മാധവവിക്കുട്ടിയുടെ 'എന്റെ കഥ' ഇറങ്ങിയപ്പോൾ എം പി നാരായണപ്പിള്ള എഴുതിയ ഒരു ക്ലാസിക്ക് വാചകമുണ്ട്. കപടസദാചാരവാദിയായ മലയാളിയുടെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണ് ഈ പുസ്തകമെന്ന്. അതൊന്നുമാറ്റിപ്പിടിക്കട്ടെ. കോപ്രായങ്ങളും താരജാടകളും അസംബന്ധങ്ങളും നൂറ്റൊന്ന് ആവർത്തിച്ച മലയാള വാണിജ്യസിനിമയുടെ മുഖമടച്ചുള്ള ഒരാട്ടാണ് 'ചിറകൊടിഞ്ഞ കിനാക്കൾ'. ( 'ഭാസ്‌ക്കർ ദി റാസ്‌ക്കലും', 'മര്യാദരാമനു'മൊക്കെ കണ്ട് പെരുത്തുപോയ തല, ഇപ്പോഴാണ് ഒന്ന് തണുത്തത്) 'പഞ്ചവടിപ്പാലത്തിനും', 'ഉദയനാണ് താരത്തിനും'ശേഷം മലയാളം കണ്ട ഏറ്റവും നല്ല അക്ഷേപഹാസ്യ സിനിമയാണിതെന്ന് പറയാം. സിദ്ദീഖും, സത്യൻ അന്തിക്കാടും, ഉദയകൃഷ്ണസിബിയുമൊക്കെയടങ്ങുന്ന വാണിജ്യ സിനിമാ പുംഗവന്മാർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്. (ഇവരൊക്കെയാണല്ലേ ഒരേ അച്ചിൽകെട്ടി മലയാള സിനിമയെ അമ്പതുവർഷം പിറകോട്ടടിപ്പിക്കുന്നത്.) പുതുമുഖ സംവിധായകനായ സന്തോഷ് വിശ്വനാഥിനും, തിരക്കഥാകൃത്ത് എസ്. പ്രവീണിനും തീർച്ചയായും അഭിമാനിക്കാം. ചിരിക്കാന്മാത്രമല്ല, ചിന്തിക്കാനുമുള്ള വകുപ്പും ഈ പടം നൽകുന്നുണ്ട്. എന്നാൽ കഥാഗതികളിൽ വ്യത്യസ്ഥത വരുത്താൻ കഴിയാതെ, പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നത് ഈ സിനിമയുടെ പരിമിതിയാണ്. എങ്കിലും ഉറപ്പിച്ചു പറയാം. അത്ര മഹത്തായ ഒരു സിനിമയൊന്നും അല്ലെങ്കിലും മുടക്കിയ കാശ് വസൂലാവുന്നതാണ് ഈ കൊച്ചുചിത്രം.

ഹാസ്യാനുകരണ സ്വഭാവത്തിലുള്ള സിനിമകളോട് എന്നും പുറംതിരഞ്ഞുനിന്നിട്ടുള്ള ചരിത്രമാണ് ഇന്ത്യൻ സിനിമാലോകത്തിന്റെത്. എന്നാൽ തമിഴ് വ്യവസായ സിനിമയെ നിശിതമായി വിചാരണചെയ്യുകയും പരിഹസിക്കയും ചെയ്യുന്ന 'തമിഴ് പടം' പോലൊരു ചിത്രത്തിന്റെ സാധ്യതകളാണ് 'ചിറകൊടിഞ്ഞ കിനാക്കളും' പരിശോധിക്കുന്നത്.

തയ്യൽക്കാരനും സുമതിയും വീണ്ടും പ്രണയിക്കുമ്പോൾ

ശ്രീനിവാസൻ എഴുതി കമൽ സംവിധാനം ചെയ്ത 'അഴകിയ രാവണൻ' അകാലത്തിൽ എത്തിയ സിനിമയാണെന്ന് പിന്നീട് പലരും വിലയിരുത്തിയിട്ടുണ്ട്. ഭാര്യ കന്യകയല്ലെന്ന് അറിഞ്ഞുകൊണ്ട് അവളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശങ്കർദാസെന്ന വേദനിക്കുന്ന കോടീശ്വരന്റെ കഥ. പതിനെട്ടുവർഷം മുമ്പ് ഇറങ്ങിയപ്പോൾ പ്രേക്ഷകർക്ക് അത്രയൊന്നും ഇഷ്ടപെട്ടിട്ടില്ലായിരുന്നു. അന്ന് ആവറേജ് കളക്ഷന്മാത്രം നേടിയ ആ പടം, പിന്നീട് ടി.വി ചാനലുകളിലൂടെ ആവർത്തിച്ചാണ് പ്രേക്ഷക മനസ്സിൽ കുടിയേറുന്നത്. അതിലെ ശങ്കർദാസിന്റെ കൂട്ടുകാരനായ എംപി അബുജാക്ഷൻ (ശ്രീനിവാസൻ) പറയുന്ന 'ചിറകൊടിഞ്ഞ കിനാക്കളെന്ന' തന്റെ നോവലിന്റെ കഥകേട്ട് പൊട്ടിച്ചിരിച്ചവരാണ് നാം.

' ഒരു വിറകുവെട്ടുകാരൻ, അയാൾക്ക് ഒരേയൊരു മകൾ സുമതി, പത്തൊമ്പത് വയസ്സ്. ഇവൾ സ്ഥലത്തെ ഒരു തയ്യൽക്കാരനുമായി പ്രണയത്തിലാണ്.' ഇങ്ങനെതുടങ്ങുന്ന അംബുജാക്ഷന്റെ കഥപറച്ചിൽ ഒടുവിൽ 'കല്യാണം പാലുകാച്ച്, പാലുകാച്ച് കല്യാണം, ഓപ്പറേഷൻ ഡോക്ടർമാർ, ഡോക്ടർമാർ ഓപ്പറേഷൻ...എന്ന് മാറിമാറിക്കാണിക്കണം' എന്ന് പറഞ്ഞ് പോവുമ്പോൾ അത് മലയാളത്തിലെമാത്രമല്ല, ലോകസിനിമയിലെതന്നെ മികച്ച നർമ്മ രംഗങ്ങിൽ ഒന്നാവുകയാണ്.[BLURB#1-VL]

ആ കഥ പറഞ്ഞ അംബുജാക്ഷൻ പതിനെട്ടുവർഷത്തിനുശേഷം കൊച്ചിയിലേക്ക് ബോട്ടുപിടിക്കയാണ്. തന്റെ കഥയൊരു ന്യൂ ജനറേഷൻ സിനിമയാക്കാൻ. എം ടിയൊക്കെ ഓൾഡ് ജനറേഷനാണെല്ലോ. പിന്നെ പത്മരാജനും ലോഹിതദാസുമൊക്കെ കാലയവനികക്കുള്ളിൽ മറഞ്ഞു. മകൻ വന്നതോടെ ശ്രീനിവാസനും എഴുത്തൊക്കെ കുറച്ചത്രേ. അപ്പോൾ ആ ഗ്യാപ്പിൽ അടിച്ചുകയറാം എന്ന് കണക്കുകൂട്ടിയാണ് അംബുജാക്ഷന്റെ വരവ്.

അയാൾ കൊച്ചിയിലെ ഒരു പ്രൊഡ്യൂസറോടും ( സുനിൽ സുഖദ), സംവിധായകനോടും ( മനോജ് കെ.ജയൻ) ഒരു സിനിമ കാണുന്നതുപോലെ തയ്യൽക്കാരന്റെയും സുമതിയുടെയും പ്രണയകഥ പറയുന്നു. ഇവിടുന്നങ്ങോട്ട് കണ്ടുതന്നെ അറിയണം. തട്ടുപൊളിപ്പൻ സിനിമകളുടെ സ്ഥിരം രംഗങ്ങൾ അനുകരിച്ചാണ് അയാൾ കഥ പറയുന്നത്. ഇടയ്ക്ക് ന്യൂജൻ സിനിമക്കാരുടെ പ്രിയപ്പെട്ടതെന്ന് പറയുന്ന ഐ.ജിയും വരുന്നുണ്ട്. ഐ.ജിയെന്നാൽ ഇടുക്കി ഗോൾഡ് എന്ന ശുദ്ധ കഞ്ചാവ്! അതങ്ങ് ചെല്ലുമ്പോൾ സുമതി നേരിട്ട് തന്റെയടുത്ത് വരുന്നതായി അംബുജാക്ഷന് തോനുന്നു. എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള അത്യപുർവമായ സംവാദം നടക്കുന്ന ഈ ഭാഗം അൽപ്പം തത്വചിന്താപരമായും ഉയരുന്നുണ്ടെങ്കിലും പെട്ടന്നുതന്നെ ചിത്രത്തിന്റെ സ്വാഭാവിക ഘടനയിലേക്ക് തിരച്ചത്തെുന്നു.

കുറിക്കുകൊള്ളുന്ന നർമ്മം

തിലെ വില്ലൻ വിറകുവെട്ടുകാരൻ (ജോയിമാത്യു) ആണെങ്കിലും മലയാള സിനിമയായതിനാൽ അയാൾ വരിക്കാശ്ശേരി മനയിലാണ് താമസം! കൂടെ പതിവുപോലെ കുറെ മണ്ടന്മാരും. തയ്യൽക്കാരനും (കുഞ്ചാക്കോ ബോബൻ) സുമതിയും (റിമ കല്ലിങ്കൽ) കാണുന്ന രംഗങ്ങളൊക്കെ മലയാള സിനിമയിലെ പ്രണയ ക്ലീഷെകളെ തുറന്നുകാണിച്ചുകൊണ്ടാണ്. അനിയത്തിപ്രാവ്, ദേവാസുരം, ആറാംതമ്പുരാൻ, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളെയൊക്കെ വിഷ്വൽ പാരഡിയാക്കി ഇവിടെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അനിയത്തിപ്രാവിലേതുപോലെ നായകനും നായികയും ഒരേ പുസ്തകം ലൈബ്രറിയിൽനിന്ന് എടുക്കാൻ നോക്കി നിർനിമേഷരായി നിൽക്കുന്നു. പിന്നീടാണ് പുസ്തകം കാണിക്കുന്നത്. വലിയ ഇംഗ്‌ളീഷ് നോവലോ പ്രണയസാഹിത്യമോ ആയിരിക്കുമെന്ന് കരുതുന്ന ആ പുസ്തകത്തിന്റെ പുറം ചട്ട ഇങ്ങനെ.' ആറുമാസംകൊണ്ട് പ്ലംബിങ്ങ് പഠിക്കാം'. ഈ ടൈപ്പ് കോമഡികളാണ് സിനിമ മൊത്തത്തിൽ.[BLURB#2-VR]

കഥ പുരോഗമിക്കുമ്പോഴാണ് നാം അറിയുക ഈ തയ്യൽക്കാരൻ വെറുമൊരു തയ്യൽക്കാരനല്ലെന്ന്. സിങ്കപ്പൂരിൽ ബിസിനസുകാരനായ കോടീശ്വരന്റെ മകനാണ്. ഫാഷൻ ഡിസൈനിങ്ങിൽ പേരെുടത്തതിനാൽ ടൈം മാഗസിൽപോലും ഇയാളെ കവർ സ്റ്റോറിയാക്കിയിട്ടുണ്ട്! സുരേഷ്‌ഗോപി മോഡലിൽ തയ്യൽക്കാരൻ ഒരു കമ്പ്യൂട്ടറിന്റെ പാസ്വേർഡ് കണ്ടുപിടച്ച് പൊലീസിനെ സഹായിക്കുന്നതൊക്കെ കാണുമ്പോൾ ഈ പരിഹാസ സിനിമകൾ സൃഷ്ടിച്ചവരെ വടിയെടുത്ത് തല്ലുന്നതുപോലുള്ള അനുഭവമാണ്.

അവസാനം 'അഴകിയ രാവണനിലെ' കരയോഗം പ്രസിഡന്റും ( ഇന്നസെന്റ്) അംബുജാക്ഷന്റെ യടുത്ത് ചാൻസ് ചോദിച്ച് എത്തുന്നു. 'പാവം അംബുജാക്ഷൻ ഒരു നായരായി ജനിക്കാനുള്ള യോഗമുണ്ടായില്ല', എന്ന കരയോഗം പ്രസിഡന്റിന്റെ വാക്കുകൾ കേട്ടുണ്ടാകുന്ന ചിരിയുടെ അലയൊലിയും രാഷ്ട്രീയമാനവും അങ്ങ് പെരുന്നവരെയത്തെും. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും. എസ്.എസ്.എൽ.സി ഫലപ്രഖ്യാപന പാകപ്പിഴകൾ തൊട്ട് സമീപകാല സംഭവങ്ങൾ പറഞ്ഞ് പൊളിറ്റിക്കലി അപ്‌ഡേറ്റാണ് ഈ കൊച്ചുപടം. എൻഡോസൾഫാൻ പാലിൽ ഒഴിച്ചുകുടിച്ചാണ് തയ്യൽക്കാരൻ മരിക്കാൻ ശ്രമിക്കുന്നത്. അപ്പോൾ അംബുജാക്ഷന്റെ ചിന്ത 'ഹൗ ഓൾഡ് ആർ യുവിനൊക്കെ' കിട്ടിയപോലെ, കീടനാശിനി വിരുദ്ധത പറഞ്ഞ് എങ്ങനെയെങ്കിലും ഈ പടവും ടാക്‌സ് ഫ്രീയാവുമൊ എന്നതാണ്. പക്ഷേ തയ്യൽക്കാരനെ ചികിൽസിച്ച ഡോക്ടർ പറയുന്നത് തമിഴ്‌നാട്ടിൽനിന്നുവന്ന വിഷപ്പാലാണ് എൻഡോസൾഫാനേക്കാൾ ബാധിച്ചതെന്നാണ്.

കുഞ്ചാക്കോ ബോബന്റെ 'ദശാവതാരം'

'അഴകിയ രാവണൻ' ഇറങ്ങിയകാലത്തൊക്കെ ചോക്കളേറ്റ് കുട്ടപ്പനായിരുന്ന കുഞ്ചാക്കോ ബോബനാണ് പത്തോളം വ്യത്യസ്ത ഗെറ്റപ്പുകളിൽവന്ന് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. തുടർച്ചയായ പരാജയങ്ങളിൽപെട്ട് അൽപ്പം ഒതുങ്ങിപ്പോയ ഈ നടനുകിട്ടിയ ബ്രേക്കുകൂടിയാണിത്. പ്രേം നസീർ സ്‌റൈലിൽ പൊടിമീശയുമായി തയ്യൽക്കാരനായും, കരിവാളിച്ചപോലുള്ള അഴകിയരാവണനായ യു.കെ കാരനായും ഡബിൾറോളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കുഞ്ചാക്കോ. ഇതോടൊപ്പം കല്യാണരാമൻ ദിലീപ് തൊട്ട് ആറാംതമ്പുരാൻ ലാൽ വരെയുള്ള വ്യത്യസ്ത ഫിഗറുകളും സിനിമയിൽ കുഞ്ചാക്കോ ബോബൻേറതായി കടന്നുവരുന്നുണ്ട്. ഇതിൽ യു.കെക്കാരൻ പയ്യൻ പലപ്പോഴും അതിനാടകീയതയിലേക്കും കോമാളിത്തരത്തിലേക്കും വഴിമാറുന്നുണ്ട്. ഈ കഥാപാത്രത്തെ അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അനിതസാധാരണമായ ദൃശ്യാനുഭവം ആകുമായിരുന്നു ഈ പടം.

തിരച്ചുവരവ് ആഘോഷിച്ച് ശ്രീനിവാസനും റിമയും

നുഗ്രഹീത നടൻ കൂടിയായ ശ്രീനിവാസന്റെ തിരച്ചുവരുവുകൂടിയാണ് ഈ ചിത്രം. അടുത്തകാലത്തൊന്നും ഇത്ര മിഴിവോടുകൂടി ശ്രീനിയെ കണ്ടിട്ടില്ല. പതിനെട്ടുവർഷംമുമ്പ് അഴകിയ രാവണനിൽനിന്ന് ഇറങ്ങിപ്പോയ എംപി അംബുജാക്ഷനെന്ന നോവലിസ്റ്റ് അതേ ഊർജനിലയുമായി തിരിച്ചുവരികയാണ്. മർമ്മത്തിൽ തൊടുന്ന നർമ്മവുമായി. ശ്രീനിവാസന്റെ കാലംകഴിഞ്ഞുവെന്ന് എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയവർക്കുള്ള ഒന്നാന്തരം മറുപടികൂടിയാണിത്.

സുനിൽ സുഖദയാണ് സ്വാഭാവിക നർമം വഴി തീയേറ്ററുകളിൽ ചിരിമുഴക്കുന്നത്. മദ്യപിച്ചുകഴിഞ്ഞുള്ള ഇയാളുടെ പ്രത്യേകമോഡൽ ചൂളം വിളിയൊക്കെ ഒന്ന് കാണേണ്ടതുതന്നെയാണ്. ശങ്കരാടിചേട്ടന്റെയും ഒടുവിലാന്റെയുമൊക്കെ അഭാവം മലയാളസിനിമക്ക് നികത്തണമെങ്കിൽ ഇത്തരം കരുത്തുറ്റ നടന്മാർ കൂടിയേ കഴിയൂ.

തയ്യൻകാരന്റെ പ്രണയിനി സുമതിയുടെ റോൾ റിമയുടെ കൈയിൽ ഭദ്രമാണ്. അൽപ്പകാലത്തിനുശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിവന്ന റിമ തന്റെ രണ്ടാംവരവ് ഉജ്വലമാക്കി. സ്പൂഫ് ഇത്ര നന്നായിചെയ്യാൻ പറ്റുന്ന നടികൾ മലയാളത്തിൽ കുറവാണെല്ലോ.

എന്നിട്ടും ചില ശീലക്കേടുകൾ

റ്റവും വിചിത്രമായിതോന്നിയത്, മലയാളസിനിമയുടെ ശീലക്കേടുകളെ വിമർശിക്കുന്ന ഈ സിനിമയിലും പതിവ് ചേരുവകളായ സ്ത്രീവിരുദ്ധതയൊക്കെ വരുന്നുണ്ടെന്നാണ്. 'ബ്രോയിലർ ചിക്കനോട് ആസക്തിയുള്ള ഏത് പെൺകുട്ടിയേയും പോലെ സ്‌കൂളിൽവച്ചുതന്നെ സുമതി വയസറിയിച്ചു' എന്ന മട്ടിലുള്ള അബുംജാക്ഷന്റെ വോയ്‌സ് ഓവർ അധുനിക ലിംഗനീതിയുടെ കാലത്ത് കുറ്റകരം തന്നെയാണ്. സെക്‌സ് എജ്യുക്കേഷൻ എന്ന് പേരിട്ടൊക്കെ അശ്ലീല ചിത്രങ്ങൾ ഇറക്കുന്ന ഒരു രീതിയുണ്ടായിരുന്നു, വാട്ടസ് ആപ്പ് കാലത്തിനുമുമ്പ് ഇവിടെ. ഈ സിനിമയിൽ നടി മുക്തയുടെ ഐറ്റം ഡാൻസ് കണ്ടപ്പോൾ അതാണ് പെട്ടന്ന് മനസ്സിലേക്ക് ഓടിയത്. അശ്ലീലത്തെ വിമശിക്കയെന്നപേരിൽ അതേ വിപണി തുറന്നുകൊടുക്കുക![BLURB#3-H] 

ഗൾഫുകാരൻ കോമാളിയാണെന്ന പൊതുബോധം മലയാളസിനിമ സൃഷ്ടിച്ചെടുത്തപോലെ, ഇവിടുത്തെ സിനിമാപ്രൊഡ്യൂസർമാരെല്ലാം മണ്ടന്മാരാണെന്ന ഒരു പൊതുബോധവും അടുത്തകാലത്ത് സിനിമകൾ ഉണ്ടാക്കുന്നുണ്ട്. ലിസ്റ്റൻ സ്റ്റീഫനെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു പ്രൊഡ്യൂസറുടെ സിനിമയിൽതന്നെ അതു വരുന്നത് അത്രക്ക് ഭൂഷണമല്ല. ഈ സിനമയിലെ പ്രൊഡ്യൂസർ വ്യാജ സീഡി വ്യവസായം എന്താണെന്നുപോലും അറിയാത്ത തിരുമണ്ടനാണ്. അല്ലെങ്കിലും നർമ്മവും അക്ഷേപവും തമ്മിലെ അതിർവരമ്പ് നേർത്തതാണേല്ലോ.

വാൽക്കഷ്ണം: ചരിത്രത്തിൽ ആദ്യമായി പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്ന മലയാള വാണിജ്യ ചിത്രവും ഇതായിരിക്കണം. വഴിയേപോയവനൊക്കെ നൂറുനൂറു നന്ദി പറഞ്ഞ് വെറുപ്പിച്ച് തുടങ്ങുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി ഈ സിനിമക്ക് ടിക്കറ്റെടുത്ത് കയറിയ പ്രേക്ഷകനെയാണ് 'ചിറകൊടിഞ്ഞ കിനാക്കൾ 'അഭിവാദ്യം ചെയ്യുന്നത്.സാറ്റലൈറ്റ് ദൈവങ്ങളല്ല, അടിസ്ഥാനപരമായി സാധാരണക്കാരായ പ്രേക്ഷകരാണ് സിനിമയെ നിലനിർത്തുന്നതെന്ന ഓർമ്മ വല്ലപ്പോഴും ഉണ്ടാകുന്നതും നന്ന്.