പൊക്കിവിടലുകളാണ് ഇപ്പോൾ മലയാള സിനിമ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് തോനുന്നു. ജേക്കബിന്റെ സ്വർഗരാജ്യമെന്ന വിനീത്ശ്രീനിവാസൻ ചിത്രം എന്തൊക്കെയാ ഭയങ്കര സംഭവമാണെന്ന വാചകമടികേട്ടാണാണ് ഓടിക്കയറിയത്. പക്ഷേ എല്ലാം പതിവുപോലെ. സത്യൻ അന്തിക്കാടിന്റെ ന്യൂജൻ രൂപമാണ് വിനീത് ശ്രീനിവാസനെന്ന് ഈ പടം ഓർമ്മിപ്പിക്കുന്നു.നന്മ നിറഞ്ഞ ഗ്രാമവും, തമാശപറയുന്ന കള്ളുചത്തെുകാരനും സദാപുഞ്ചിരിക്കുന്ന മാടക്കടക്കാരനുമൊക്കെയായി സത്യൻ ഇപ്പോഴും ഒരുക്കുന്ന സിനിമകളുടെ ന്യൂജൻ കോപ്പിയാണ് 'തിര' ഒഴികെയുള്ള വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ.നന്മ നിറഞ്ഞവരും സന്തുഷ്ടരുമായ, ഹോർളിക്‌സിന്റെ യും ബൂസ്റ്റിന്റെയുമൊക്കെ പരസ്യത്തിൽ കാണുന്നതുപോലുള്ള ഒരു മാതൃകാ കുടുംബം. ആദ്യ പകുതിമുഴവൻ ആ കുടംബത്തിന്റെ കളിചിരി വർത്തമാനങ്ങൾ ആയിരക്കും. പൊടുന്നനെ അവർക്ക് വലിയൊരു പ്രശ്‌നം വരുന്നു. നായകൻ അത് പുഷ്പം പോലെ പരിഹരിക്കുന്നു! ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണാവോ? ഈ പൊട്ടക്കഥക്കാണോ മാദ്ധ്യമങ്ങൾ ഇരതയേറെ പ്രചാരണം കൊടുത്തത്.

പക്ഷേ കഥയിലെയും തിരക്കഥയിലെയും ദൗർബല്യങ്ങളെ പരിചരണത്തിലൂടെ മറികടക്കാൻ വീനീത് ആവുന്നത് ശ്രമിക്കുന്നുണ്ട്. പക്ഷേ തിരക്കഥ ദുർബലമായതിനാൽ, അടിത്തറ ഭദ്രമല്ലാതെ കെട്ടിയ 12നില ഫ്‌ളാറ്റിന്റെ അവസ്ഥയലാണ് ഈ ചിത്രം.നേരത്തെ സഹോദരൻ ധ്യാൻ ശ്രീനിവാസിനെയും ശോഭനയെയും കേന്ദ്രമാക്കി 'തിര' എന്ന സിനിമയും വിനീത് ചെയ്തിരുന്നു. സാമ്പത്തിക വിജയം ആയില്‌ളെങ്കിലും അത് വേറിട്ടൊരു പരീക്ഷണമായിരുന്നു. തിരയുടെ പരാജയം തന്നെയായിരിക്കും കുടുംബകഥകൾ എന്നും ഒരു വീക്ക്‌നെസ് ആയ മലയാളിക്കുമുന്നിൽ ഇത്തരമൊരു വിഷയം എടുത്തിട്ട് സേഫ് സോണിൽ കളിക്കാൻ വിനീതിനെ പ്രേരിപ്പിച്ചതും.

13 കോടിയുടെ കടവും പിന്നെ ഉരുക്കുകച്ചവടവും!

സാമ്പത്തിക മാന്ദ്യകാലത്ത് ഒരാളാൽ പറ്റിക്കപ്പെട്ട് കടം കയറിയ സ്വന്തം സുഹൃത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് വിനീത് സിനിമയൊരുക്കിയിരിക്കുന്നത്. ഒരു സംഭവകഥ വെള്ളിത്തിരയിലേക്ക് മാറ്റുമ്പോൾ അതിന്റെ തീവ്രത പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ സാധിക്കുമ്പോഴാണ് ആ സിനിമ അവിസ്മരണീയമാവുക. ആ നിലക്ക് നിരവധി പാളിച്ചകളിലൂടെയാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ സഞ്ചാരം.
പ്രവാസി ബിസിനസുകാരനായ രഞ്ജി പണിക്കർ അവതരിപ്പിച്ച ജേക്കബിന്റെ ജീവിതത്തിലൂടെയാണ് സിനിമ നീങ്ങുന്നത്.

കുടുംബമാണ് അയാൾക്കെല്ലാം. പരമ്പരാഗത പാട്രിയാർക്കൽ കുടുംബവ്യവസ്ഥയുടെ നന്മകളിലേക്കാണ് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മാതൃക അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നീ വാർപ്പു മാതൃകകൾ തന്നെയാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ജേക്കബിന്റെ നാലുമക്കളിൽ മൂത്തയാളാണ് നിവിൻപോളി അവതരിപ്പിക്കുന്ന ജെറി എന്ന കഥാപാത്രം. പതിവ് വിനീത് ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഒരു പ്രേതം ജെറിയിയിൽനിന്നും പുർണമായി ഒഴിഞ്ഞുപോയിട്ടില്ല. എങ്കിലും പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ താരപരിവേഷ ചിത്രങ്ങളിൽനിന്ന് ഇറങ്ങി സാധാരണ കഥാപാത്രമാകാൻ തയാറായത് നിവിൻ പോളി എന്ന നടന്റെ വളർച്ചക്കു ഗുണകരമാകും.[BLURB#1-H]

പ്രവാസി മലയാളിയുടെ അധ്വാന ശീലത്തെയും ദുബൈ നഗരത്തെയും വാഴ്‌ത്തിപ്പാടുന്നതോടൊപ്പം ജേക്കബ് മകൻ ജെറിയെ ഉപദേശിക്കുന്നത് പലപ്പോഴും എം.ബി.എ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്‌ളാസുകളായി മാറുന്നുണ്ട്. അതോടൊപ്പം, കുടുംബത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള സുവിശേഷ പ്രസംഗമായും പല സംഭാഷണങ്ങളും പ്രേക്ഷകന് തോന്നും. കേരളത്തിലെ അഡ്‌മിനിസ്‌ട്രേഷൻ രീതിയെയും റോഡുകളുടെയും ഗതാഗത മേഖലയുടെയും വികസന മുരടിപ്പും സിനിമ ചൂണ്ടിക്കാട്ടുന്നത് വ്യംഗന്തരേണ ഗൾഫ് രാജ്യങ്ങളുടെ കാര്യപ്രാപ്തിയെ സൂചിപ്പിക്കാനാണ്. വളരെ വാചാലനായ ജേക്കബിലൂടെയാണ് ഒന്നാം പകുതി മുന്നോട്ടു നീങ്ങുന്നത്. മറ്റു കഥാപാത്രങ്ങൾ ഈയവസരത്തിൽ ചെറിയ റോളുകളിൽ ഒതുങ്ങിപ്പോകുന്നു.[BLURB#2-VR]

അപ്രതീക്ഷതിമായി ഉണ്ടാകുന്ന ബിസിനസ് തളർച്ചയിൽ 13 കോടി രൂപയോളം കടത്തിൽപ്പെട്ട് ജേക്കബിന് ദുബൈ വിടേണ്ട അവസ്ഥ വരുമ്പോഴാണ് സിനിമയുടെ കടിഞ്ഞാൺ നിവിൻ പോളിയിലത്തെുന്നത്. കുടുംബ ബാധ്യതയും കടം തീർക്കേണ്ട ചുമതലയും സ്വാഭാവികമായും മൂത്തമകനായ ജെറിയിൽ വന്നു ചേരുന്നു. അച്ഛൻ കാത്തുസൂക്ഷിച്ച കുടുംബം അതേ ഭദ്രതയിലും സന്തോഷത്തിലും മുന്നോട്ടുകൊണ്ടുപോകേണ്ട ജെറിയുടെ ശ്രമങ്ങളാണ് സിനിമയുടെ ബാക്കി ഭാഗം.

13 കോടി എന്ന വലിയ തുകയുടെ കടം തീർക്കാൻ നിയുക്തനായ ജെറി വളരെ ലാഘവത്തോടെയാണ് തന്റെ കർത്തവ്യം പൂർത്തിയാക്കുന്നത് എന്നാണ് തിരക്കഥയുടെ പ്രധാന പ്രശ്‌നം. പണമുണ്ടാക്കാനായി ജെറി നടത്തുന്ന ഉരുക്കുകച്ചവടമൊക്കെ കണ്ടാൽ പ്രേക്ഷകർ അന്തം വിട്ടിരുന്നപോവും. അച്ഛന്റെ നാടുവിടൽ വരെ ജെറി ജേക്കബിന്റെ നിഴലിലായിരുന്നു. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത സാധാരണ ചെറുപ്പക്കാരൻ. അപ്രതീക്ഷിതമായി, പെട്ടെന്ന് അയാൾ പ്രതിസന്ധികളിലേക്കെടുത്തെറിയപ്പെട്ടു.

[BLURB#3-VL] ഈയൊരു സംഘർഷം തിരക്കഥയിൽ ഇല്ല. ദൈവവിശ്വാസിയായ ഒരാളെ ഇത്തരം ഘട്ടത്തിൽ ഈശ്വരൻ രക്ഷിക്കുമെന്ന വിശ്വാസധാരകളിലേക്കാണ് സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമ മെലോഡ്രാമയിലേക്ക് വഴുതിവീഴാനുള്ള സാഹചര്യം മുൻകൂട്ടികണ്ട് വൈകാരിക രംഗങ്ങളെ പരമാവധി ലഘൂകരിക്കാനുള്ള സംവിധായകന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നു തോന്നുന്നു. ടി.ജി രവി അവതരിപ്പിച്ച ഡ്രൈവർ നാരായണന്റെ കഥാപാത്രം പ്രേക്ഷകന് നൽകുന്ന വൈകാരികത മാത്രമാണ് ഈ ഘട്ടത്തിൽ ജെറി അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ യഥാർഥ മുഖം കാണിക്കുന്നത്. മറ്റു കഥാപാത്രങ്ങളിൽനിന്ന് സംവിധായകൻ ബോധപൂർവം ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിയതാകാം.

നിവിൻ പോളിക്കും രഞ്ജി പണിക്കർക്കും കൈയടി

മലയാള സിനിമയുടെ ആധുനികകാലത്തെ അച്ഛനായി രൺജി പണിക്കർ ഏതാണ്ടു മാറിയിട്ടുണ്ട്. ഓംശാന്തി ഓശാനയിലെ അച്ഛനെയും ജേക്കബിനെയും താരതമ്യം ചെയ്യാൽ അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാവും. എഴുത്തിനേക്കാളും സംവിധാനത്തേക്കാളും പണിക്കർക്ക് പറ്റിയ പണി ഇതാണെന്നാണ് എല്ലാവരും പറയുന്നത്. നിവിൻപോളി അനായാസമായി തന്റെ റോൾ ഭംഗിയാക്കി. പതിവ് മാനറിസങ്ങളിൽനിന്ന് കുതറിച്ചാടാനുള്ള നിവിന്റെ ശ്രമം ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചതന്നെയാണ് വ്യക്തമാക്കുന്നത്.

നിവിൻ പോളിയുടെ സഹോദരനായി അഭിനയിച്ച ശ്രീനാഥ് ഭാസി, സഹോദരിയായി എത്തുന്ന ഐമ സെബാസ്റ്റ്യൻ, വിനീത് ശ്രീനിവാസൻ ചെയ്ത മുസ്തഫ, വില്ലൻ ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടൻ അശ്വിൻകുമാർ, ടി.ജി രവി, ദിനേഷ് പ്രഭാകർ എന്നിവരുടെ കാസ്റ്റിങ്ങും മനോഹരമായി. നായകന് പ്രണയിക്കാൻ ഒരു പെണ്ണ് വേണമെന്ന പരമ്പരാഗത സങ്കൽപത്തിന് ഇവിടെയും മാറ്റമില്ല. ജെറിയുടെ കാമുകിയായി രണ്ടോ മൂന്നോ സീനുകളിൽ മാത്രമാണ് നായികയുടെ പ്രവേശം. [BLURB#4-H]

സിനിമയിൽ സാന്നിധ്യമറിയിക്കുന്ന ഏക സ്ത്രീകഥാപാത്രംജെറിയുടെ അമ്മയായി വേഷമിട്ട ലക്ഷ്മി രാമകൃഷ്ണനാണ്. പലപ്പോഴും ജെറി തകരുന്ന അവസ്ഥയിൽ കൈപിടിച്ചു കയറ്റുന്നത് അമ്മയാണ്. കടംകയറി ജീവിതം തന്നെ ബാധ്യതയാകുമ്പോഴും അചഞ്ചലമായ അവരുടെ മനോധൈര്യമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ റോൾ അവർ ഭംഗിയായി അവതരിപ്പിച്ചെങ്കിലും പല സന്ദർഭങ്ങളും അതിശയോക്തിയായി തോന്നാം. ഷാൻ റഹ്മാന്റെ ഗാനങ്ങൾ ശരാശരിമാത്രം.ക്യാമറ ജോമോൻ ടി. ജോണിന്റെതാവുമ്പോൾ പിന്നെ എങ്ങോട്ടും തിരഞ്ഞാലും മനോഹര ഫ്രെയിമുകളാണ്. എഡിറ്ററായ രഞ്ജൻ ഏബ്രഹാം ഈ സിനിമയോട് തീരെ നീതിപുലർത്തിയില്ല. എഡിറ്റർ ശ്രദ്ധിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് പതിനഞ്ച് മിനുട്ടെങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കുറക്കാമായിരുന്നു.

അവധിക്കാലം ലക്ഷ്യമിട്ട് കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ ജേക്കബിന്റെ സ്വർഗരാജ്യത്തിന് സാധിക്കുമെന്നതിൽ തർക്കമില്ല. പ്രത്യേകിച്ച് ഗൾഫ് ഓർമകളും വാഴ്‌ത്തപ്പെടലുകളും ഇഷ്ടപ്പെടുന്ന വലിയ വിഭാഗത്തിനിടയിൽ. അതിലപ്പുറം തിരയിൽ കാണിച്ച പരീക്ഷണമോ പുതുമയോ കൊണ്ടുവരാൻ പോലും സംവിധായകന് സാധിച്ചില്ല എന്നു പറയേണ്ടി വരും.

വാൽക്കഷ്ണം: ഒരു സംഭവകഥ സിനിമയാക്കുമ്പോൾ സംഭവിക്കുന്ന എല്ലാ കുഴപ്പങ്ങളും ഈ പടത്തിന് പറ്റിപ്പോയിട്ടുണ്ട്. സംവിധായകന് തിരക്കഥയിൽ അധികം സ്വാതന്ത്ര്യം എടുക്കാനിയിട്ടില്ല. ഒരു യഥാർഥ സംഭവം അതിന്റെ മുഴുവൻ തീവ്രതയോടെ പ്രേക്ഷകനിലത്തെിക്കാൻ ഏതൊക്കെ വഴികൾ തെരഞ്ഞെടുക്കാമെന്നത് പ്രധാനപ്പെട്ടതായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പറ്റിയ വീഴ്ചയെ സംവിധായകൻ മറികടക്കുന്നത് സിനിമ അവസാനിച്ച ശേഷം സിനിമക്ക് പ്രചോദനമായ സംഭവത്തിന്റെ വിവരണത്തോടെയാണ്.താൻ രണ്ടര മണിക്കൂർ സ്‌ക്രീനിൽ പറഞ്ഞത് പ്രേക്ഷകന് വേണ്ട വിധം ഉൾക്കൊള്ളാനാകില്ല എന്ന സംവിധായകന്റെ ആത്മവിശ്വാസക്കുറവാണ് ഇവിടെ കാണുന്നത്. സംഭവകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച എന്നു നിന്റെ മൊയ്തീൻ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകൾ ഈ പ്രശ്‌നങ്ങളെ അതിജീവിച്ച് വിജയം കൈവരിച്ചവയാണെന്നും ഓർക്കണം.