- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖറിൽ കാണുന്നത് മലയാളികൾ മറക്കാത്ത ഓമന 'ലാലത്തം'; ഉണ്ണിയുടെ തിരക്കഥ മനോഹരം; മാർട്ടിൻ പ്രാക്കാട്ടിന്റെ 'ചാർലി' ജീവിതാനുഭവങ്ങളിലൂടെയുള്ള സുന്ദരയാത്ര
കേരളത്തിലെ തിയറ്റർ മുറികളിൽ പ്രേക്ഷകരിലേക്ക് ചുടും തണുപ്പും പടർത്തുന്ന, നിറവും മണവും കലർത്തുന്ന, കാറ്റിന്റെ സൗമ്യതയും പ്രചണ്ഡതയുമാണ് ചാർലി. സകല സമൃദ്ധിയുമടങ്ങുന്ന ആഡംബരമുറികളിൽ, ആഹ്ലാദതിമിർപ്പടങ്ങിയ ആഹാരരുചികളിൽ ഒക്കെ അഭിരമിക്കുന്ന മലയാളിയുടെ പുതുജീവിതത്തെ അകറ്റിയെറിയുന്നു ചാർലി. അന്യന്റെ ആവലാതിക്ക് മേൽ ആന്ധ്യപ്പാട വലിച്
കേരളത്തിലെ തിയറ്റർ മുറികളിൽ പ്രേക്ഷകരിലേക്ക് ചുടും തണുപ്പും പടർത്തുന്ന, നിറവും മണവും കലർത്തുന്ന, കാറ്റിന്റെ സൗമ്യതയും പ്രചണ്ഡതയുമാണ് ചാർലി. സകല സമൃദ്ധിയുമടങ്ങുന്ന ആഡംബരമുറികളിൽ, ആഹ്ലാദതിമിർപ്പടങ്ങിയ ആഹാരരുചികളിൽ ഒക്കെ അഭിരമിക്കുന്ന മലയാളിയുടെ പുതുജീവിതത്തെ അകറ്റിയെറിയുന്നു ചാർലി. അന്യന്റെ ആവലാതിക്ക് മേൽ ആന്ധ്യപ്പാട വലിച്ചിടുന്ന മലയാളിയുടെ കണ്ണുകളിലെ തിമിരം വലിച്ചിളക്കുന്ന ആഹ്ലാദമാണ് ചാർലി. ഉഷ്ണക്കുടുക്കുകളിൽ കുരുങ്ങുന്ന ജീവിതങ്ങളുടെ ഭൂമികയിലേക്കായി കുളിർകൊരുത്തു കൊണ്ട് വന്ന് കൊടുത്തു ചിതറി മടങ്ങുന്ന ചാർലി വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു സിനിമാനുഭവമാണ്.
ഡീ മമ്മൂട്ടൈസേഷൻ നടത്തിയപ്പോഴൊക്കെ വിജയിച്ച ഒരു അഭിനേതാവാണ് മമ്മൂട്ടി. വിധേയനിലും പൊന്തന്മാടയിലും വടക്കൻ വീരഗാഥയിലും വാത്സല്യത്തിലും അമരത്തിലും പത്തേമാരിയിലും നാമത് കണ്ടതാണ്. കഥാപാത്രങ്ങളെ പരകായപ്രവേശനം വഴി ഉൾക്കൊള്ളാൻ ലാലിനോളം മമ്മൂട്ടിക്ക് കഴിയാതെ പോകുന്നു എന്നതാണ് മമ്മൂട്ടിയുടെ അഭിനയത്തിന്റെ പരിധിയും, മലയാളിയുടെ പരാതിയും. എന്നാൽ മമ്മൂട്ടിസത്തിന്റെ പൗരുഷ ഗാംഭീര്യം ആണ് ഇന്നും മമ്മൂട്ടിക്ക് ആരാധകരെ ഉണ്ടാക്കിക്കൊടുത്ത് നിലനിറുത്തുന്ന മാസ്മരികത.
അഭിമുഖ സംഭാഷണങ്ങളിലും പൊതുചടങ്ങുകളിലും കാണുന്ന അധോന്മുഖനായ ലാൽ എന്ന വ്യക്തി ക്യാമറക്കുമുമ്പിൽ സിനിമയുടെ കാര്യക്കാരെയും കൂട്ടഭിനേതാക്കളെയും അമ്പരപ്പിന്റെ നഭസ്സിലേക്കുയർത്തുന്ന അഭിനയതകർപ്പ് കാട്ടിയതിന്റെ നേരുദാഹരണങ്ങൾ അനവധിയാണ്. മമ്മൂട്ടിയേക്കാളും പൗരുഷാകർഷണ ചാരുത കുറഞ്ഞ തന്റെ ശരീരം വച്ചു അദ്ദേഹം നടത്തിയ പകർന്നാട്ടങ്ങളിലെ ചില ചേഷ്ടകളും, അംഗവിക്ഷേപങ്ങളും, ആംഗ്യങ്ങളും സ്വരഭേദങ്ങളും മലയാളി പ്രേക്ഷകർ ഒപ്പിയെടുത്തു. അദ്ദേഹത്തിന്റെ തന്നെ പഴയ ചില കഥാപാത്രങ്ങളുടെ അവശിഷ്ടങ്ങൾ പുതിയതിലും കണ്ടെത്തുമ്പോഴുള്ള ചെടിപ്പാണ് ലാലിന് ഇന്ന് പറ്റിയ കാറ്റ് വീഴ്ച. മണ്ടയടയ്ക്കാതെ നോക്കണമെങ്കിൽ ലാലിന് പുതിയ ചട്ടകൾ തുന്നാൻ കഥാകൃത്തുക്കളും സംവിധായകരും ഉണ്ടാകണം.
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ കഥാപാത്ര ശീലങ്ങളുടെ പഴം തുണിക്കെട്ടഴിച്ചു പുതിയതിടാൻ അഭിനേതാവിന് കഴിയണമെങ്കിൽ അവരുടെ നോക്കിനും വാക്കിനും പുതുമ കലർത്താൻ സിനിമയുടെ കാര്യക്കാർക്ക് കഴിയണം. പത്മരാജനും, ലോഹിതദാസും, ശ്രീനിവാസനും, എംടിയുമൊക്കെ കടഞ്ഞെടുത്ത സിനിമകളിലൂടെയാണ് നടന്മാർ നമ്മുടെ മനസ്സിലേക്ക് നടന്നുകയറിയത്. മലയാള സിനിമയിൽ ആ പാരമ്പര്യം ആവർത്തിക്കുന്നതിന്റെ സാക്ഷ്യമാണ് ചാർലി.
ഇവിടെ വേണം ദുൽഖറെന്ന നടനെയെടുത്ത് വിശകലനം ചെയ്യേണ്ടത്. ദുൽഖർ ആദ്യം കടന്ന കടമ്പ മമ്മൂട്ടിയുടെ മകൻ എന്ന ജനിതകക്കെട്ടാണ്. സമ്പത്തും പത്രാസും ഉള്ള ഒരു നടന്റെ മകൻ തിരഞ്ഞെടുത്തത്, ഇവ രണ്ടും നിരസിച്ചുകൊണ്ട് ദുരിതങ്ങളുടെ പാഴ്‌നിലങ്ങളിലേക്ക് കാലിറക്കി വെയ്ക്കുന്ന കഥാപാത്രങ്ങളെയാണ്. മമ്മൂട്ടിയെ സ്വന്തം ശരീരത്തിലും ശാരീരത്തിലും പ്രവേശിപ്പിക്കാതെ അകറ്റി നിറുത്താൻ ദുൽഖർ കാണിച്ച ധൈഷണിക നൈതികത അയാൾക്ക് മലയാളസിനിമയിൽ ഒരു പ്രത്യേക ഇടം സമ്മാനിച്ചു. മതബോധത്തിന്റെ മൊല്ലാക്കസ്വരങ്ങൾ പതിയാത്ത കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ആദ്യം തൊട്ടേ നടത്തിയതും ദുൽഖറിനെ കൂടുതൽ ജനകീയനാക്കി. വെള്ളിയാഴ്ച നിസ്‌കാരങ്ങൾക്ക് വളയാത്ത ഒരു മുതുകാണ് തന്റേതെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളെ ദുൽഖർ ഒന്നിന് പിറകേ ഒന്നായി തിരഞ്ഞെടുത്തു. അഭിനയത്തിൽ അനായാസത കലർത്താൻ ഒരു കവിൾ ലാലിസം കൂടി ഇപ്പോൾ അയാൾ അകത്താക്കിയിരിക്കുന്നു.
ഭ്രമാത്മകതയുടെയും കാല്പനിക സ്വച്ഛതയുടെയും ലോകത്ത് ഏത് ദിശയിലേക്കും മാറിയൊഴുകുന്ന ഒരു കഥാപാത്രമാണ് ദുൽഖർ ചാർലിയിൽ അവതരിപ്പിച്ചത്. കുപ്പായ കമ്പനിയുടെ പരസ്യ സ്വരൂപത്തിന്റെ ഇസ്തിരി വേഷങ്ങളഴിച്ചു കളഞ്ഞഭിനയിക്കാൻ പരുവത്തിലുള്ള ഒരു ചാർലിയെയാണ് അതിനായി ഉണ്ണിയും മാർട്ടിനും ചമച്ചു കൊടുത്തത്. ഒറ്റനോട്ടത്തിൽ എങ്ങുനിന്ന് തുടങ്ങിയെന്നും എങ്ങോട്ട് യാത്രയാകുമെന്നും ഉള്ള അനിശ്ചിതത്വം ചരടിന്റെ രണ്ട് അറ്റങ്ങളായി കെട്ടിയിട്ട നിറമുള്ള ഒരു നിശാവസ്ത്രമാണ് ചാർലി അണിഞ്ഞിരിക്കുന്നത്. താപത്തിലഴിച്ചുകളയുകയും തണുപ്പിൽ വാരിച്ചുറ്റുകയും ചെയ്യുന്ന ഒരു ധാരാളിത്തം അയാളുടെ മേലുടയാടയിൽ നിറമായും ഞൊറിയായും തുന്നിച്ചേർത്തിരിക്കുന്നു. അടക്കമൊട്ടുമില്ലാത്ത അലക്ഷ്യമായ ആ വസ്ത്രങ്ങളുടെ കൂട്ടു പങ്കാളി ആ ശരീരം മാത്രമല്ല, കയറിയിറങ്ങുന്ന കാറ്റും സുഗന്ധവും കൂടിയാണ്. ചാർലിയെ പിന്തുടർന്ന് അന്വേഷിക്കാൻ ടെസ്സയെ പ്രേരിപ്പിക്കുന്നത് ചാർലിയുടെ ഈ ദ്വന്ദ്വഭാവം കൂടിയാണ്. തന്നെ പൂർണ്ണമായി മനസ്സിലാക്കാനും തന്നെ പിന്തുടരാനും ഒരാളെ അവൻ തന്നെ കണ്ടെത്തിയോ? താൻ കുടഞ്ഞിട്ട തൂവലുകളുടേയും പ്രതിദ്ധ്വനിക്കുന്ന തന്റെ കൂവലുകളുടേയും ഇടയിൽ താമസിക്കുന്ന ടെസ്സ..... താനടയിരുന്നതിന്റെ ചൂട് നെഞ്ചേറ്റിയ പഞ്ഞിമെത്തയിലേക്ക് മറിഞ്ഞുവീഴുന്ന ടെസ്സ......
ഒന്നിന് പിറകേ ഒന്നായി ഓരോ കഥാപാത്രങ്ങളും ഇരുളിന്റെ ആഴങ്ങളിലേക്ക് വീണുപോകുമ്പോഴും കത്തുന്ന മെഴുകുതിരിക്കൂട്ടങ്ങളുമായി കടന്നുചെന്ന് അവരെ വെളിച്ചം വിതറുന്ന ഗുഹാമുഖങ്ങളിലേക്ക് മടക്കിക്കൊണ്ടു വരുന്നു, ചാർലിയെന്ന കഥാപാത്രം. അവന്റെ ചുറ്റിനുമുള്ള ആരും അവൻ ഓടിമറയുമ്പോൾ അവനെ തേടിയലയുന്നില്ല. അവൻ അവർക്ക് വേണ്ടി തിരിച്ചെത്തും എന്ന കാത്തിരിപ്പിലാണവരൊക്കെയും. കുഞ്ഞുങ്ങൾക്ക് കളിക്കോപ്പു പോലെ, ഓരോരുത്തർക്കുമുള്ള കുഞ്ഞ്‌കൊതികൾ അവൻ കൊണ്ടു ചെന്ന് ചാർത്തുന്നു. അവൻ കണ്ടെത്തുന്ന ഓരോ കഥാപാത്രങ്ങളുടെയും ആഗ്രഹങ്ങൾ അവൻ ഒരൊറ്റ ആയത്തിന് അവർക്ക് സാധിച്ചുകൊടുക്കുന്നു. ഒക്കെ മാന്ത്രികകൈയുകളുടെ ദ്രുതചലനത്താലെന്നപോലെ.
തിളക്കമുള്ള ഒരു ആകാശരാവിൽ ആലക്തിക വിളക്കുകളുടെ നിഴലുകൾ പരന്ന കടലാഴത്തിലേക്ക്, മരണമെന്ന അഭയത്തിലേക്ക്, വ്യാകുലമായ രോഗാതുരതയിൽ നിന്ന് എടുത്തുചാടാൻ ഒരാൾക്ക് അയാൾ അവസരമൊരുക്കുന്നു!! തുണിക്കുരുക്ക് കഴുത്തിൽ തിണർപ്പ് തീർക്കും മുൻപു ഒരു നിറഞ്ഞ ശ്വാസകുടുന്ന കൊടുത്ത് ജീവന്റെ പച്ചപ്പിലേക്ക് മറ്റൊരാളെ പറിച്ചു നടന്നു. കാമവെറിയിൽ നിന്നും പ്രേമഭംഗത്തിൽ നിന്നും ജീവിതത്തിന്റെ രണ്ടറ്റങ്ങളിലുള്ള രണ്ടു പേരെ കരകയറ്റുന്നു.
കുടുംബ ബന്ധത്തിന്റെ കടുത്ത നിരാസം ചിത്രത്തിലെ പല കഥാപാത്രങ്ങൾക്കും സ്വച്ഛതയാണ് നല്കുന്നത്. കഴുത്തിൽ കുരുങ്ങുന്ന ചരടാണ് രക്തബന്ധത്തിന്റെ നാഡികൾ എന്നതാണ് ചാർലിയിലെ പ്രമാണം. കുടുംബാചാരത്തിന്റെ മാമൂലുകളിൽ തലവച്ച് കളയാനുള്ളതല്ല തന്റെ ജീവിതം എന്ന ബോധ്യമാണ് ടെസ്സയുടെ കഥാപാത്രത്തിന്റെ കാതൽ. മാറ്റകല്യാണത്തിന് വച്ചു നീട്ടുന്ന നെഞ്ചുറപ്പില്ലാത്ത ഒരു കോന്തനെ അവൾ ഒറ്റത്തള്ളിനാണ് മലർത്തിയിടുന്നത്. കുടുംബത്തിലേക്കുള്ള വിനിമയങ്ങൾ ഏറെക്കുറെ പൂർണ്ണമായും ഛേദിക്കുക വഴി പൊതുനിരത്തുകളും വാടകവീടുമാണ് തന്റെ ജീവിതം ചെലവിടുന്നതിനായി ടെസ്സ സ്വീകരിക്കുന്നത്. ഇറ്റാലിയൻ മാർബിളിന്റെ മിനുസമുള്ള തറയും പരുപരുത്ത നിറച്ചാർത്തു പേറിയ ചുവരുകളും ഉണ്ടെങ്കിൽ മാത്രമേ സുഖയുറക്കം സാധ്യമാകൂ എന്ന യുവപരിഷ്‌ക്കാരചിന്തയെയാണ് ഇവിടെ കടപുഴകിയെറിയുന്നത്. സമ്പത്ത് കലർപ്പോടെ വച്ചു നീട്ടുന്ന സുഖദമായ പല സൗകര്യങ്ങളെയും നിരാകരിച്ച്, മാറാലക്കെട്ടിന്റെ പഴമണം വല നെയ്ത, മേൽപ്പാട ഇടിഞ്ഞിളകിയ ചുവരുകളുള്ള, മുറിയുടെ സ്വാതന്ത്ര്യത്തിലേക്ക് ടെസ്സ കയറിക്കൂടുന്നു. പച്ചില മാത്രം കഴിക്കുന്ന ആടിന് രാവേറെ കഴിയും വരെ മേയാൻ തോന്നുന്ന ഒരിടം. ഓടാമ്പലിളകിയ വാതിൽപ്പാളിയിൽ നിന്ന് അവൾ ഇളക്കി മാറ്റുന്നത് അരക്ഷിതത്വത്തിന്റെ കൊളുത്തുകളാണ്.
ടെസ്സ ചെന്നെത്തുന്നിടങ്ങളെല്ലാം ആൾക്കൂട്ടങ്ങളാണ്. വിവാഹ നിശ്ചയചടങ്ങിലെ ബന്ധുക്കൂട്ടം ഒന്നാകെ തികച്ചും വൈയക്തികമായ അന്തരീക്ഷത്തിൽ ഒന്നായി അലിയുമ്പോഴും മുതുകിലെ യാത്രാഭാണ്ഡവും പേറി നില്ക്കുന്ന ടെസ്സ ആ കുടുംബപ്പറമ്പിനെ കാണുന്നത് അരനിമിഷം മാത്രം തങ്ങാനുള്ള ഒരു വഴിയമ്പലം പോലെയാണ്. നിർബന്ധത്തിന് വഴങ്ങി മാത്രമാണ് അവൾ താളം ചവിട്ടാൻ ചട്ടയും മുണ്ടും ഉടുക്കുന്നതുപോലും. അവൾ വാടകയ്‌ക്കെടുത്ത മുറിയിൽ ജീവനുള്ള 'അചേതനങ്ങളായ' ഒരു പറ്റം വസ്തുക്കൾ. സിനിമയുടെ ഒടുവിൽ ഒരു കടലിരമ്പം ആർപ്പുവിളിക്കുന്ന പൂരപ്പറമ്പും.
ചാർലി എന്ന കഥാപാത്രത്തിനായി ദുൽഖർ ചെലവിട്ട ഊർജ്ജതോതാണ് ഒരു പക്ഷേ ഈ സിനിമയെ ഇത്രയുയരത്തിലേക്ക് പൊക്കിയുയർത്തുന്നത്. ചാർലിയെ കൃത്യമായ ആയാസത്തോടെ തന്നെയാണ് ദുൽഖർ അവതരിപ്പിച്ചത്. അനായസമാണെന്ന തോന്നൽ മാത്രമാണ് ദുൽഖർ ഉണ്ടാക്കുന്നത്. ചാർലിയെ ചാർലിയാക്കുന്നത് ചുറ്റുപാടും ഉള്ള ചെറുതും വലുതുമായ കഥാപാത്രങ്ങളാണ്. ചുറ്റിനും കറങ്ങുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളുമാണ് ചാർലിക്കു ഇത്രയ്ക്ക് പ്രസരിപ്പ് പകർന്നത്. ചാർലി എന്ന സിനിമയുടെ സഞ്ചാരവഴിയിലാകെ വല്ലാത്ത വെളിച്ചം ഉണ്ട്. ഓരോ കഥാപാത്രങ്ങളോടും ഇടപെടുമ്പോൾ വെളിച്ചവും ഒരു കഥാപാത്രമാകുന്നു. ശബ്ദവിളക്കിനാൽ കള്ളനെ പേടിപ്പിക്കുന്നതു തൊട്ട് മാന്ത്രികപ്പെട്ടി കത്തുന്നതിൽ വരെ വെളിച്ചത്തിന്റെ കളിയുണ്ട്. ദുൽഖറിന്റെ മുഖത്തുമുണ്ട് ഒരു നൂറ് വാട്ട് ചിരി.
ഈ സിനിമയുടെ നായകനടനായി തെരഞ്ഞെടുക്കേണ്ടത് ഉണ്ണി ആറിനെയാണ്. വയറ്റുപിഴപ്പിനല്ലാതെ ഒരു നല്ല സിനിമാനുഭവത്തിനുവേണ്ടി ഉണ്ണിയുടെ മുഴുനീള ഭ്രാന്തൻ ഭാവനകൾ മുഴുവൻ യുക്തിഭദ്രതയോടെ കോർത്തിണക്കിയ തിരക്കഥയാണ് ഈ സിനിമയുടെ വിജയത്തിന്റെ നട്ടെല്ല്. ഉണ്ണി സൃഷ്ടിച്ച ഓരോ കഥാപാത്രത്തിനും ആകാരത്തിൽ മാത്രമല്ല കഥാസാന്നിധ്യത്തിലും അസാധ്യമായ മൗലികതയുണ്ട്.
പെണ്ണുടൽ വന്യമായി കീഴടക്കാനുള്ള ഇന്ധനവും പേറിനടക്കുന്നവരാണ് നിരത്തുവണ്ടികളുടെ വളയം പിടിക്കുന്നവർ എന്ന വർത്തമാനകാലതോന്നലുകളെ ചാർലിയെന്ന സിനിമയിൽ പലതവണ ചക്രം കയറ്റിയിറക്കുന്നു. മുടങ്ങിയ യാത്രയ്ക്ക് നിരത്തു തിരക്കിൽ ചില്ലറയെണ്ണിക്കൊടുക്കുന്ന കൂലിക്കാശ് വേണ്ട എന്ന തുറന്നുപറച്ചിലിലൂടെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ വണ്ടിക്കാശിനെ ത്യജിക്കുന്ന ഓട്ടോക്കാരന്റെ ധാർമ്മികതയുടെ മുമ്പിൽ ഒരു പുഞ്ചിരി പകരം നല്കി അവൾ മറയുകയാണ്.
അടഞ്ഞ ചില്ലുകൾക്കകത്തിരുന്നുള്ള യാത്രകൾ ടെസ്സയ്ക്ക് അന്യമാണ്. തോൾ തുറന്ന അരക്കയ്യൻ കുപ്പായവുമിട്ട് നാട്ടുപരിസരങ്ങളിലും താഴ്‌വാരത്തണുപ്പിലും അവൾ സഞ്ചരിക്കുന്നത് പൊതുവണ്ടികളിലെ തുറസ്സിൽ കിടന്നും ഇരുന്നും നിന്നുമാണ്. പുതിയ കാലത്തെ പെണ്ണിന്റെ മനസ്സിലുള്ള കെട്ടുപാടും ഭയപ്പാടുമില്ലാതെയുള്ള സ്വതന്ത്രയാത്രയ്ക്കുള്ള പറവ മനസ്സാണ് ടെസ്സയുടേത്.
ഒരു പുഴയുടെ ഇരുവശവും താമസിച്ച് ജീവിതത്തിൽ ഒന്നാകാൻ തീരുമാനിച്ചിട്ട് നടക്കാതെ, അക്കരെ ഇക്കരെയായ ഒരു സ്‌നേഹത്തിന്റെ, കാലം മായ്ക്കാത്ത, കരുത്ത് കാട്ടിത്തരുന്ന ഒരു രംഗമുണ്ട് ചാർലിയിൽ. ഒരു സിമന്റ് ബെഞ്ചിന്റെ രണ്ടരികിൽ, മുന്നിലും പിന്നിലുമായി, ഒരാളെ നിറുത്തിയും മറ്റൊരാളെ ഇരുത്തിയും, കാഴ്ചയുടെയും സ്പർശത്തിന്റെയും കേൾവിയുടെയും രുചിയുടെയും ഒന്നും അലോസരമില്ലാത്ത ഒരു പാരസ്പര്യം തീർക്കാൻ ഉണ്ണിയെഴുതിവച്ചത് ക്യാമറക്കണ്ണ് ഒരു അനുഭവമാക്കി മാറ്റി. നെടുമുടിയുടെ കഥാപാത്രം പറയുന്നുണ്ട്; തന്റെ പഴയ കാമുകി പറഞ്ഞതൊന്നും താൻ കേട്ടില്ല എന്ന്; രുചിയോടെ ഒന്നും അവർക്ക് കൊടുത്തില്ല എന്ന്; മടങ്ങിപ്പോകുമ്പോൾ അകലെ നിന്ന് ഒന്നെത്തിനോക്കാൻ പോലും ആ കഥാപാത്രം കൂട്ടാക്കുന്നില്ല.
ഒരു പക്ഷേ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന മറ്റൊരു സ്‌നേഹബന്ധത്തിന്റെ കൗമാര സത്യസന്ധതയും ഒരു ആൺകരുതലും കൂടി ഉണ്ണി നമുക്ക് കാട്ടിത്തരുന്നു. അനാഥയായ പന്ത്രണ്ടു വയസ്സുകാരിയെ രണ്ടാനച്ഛൻ കൂട്ടിക്കൊണ്ടുപോകുമ്പോൾ അവളെ നോക്കി, വാടകത്താവള സമുച്ചയത്തിന്റെ വേലക്കാരൻ പയ്യൻ പുഞ്ചിരിക്കുന്നുണ്ട്. കൈവീശുന്നുണ്ട്. ചിരിക്കും മറുചിരിക്കുമിടയിൽ ഒരു കുടകുത്താനുള്ള സ്ഥലം പോലുമില്ല. പക്ഷേ അവൾ അപായത്തിലേക്കാണടുക്കുന്നതെന്നറിഞ്ഞ വേളയിൽ, കാമപ്പിരാന്തനിൽ നിന്ന് അവളെ രക്ഷിച്ചെടുക്കാനുള്ള ധാർമ്മികതയാണ് അവന്റെ സ്‌നേഹബോധത്തിന്റെ അടിക്കല്ലായുണ്ടായിരുന്നത് എന്ന് വെളിവാക്കിക്കൊടുക്കുന്നു.
മകളുടെ പ്രായത്തിലുള്ള ഒരു മെലിഞ്ഞുണങ്ങിയ കുട്ടിയെ പ്രാപിക്കാൻ ഒരുങ്ങുന്ന മധ്യവയസ്‌കനും, അവളെ കൂട്ടിക്കൊടുക്കുന്ന അച്ചനും നമ്മുടെ ഇരുണ്ടകാലത്തിന്റെ പ്രതിനിധികളാണ്. ചാർലിയുടെ വലംകാലിന്റെ കരുത്ത് അവരുടെ ബീജപ്പുരകളെയാണ് ഉടയ്ക്കുന്നത്. ഒടുവിൽ ദുൽഖറിന് കുറിച്ചിടാൻ ഒരു പാട്ടുംകിട്ടി. സിനിമയുടെ ഉൾബോധം മുഴുവൻ ഊർജ്ജഖനിയായി ഉറഞ്ഞ ഒരു പാട്ട് തന്നെയായിരുന്നു സുന്ദരിപ്പെണ്ണേ...... ഗോപീസുന്ദർ വീണ്ടും വ്യത്യസ്തനാകുന്നു.
ഒരു ചെറുപ്പക്കാരൻ അവന്റെ ഓർമ്മയുടെ അടയാളങ്ങൾ അവശേഷിപ്പിച്ചു കടന്നു കളയുന്ന മുറിയിൽ വന്നു താമസം തുടങ്ങുന്ന പെൺകുട്ടിയുടെ പല തലങ്ങൾ വെളിവാക്കുന്ന ചിത്രമാണ് ചാർലി. കുട്ടിത്തത്തിന്റെ അടുക്കുതെറ്റലിൽ അലങ്കോലപ്പെടുന്ന മുറിയിൽ കയറി ഒരു അമ്മ, മകന്റെ കളിപ്പാട്ടങ്ങളെടുത്തടുക്കി വെയ്ക്കുന്ന സ്‌നേഹവായ്പും അധികാരവും കാട്ടിയാണ് ടെസ്സയിലെ സ്ത്രീ ചാർലിയിലേക്കുള്ള വഴി തുറക്കുന്നത്. ചിത്രത്തിന്റെയൊടുക്കം ഒരു അച്ഛനോട് മകൾ നടത്തുന്ന കുസൃതിക്കള്ളത്തരങ്ങളെപ്പോലെ അവൾ അവനെ കളിപ്പിക്കാൻ ശ്രമിക്കുന്നു. അമ്മയുടെയും മകളുടെയും ഭാവങ്ങളിൽ നിന്ന് ഒടുവിൽ ഒരു പുരുഷന്റെ മാറിലേക്ക് തല ചായ്ക്കുന്ന ഇണയായവൾ മാറുന്നു. അല്ലാതെ പെണ്ണിന് ആണിനോടും തിരിച്ചും തോന്നുന്ന അഭിനിവേശങ്ങൾ മാത്രം കാണിച്ചു പോകുന്ന കാഴ്ചക്കൂട്ടല്ല ഈ സിനിമ. അമ്പരപ്പിനെ, വേദനയെ, വെറുപ്പിനെ, സ്‌നേഹത്തിനെ, കാരുണ്യത്തിനെ, സന്തോഷത്തിനെ ഒക്കെ രണ്ട് ചുണ്ടുകളും രണ്ട് കണ്ണുകളും കൊണ്ട് പാർവ്വതി അഭിനയിച്ച് തകർക്കുമ്പോൾ അദ്ഭുതപ്പെട്ടുപോകുന്നു.
ഓരോ ഫ്രെയിമിലും പ്രധാന അഭിനേതാക്കൾക്കപ്പുറം, അതിൽ വരുന്ന ഓരോ വ്യക്തിക്കും, ചലനങ്ങളുടെയും കർമ്മങ്ങളുടെയും വ്യതിരിക്തത നൽകി, അമ്പരപ്പിക്കുകയാണ് ഉണ്ണി. ഉണ്ണിയും മാർട്ടിനും ഒന്നിച്ചിരുന്ന് എഴുതിത്ത്തീർത്ത ഭാഷണങ്ങളിലുടനീളം ജീവന്റെ ലവണ രസം കലർന്നു കിടക്കുന്നു. മായക്കാഴ്ചകളല്ല, മറിച്ച് മനസ്സിന് നനവനുഭവപ്പിക്കുന്ന വേദനകളാണ് ഈ സിനിമയിലെ പല മിണ്ടലുകളും. കഥയില്ലയെന്നും നല്ലൊരു സന്ദേശമില്ലെന്നും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നും ആരും പറയില്ല. മാർട്ടിന്റെ ചാർലി ഒരനുഭവമാണ്. വല്ലപ്പോഴും മാത്രം ഒത്തുചേരുന്ന അപൂർവ്വ ചേരുവകളുടെ ഒരു മാസ്മരിക രുചിക്കൂട്ടാണ ്ചാർലി.