വസാനം ഇതാ 'ദൃശ്യ'ത്തിനുശേഷം ഒരു മോഹൻലാൽ ചിത്രം മലയാളത്തിൽ ഹിറ്റാവുന്നു.കഴിഞ്ഞ രണ്ടുവർഷങ്ങളായി ലാൽ ആരാധകരുടെ ഒരു തകർപ്പൻ വിജയത്തിനായുള്ള കാത്തിരുപ്പിന് അറുതിയാവുന്നു. മലയാള സിനിമ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ കഥ, പതിവ് തമാശക്കൂട്ടുകൾ വിട്ട് ഒരു ത്രില്ലറിന്റെ രൂപത്തിൽ പ്രിയദർശൻ അണിയിച്ച് ഒരുക്കിയതോടെ 'ഒപ്പം' പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പമത്തെുകയാണ്! തുടർച്ചയായി ഉണ്ടായ ചില പരാജയങ്ങളിൽ മനം നൊന്തുപോയ ലാൽ ഫാൻസ് ,ഈ അതുല്യ നടന് ജയ് വിളിച്ച് പുറത്തിറങ്ങുന്ന രംഗങ്ങളാണ് ഈ പടത്തിന്റെ ആദ്യ ഷോയിൽ തന്നെ കാണാനായത്.ഫാൻസിന് മാത്രമല്ല,നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന രസക്കൂട്ടിൽ തന്നെയാണ് പ്രിയൻ ചിത്രമൊരുക്കിയിരുക്കുന്നത്.അടിക്കടി പരാജയങ്ങളുമായി ബോക്‌സോഫീസിൽ വെടി തീർന്നു നിൽക്കുന്ന പ്രിയദർശനും ഇത് ആശ്വാസമാണ്.കാലങ്ങൾക്ക് ശേഷമാണ് പ്രിയന്റെ ഒരു മലയാള ചിത്രവും ചലനം ഉണ്ടാക്കുന്നത്.

മോഹൻലാലിന്റെ വൺമാൻഷോ തന്നെയാണ്് സത്യത്തിൽ ഈ പടം.പക്ഷേ അത് മണ്ണിൽ ചവിട്ടാത്ത അതിമാനുഷിക കഥാപാത്രത്തിലൂടെയല്ല. അന്ധനും പ്രത്യക്ഷത്തിൽ നിസ്സഹായനായി തോനുന്നു ഒരു ലിഫ്റ്റ് ഓപ്പറേറ്ററുടെ രൂപത്തിലാണ്.കാഴ്ചയെന്ന അനുഗ്രഹം നഷ്ടമായപ്പോൾ കേൾവിയിലൂടെയും ഗന്ധത്തിലൂടെയും ലോകത്തെ അറിയുന്ന ഒരു കഥാപാത്രത്തെ, തനിക്കുമാത്രം കഴിയുന്ന വേഷപ്പകർച്ചയിലൂടെ ലാൽ അനശ്വരമാക്കുന്നുണ്ട്. ശരീരഭാഷയിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയൊക്കെയുള്ള ആ മോഹനം നടനം കാണേണ്ടതുതന്നെ. ലാലിസം എന്ന് വിളിക്കുന്ന ലാൽ മാജിക്ക് ഒരിക്കൽകൂടി ഈ ഓണക്കാലത്ത് കേരളക്കര ഇളക്കിമറിക്കുമെന്ന് ചുരുക്കം.പക്ഷേ ഒരു കാര്യത്തിലേ ഈ ലേഖകന് സങ്കടമുള്ളൂ. അൽപ്പം മനസ്സുവച്ച് ചില ക്‌ളീഷേകളും ലാഗും ഒഴിവാക്കിയിരുന്നെങ്കിൽ ഹിച്ച്‌കോക്ക് മോഡൽ ഒന്നാന്തരം സൈക്കോത്രില്ലർ ആവുമായിരുന്നു ഈ പടം.

സൈക്കോത്രില്ലർ പ്‌ളസ് ഫാമലി ഡ്രാമ

കാഴ്ചയുള്ളവർക്കുപോലും അതിജീവിക്കാൻ കഴിയാത്ത ഈ ലോകത്ത് ഒരു അന്ധൻ എന്തുചെയ്യാനാണ്. അതും ഒരു വലിയ ഫ്‌ളാറ്റ് സമുച്ചയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററായ ഒരു പ്രാരാബ്ദക്കാരൻ. തന്റെ വീടും ജോലിചെയ്യുന്ന ഫ്‌ളാറ്റുമാണ് രാമേട്ടനെന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന ജയരാമന്റെ ആവാസ വ്യവസ്ഥ. അയാൾ ഒരു കൊലപാതകത്തിന് സാക്ഷിയായിപ്പോവുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതും തനിക്ക് വളരെ വേണ്ടപ്പെട്ട, പല വ്യക്തി രഹസ്യങ്ങളും സൂക്ഷിക്കുന്ന റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ ( നെടുമുടി വേണു) മരണത്തിന്. കൊലയാളി തന്റെ കൈയത്തെും ദൂരത്തുണ്ടെന്ന് രാമന് പലപ്പോഴും തോന്നുന്നുണ്ട്. അയാളുടെ ഗന്ധം ജയരാമൻ അറിയുന്നുമുണ്ട്. പക്ഷേ ആരും അയാളെ വിശ്വസിക്കുന്നില്ല. കൊലയാളിയാവട്ടെ അടുത്ത ലക്ഷ്യമായി ജയരാമന്റെ പിറകെ കൂടുന്നതോടെ 'ഒപ്പത്തിന്റെ' മട്ടും ഭാവവും മാറുകയാണ്. അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് പിന്നീട് കഥ നീങ്ങുന്നത്.

ഏതു നിമിഷവും തന്നെ അപായപ്പെടുത്തുമെന്ന രീതിയിൽ തന്റെ ഒപ്പമുള്ള ആ കൊലയാളിയെ ജയരാമൻ അറിയുന്നു. എപ്പോഴും ഒപ്പമുള്ള മരണദുതൻ! കൊലയാളിക്ക് അയാളിൽനിന്ന് ചില നിർണ്ണായക വിവരങ്ങൾ അറിയാനുമുണ്ട്. അതേസമയം ജയരാമനെ കൊലപാതകിയായി ചിത്രീകരിക്കാനാണ് പൊലീസിന്റെ നീക്കം. ക്രൂരമായ പീഡനങ്ങളാണ് ഇതിനായി അയാൾ എൽക്കുന്നത്.അതോടെ സ്വന്തം വീട്ടുകാരും അയാളെ കൈയൊഴിയുന്നു.

എന്നിട്ടും തളരാത്ത മനസ്സുമായി ജയരാമൻ പോരടിക്കയാണ്. നേരത്തെ പരിചയമുള്ള അസിസ്റ്റന്റ് കമീഷണറായ ഗംഗ(അനുശ്രീ) മാത്രമാണ് അയാളെ സഹായിക്കുന്നത്.കരുത്തനായ ഭ്രാന്തമായ ഉന്മാദത്തിന്റെ അങ്ങത്തേലയിൽ നിൽക്കുന്ന ആ കൊലയാളിയെ, കാഴ്ചയെന്ന മഹാനുഗ്രഹം ഇല്ലാത്ത എന്നാൽ മറ്റ് കഴിവുകൾ വേണ്ടതിലേറെയുള്ള രാമൻ എങ്ങനെ നേരിടുന്നു എന്നിടത്താണ് ചിത്രത്തിന്റെ മുഴുവൻ ഉദ്യേഗവും കിടക്കുന്നത്.

പുതുമയാർന്ന കഥ തന്നെയാണ് ഈ പടത്തിന്റെ വിജയത്തിന് അടിസ്ഥാന കാരണം. ഏറെക്കാലത്തിനുശേഷം പ്രിയദർശൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. സത്യത്തിൽ, ഇല്ലാത്ത കഥ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് മോഹൻലാൽ പ്രിയൻ കൂട്ടുകെട്ടിന്റെ സമീപകാല ചിത്രങ്ങളായ 'അറബീം ഒട്ടകവും പി.മാധവൻ നായരും', 'ഗീതാഞ്ജലി' തുടങ്ങിയക്ക് പറ്റിയത്. തങ്ങളുടെ പഴയ ചിത്രങ്ങളുടെ സീനുകൾ കോർത്തിണക്കിക്കൊണ്ട് അവർ 'ചന്ദ്രലേഖയും', 'കാക്കക്കുയിലും' ഇറക്കിയിട്ടും വിജയിപ്പിച്ച പ്രേക്ഷകർ ആവർത്ത വിരസതയുടെ ആഴം കൊണ്ടാവണം 'കിളിച്ചുണ്ടൻ മാമ്പഴത്തിന്' ഒപ്പം നിന്നില്ല. പിന്നീടുള്ള ലാൽപ്രിയൻ കൂട്ടുകെട്ട് പരാജയമായി. പക്ഷേ ഇപ്പോഴിതാ നല്ല കഥ വന്നതോടെ കാര്യങ്ങൾ മാറുകയും ചെയ്തു. അതായത് ആനപ്പുറത്തിരുന്ന തഴമ്പല്ല പ്രേക്ഷകർ വിലയിരുത്തുന്നതെന്ന് മലയാളത്തിന്റെ ഈ ഭാഗ്യജോടികൾക്ക് എപ്പോഴും ഓർമ്മയുണ്ടാവണം. പതിവുപോലെ പ്രിയൻ പടങ്ങളിൽ കാണുന വർണ്ണപ്പൊലിമയുള്ള ഷോട്ടുകളിൽ ഇവിടെ ക്യാമറ അഭിരമിക്കുന്നില്ല. പകരം ഇരുട്ടും നിഴലും ചേർന്ന കോമ്പിനേഷൻ ഷോട്ടുകളാണ് ഏറെയും.ഛായാഗ്രാഹകൻ എകാംബരത്തിന്റെ ടെക്ക്‌നിക്കുകൾ ചിത്രത്തെ നന്നായി ഉയർത്തുന്നുണ്ട്.

ലാലിസത്തിന്റെ ആഘോഷം വീണ്ടും

അന്ധനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളത്തിലെ ഏത് നടനും നേരിടുന്ന വെല്ലവിളി, അനശ്വരനായ കലാഭവൻ മണിയിൽ നിന്നാണ്. മണി ആ കഥാപാത്രത്തെ അത്രക്ക് ജീവസ്സുറ്റതാക്കിയതിനാൽ ആ വേഷത്തെ അനുകരിക്കാനുള്ള ത്വര കടന്നുവരും. പക്ഷേ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മണിയിൽനിന്ന് തീർത്തും വിഭിന്നമാണെന്നതാണ്.( തുടക്കത്തിൽ മണിയുടെ 'കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി' എന്ന പാട്ടുപോലെ ഒന്ന്, ബോട്ടിൽ വച്ച് ലാലിന്റെ ജയരാമൻ പാടുന്നതാണ് രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള ബാഹ്യമായ സാമ്യം) മസ്തിഷക്കത്തിലെ തകരാറുമൂലം അന്ധരായിപ്പോയവർ സ്വാഭാവിക മനുഷ്യരെപ്പോലെ തന്നെയാണ് ഇരിപ്പും നടപ്പുമൊക്കെ. അവർക്ക് കണ്ണുകാണില്‌ളെന്ന് നാം പറഞ്ഞ് അറിയിക്കേണ്ടിവരും. അത്തരത്തിൽ ഒരു കുരുടനെയാണ് ലാൽ അവതരിപ്പിക്കുന്നത്.അത് അത്രയും സ്വാഭാവികമായി ലാൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ മറ്റൊരുകാര്യവും വ്യക്തമാവുന്നു.മോഹൻലാൽ എന്ന അതുല്യനടനെ ഉപയോഗിക്കാൻ പറ്റിയ കഥയും കഥാപാത്രങ്ങളും ഇവിടെ ഉണ്ടാവുന്നില്ല. അങ്ങനെ വന്നാൽ ലാലിസം തിരച്ചുവരുമെന്ന് വീണ്ടുമൊരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

മോഹൻലാലിന്റെയും വില്ലൻ സമുദ്രക്കനിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദിമധ്യാന്തം നിറഞ്ഞു നിൽക്കുന്ന വേഷത്തിലൂടെ ചിത്രത്തിന്റെ ഊർജം ചോർന്നുപോവാതെ നിലനിർത്താൻ ലാലിന് കഴിയുന്നുമുണ്ട്. പലപ്പോഴും ചില രംഗങ്ങളിൽ അദ്ദേഹത്തിന് മാത്രം കഴിയുന്ന ആ മാസ്മരികത തിരിച്ചുവരുന്നുണ്ട്.പൊലീസുമായുള്ള സംഘട്ടന രംഗങ്ങളിലും, കൊലയാളി വാഹനത്തിരക്കുള്ള നടുറോഡിലിൽ ഉന്തിയിടുമ്പോഴും,കോടതി വരാന്തയിൽവച്ച് പെങ്ങൾക്ക് അനുഗ്രഹം കൊടുക്കാൻ ഒരുങ്ങുമ്പോഴും, കൈ്‌ളമാക്‌സിലെ ചിരിയിലുമെല്ലാം ,ലാലിസമെന്ന് മലയാളികൾ വിളിക്കാൻ ആഗ്രഹിക്കുന്ന ആ വിഖ്യാതമായ അഭിനയ ചാതുരി തിരച്ചുവരുന്നത് കാണാം.അതുകൊണ്ടുതന്നെയാണ് തീയറ്റിൽ പലപ്പോഴും നീണ്ട കൈയടിയും ഉയരുന്നത്.

നായകനോട് കട്ടക്ക് കട്ടക്ക് നിൽക്കുന്നതും ചിലപ്പോഴൊക്കെ അതുക്കുംമേലെ പോകുന്ന വില്ലനായ തമിഴ്‌നടനും സംവിധായകനുമായ സമുദ്രക്കനിയുടെ പ്രകടനവും എടുത്തപറയേണ്ടതുണ്ട്.സമുദ്രക്കനി സൈക്കോസിസിന്റെ ത്രീവ്രമായ അവസ്ഥയിൽ എത്തിനിൽക്കുന്ന തന്റെ തീഷ്ണമായ നോട്ടത്തിലൂടെയും, ലാൽ ചുഴിഞ്ഞെടുക്കുന്ന ഗന്ധത്തിന്റെ ലാഞ്ചനയിലൂടെയും പരസ്പരം കണ്ടത്തൊൻ ശ്രമിക്കുന്ന ഇന്റർവെൽ പഞ്ച് സീൻ, ശരിക്കും രണ്ട് പ്രതിഭകൾ തമ്മിലുള്ള അഭിനയ മൽസരം കൂടിയാവുകയാണ്.പക്ഷേ ചിലയിടത്തൊക്കെ സമുദ്രക്കനിയുടെ ഡബ്ബിംങ്ങ് അൽപ്പം അതിഭാവുകത്വം തോന്നിപ്പിക്കുന്നു.ഇവിടെ ചേർത്ത കവിതയൊക്കെ മുമ്പ് ലാലും സമുദ്രക്കനിയും ചേർന്ന് അഭിനയിച്ച ഹിറ്റ് ചിത്രമായ 'ശിക്കാറിനെയും' ഓർമ്മിപ്പിക്കുന്നു.

'അമർ അക്‌ബർ അന്തോണിയിലെ' മകിച്ച പ്രകടനത്തോടെ മലയാളികളുടെ അരുമയായ ബേബി മീനാക്ഷിയാണ് സത്യത്തിൽ ഈ ചിത്രത്തിലെ നായിക. ഭാവിയൂടെ വാഗ്ദാനമാണ് ഈ കൊച്ചുമിടുക്കി.പ്രത്യേകിച്ചും ലാലുമായുള്ള കോമ്പിനേഷൻ സീനുകൾ. മാമുക്കോയയും നിർമ്മലും അടക്കമുള്ള കൊമേഡിയന്മാരെക്കൊണ്ടും സംവിധായകൻ അധികം ചെളി ചെയ്യിച്ചിട്ടില്ല. ഇടക്ക് ഇവർ രണ്ടുപേരും ചിരിപ്പിക്കുന്നുമുണ്ട്.അജു വർഗീസിന് ഈ പടത്തിൽ ക്യാരക്ടർ റോളാണ്.

പക്ഷേ,പാളിച്ചകളും ചേർച്ചക്കുറവും അനവധി

ഇങ്ങനെയാക്കെയാണെങ്കിലും ഇത്രയും ശക്തമായ കഥയുടെ പിൻബലം ഉണ്ടായിട്ടും ഒരു പെർഫക്ട് ത്രില്ലർ ആയി ഈ ചിത്രം മാറുന്നില്ല.സാധാരണ 'വെൽ എഡിറ്റഡ്' എന്ന് ആരും തലകുലുക്കി സമ്മതിക്കുന്ന ചിത്രങ്ങളായിരുന്ന പ്രിയദർശന്റെത്. ഇരുപത്തിയഞ്ചുവർഷത്തിനുശേഷവും ഇപ്പോൾ 'കിലുക്കം' ഒന്നു കണ്ടുനോക്കൂ.ഒരു സെക്കൻഡ് ലാഗ് തോന്നില്ല. എന്നാൽ 'ഒപ്പത്തിൽ' തുടക്കത്തിലും പാട്ടുസീനുകളിലും കൈ്‌ളമാക്‌സിലുമൊക്കെ ലാഗ് വരുന്നുണ്ട്. പക്ഷേ അത് ബോറടിയിലേക്ക് നീങ്ങുന്നില്‌ളെന്ന് മാത്രം.ഇപ്പോഴും തീയേറ്റർ എഡിറ്റിങ്ങിന് സാധ്യതയുള്ളവയാണ് ഈ സീനുകളൊക്കെ.ചിലത് വെട്ടിമാറ്റി ചിത്രത്തിന്റെ ദൈർഘ്യം പതിനഞ്ചുമിനുട്ട് കുറച്ചിരുന്നെങ്കിൽ ഈ പടത്തിന്റെ റിസൾട്ട് എത്രയോ മെച്ചപ്പെടുമായിരുന്നു.

പാട്ടുകളുടെ പേരിലാണ് പ്രിയന്റെ ചിത്രങ്ങൾ നിത്യഹരിതമാവുന്നതെങ്കിൽ ഈ പടത്തിൽ ഗാനങ്ങൾ അനാവശ്യ ഭാരമാവുകയാണ്.ചിത്രമൊന്ന് ചൂടുപിടിച്ച് വരുമ്പോഴേക്കും ഒരു പാട്ടുവരികയാണ്.ആദ്യപകുതിയിൽ ഇങ്ങനെ മൂന്നുപാട്ടുകളാണുള്ളത്. 4 മ്യൂസിക്‌സ് എന്ന പ്രശസ്തമായ ബാൻഡ് ചെയ്ത ഈ പാട്ടുകളും ആവറേജ് ആവുന്നേയുള്ളൂ.ഇതിൽ ഒരു പാട്ടാവാകട്ടെ നാദിർഷയുടെ 'ഇന്നോ ഞാനന്റെ മുറ്റെത്തൊരിത്തിരി' എന്ന് തുടങ്ങുന്ന അമർ അക്‌ബർ അന്തോണിയിലെ പാട്ടിന്റെ അനുകരണവുമാണ്.ഗാനങ്ങൾ ചിത്രീകരിച്ച് കൊതിപ്പിക്കുന്ന ആ പഴയ പ്രിയദർശൻ മാജിക്കും ഇത്തവണ പൂർണതയിൽ എത്തിയിട്ടില്ല.അന്ധനായ ഒരാൾ മരത്തിന്റെ കൊമ്പത്ത് കയറിയിരിക്കുന്നതുപോലത്തെ ലോജിക്കില്ലാത്ത രംഗങ്ങളും യഥേഷ്ടം!പാട്ടത്തെിയപ്പോൾ ആവേശംമൂത്ത് നായകന് കണ്ണുകാണില്‌ളെന്ന് സംവിധായകൻ മറന്നുപോയതുപോലെ.

കൃത്യം നടക്കുന്ന ഫ്‌ളാറ്റിലെ ജോലിക്കാരിയുടെ വേഷത്തിലത്തെുന്ന വിമലാരാമന്റെ കഥാപാത്രം മോശം ഡബ്ബിങ്ങ് കൂടിയായതോടെ തീർത്തും പാളുകയും ചെയ്തു.ജഗന്നാഥവർമ്മയെ പിച്ചക്കാരനാക്കിയാൽ എങ്ങനെയിരിക്കും എന്നതുപോലുണ്ട് വിമലയുടെ വേലക്കാരി വേഷം.ജോലിയും രൂപവും ഒന്നിച്ചുപോവുന്നില്ല.വേലക്കാരി കറുത്ത ഒരു നടിക്ക് സംവരണം ചെയ്യണമെന്നില്ല. പക്ഷേ ശരീരഭാഷയും മനോധർമ്മവും എന്ത് വേഷത്തിലും പ്രധാനമാണെല്ലോ.

അതേപോലെയാണ് അനുശ്രീയുടെ പൊലീസ് വേഷവും. സമീപകാല മലയാളം കണ്ട ഏറ്റവുമികച്ച നടിമാരിൽ ഒരാളായ അനുശ്രീ തന്റെ പതിവ് ചടുലതയിലേക്ക് ഉയർന്നിട്ടില്ല.ചില ഡയലോഗുകളൊക്കെ അച്ചടിഭാഷയിൽ പറയുന്നതും കല്ലുകടിയാവുന്നു. പക്ഷേ ഈ പടത്തിൽ അനുശ്രീയുടെ കഥാപാത്രം സൃഷ്ടിക്കുന്ന അത്ഭുദം അതൊന്നുമല്ല.വില്ലന്റെ വെടിയേറ്റ് താഴെക്കിടക്കുന്ന ആ എ.സി.പി കൈ്‌ളമാക്‌സിൽ കഴുത്തിൽ ഒരു കോളറും ചുറ്റി വരുന്നു!ഒന്നും സംഭവിച്ചിട്ടില്ല.താരങ്ങൾ ഉണ്ടായാൽ മാത്രം എന്തും ലോജിക്കില്ലാതെ വിഴുങ്ങുന്ന പഴയകാലത്തുനിന്ന് കാണികൾ ഏറെമാറിയെന്ന് പ്രിയദർശൻ ഇടക്കെപ്പോഴോ മറക്കുന്നു.മോഹൻലാലിന്റെ അനിയനായി എത്തുന്ന ബിനീഷ് കോടിയേരിയുടെ 'ഭാവഭിനയം' ഏതാനും സീനുകളിലേ ഉള്ളൂവെന്ന ആശ്വാസമുണ്ട്.

ത്രില്ലറിന്റെ ഒറ്റ ട്രാക്കിലേക്ക് മാറ്റാതെ, തന്റെ പഴയ ചിത്രങ്ങളുടെ ഓർമ്മവച്ച് സൈഡ്ട്രാക്കായി ഒരു ഫാമലി ഡ്രാമയും ഒരുക്കുന്നുണ്ട് പ്രിയൻ.പക്ഷേ അത് വേണ്ടത്ര ഏശിയിട്ടില്ല.ഒറ്റട്രാക്കിൽ ഓടിച്ചുപോകലായിരുന്നു പുതിയകാലത്തെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. പഴയ കാലത്തെ തന്റെ ഇഷ്ട ചിത്രങ്ങളുടെ ഹാങ്ങോവർ പ്രിയന് ഇപ്പോഴും മാറിയിട്ടില്ല. കിലുക്കത്തിലെ ജഡ്ജിയെയും അദ്ദേഹത്തിന് അവിഹിത ബന്ധത്തിലുണ്ടായതെന്ന് സംശയം തോന്നിക്കുന്ന മകളെയും ഈ പടത്തിലും കാണാം. കാക്കക്കുയിലെ 'മരുന്നുപെട്ടിക്ക് അകത്തല്ലേ താക്കോൽ' എന്ന മോഡൽ ഡയലോഗ് ചെമ്പൻ വിനോദിനെക്കൊണ്ടും മാമുക്കോയയെക്കൊണ്ടും പറയിക്കുന്നുണ്ട്. കലാഭവൻ ഷാജോൺ ഇടിയൻ പൊലീസുകാരനായി മോഹൻലാലിനെ തലകിഴായി പഴക്കുലപോലെ കെട്ടിത്തൂക്കിയിട്ട് ഇടിക്കുമ്പോൾ നമുക്ക് 'ദൃശ്യ'വും ഓർമ്മവരുന്നു.

പക്ഷേ ദൃശ്യത്തിൽ പൊലീസ് അന്വേഷണത്തെ നല്ല ലോജിക്കോടെയാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിൽ ഇത് കേരളാപൊലീസിനെ അപമാനിക്കണമെന്ന മുൻവിധിയോടെ എടുത്തതാണെന്ന് പൊലീസ് അസോസിയേഷൻകാരെങ്കിലും ആരോപിക്കാനിടയുണ്ട്.ഒരു നഗരത്തിൽ അടിക്കടി മൂന്ന് കൊലപാതകങ്ങൾ നടന്നിട്ടും കുട്ടിക്കളിപോലാണ് പൊലീസ് അന്വേഷണം. കട്ടവനെ കിട്ടിയില്‌ളെങ്കിൽ കിട്ടിയവനെ പൊലീസ് പ്രതിയാക്കും എന്ന മുൻവിധി ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്.പൊലീസ് തല്ലിപ്പറയിപ്പിച്ച് എഴുതി വാങ്ങിക്കുന്നതിനൊന്നും കോടതിയിൽ യാതൊരു വിലയുമില്‌ളെന്നത് സിനിമയിൽ ബാധകമല്‌ളെന്നാണോ.

അതുപോലെ തന്നെ കുട്ടിക്കളിയായി തോന്നിയ ഒരു സീനും തുടക്കത്തിലുണ്ട്. ലാലിന്റെ അന്ധൻ കഥാപാത്രം ബോട്ടിൽനിന്നിറങ്ങി നടന്നുപോവുമ്പോൾ, നമ്മുടെ ആന്റണി പെരുമ്പാവൂരുമായി കൂട്ടിയിടിക്കുന്നു.അപ്പോൾ അത് സൂം ചെയ്ത് അവിടെ എഴുതിക്കാണിക്കായാണ്, നിർമ്മാണം ആന്റണി പെരുമ്പാവൂർ എന്ന്.പിന്നീട് ഒരിടത്തും കഥയിൽ ആന്റണി വരുന്നുമില്ല. ഇനി ഇതും ഒരു ദൃശ്യം മോഡലാണെന്ന് സമാധാനിക്കാം. ദൃശ്യത്തിൽ തുടക്കത്തിൽ ആന്റണിയുണ്ടല്ലോ. എന്നാലും സിനിമയുടെ മൊത്തം സ്വഭാവത്തിന് ചേരാത്ത രീതിയിലായിപ്പോയി ഫാൻസിന്റെ കൈയടി മാത്രം ലക്ഷ്യമിട്ടുള്ള ഈ സീൻ.

എന്നിരുന്നാലും അടുത്തകാലത്ത് കണ്ട എറ്റവും വ്യത്യസ്തമായ പ്രമേയമുള്ള ചിത്രമാണ് ഇതെന്ന് സമ്മതിക്കാം. ഈ ഓണക്കാലത്ത് കാശുപോയെന്ന് ആരും സങ്കടം പറയാത്ത സിനിമയാണെന്ന് ഇതിനെ ധൈര്യമായി ശിപാർശ ചെയ്യാം.

വാൽക്കഷ്ണം: ചിത്രം കണ്ടപ്പോൾ ഒരുകാര്യം വ്യക്തമായി. ഇതിന്റെ കഥ അടിച്ചുമാറ്റിയതൊന്നുമല്ല.നേരത്തെ ഹോളിവുഡ്ഡ് ചിത്രം ടേക്കണുമായും കൊറിയൻ പടം ബൈ്‌ളൻഡുമായി ഈ പടത്തിനുള്ള സാദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. പക്ഷേ അവിടവിടെ ചില സാമ്യമുണ്ടെന്നല്ലാതെ മുമ്പ് പ്രിയദർശൻ ചെയ്തുപോലുള്ള പദാനുപദമായ കോപ്പിയല്ലത്.പിന്നെ അഗതാക്രിസ്റ്റിയുടെ നോവലുകളടക്കം സീരിയൽ കില്ലിങ്ങും കുറ്റാന്വേഷണവും വിഷയമാവുന്ന ഒരുപാട് ഹോളിവുഡ്ഡ് സിനിമകളിലെയും എന്തിന് നമ്മുടെ 'ദൃശ്യ'ത്തിന്റെയും പ്രിയന്റെ മുൻകാല ചിത്രങ്ങളായ വന്ദനം, മിഥുനം, കാക്കക്കുയിൽ തുടങ്ങിയ ചിത്രങ്ങളുടെ സാദ്യശ്യവും ഇതിൽ കാണാം. അത് സ്വാഭാവികവുമാണ്.ഉള്ളിൽ പ്രതിഭയുള്ളയാൾക്കേ ഈ സദൃശ്യങ്ങളെ വിളക്കിച്ചേർത്ത് പുതിയതൊന്ന് ഉണ്ടാക്കാൻ കഴിയൂ.അവിടെ പ്രിയൻ നൂറുശതമാനം വിജയിച്ചെന്ന് ഉറപ്പ്.