താരങ്ങൾക്കൊപ്പം സംവിധായകരും വെടിതീരുന്ന കലമാണിത്. വൊളൻണ്ടറി റിട്ടയർമെന്റ് സിനിമക്കാർക്കിടയിലുണ്ടെങ്കിൽ അത് നമ്മുടെ പഴയകാല ഹിറ്റ്‌മേക്കർ പ്രിയദർശന് കൊടുക്കണമെന്ന് 'ആമയും മുയലും' കണ്ടപ്പോൾ തോന്നിയിരുന്നു. നമ്മുടെ പ്രിയപ്പെട്ട ശ്രീനിവാസനും അക്കൂട്ടത്തിൽ പെടുകയാണ്. ഷിബുബാലൻ കഥയും സംവിധാനവും നിർവഹിച്ച്, ശ്രീനിവാസൻ തിരക്കഥയും സംവിധാനവും ഒരുക്കിയ 'നഗരവാരിധി നടുവിൽ ഞാൻ' ആവറേജായി ഒതുങ്ങിപ്പോയി. പ്രിയദർശനൊക്കെ ചെയ്യുന്നതുപോലെ തന്റെ മുൻകാല സിനിമകളിലെ ചില രംഗങ്ങൾ തനിയാവർത്തനം നടത്തിയാൽ പ്രേക്ഷകർ തീയേറ്റിലേക്ക് കയറുമെന്ന അന്ധവിശ്വാസത്തിലാണ് പ്രതിഭകൊണ്ട് മലയാളിയെ അമ്പരപ്പിച്ച ശ്രീനിവാസനുമെന്ന് തോനുന്നു.

രണ്ടുവർഷത്തെ ഇടവേളക്കുശേഷം വന്ന ശ്രീനിവാസൻ ചിത്രം എന്ന നിലക്ക് ആവേശത്തോടെയാണ് തീയേറ്ററിൽ കയറിയത്. പക്ഷേ അത്യാവശ്യം നർമ്മവുമായി ഒരു സത്യൻ അന്തിക്കാട് സിനിമപോലെ നീങ്ങിയ ആദ്യ പകുതിക്കുശേഷം ചിത്രം പാളം തെറ്റുകയാണ്. അരോചക സീനുകളും അസംബന്ധങ്ങളും നിറഞ്ഞ രണ്ടാംപകുതിയും, എതാനും ഭാഗങ്ങൾ മുറിഞ്ഞുപോയെന്ന് തോനിപ്പിക്കുന്ന കൈ്‌ളമാക്‌സും കണ്ടിറങ്ങുന്ന പ്രേക്ഷകർ ശ്രീനിവാസനെയും പ്രാകിക്കൊണ്ടാണ് പുറത്തുപേകവുന്നത്. 'പവനാഴി ശവമായി', എന്നുപറഞ്ഞ പോലെ ഒടുവിൽ ശ്രീനിവാസനും വെടി തീർന്നിരിക്കയാണ്.

ദുർബലമായ കഥയും അതിൽ കെട്ടിപ്പടുത്ത തിരക്കഥയും തന്നെയാണ് ഈ സിനിമയിലെ പ്രധാനവില്ലൻ. ഇത്തരം തിരക്കഥയൊക്കെ കത്തിക്കണം എന്നായിരക്കണം രാജീവ് രവി സത്യത്തിൽ ഉദ്ദേശിച്ചത്. ടിപ്പിക്കൽ ശ്രീനിവാസൻ സിനിമയിലെ നായകനാണ് ഇതിലെ വേണു. പത്തുപതിനെട്ടുവർഷം മണലാരണ്യത്തിൽ കഷ്ടപ്പെട്ട അയാൾ നിതാഖാത്തിനെ തുടർന്ന് ജോലിപോയി നാട്ടിലത്തെുകയാണ്. പണിയെടുത്ത് കിട്ടയതൊക്കെയും ബന്ധുക്കൾ കൊണ്ടുപോയതോടെ അയാളും ഭാര്യയും (സംഗീത) മകളും നഗരത്തിലെ ഒരു കൊച്ചു വാടക വീട്ടിലാവുന്നു. തുച്ഛമായ ശമ്പളത്തിന് ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി പണിചെയ്യുകയാണ് അയാൾ. പതിവുപോലെ അയാൾ യൗവനകാലത്ത് ഒരു വിപ്‌ളവകാരിയുമായിരുന്നു. (എത്ര തവണായാണ് നമ്മൾ ഇത്തരം കഥകൾ സഹിക്കുക) നഗരമധ്യത്തിലെ പോഷ് റെസിഡൻഷ്യൽ കോളനിയിലെ അയാളുടെ അഞ്ചുസെന്റ് ഭൂമി നാട്ടുകാർ മാലിന്യമിട്ട് ഞെളിയൻപറമ്പാക്കി മാറ്റുന്നു. ആ മാലിന്യം നീക്കംചെയ്ത് സ്ഥലം വിൽക്കാൻ വേണു നടത്തുന്ന സാഹസങ്ങളാണ് ഈ കഥയുടെ കാതൽ.[BLURB#1-H]

അസംബന്ധങ്ങളുടെയും യുക്തിരാഹിത്യങ്ങളുടെയും ഘോഷയാത്ര
സാധാരണ യുക്തിസഹവും ജീവിതഗന്ധിയുമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള സാമൂഹിക വിമർശനത്തിലുടെയാണ് ശ്രീനിവാസൻ മലയാളികളുടെ അരുമയായത്. ആ ധാരണവച്ച് ഈ സിനിമക്ക് കയറുന്നവർ മൊത്തത്തിൽ പറ്റിക്കപ്പെട്ട അവസ്ഥയിലാവും. സിനിമയുടെ തുടക്കം മുതൽ അസംബന്ധങ്ങളുടെ വേലിയേറ്റമാണ്. 1500രൂപ മാസ ശമ്പളത്തിന് കേരളത്തിൽ എവിടെയാണ് സെക്യൂരിറ്റിപണിക്ക് ആളെകിട്ടുക. 1500രുപയെന്നാൽ ഭക്ഷണം കഴിക്കാനുള്ള തുകപോലും ആവില്ലല്ലോ. മിനിമം 3500 എന്നെങ്കിലും പറഞ്ഞാൽ അത് കേരളീയ സാഹചര്യങ്ങൾക്ക് അനുസരിച്ചാവുമായിരുന്നു. കേരളത്തെ ഒരു വെള്ളരിക്കാപ്പട്ടണമായി ചിത്രീകരിച്ച് വിമർശിക്കാൻവേണ്ടി കാര്യങ്ങൾ തട്ടുക്കൂട്ടുകയാണ് ചെയ്യുന്നത്. അർധപട്ടിണിക്കാരനായിരുന്നിട്ടും കഥായകന് നഗരത്തിൽ അയാൾക്കുള്ള അഞ്ചുസെന്റ് ഭൂമി പത്തിരുപതുകൊല്ലമായി മറന്നുപോയപോലെയാണ്.ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിമില്ലാതെ പൊട്ടിമുളച്ചാണോ അയാൾ ഉണ്ടായത്. ഗൾഫിൽനിന്ന് വല്ലപ്പോഴും വരുമ്പോഴും അയാൾ ആ ഭൂമിയിലേക്ക് പോയി നോക്കാറില്ല എന്നതും കഥയിലെ എച്ചുകെട്ടായി തോനുന്നു.അതോടെ ആ ഭൂമി മാലിന്യക്കൂമ്പാരമായി മാറുന്നു.

കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ മാലിന്യപ്രശ്‌നത്തെക്കുറിച്ച് ( 'പെൺപട്ടണം', 'ഈ അടുത്തകാലത്ത'് തുടങ്ങിയ സിനിമകൾ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്) ആക്ഷേപ ഹാസ്യമൊരുക്കുമ്പോൾ നടത്തേണ്ട മനിമം ഗൃഹപാഠങ്ങൾപോലും സംവിധായകൻ ഷിബു ബാലനും തിരക്കഥാകൃത്ത് ശ്രീനിവാസനും നടത്തിയില്ല. ഒന്നാമതായി ഒരു പ്രധാന റെസിഡൻഷ്യൽ എരിയയുടെ നടുക്കുള്ള അഞ്ചുസെന്റിലൊന്നും ആരും മാലിന്യങ്ങൾ നിക്ഷേപിക്കാറില്ല. അവർക്ക് അതിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അയൽവാസികൾ സമ്മതിക്കാത്തതിനാലാണ്. തൊട്ടടുത്ത് ഒരു മാലിന്യമല ഉയർന്നുവരുന്നത് എത് അയൽവാസികളാണ് നോക്കിയിരക്കുക. അതിൽനിന്നുവരുന്ന ദുർഗന്ധവും, ഈച്ചയും, പാറ്റയും, കൊതുകുമൊക്കെ അവരെയും ബാധിക്കില്ലേ. എന്നാൽ തൊട്ടടുത്ത് വീടുകൾ ഇല്ലാത്ത, പുഴയോ, തടാകമോ ഒക്കെയുള്ള വിജനസ്ഥലത്ത് വളരെപെട്ടന്ന് മാലിന്യമല ഉയരുകയും ചെയ്യും. പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലുമാണ് ഇവിടെ മാലിന്യം കട്ട പിടിച്ച് കിടക്കാറുള്ളത്.[BLURB#2-VL]

ഇനി ടാങ്കർലോറിയും, ജെ.സി.ബിയും കൊണ്ടുവന്നിട്ടൊന്നും തീരാത്ത പ്രശ്‌നമല്ല ഇത്.അങ്ങനെയാണെങ്കിൽ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞാലൊക്കെ ജനം എന്തുചെയ്യും. നഗരസഭകളൂടെ കീഴിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ട്രഞ്ചിങ്ങ് ഗ്രൗണ്ടുകളിൽ തന്നെ സംസ്‌ക്കരിക്കാവുന്നവയാണിവ. സ്വച്ഛ ഭാരതത്തിന്റെ ഇക്കാലത്ത് നിഷ്പ്രയാസം മാറ്റാവുന്നതേയുള്ളൂ ഈ മാലന്യം. ( ഒറ്റ ദിവസംകൊണ്ട് നമ്മുടെ ശശി തരൂരും കുട്ടരും പൂവാർ തോട്ടിലുണ്ടാക്കിയ മാറ്റം നാം കണ്ടതാണ്) ഒരാൾക്ക് അയാളുടെ പറമ്പിലെ ചവറുനീക്കാൻ, നാട്ടുകാർ സമ്മതിക്കില്‌ളെന്നതും, അതിന് അനൗദ്യോഗിമായി പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും ഒത്താശ കിട്ടുമെന്നതും, ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ളവർ നേരിട്ട് മാലിന്യനിർമ്മാർജനത്തിൽ പങ്കാളിയാവുന്ന ഇക്കാലത്ത് വല്ലാത്തൊരു കോമഡിയായിപ്പോയി. അതായത് കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ധൃതിയിൽ തല്ലിക്കുട്ടിയതാണ് നഗരവാരിധി നടുവിലിന്റെ കഥയെന്ന് ചുരുക്കം.

വേണുവിന്റെ മകൾക്ക് ഡോക്ടറായേ പറ്റുവെന്നാണ്. നല്ല സെൻസിബിളായി സംസാരിക്കുന്ന, കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്ന ഈ കുട്ടിയാണോ, എൻട്രൻസ് കിട്ടിയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് മുഖമടച്ചു പറയുന്നത്. അതായത് കഥാകൃത്തിന്റെ പ്രതിഭാദാരിദ്രം മൂലം വിഷയം ഞെക്കിപ്പഴുപ്പിച്ച് കഥമുന്നോട്ടു കൊണ്ടുപോകണം. മാത്രമല്ല, അങ്ങനെ എന്തെങ്കിലും ഡിപ്രഷൻ ഉണ്ടായാൽ എല്ലാവരും ചേർന്ന് മുറിക്കകത്ത് അടച്ചിരിക്കയാണോ പോംവഴി. ഇന്നത്തെ കാലത്ത് എൻട്രൻസ് എഴുതുന്നതിന് മുമ്പേതന്നെ കുട്ടികൾക്ക്, ഒരു പരാജയത്തെ എങ്ങനെ മാനേജ് ചെയ്യണം എന്ന് ക്‌ളാസ് കൊടുക്കാറില്ലേ. മകൾ മരിച്ചുകളയുമെന്ന് കരുതി, സ്വാശ്രയകോളജിൽ മെഡിക്കൽ സീറ്റ് കിട്ടാൻ കാശിനായി പിതാവ് 'ക്വട്ടേഷനെടുക്കുന്ന' ലോകത്തെ അത്യപൂർവ സംഭവവും ഈ സിനിമയിലുണ്ട്. എന്റമ്മേ, പ്രേക്ഷകരെ സമ്മതിക്കണം.( അതിപ്പോൾ ദൃശ്യം സിനിമ മുതൽ കണ്ടു വരുന്ന ഫാഷനാണ്. സ്വന്തം കുടുംബം രക്ഷിക്കാൻ നിങ്ങൾക്ക് എന്ത് നിയമവിരുദ്ധ പ്രവർത്തനവും ചെയ്യാം.ആരെയും കൊല്ലാം)

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി ശ്രീനിവാസനുനേരെ ഉന്നയിച്ച അതിരുകടന്ന വിമർശനങ്ങളിൽ ചിലത് ഈ ചിത്രം സാധൂകരിക്കുന്നുണ്ട്. ശ്രീനിവാസന്റെ ചില സിനിമകളിൽ പ്രകടമായ അരാഷ്ട്രീയതും തൊഴിലാളി വിരുദ്ധതയും അജിനമോട്ടോപോലെ 'നഗരവാരിധിയിലും' രുചികൂട്ടാൻ ചേർത്തിട്ടുണ്ട്. 'ഇംഗ്‌ളീഷ്മീഡിയവും' 'സന്ദേശവും'പോലുള്ള മുൻകാല ശ്രീനിവാസൻ ചിത്രങ്ങളിൽ കണ്ടപോലെ എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെ അഴിമതിക്കാരും അവസരവാദികളുമാണെന്ന് ഈ ചിത്രവും സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ ഒരിടത്ത് വോട്ടുബാങ്കിന്റെ സെൻസിബിൾ കണക്ഷൻ ശ്രീനിവാസൻ ചേർത്തിട്ടുണ്ട്. മുമ്പ് മുഖ്യധാര പാർട്ടികളെ ആയിരുന്നെങ്കിൽ ഇപ്പോഴത് സിപിഐ ( എം.എൽ) പോലുള്ള പ്രസ്ഥാനങ്ങള്ളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം. കൊടിയുടെ നിറംമാറ്റംമല്ലാതെ രാഷ്ട്രീയപാർട്ടികൾ തമ്മിൽ എന്താണ് മാറ്റമെന്ന് വേണുവും ഭാര്യയും സംവദിക്കുന്നുണ്ട്് ഫാസിസം പടിയിലത്തെിനിൽക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ ചിന്ത ആർക്കാണ് പ്രയോജനപ്പെടുകയെന്നതിലും സംശയമില്ല. സാധാരണ ഹൗസിങ്ങ് കോളനിയിലെ സ്ത്രീകളെ പൊങ്ങച്ചരും പരദൂഷണക്കാരുമായി ചിത്രീകരിക്കുന്ന പതിവ് കലാപരിപാടി ഇത്തവണ ഉണ്ടായിട്ടില്‌ളെന്നത് ആശ്വാസമാണ്.

ക്‌ളിക്കാവാതെ ശ്രീനി-സംഗീത കൂട്ട്
2012ൽ ഇറങ്ങിയ പത്മശ്രീ ഡോ.സരോജ് കുമാർ എന്ന ചിത്രം ശ്രീനിവാസന്റെ കരിയറിലെ എറ്റവും വലിയ അബദ്ധമായിരുന്നു.കലാപരമായും സാമ്പത്തികപരമായും വട്ടപൂജ്യമായ ഈ സിനിമയിലൂടെ സഹപ്രവർത്തകരെ അപമാനിച്ച് ആളാവുന്ന വ്യക്തിയാണെന്ന പേരുദോഷവും ശ്രീനിക്ക് ലഭിച്ചു. അതിൽ അൽപ്പം കാര്യവുമുണ്ടായിരുന്നു. താരാധിപത്യത്ത്യത്തിനെതിരെ എന്നപേരിൽ, ഒരു കാലത്ത് തന്റെ അടുത്ത സുഹൃത്ത് കൂടിയായ മോഹൻലാലിനെയും മറ്റും അതിരൂക്ഷമായി വ്യക്തിഹത്യചെയ്യുന്ന സിനിമയായിരുന്നു അത്.അതുകൊണ്ടുതന്നെ കൃഷിയും കാര്യവുമായി കുറച്ചുകാലത്തേക്ക് ഒരുബ്രേക്ക് എടുത്തുവരികയായരുന്നു. ഇടവേള ഒരു സർഗാത്മ ഊർജമാക്കിയെടുത്ത് ശ്രീനിവാസൻ ശക്തമായി തിരച്ചുവരുമെന്ന് കരുതിയ കണക്കുകൂട്ടലൊക്കെ ഈ ചിത്രം തെറ്റിച്ചു.കുറിക്കുകൊള്ളുന്ന, ഓർത്ത് ചിരക്കാവുന്ന ഡയലോഗുകളും കൗണ്ടറുകളുമാണ് പഴയ ശ്രീനിവാസൻ സിനിമകളെ നമ്മുടെ പ്രിയപ്പെട്ടതാക്കിയതെങ്കിൽ ഇതിൽ അത് ആദ്യപകുതിയിലെ ഏതാനും സീനുകളിൽ ഒതുങ്ങുന്നു. ഇനിഅഭിനേതാവ് എന്ന നിലയിലും ശ്രീനി നന്നായിട്ടില്ല. പനിക്കിടക്കയിൽനിന്ന് നേരെ കാമറക്കുമുന്നിലേക്ക് വന്നതുപോലുണ്ട് പല സീനുകളും കണ്ടാൽ.[BLURB#3-H]

ചിന്താവിഷ്ടയായ ശ്യാമളയെന്ന പഴയ ശ്രീനിവാസൻ ഹിറ്റ് ചിത്രത്തിന്റെ ഗൃഹാതുരത്വം ഓർമ്മപ്പെടുത്തി പ്രേക്ഷകരെ വൈകാരികമായി ബ്‌ളാക്ക്‌മെയിൽ ചെയ്യുക എന്നതൊഴിച്ചാൽ നായിക സംഗീതക്ക് ഈ സിനിമയിൽ ഒന്നും ചെയ്യാനില്ല. അച്ചടി ഭാഷയിലുള്ള യാന്ത്രികമായ ഡബ്‌ളിങ്ങ് സംഗീതയുടെ കഥാപാത്രത്തിന്റെ മിഴിവ് കുറക്കുന്നുമുണ്ട്. ശ്രീനിയും സംഗീതയും തമ്മിലെ സംഭാഷണങ്ങളിലൊന്നും ശ്യാമളയിലെ പതിവ് പഞ്ച് ഇല്ല. ആമയും മുയലിലും ബോറടിപ്പിച്ച് പ്രേക്ഷകരെ കൊല്ലാറാക്കിയ ഇന്നസെന്റ് ഇതിൽ ഭേദമായിട്ടുണ്ട്. വിജയരാഘവന്റെ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറിയും, ഭീമൻ രഘുവിന്റെ ഹിന്ദിക്കാരനും വ്യത്യസ്തമായി. ജോയ്മാത്യുവിന്റെ മന്ത്രിയും ലാലിന്റെ രാഷ്ട്രീയക്കാരനൊമുക്കെ തനി ടൈപ്പാണ്. കാശുകിട്ടുന്നുണ്ടെന്ന് കരുതി എന്നും ഒരേ മുഖഭാവത്തോടെ ഒരേ കഥാപാത്രങ്ങളെ ചെയ്താൽ ഇവർക്കൊക്കെ ബോറടിക്കില്ലേ. ഒരു ഗുണ്ടയുടെ റോളിലത്തെിയ മനോജ് കെ.ജയനും കാര്യമായൊന്നും ചെയ്യാനില്ല.പാട്ടും പശ്ചാത്തല സംഗീതവുമൊക്കെ ആവറേജിന് താഴെയാണ് നിൽക്കുന്നത്.