ന്യഭാഷയിൽ നിന്നുള്ള മൊഴിമാറ്റ ചിത്രങ്ങളെ അനുകരിക്കുന്നതും, ഭാവിയിൽ അന്യഭാഷയിലേക്ക് മാറ്റപ്പെടുമെന്ന് കണ്ട് കഥ തല്ലിക്കൂട്ടുന്നതും മലയാള സിനിമക്ക് ഒരുപോലെ ശാപമാവുകയാണ്. ദിലീപിന്റെ 'ഇവൻ മര്യാദരാമന്' പറ്റിയ പറ്റ് ആദ്യഗണത്തിൽപെടുന്നതാണെങ്കിൽ, ഹിറ്റ്‌മേക്കർ സിദ്ദീഖിന്റെ മമ്മൂട്ടി ചിത്രമായ 'ഭാസ്‌ക്കർ ദ റാസ്‌ക്കൽ' രണ്ടാമത്തെ ഗണത്തിൽ പെടും. ഭാവിയിൽ ഹിന്ദിയിലേക്കും തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെയുള്ള റീമേക്ക് സാധ്യതകൾ മുന്നിൽകണ്ട് കഥ തല്ലിപ്പഴുപ്പിച്ചപ്പോൾ അത് മലയാള സിനിമയല്ലാതായിപ്പോയി. കൂട്ടത്തിൽ സ്‌കൂൾകുട്ടികളുടെ സ്‌കിറ്റിന്റെ നിലവാരം പോലുമില്ലാത്ത കോമഡി കൊണ്ടുള്ള ഭീകരാക്രമണവും!

നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയാവട്ടെ തന്റെ മുൻകാല ചിത്രങ്ങളുടെ വാർപ്പുമാതൃകകളിൽ കുടുങ്ങിക്കിടക്കയുമാണ്. ചുരുക്കത്തിൽ ക്രോണിക്ക് ബാച്ചിലറായ സത്യപ്രതാപന്, ഹിറ്റ്‌ലർ മാധവൻകുട്ടിയിൽ ഉണ്ടായ സന്തതിയാണ് ഭാസ്‌ക്കർ. പേര് അറം പറ്റിയപോലെ അത് പിഴച്ചുപോയി. ഒറ്റവാക്കിൽ പറഞ്ഞാൽ സിദ്ദീഖിന്റെ മുൻകാല ചിത്രങ്ങളുടെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയില്ലാത്ത, വെറുപ്പിക്കൽ കോമഡികൾ കുത്തിനിറച്ച ചിത്രമാണിത്. പക്ഷേ മമ്മൂട്ടിയുടെ കരിസ്മ കാണാൻ കൊതിക്കുന്ന, അദ്ദേഹത്തിന്റെ ഒരു കട്ട ഫാനാണ് നിങ്ങളെങ്കിൽ മാത്രം ഇതിന് ടിക്കറ്റ് എടുത്തുകൊള്ളൂ. കുറ്റം മാത്രം പറയരുതല്ലോ, മേക്കപ്പിന്റെയും കമ്പ്യൂട്ടർ ഇഫക്റ്റ്‌സിന്റെയുമൊക്കെ സഹായമുണ്ടെങ്കിലും, വാർദ്ധക്യത്തിന്റെ ക്ഷീണമൊന്നുമില്ലാതെ പ്രസരിപ്പോടെയും ചുറുചുറക്കോടെയുമുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെക്കാലത്തിന് ശേഷമാണ് കാണുന്നത്.

താങ്ങാനാവാതെ തറക്കോമഡി; വെറുപ്പിക്കൽ മത്സരവുമായി ഹരിശ്രീയും സാജുവും ഷാജോണും

സിദ്ധീഖ്‌ലാൽ ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളി പൊട്ടിച്ചിരിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ലാലിനെ പിരിഞ്ഞ് സിദ്ദീഖ് ഒറ്റക്ക് പടമെടുക്കാൻ തുടങ്ങിയതോടെ ഹാസ്യത്തിന്റെ രീതിയും മാറി. മലയാളം 'ബോഡിഗാർഡി'ലും, 'ലേഡീസ് ആൻഡ് ജന്റിൽമാനിലും' സിദ്ദീഖ് കോമഡികൊണ്ട് നമ്മെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആ പരാജയങ്ങളിൽ നിന്ന് ഈ ജനപ്രിയ സംവിധായകൻ ഒരു ചുക്കും പഠിച്ചിട്ടില്ലെന്ന് ഭാസ്‌ക്കറിലെയും അരോചക കോമഡികൾ തെളിയിക്കുന്നു. പതിവുപോലെ കോടീശ്വരനായ നായകന് തെറിപറയാനും ചീത്തവിളിക്കാനുമൊക്കെയുള്ള സഹായികളാണ് കലാഭവൻ ഷാജോണും, ഹരിശ്രീ അശോകനും, സാജു നവോദയയുമൊക്കെ (പാഷണാം ഷാജി). ഒരുപാട് ഗംഭീര കഥാപാത്രങ്ങൾക്ക് മിഴിവേകി പൊട്ടിച്ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഹരിശ്രീ തന്റെ രണ്ടാം വരവിൽ തീർത്തും മങ്ങിപ്പോയി. കൂട്ടത്തിൽ ഭേദം നമ്മുടെ പാഷാണം ഷാജി തന്നെയാണ്. കലാഭവൻ ഷാജോണിനെ ഇത്രക്ക് ദയനീയമായി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.

ഇവരൊക്കെ ഉള്ളതുകൊണ്ടുകൂടിയാവണം, ടെലിവിഷൻ കോമഡി പരിപാടികളുടെ സ്‌കിറ്റിന്റെ ഒരു തുടർച്ചയായാണ് ഈ സിനിമ അനുഭവപ്പെടുക. പല കോമഡികൾക്കും ലോജിക്ക് ഒന്നുമില്ല. പണ്ടൊക്കെ ജഗതിയും, ശ്രീനിവാസനുമൊക്കെ നായകനോട് കട്ടക്ക്കട്ടക്ക് നിൽക്കുന്ന വേഷങ്ങൾ ചെയ്താണ് കോമഡിയുണ്ടാക്കിയത്. അല്ലാതെ നായകന്റെ എച്ചിൽപാത്രവും തുപ്പൽ കോളാമ്പിയും പേറാനുള്ള അടിമകൾ മാത്രമായിരുന്നില്ല സപ്പോർട്ടിങ്ങ് ക്യാരക്ടേഴ്‌സ്. സിനിമയുടെ പൊതുഘടനയിൽ അവർക്കും അവരുടേതായ വ്യക്തിത്വമുണ്ടായിരുന്നു. എന്നാൽ സമ്പൂർണ താരാധിപത്യം ആ അവശേഷിക്കുന്ന ജനാധിപത്യത്തെക്കൂടി ഇല്ലാതാക്കി. ഈ സിനിമയിൽ ഒരു തല്ലു കഴിഞ്ഞാൽ, വണ്ടിയിൽ നിന്ന് പുതിയ മുണ്ടെടുത്ത് ഭാസ്‌ക്കറിനെ ഉടുപ്പിച്ചുകൊടുക്കേണ്ട ഗതികേടുകൂടിയുണ്ട് ഈ 'മണ്ടന്മാർക്ക്'.

ഭൂരിഭാഗം കോമഡികളിലും ലോജിക്ക് എന്ന സാധനം എഴ് അയലത്തുകൂടി പോയിട്ടില്ല. മമ്മൂട്ടി നയൻതാരയെ പരിചയപ്പെടുന്ന സീൻതന്നെ നോക്കുക. സിദ്ദീഖ്‌ലാൽ ടീമിന്റെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിങ്ങിൽ സായികുമാർ പേഴ്‌സ് പോക്കറ്റടിച്ചുവെന്ന് സംശയിച്ച് മുകേഷിനെ മർദ്ദിക്കുന്നതിന്റെ പുതിയ പതിപ്പാണിത്. (പക്ഷേ അവിടെ എത്ര സമർത്ഥമായാണ് നർമ്മം വന്നത്. ലോജിക്കിന്റെ പ്രശ്‌നം ഉദിക്കുന്നില്ല.) ഒരുകാൾ വിളിക്കട്ടെയെന്ന് പറഞ്ഞ് ഇരുവർക്കും നടുവിലുള്ള ഫോണെടുക്കുന്ന മമ്മൂട്ടി ഒരു പാട് കാളുകൾ വിളിക്കുന്നു. ഇതിൽ ക്ഷുഭിതയായ നയൻസ് ചോദ്യം ചെയ്യുമ്പോൾ അയാൾ വിലപിടിച്ച ആ ഫോൺ എറിഞ്ഞ് പൊട്ടിക്കുന്നു. ദേഷ്യത്തോടെ അയാളെ റാസ്‌ക്കലെന്ന് വിളിക്കുന്ന നായിക. ഉടൻതന്നെ തന്റെ ഫോണിലേക്ക് ഒരു കാൾവരുമ്പോഴാണ് അവൾ അറിയുന്നത് ഭാസ്‌ക്കർ പൊട്ടിച്ചത് അയാളുടെ തന്നെ ഫോണാണെന്ന്. മൊബൈൽ ഫോൺ നിരോധിച്ചിരിക്കുന്ന സ്‌കൂളിൽ താൻ കാൾചെയ്യുന്നത് ഇവൾ വിലക്കുകയാണെന്നാണ് ഭാസ്‌ക്കർ കരുതിയത്. അങ്ങനെ അമ്പരന്നു നിൽക്കുന്ന നായികയിലാണ് സിനിമ തുടങ്ങുന്നത്.

പക്ഷേ സാധാരണ ഗതിയിൽ ഏതൊരാളും സ്വന്തം ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ മാന്വലായി നമ്പർ ഡയൽചെയ്യേണ്ട കാര്യമില്ലല്ലോ. ഫോൺ മെമ്മറിനോക്കിയാണല്ലോ വിളിക്കുക. പക്ഷേ ഇവിടെ ഭാസ്‌ക്കർ ഒരോ നമ്പറും ഡയൽ ചെയ്താണ് വിളിക്കുന്നത്. ഈ ഊളത്തരങ്ങളൊന്നും സംവിധായകൻ ശ്രദ്ധിക്കുന്നില്ല.

സത്യത്തിൽ ഈ ചിത്രത്തിന്റെ വൺലൈൻ ഇത്തരം അരോചക തമാശകളില്ലാതെ വികസിപ്പിച്ചാൽ നന്നാവുമായിരന്നു. രണ്ട് കൊച്ചു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ അപ്പനമ്മമാരെ പരസ്പരം പ്രണയിക്കാൻ പ്രേരിപ്പിക്കയാണ്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട മാസ്റ്റർ സനൂപ്, തന്റെ കൂട്ടുകാരിയുടെ അമ്മയിലാണ് സ്വന്തം മാതാവിനെ കണ്ടത്തെുന്നത്. അപ്പുറത്ത് ബേബി അനിഖക്ക് വേണ്ടത്, തന്റെ കൂട്ടുകാരന്റെ പിതാവിനെപ്പോലെ ആനകുത്തിയാലും ഇളകാത്ത, എത് പ്രതിസന്ധിയെയും കയ്യൂക്ക്‌കൊണ്ട് നേരിടുന്ന ഒരു പിതാവിനെയാണ്. അവരെ തമ്മിൽ ചേർക്കാനായി ഫോൺ സന്ദേശങ്ങളയച്ചും മറ്റും അവർ കാര്യങ്ങൾ രസകരമായി മുന്നോട്ടുകൊണ്ടുപോകുന്നു. അപ്പോഴാണ് ആ ഭീകര ഒന്നൊന്നര ട്വിസ്റ്റ് വരുന്നത്. അത് കണ്ടുതന്നെ അറിയുക.

വംശീയതയും, സ്ത്രീവിരുദ്ധതയും, പിന്നെ അസംബന്ധങ്ങളുടെ ഘോഷയാത്രയും  [BLURB#2-H]  റുത്തവൻ നിർലജ്ജം പരിഹസിക്കപ്പെടേണ്ടവനാണെന്ന ചിന്ത അടുത്തകാലത്തായി നമ്മുടെ സിനിമകൾ വല്ലാതെ ഉയർത്തുന്നുണ്ട്. രജിസ്ട്രാഫീസിൽ വച്ചുള്ള ഒരു സീനുണ്ട്. കറുത്ത ഒരു യുവാവ്, ഒരു വെളുത്ത പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ ആരോ പറയുന്ന കമന്റിന് യുവാവിന്റെ കൗണ്ടർ ഇങ്ങനെ. 'എന്റെ അമ്മ എല്ലാ സാധനവും കരിച്ചേ ഉണ്ടാക്കൂ'. പെറ്റമ്മക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ പറയുന്ന ഈ പടച്ചുവിടലിനെയൊക്കെ എന്ത് കോമഡിയെന്നു പറയാൻ. ഇതുപോലെ തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ പോവുന്നത്, ചത്തുകിടക്കുന്നവനോട് കോമഡി പറയുന്നത്, കല്യാണി കബീർ എന്ന പേരും കുടിക്കുന്ന ബിയറും തമ്മിൽ മാറിപ്പോയി ഭാസ്‌ക്കർ ഒരു സിനിമാ നടിയുടെ വിവാഹം മുടക്കുന്നത്, രജിസ്റ്റർ മാരേജിന് രജിസ്ട്രാറെ കസേരയോടെ പൊക്കി വീട്ടിലേക്ക് കൊണ്ടുവരുന്നത്, നായകന്റെ ഒറ്റ പഞ്ചിന് വില്ലന്മാർ കറങ്ങി വീഴുന്നത്... ഇങ്ങനെ തുടക്കം മുതൽ ഒടുക്കംവരെ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ്.

പുരുഷന്റെ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവില്ലെന്ന സാമ്പ്രദായിക നടപ്പുശീലങ്ങളെ ഈ സിനിമയും അടിവരയിടുന്നു. (സത്യൻ അന്തിക്കാടിന്റെ 'എന്നും എപ്പോഴും' നോക്കുക.) നായകനാവട്ടെ, നിസ്സാരകാര്യത്തിന് മുന്നിൽകാണുന്ന ആരെയും ചവിട്ടിക്കൂട്ടുന്ന പ്രകൃതവും. വിവരവും വിദ്യാഭ്യാസവുമില്ലെങ്കിലും നായകനായാൽ, നായികയുടെ ജീവനും സ്വത്തും സംരക്ഷിച്ചിരിക്കണം. അതോടെ മാത്രമേ നായികക്ക് 'ഫ്രേമം' വരൂ! എന്റെ പ്രിയപ്പെട്ട സിദ്ദീഖ്, ഇതൊക്കെ എത്രയെത്ര കണ്ട് തേഞ്ഞ് അളിഞ്ഞ സീനുകളാണ്. പ്രേക്ഷകരോട് അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ താങ്കൾ ഈ കഥയൊന്ന് മാറ്റിപ്പിടിക്കില്ലായിരുന്നോ? അതോ താങ്കൾ സാറ്റലൈറ്റ് റൈറ്റും റീമേറ്റ് റൈറ്റും മാത്രമാണോ ലക്ഷ്യമിടുന്നത്. പുതുതായി ഒന്നും പറയാനില്ലാതെ, പഴയ സിനിമകൾ പൊടിതട്ടി വികൃതമായി അനുകരിക്കുന്നവരുടെ കൂട്ടത്തിലേക്ക് പെടുകയാണ്, പ്രതിഭാധനനായ താങ്കളും.

ക്ലൈമാക്‌സാണ് അതിഗംഭീരം. പടക്ക കടക്ക് തീ പിടിച്ചപോലെ നാലുപാടും വെടിയും പുകയുമാണ്. പക്ഷേ എന്തുചെയ്യാൻ നായകൻ മെഗാ സ്റ്റാർ മമ്മൂട്ടിയും നായിക തെന്നിന്ത്യൻ സൗന്ദര്യറാണി നയൻതാരയും ആയിപ്പോയില്ലേ. സർക്കസിലെ കത്തിയേറുപോലെ തൊട്ടുതൊട്ടില്ല എന്ന് പറഞ്ഞുപോവുമെങ്കിലും ഒറ്റയൊന്നും ലക്ഷ്യത്തിൽ കൊള്ളില്ല. അവസാനം ഇൻ ഹരിഹർ നഗറിൽ ജോൺ ഹോനായി ഉപേക്ഷിച്ചുപോയതുപോലുള്ള ഒരു ചുവന്ന പെട്ടിക്കുവേണ്ടിയുള്ള വെടിവെപ്പ് മത്സരമാണ്. ആരാണ് വിജയിക്കുകയെന്ന് ഒരു സസ്‌പെൻസിന്റെ ആവശ്യമില്ലല്ലോ?

ഹിന്ദിപതിപ്പടക്കം ലക്ഷ്യമിട്ടെന്നോണം സിനിമയുടെ രണ്ടാം പകുതിയിൽ മുംബൈ അധോലോകവും പൂണെ നഗരവുമൊക്കെയാണ് വരുന്നത്. അവിടെ അതൊക്കെ ഓടിയേക്കാം. പക്ഷേ മലയാളത്തിൽ ഈ തോക്കുകൊണ്ടുള്ള കളിയൊക്കെ ചെക്കമ്മാർ പരിഹസിക്കയാണ്.

തിളങ്ങിയത് മാസ്റ്റർ സനൂപും ബേബി അനിഖയും

ബോറടി മൽസരത്തിൽ മമ്മൂട്ടിയുടെ പിതാവായി വേഷമിട്ട ജനാർദ്ദനനും നന്നായി സംഭാവന ചെയ്തിട്ടുണ്ട്. ജനാർദ്ദനൻ, സനൂപിനോട് ഭാസ്‌ക്കറിന്റെ പുർവകാലം പറയുന്ന നീണ്ട സീനൊക്കെ, പുതിയകാലത്തെ പിള്ളേരെ ഓർത്തെങ്കിലും ഒന്ന് വെട്ടിച്ചുരുക്കാമായിരുന്നു. ഇത്തവണത്തെ ദേശീയ അവാർഡ് ഈ പടത്തിന്റെ എഡിറ്റർക്ക് കൊടുക്കണം! [BLURB#1-VR]  തനിക്കായി ടെയിലർ മെയ്ഡായി ഉണ്ടാക്കിയ കഥാപാത്രത്തെ മമ്മൂട്ടി നന്നാക്കിയെങ്കിലും നയൻതാരക്ക് കാര്യമായൊന്നും നടിക്കാൻ ഉണ്ടായിരുന്നില്ല. ഉള്ളത് മോശമാക്കിയില്ലെന്ന് മാത്രം. എന്നാൽ മാസ്റ്റർ സനൂപും ബേബി അനിഖയുമാണ് ഈ പടത്തിലെ താരങ്ങൾ. അത്രക്ക് സ്വാഭാവികവും രസകരവുമാണ് ഇവരുടെ അഭിനയം. ഈ കുട്ടികൾ ഉള്ളതുകൊണ്ടാണ് തീയേറ്ററിൽ ബോടറിമരണം ഉണ്ടാവാത്തതും! മോശമല്ലാത്ത ഒന്നുരണ്ട് പാട്ടുകളും ആശ്വാസമാണ്.

വാൽക്കഷ്ണം: സിനിമാ പ്രൊമോഷനെന്ന പേരിലുള്ള ചർച്ചകളിൽ അൽപ്പം ബഡായിയൊക്കെയാവാം. പക്ഷേ ഇതുപോലൊന്നുണ്ടോ. ഈ സിനിമക്കായി സകല ചാനലുകളിലും കയറിയിറങ്ങി മമ്മൂട്ടിയും, സിദ്ദീഖും, ഹരിശ്രീ അശോകനുമൊക്കെ തട്ടിവിടുന്നതുകേട്ടാൽ, അതി ഗംഭീരമായ എന്തോ വിഭവമാണ് ഇതെന്ന് ധരിച്ചുപോവും. അല്ല സാറമ്മാരെ, ഒരു സിനിമ മൊത്തം കണ്ടാലും നിങ്ങൾക്ക് മനസ്സിലാവില്ലേ, ഇത് കൈയിൽനിന്ന് പോയെന്ന്. പിന്നെന്തിനാണ് നിങ്ങൾ ഇങ്ങനെ ആരാധകരെ പറ്റിക്കുന്നത്. ഇങ്ങനെ കയറിക്കുടുങ്ങി, പടം കണ്ടിറങ്ങിയ ഒരാൾ ഇതിന്റെ അണിയറക്കാരെ പ്‌രാകുന്നതും കേട്ടു. ഇങ്ങനെ പറ്റിക്കുന്ന ഇവരൊക്കെയാണത്രേ യഥാർത്ഥ റാസ്‌ക്കലുകൾ!