക് ദഹിക്കാതെ പോവുന്നതും.

അത്ഭുതപ്പെടുത്തി സുരാജ്; ഓവർ ആക്ഷനിൽ നിവിൻ

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയ സിനിമ കാണാൻ അവസരം കിട്ടാത്തവർ ഈ പടം ഒന്നു കണ്ടുനോക്കിയാൽ ഈ നടൻ ആദരിക്കപ്പെട്ടതിന് പന്നിലെ രഹസ്യം ബോധ്യപ്പെടും. വെറും രണ്ടേ രണ്ട് സീനിൽ വന്ന് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച് കടന്നുപോവുകയാണ് ഈ നടൻ. സുരാജിന്റെ ശബ്ദ നിയന്ത്രണവും ഭാവാഭിനയവും അതിശയിപ്പിക്കുന്നതാണ്. ഇത്രയും റേഞ്ചുള്ള ഈ നടൻ തറക്കോമഡികളുടെ പെട്ടകത്തിനുള്ളിൽ തളച്ചിടപ്പെടുന്നുവെന്നതും ദയനീയമാണ്. സുരാജിന്റെ മികച്ച ക്യാരക്ടർ വേഷങ്ങൾ ഇനിയും മലയാളി കണാനിരിക്കുന്നതേയൂള്ളൂവെന്നും ഈ പടം അടിവരയിടുന്നു. ജഗതി ശ്രീകുമാറിന്റെയും തിലകൻ ചേട്ടന്റെയും ഒടുവിലാന്റെയുമൊക്കെ അഭാവം സൃഷ്ടിച്ച ശൂന്യത നികത്തേണ്ടത് സുരാജിനെപ്പോലുള്ളവരുടെ മേക്ക്ഓവറിലൂടെയാണ്.[BLURB#3-VL]

മിതത്വവും പക്വതയുമായിരുന്ന നിവിൻപോളിയുടെ നടന ചാരുത. പക്ഷേ ഈ പടത്തിൽ പലപ്പോഴും നിവിൻ ഓവർ ആക്ഷനായി മാറിപ്പോവുന്നു. അവസാനഘട്ടങ്ങളിലൊക്കെ ശരിക്കും സൂപ്പർസ്റ്റാർ സിൻഡ്രോം നിവിനെയും പിടികൂടിയിട്ടുണ്ട്. ഭരത് ചന്ദ്രനായി ഗർജിക്കുകയാണ് എസ്.ഐ ബിജു പൗലോസും. നിവൻ ഒരു എസ്.ഐ ആകുമ്പോൾ കുറെക്കുടി റിയലിസ്റ്റിക്കായുള്ള അഭിനയമായിരുന്നു വേണ്ടിയിരുന്നത്. ചിലയിടത്ത് 'മുഖത്തിലെ' മോഹൻലാൽ, ചില ഭാഗങ്ങളിൽ ഭരത് ചന്ദ്രൻ, ചിലയിടത്ത് ഇൻസ്‌പെക്ടർ ബൽറാം... എന്നിങ്ങനെ മുൻകാല പൊലീസ്വേഷങ്ങളുടെ ഛായയിൽനിന്ന് കുതറിച്ചാടൻ നിവിന് ആയിട്ടില്ല. ( മലയാളത്തിലെ ക്‌ളാസിക്ക് പൊലീസ് വേഷങ്ങളായി കരുതപ്പെടുന്ന 'വർഗ'ത്തിലെയും,'മുംബൈപൊലീസിലെയും' പ്രഥ്വീരാജിന്റെ പ്രകടനവും, 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ' ഇന്ദ്രജിത്തിന്റെ വേഷവും ഇതുമായി താരമത്യം ചെയ്താൻ നിവിന്റെ കഥാപാത്രത്തിന്റെ കാമ്പില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും)
മാത്രമല്ല, നിവിന്റെ താരമൂല്യത്തിനൊപ്പിച്ച് എടുത്തതുകൊണ്ടാവണം സഹതാരങ്ങൾക്ക് കാര്യമായൊന്നും നടിക്കാനുള്ള റോൾ ഈ പടത്തിലില്ല.

ജോജുവിന് മാത്രമാണ് എന്തെങ്കിലും ചെയ്യാനുള്ളത്. ബാക്കിയുള്ളടത്തെല്ലാം 'ഏന്റെ തല എന്റെ ഫുൾ ഫിഗർ'.സൂപ്പർ താരങ്ങളുടെ നവദ്വാരങ്ങൾവരെ കാണിച്ചശേഷമാത്രം സഹനടന്മാരെ പരിചയപ്പെടുത്ത സിനിമകളോടുള്ള പ്രതിഷേധം കൂടിയായിരുന്നല്ലോ, മലയാളത്തിലെ നവതരംഗം. ഇപ്പോൾ അങ്ങനെ വന്നവർ താരങ്ങളാവുമ്പോഴും സഹതാരങ്ങൾക്ക് ശ്വാസംവിടാനുള്ള സ്ഥലം കൊടുക്കുന്നില്ല. എന്നിട്ടും സംവിധായകൻ സോഹൻ സീനുലാലും, മേജർരവിയും, കലാഭവൻ പ്രജോദുമൊക്കെ തങ്ങളുടെ വേഷങ്ങൾ ഭദ്രമക്കിയിട്ടുണ്ട്. എതാനും സീനുകളിൽ വന്നുപോകുന്ന രോഹിനിയും, മേഘനാഥനുപോലും പ്രേക്ഷകരുടെ ശ്രദ്ധയകാർഷിക്കുന്നു.[BLURB#4-H] 

മൊത്തത്തിൽ ആൺകോയ്മയുടെ ആഘോഷമായതു കൊണ്ടു തന്നെയാവണം, ഏതാനും ഫോൺവിളികളിലും ഒരു പാട്ടീസീനിലും മാത്രമേ നായിക അനുഇമ്മാലുവേൽ ഉള്ളൂ. വർഷങ്ങൾക്കുശേഷം തിരച്ചുവന്ന ജെറി അമൽദേവിന്റെ സംഗീതവും രാജേഷ് മുരുകന്റെ പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്.

വാൽക്കഷ്ണം:

രു കൂട്ടർക്ക് ട്രിബ്യൂട്ടെന്ന മോഡലിൽ പടമെടുത്താൽ പതിവായി സംഭവിക്കുന്ന പെട്ടുപോവലാണിത്. ആരെയും വിമർശിക്കാൻ കഴിയാതെ തിരക്കഥ നിശ്ചലമായിപ്പോവും. ഫയർഫോഴ്‌സുകാരന്റെ കഥ എടുത്താൽ അവർ സൽഗുണ സമ്പന്നരും ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ പോലും ലീവ് കിട്ടാത്തവരുമാണ്. മേജർ രവിയുടെ പട്ടാളക്കഥകളിലും അങ്ങനെ തന്നെ. പത്രപ്രവർത്തകന്റെ കഥ പറയുന്ന ദിലീപിന്റെ 'സ്വലേ' യിലുമുണ്ട്, ഭാര്യയുടെ പ്രസവസമയത്ത് ഔദ്യോഗിക കൃത്യനിർവഹണങ്ങളിൽ മുഴുകിപ്പോവുന്ന നായകൻ. വ്യത്യസ്തമാണെന്ന് ഭള്ളു പറയുന്ന നമ്മുടെ ബിജുവിന്റെ ക്‌ളെമാക്‌സും ഈ ക്‌ളീഷേ പ്രസവ ലീവിനെ ചൊല്ലിയാണ്. കണ്ടുമടുത്ത് അരോചകമായ ഈ സീനെങ്കിലും ഒന്നു മാറ്റിപ്പിടിക്കാമായിരുന്നു.