തെങ്കിലും ഒരു യുവ നടനുവേണ്ടി നല്ല സിനിമയെ പ്രണയിക്കുന്നവർ ഇത്രമേൽ പ്രാർത്ഥിച്ചിട്ടുണ്ടാവുകയാണെിൽ അത് ഫഹദ്ഫാസലിനെക്കുറിച്ചും, 'മഹേഷിന്റെ പ്രതികാരം' എന്ന അദ്ദേഹം നായകനായ ചിത്രത്തെക്കുറിച്ചുമായിരിക്കും. കാരണം ഫഹദ് എന്ന വിസ്മയ നടൻ മലയാള വ്യാവസായിക സിനിമയിൽ തുടരണോ വേണ്ടയോ എന്നത് മഹേഷിന്റെ സാമ്പത്തിക വിജയത്തെ ആശ്രയിച്ചായിരുന്നു. എന്നാൽ മലയാളി പ്രേക്ഷകർക്ക് നന്ദി പറയുക.കലാപരമായി ശരാശരിയാണെങ്കിലും മഹേഷ് തീയേറ്ററുകളിൽ തരംഗം തീർത്ത് സൂപ്പർ ഹിറ്റിലേക്ക് കടക്കുകയാണ്. സോഷ്യൽ മീഡിയയിലൊന്നും അടുത്തകാലത്ത് ഒരു ചിത്രത്തെക്കുറിച്ച് ഇത്രയും നല്ല പ്രതികരണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പടം ഫഹദിന്റെ അതി ശക്തമായ തിരിച്ചുവരവ് കൂടിയാവുകയാണ് ഈ ചിത്രം.

മലയാള വ്യവസായി സിനിമയോടുള്ള ഫഹദിന്റെ മധുരപ്രതികാരം കൂടിയാണിതെന്ന് വേണമെങ്കിൽ പറയാം. സൂപ്പർ സ്റ്റാർ സരോജ് കുമാർ പറഞ്ഞപോലെ 'പതിനാറു പടം തുടർച്ചയായി പൊട്ടിയാലും ഒറ്റ ഹിറ്റിന്റെ ബലത്തിൽ മൂന്നാലുവർഷം കൂടി താരങ്ങളായി തുടരുന്ന' നടപ്പുരീതിയിൽ നിന്ന് മാറി ഫഹദ് സ്വയം ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. തന്റെ സമീപകാലത്തെ ചില ചിത്രങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് വാങ്ങിയ അഡ്വാൻസ് ഈ യുവനടൻ തിരിച്ചു നൽകുകയായിരുന്നു. (പ്രേം നസീറിന്റെ കാലത്തിനുശേഷം ആദ്യമായിട്ടാണത്രേ,ഒരു താരത്തിന് കൊടുത്ത പൈസ തിരിച്ചുകിട്ടുന്നത്!) മൺസൂൺ മാംഗോസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളുടെ പ്രതികരണം അറിഞ്ഞിട്ടുമതി ഇനി മലയാള സിനിമയിലേക്കുള്ള തുടർ നായകവേഷമെന്ന് ഉറപ്പിച്ചിരിക്കയായിരുന്നു ഫഹദ്.(എന്റെ സിനിമകൾ നല്ലതുമാത്രമാണെങ്കിൽ ജനം കണ്ടാൽ മതിയെന്നും ഫാൻസ് അസോസിയേഷൻപോലുള്ള പരിപാടികൾ പാടില്‌ളെന്നും പരസ്യമായി പറയാൻ നമ്മുടെ എത്ര നടന്മാർക്ക് ധൈര്യമുണ്ട്) ഇതിൽ മൺസൂൺ മാംഗോസ് നല്ല ചിത്രമാണെന്ന് പേരെടുത്തെങ്കിലും സാമ്പത്തികമായി അത്രക്ക് വിജയമായില്ല. എന്നാൽ മഹേഷ് ഹിറ്റായതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടുകയാണ്. തന്നെ പരസ്യമായി കവലയിലിട്ട് തല്ലിയവനെ തിരച്ചുതല്ലാതെ ഇനി ചെരിപ്പിടില്‌ളെന്ന് പ്രഖ്യാപിച്ച്, പൊള്ളുന്ന വെയിലിൽ നഗ്‌നപാദനായി നടക്കുന്ന മഹേഷിനെപ്പോലെ, ഫഹദും മലയാള വ്യാവസായിക സിനിമയോട് പ്രതികാരത്തിലാണെന്ന് തോന്നുന്നു. എന്നാൽ ജീവിതത്തിലും സിനിമയിലും അദ്ദേഹം വിജയിച്ചിരിക്കുകയും ചെയ്യുന്നു.

എന്നുവച്ച് ഫേസ്‌ബുക്കിലെ പൊക്കലുകൾ കേട്ട് എന്തോ ഭയങ്കര സംഭവമാണെന്ന ധാരണയിൽ ഈ ചിത്രത്തിന് ടിക്കറ്റെടുക്കരുത്.കലാപരമായി ശരാശരി മാത്രമാണ് ഈ പടം.പക്ഷേ ശാ്യംപുഷ്‌ക്കരന്റെ വ്യത്യസ്തമായ കഥയും, സംവിധായകൻ ദിലീഷ് പോത്തന്റെ പ്രസരിപ്പാർന്ന ദൃശ്യഭാഷയും ,ജീവസ്സുറ്റ നുറുങ്ങു നർമ്മങ്ങളും ചേരുമ്പോൾ കൃത്യമായ ഫീൽഗുഡ് മൂഡ് പ്രേക്ഷകന് കിട്ടുന്നു. ആഷിക് അബുവിന്റെ കൂട്ടായ്മയിൽ നിന്നത്തെുന്ന നടൻകൂടിയായ ദിലീഷ് പോത്തന് പണി അറിയാമെന്ന് ചുരുക്കം.

വ്യത്യസ്തമായ രചന; വേറിട്ട ആഖ്യാനം

മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി നല്ല എഴുത്തുകാർ ഇല്ലാത്തതാണെന്ന് പലതവണ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അവിടെയാണ് ആഷിക്ക് അബുവിന്റെ ടീമിൽനിന്ന് വരുന്ന ശ്യാം പുഷ്‌ക്കരന്റെ പ്രസക്തി. ഒട്ടും സംഭാഷണ പ്രാധാന്യമല്ലാതെ ദൃശ്യത്തിന് അനുസരിച്ച് കഥ പോകുന്ന ടെക്ക്‌നിക്കാണ് ഇവിടെ പുഷ്‌ക്കരൻ ഉപയോഗിച്ചിട്ടുള്ളത്. തേച്ചുമിനുക്കി തൂവെള്ളയാക്കിവച്ച ഒരു വള്ളിച്ചെരുപ്പിന്റെ ക്‌ളോസപ്പ് ഷോട്ടിൽ നിന്നാണ് മഹേഷിന്റെ പ്രതികാരം ആരംഭിക്കുന്നത്. ചെരുപ്പിന് കഥയിലുള്ള നിർണ്ണായക സ്ഥാനം പിന്നീട് പ്രേക്ഷകന് ബോധ്യമാവും.

[BLURB#1-VL]ഇടുക്കിയിലെ പ്രകാശ് എന്ന ഗ്രാമത്തിലെ ഭാവനാ സ്റ്റുഡിയോയുടെ നടത്തിപ്പുകാരനാണ് മഹേഷ്.'കിളിപോയിത്തുടങ്ങിയ' തന്റെ പിതാവിനൊപ്പം, മരണവും വിവാഹവുമൊക്കെ ക്യാമറയിലാക്കി ജീവിക്കയാണ് അയാൾ.അയൽവാസിയായ ബേബിച്ചായനാണ് ചങ്ങാതി. ബാലക്യകാല സഖി സൗമ്യയെ സ്വന്തമാക്കണമെന്നതാണ് മഹേഷിന്റെ ജീവിതാഭിലാഷം.പക്ഷേ കഥപുരോഗമിക്കുമ്പോൾ കാര്യങ്ങളെല്ലാം കൈവിടുകയാണ്. കാമുകി അയാളെ വിട്ടുപോവുന്നു, ഒട്ടും പ്രതീക്ഷിക്കാതെ ജനമധ്യത്തിൽ നാൽക്കവലയിൽവച്ച് ഒരുത്തൻ അയാളെ പരസ്യമായി തല്ലിയിടുന്നു.ജീവിതത്തിൽ ഒരിക്കലും ഒരാളോടും ശബ്ദമുയർത്തിപ്പോലും സംസാരിച്ചിട്ടില്ലാത്ത മഹേഷ് ആകെ അപമാനിതനായിപ്പോവുന്നു. വീഴാൻപോയ അയാളെ താങ്ങി, നാട്ടുകാർ ചെരിപ്പിട്ട് കൊടുക്കുമ്പോൾ മഹേഷ് അത് തട്ടിമാറ്റി ഒരു പ്രഖ്യാപനം നടത്തുകയാണ്. തല്ലിയവനെ പരസ്യമായി തിരിച്ചുതല്ലിയിട്ടേ താൻ ചെരിപ്പ് ഇടൂവെന്ന്!

ഈ ഭാഗങ്ങളൊക്കെ സിനിമാറ്റിക്ക് സ്പൂഫിന്റെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നരസിംഹത്തിന്റെ ടൈറ്റിൽ സോങ്ങിനിടെയാണ് മുണ്ടുമടുക്കിക്കുത്തി എതിരിടാൻപോയി മഹേഷ് തല്ലുവാങ്ങുന്നത്. രക്തചന്ദനം നന്നായി അരച്ചിട്ടാൽ അൽപ്പകാലംകൊണ്ട് മുഖം ജോസ് കെ.മാണിയെപ്പോലെയാവുമെന്നാണ് മറ്റൊരു സംഭാഷണം.സിനിമക്കാർക്കുമുണ്ട് ചിത്രത്തിലൊരു കുത്ത്.മോഹൻലാലിനെ കുറിച്ച് സൗബിൻ ഷാഹിർ അവതരിപ്പിച്ച ക്രിസ്ബിൻ പറയുന്നതുനോക്കുക.'സംഭവം എനിക്ക് മമ്മുക്കാനെ ഇഷ്ടമല്ല. പുള്ളിയിപ്പോൾ ഏത് റോൾ വേണമെങ്കിലും ചെയ്യും. തമിഴനോ, പൊട്ടനോ,മന്ദബുദ്ധിയോ.അതൊക്കെ ലാലേട്ടൻ,നായർ, മേനോൻ, വർമ്മവിട്ടൊരു കളിയുമില്ല.' തമാശയാണെങ്കിലും കൃത്യമായ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് കൂടിയാണിത്. ആഷിക്ക്അബു പ്രതിനിധാനം ചെയ്യുന്ന സംഘത്തിന്റെ ഈ നയപ്രഖ്യാപനം നവ മാദ്ധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെടുന്നുമുണ്ട്.

സൗമ്യയും മഹേഷും തമ്മിലുള്ള ഫോൺ സംഭാഷണം, മഹേഷും പിതാവും തമ്മിലുള്ള ബന്ധം എന്നിവയൊക്കെ ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇടുക്കിയെ മുറിച്ചങ്ങോട്ട് വച്ചിരിക്കയാണ് ഷൈജു ഖാലിദിന്റെ ക്യാമറ. മരണവീട്ടിലെ മധ്യസ്ഥത, കവലയിലെ തർക്കം തുടങ്ങി നാട്ടിൻപുറത്തിന്റെ എല്ലാ സാധ്യതകളും നർമ്മരസത്തിൽ ചാലിച്ചാണ് ചിത്രം മുന്നോട്ടുപോവുന്നത്.[BLURB#2-VR]

ഫഹദിന്റെയും സൗബിൻ ഷാഹിന്റെയും അഭിനയത്തികവാണ് ചിത്രത്തിന് എറ്റവും വലിയ മുതൽക്കൂട്ടാവുന്നത്. മഹേഷ്ഭാവനയായി, ഫഹദ് അഭിനയിക്കയല്ല ജീവിക്കയാണ്. നാട്ടിൻപുറങ്ങളിലൊക്കെ നാം കണ്ടുമുട്ടുന്ന ഒരു സാധാ ഫോട്ടോഗ്രാഫർ. അതിൽ ഫഹദ് എന്ന നടനത്തെന്നെ കാണാനില്ല. ന്യുജൻ തമാശക്കാരനായ സൗബിൻ ഷാഹിന്റെ നമ്പറുകൾ ശരിക്കം ഏൽക്കുന്നുണ്ട്. ഒരിടത്തും ചളി കടന്നുവരുന്നില്ല. അനുശ്രീക്ക് കാര്യമായൊന്നും ചിത്രത്തിൽ ചെയ്യാനില്ല. പഴയ നാടൻ പെൺകുട്ടിതന്നെ.ബേബിച്ചായനെ അവതരിപ്പിച്ച അലൻസിയർ എന്ന നടനെ മലയാള സിനിമ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. സ്റ്റീവ് ലോപ്പസ് ഫെയിം സുജിത് ശങ്കർ, മഹേഷിന്റെ പിതാവായി എത്തിയ കെ.എൽ ആന്റണി, ജിൻസിയായ അപർണാ ബാലമുരളി എന്നിവരും നന്നായിട്ടുണ്ട്.

സ്വയം അനുകരിക്കുക എന്ന ട്രാപ്പിൽ പെട്ടുപോവാത്ത സംഗീത സംവിധായകനാണ് ബിജിബാലെന്നത് ഈ ചിത്രം തെളിയിക്കുന്നു. ഗൃഹാതുരത്വത്തിൽ പ്രേക്ഷകരെ കുളിപ്പിച്ചുകിടത്താൻ ബോധപൂർവം ഉദ്ദേശിച്ചിട്ടുള്ളവ. റഫീഖ് അഹമ്മദിന്റെ മനോഹര വരികളെ അർഥപൂർണ്ണമാക്കുന്നതുമാണ് ഗാനങ്ങൾ.

കേരളത്തിലെ ബീഹാർ മോഡൽ!

തീർത്തും പൊളിറ്റിക്കലായ ഡയലോഗുകൾ നർമ്മത്തിൽ ചാലിച്ച് ഒരുക്കുന്ന ഈ പടത്തിനെതിരെ അതിശക്തമായ രാഷ്ട്രീയ വിയോജിപ്പുമുണ്ട്. അത് പതിവുപോലത്തന്നെ ആണത്തത്തെ നിർവചിക്കുന്നിടത്തു തന്നെയാണ്. രണ്ടുപേർ തമ്മിലുള്ള പ്രശ്‌നങ്ങൾ കാട്ടുനീതിപോലെ തല്ലിത്തീർക്കേണ്ടതാണോ? അതും കേരളംപോലൊരു സംസ്ഥാനത്ത്. ഒരുത്തനെ നാൽക്കവലയിലിട്ട് തല്ലിച്ചതക്കുന്നതുകണ്ടാൽ ജനം കൂടിനിന്ന് വിസിലടിക്കയാണോ ചെയ്യുക? ഇനി തല്ലിയവനെ തിരിച്ച് പരസ്യമായി തല്ലിയാണോ ആണത്തവും, അതുവഴി നീതിയും സംരക്ഷിക്കേണ്ടത്? ഈ ആണുങ്ങൾക്കൊക്കെ എന്താണ് പറ്റിയതെന്ന് ചിത്രത്തിൽ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. നിയമവും നീതിന്യായ വ്യവസ്ഥയുമെല്ലാം അസ്തമിച്ച ബീഹാർ മോഡലാണോ ഇവിടെയും നടക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരള വിരുദ്ധമാണ് വലിയ രാഷ്ട്രീയ പദപ്രശ്‌നങ്ങൾ ചോദിക്കുന്ന ആഷിക്ക് അബുവിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ ഈ പടം. ഈ രംഗങ്ങളൊന്നും സാമാന്യ യുക്തിക്ക് നിരക്കുന്നതുമല്ല. സ്‌കൂൾ കുട്ടികളൊക്കെ ഗ്രൗണ്ടിലേക്ക് വെല്ലുവിളിച്ച് അടിപിടിയുണ്ടാക്കുന്ന പോലാണോ മുതിർന്നവരുടെ കാര്യങ്ങൾ.

മാത്രമല്ല മാനം അഭിമാനം എന്നീ പ്രശ്‌നങ്ങളൊക്കെ എടുത്തിട്ട്, ജനാധിപത്യപരമായ സമൂഹത്തിൽ ഫ്യൂഡൽ മാതൃകകളെ ആദർശവത്ക്കരിക്കുന്നു എന്ന കെണികൂടി ഈ പടം ഏറ്റെടുക്കുന്നു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന സിദ്ധാന്തത്തിന്റെ പ്രതിനിധി തന്നെയല്ലേ, പ്രതികാര ദാഹിയായ മഹേഷ്.ചിത്രം അതുവരെ സ്പൂഫിലൂടെ പറഞ്ഞുകൊണ്ടുവന്ന ആശയങ്ങൾ കീഴ്‌മേൽ മറിയുകയാണ് ഇവിടെ.[BLURB#3-H] 

എന്നിരുന്നാലും അർഥശൂന്യമായ കെട്ടുകാഴ്ചകൾക്കിടയിൽ ആശ്വാസം തന്നെയാണ് ഈ പടം.ഒരു സെക്കൻഡുപോലും പ്രേക്ഷകന് ബോറടിക്കുന്നില്‌ളെന്നതാണ് ഏറ്റവും വലിയ ഗുണം. സാരോപദേശ കഥകളും, നന്മതിന്മ കെട്ടുകാഴ്ചകളും, തറക്കോമഡികളും കണ്ടുമടുത്തതുകൊണ്ടാവണം അൽപ്പം കൊള്ളാവുന്ന പടം വന്നാൽപോലും മലയാളി പ്രേക്ഷകർ ഹിറ്റാക്കിക്കൊള്ളും.അതുകൊണ്ടുതന്നെ മലയാള നിനിമയുടെ സുവർണ കാലഘട്ടം തന്നെയാണിതെന്ന് നിസ്സംശയം പറയാം.

വാൽക്കഷ്ണം: സിനിമയിലുള്ളവർ ഡയലോഗുകൾകൊണ്ട് പരസ്പരം ഏറ്റുമുട്ടേണ്ടവരാണോയെന്നും ഈ പടം കണ്ടപ്പോൾ ഓർത്തുപോയി. നായരും വർമ്മയുമല്ലാത്ത എത്രയോ കഥാപാത്രങ്ങൾ ചെയ്ത നടനാണ് മോഹൻലാൽ. വിമർശനവും വ്യക്തിഹത്യയും തമ്മിലുള്ള വ്യത്യാസം ആഷിക്ക് അബുവിന് ആരെങ്കിലും പറഞ്ഞുകൊടുക്കണോ? അല്‌ളെങ്കിൽ ചിത്രത്തിന്റെ പ്രമോഷനായി ബോധപൂർവം നടത്തിയ പബ്‌ളിസിറ്റി സ്റ്റണ്ടുമാവാം ഇതും.