- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് സെക്കൻഡ് ക്ലാസുമല്ല, വെറും കന്നുകാലി ക്ലാസ് യാത്ര! ഇത് പതിവ് ക്ലീഷേകളുടെ സംഗമം; നിരാശപ്പെടുത്തി വിനീത്; ആശ്വാസമായത് ചെമ്പൻ വിനോദും ജോജുവും
ശശി തരൂർ എം പി വഴി കുപ്രസിദ്ധമായ പ്രയോഗമണല്ലോ കന്നുകാലി ക്ലാസ്. ഉത്തരേന്ത്യയിലൊക്കെ സത്യത്തിൽ സെക്കൻഡ്ക്ലാസ് എന്നത് ആടുമാടുകളും കോഴിയും യാചകരും ഹിജഡകളുമൊക്കെ നിറഞ്ഞ കന്നുകാലി ക്ലാസായി അക്ഷരാർഥത്തിൽ മാറാറുണ്ട്. പുതുമുഖ സംവിധായക ഇരട്ടകളായ ജെക്‌സൺ ആന്റണിയും, റജീസ് ആന്റണിയും ഒരുക്കിയ 'ഒരു സെക്കൻഡ് ക്ലാസ്' യാത്രയെന്ന ചിത്രവും സത്
ശശി തരൂർ എം പി വഴി കുപ്രസിദ്ധമായ പ്രയോഗമണല്ലോ കന്നുകാലി ക്ലാസ്. ഉത്തരേന്ത്യയിലൊക്കെ സത്യത്തിൽ സെക്കൻഡ്ക്ലാസ് എന്നത് ആടുമാടുകളും കോഴിയും യാചകരും ഹിജഡകളുമൊക്കെ നിറഞ്ഞ കന്നുകാലി ക്ലാസായി അക്ഷരാർഥത്തിൽ മാറാറുണ്ട്. പുതുമുഖ സംവിധായക ഇരട്ടകളായ ജെക്‌സൺ ആന്റണിയും, റജീസ് ആന്റണിയും ഒരുക്കിയ 'ഒരു സെക്കൻഡ് ക്ലാസ്' യാത്രയെന്ന ചിത്രവും സത്യത്തിൽ ഒരു കന്നുകാലി ക്ലാസായിപ്പോയി. ഒരു ട്രെയിൻ യാത്രയുടെ മനോഹാരിത പ്രതീക്ഷിച്ചത്തെുന്ന പ്രേക്ഷകർക്ക് ഞെളിയൻ പറമ്പിനടുത്ത് അപായചങ്ങല വലിച്ചു നിർത്തിയതുപോലുള്ള അനുഭവമാണ്.
സംവിധായക ഇരട്ടകൾ തന്നെ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ കഥയെ എങ്ങനെ വികസിപ്പിക്കണമെന്ന് അറിയാത്തതുതന്നെയാണ് പ്രശ്‌നമായത്. പക്ഷേ മനോഹരമായ ചില ദൃശ്യങ്ങളും കൊള്ളാവുന്ന ചില തമാശകളും ഒരുക്കിയ ഇവരും, ക്യാമറാൻ വിനോദ് ഇല്ലമ്പള്ളിയും ഭാവിയിലേയ്ക്കുള്ള ചില പ്രതീക്ഷകളും നൽകുന്നു. അല്പംകൂടി കാമ്പുള്ള ഒരു പ്രമേയമായിരുന്നെങ്കിൽ ഇവർ ചിലപ്പോൾ തകർത്തേനെ.
പ്രതീക്ഷയുയർത്തി തുടക്കം; പിന്നെ കലമുടക്കൽ
അടുത്തകാലത്തുകണ്ട മിക്ക മലയാള സിനിമകളുടെയൊക്കെ രൂപം ഇങ്ങനെയാണ്. തുടക്കം ഗംഭീരമാവും. പിന്നെയെല്ലാം തഥൈവ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള രണ്ടു തടവുപുള്ളികളുടെയും രണ്ടു പൊലീസുകാരുടെയും സെക്കൻഡ്ക്ലാസ് ട്രെയിൻ യാത്രയാണ് ഈ സിനിമ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് പുള്ളികളെ പൂജപ്പുരക്ക് മാറ്റുകയാണ്. സ്വഭാവത്തിൽ ഈ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് ഈ യാത്രികർ. പൊലീസുകാരിൽ ഒരുത്തൻ ഡ്യൂട്ടിയിൽ കർക്കശക്കാരനും സത്യസന്ധനും (സിനിമയിൽ ശ്രീജിത്ത് രവി). മറ്റെ പൊലീസുകാരനാവട്ടെ അലസനും അഴിമതിക്കാരനും (സിനിമയിൽ ജോജു ജോർജ്). കള്ളന്മാരിൽ ചെമ്പൻ വിനോദിന്റെ മാരൻ ജോളി ടൈപ്പാണ്. ഈ വിലങ്ങിനുള്ളിലും ജീവിതത്തെ ആസ്വദിക്കാൻ അയാൾ ശ്രമിക്കുന്നു. മാരന്റെ വിലങ്ങിന്റെ മറ്റെ അറ്റം കൂട്ടി പൂട്ടപ്പെട്ട, വിനീത് ശ്രീനിവാസന്റെ നന്ദുവാകട്ടെ ആകെ മൂകനും പാവത്താനും. ഈ തുടക്കമൊക്കെ വൃത്തിയായി എടുത്തിട്ടുണ്ട്. അതുകൊണ്ടുണ്ടാവുന്ന പ്രതീക്ഷകൾ പക്ഷേ രണ്ടാം പകുതിയാവുമ്പോഴെക്കും നിലക്കും.
യാത്രക്കിടെ പ്രതികളിൽ ഒരാൾ രക്ഷപ്പെടുന്നതും മറ്റെ പ്രതിയുടെ സഹായത്തോടെ പൊലീസുകാർ വലവിരിക്കുന്നതാണ് പിന്നീടുള്ള ഇതിവൃത്തം. തമിഴ് ഹിറ്റായ 'മൈനയുടെ' കഥയോട് സാമ്യം തോന്നും ഈ ഭാഗങ്ങൾക്ക്. അതോടെ കഥ കൈയിൽ നിന്ന് പോവുകയുമാണ്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളോട് കാമവുമായി നടക്കുന്ന രണ്ടാനച്ഛന്റെ കഥയൊക്കെ നാം എത്രകേട്ടതാണ്. രണ്ടാം പകുതി മുഴുവൻ ഈ ക്ലീഷേയുടെ അയ്യരുകളിയാണ്. ഈ ഒരു വൺലൈനിന്റെ ഫ്‌ലാഷ്ബാക്ക് വിശ്വസനീയമായി വികസിപ്പിക്കാൻ സംവിധായകർ കുറച്ചുകൂടി ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ, സെക്കൻഡ് ക്ലാസ് യാത്ര തേർഡ് ക്ലാസിൽ ആവില്ലായിരുന്നു. ഇതിനിടയിൽ ആശ്വാസമാവുന്നത് ജോജു ജോർജിന്റെയും ചെമ്പൻ വിനോദിന്റെയും പ്രകടനമാണ്.
ചെമ്പനും ജോജുവും; വേറിട്ട ജന്മങ്ങൾ
തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനുള്ളിൽ അതിവേഗം ടൈപ്പായി പോവുന്ന വേഷങ്ങളാണ് ചെമ്പനും, ജോജുവിനും കിട്ടറുള്ളത്. എന്നിട്ടും അതിനെ അഭിനയത്തികവുകൊണ്ട് അവർ വേറിട്ടതാക്കുന്നു. 'സപ്തമശ്രീ തസ്‌ക്കര' എന്ന സിനിമയിലടക്കം പലയിടത്തും കള്ളന്റെ ഭാവമുമായി നാം ചെമ്പൻ വിനോദിനെ കണ്ടിട്ടുണ്ട്. എന്നിട്ടും നമുക്ക് ബോറടിക്കുന്നില്ല. കാരണം ആ കള്ളനല്ല ഈ കള്ളൻ. ഓരോയിടത്തും വ്യത്യസ്തമായ മാനറിസങ്ങൾ ഇടാൻ വിനോദിനാവുന്നു. ജഗതി ശ്രീകുമാറിനെയും ഒടുവിലാനെയും പോലുള്ള അനുഗൃഹീത കലാകാരന്മാർക്ക് മാത്രമുള്ളതാണ് ഈ സിദ്ധി. അതുപോലെതന്നെയാണ് ജോജുവും. 'മോസയിലെ കുതിരമീനുകൾ', 'രാജാധിരാജ' എന്നീ ചിത്രങ്ങളിലൊക്കെ കണ്ട വേഷങ്ങളുടെ ഭാവത്തുടർച്ചയാണ് ഈ സിനിമയിലും. പക്ഷേ മാനറിസങ്ങൾകൊണ്ട് ജോജു അത് വേറിട്ടതാക്കുന്നു. എത്ര ടൈപ്പായാലും മുഷിയില്ല. നമ്മുടെ സുനിൽ സുഖദയും ഈ ഗണത്തിൽപെടുത്താവുന്നതാണ്. ഇവരൊക്കെയാണ് ശരിക്കും നടന്മാർ. കലാഭവൻ ഷാജോൺ തൊട്ട് സാജുനവോദയവരെയുള്ളവർ (പാഷാണം ഷാജി) ഇവരിൽനിന്ന് കണ്ടുപടിക്കേണ്ടതുണ്ട്. ചെമ്പനെയും ജോജുവിനെയും കാണിക്കുമ്പോൾതന്നെ തീയേറ്ററിൽ ഉയരുന്ന കൈയടി നോക്കുക.
ഈ ചിത്രത്തിലെ ഒരു സീനിൽ വരുന്ന സാജു നവോദയ കോമഡിയെന്നപേരിൽ അശ്ലീലവും സ്‌കിറ്റും കലർത്തി ഒരു അവിയലുണ്ടാക്കുന്നുണ്ട്. നടൻ സലിംകുമാറിനെ അനുകരിക്കുന്ന രീതിയിലുള്ള ചേഷ്ടകൾ കയറിവരുന്നത് ഒരു പുതുമുഖനടന് ഭൂഷണമല്ല. മാത്രമല്ല ഒരേ ടൈപ്പിലും വോളിയത്തിലുമാണ് സാജുവിന്റെ കോമഡി. സുരാജ് വെഞ്ഞാറമൂടിന്റെ കോമഡികൾ എന്തുകൊണ്ട് ഇപ്പോൾ നമ്മെ മടുപ്പിക്കുന്നുവെന്ന്, സാജുവും പരിശോധിക്കുന്നത് നല്ലതാണ്.
അഭിനയം വിനീതിന് പറ്റിയ പണിയാണോ?
വിനീത് ശ്രീനിവാസൻ ഒന്നാന്തരം ഒരു ഗായകനാണ്. മോശമല്ലാത്ത ഒരു എഴുത്തുകാരനും സംവിധായകനുമാണ്. പക്ഷേ ഒരു നടൻ എന്ന നിലയ്ക്ക് വിനീതിന്റെ സംഭാവനയെന്താണ്. ഈ സിനിമ മാത്രമല്ല, വിനീത് അഭിനയിച്ച മിക്ക സിനിമകളും കണ്ടുനോക്കുമ്പോൾ തോന്നുന്നത് അങ്ങനെയാണ്. അഞ്ച് കിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്തുകുത്തിയാൽപോലും പ്രത്യേകിച്ചൊരുഭാവവും വരാത്ത രീതിയലാണ് അദ്ദേഹത്തിന്റെ പ്രകടനം. 'ഓർമ്മയുണ്ടോ ഈ മുഖം' എന്ന സിനിമയിലും ഇതേപോലെ നിരാശാജനകമായിരുന്നു വിനീതിന്റെ കഥാപാത്രം. വടക്കൻ സെൽഫിയിലാണ് ലേശം മെച്ചപ്പെട്ടുകണ്ടത്. ഈ സിനിമയിലെ നന്ദുവിന്റെ രീതികൾനോക്കുക. വിനീതിനുപകരം മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ ആ കഥാപാത്രം കുറെക്കൂടി ഉയരത്തിൽ എത്തിയേനെ.
എറ്റവും അത്ഭുദപ്പെടുത്തിയത് സ്‌കൂൾ വിദ്യാർത്ഥിയായിക്കൊണ്ടുള്ള വിനീത് ശ്രീനിവാസന്റെ പ്രകടനമാണ്. ഈ പ്രായത്തിലും സ്‌ക്കൂൾ കുട്ടിയോ? എന്റമ്മോ! സമ്മതിക്കണം ഈ തൊലിക്കട്ടി. പ്രായത്തിനുചേരാത്ത കഥാപാത്രങ്ങൾ മമ്മൂട്ടിയും ലാലും മാത്രമല്ല ആരുചെയ്താലും വിമർശിക്കപ്പെടേണ്ടതുതന്നെയാണ്. ( മുമ്പ് 'ഫ്രൻഡ്‌സ്' എന്നൊരു സിനിമയിൽ മുകേഷ് മിലിട്ടറിയിൽ ചേരുന്നത് കണ്ടതോർക്കുന്നു. എല്ലാറ്റിനുമില്ലേ ഒരു പ്രായം).
നായികയും വില്ലനും എല്ലാം പതിവുപോലെ?
'വെള്ളിമൂങ്ങ' തൊട്ടിങ്ങോട്ടുള്ള ചിത്രങ്ങളിൽ മലയാളത്തിന്റെ ഭാഗ്യനായികയായ നിക്കി ഗൽറാണിയാണ് ഈ പടത്തിൽ വിനീതിന്റെ പെങ്ങളായും സിനിമയിലെ നായികാ കഥാപാത്രമായും എത്തുന്നത്. നായകന്റെ കാമുകിയോ ഭാര്യയോ മുഖ്യകഥാപാത്രമാവുന്നില്ലെന്ന അപൂർവത പക്ഷേ നിക്കിയുടെ കഥാപാത്രത്തിന്റെ വൈകല്യം മൂലം ഏശുന്നില്ല. സ്ത്രീശാക്തീകരണം ഇത്രയേറെയുള്ള പ്രബുദ്ധകേരളത്തിൽ സ്വന്തം മാനം, പിതാവെന്ന് പറയുന്ന കശ്മലനിൽനിന്ന് രക്ഷിക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന അത്യന്തം ദുർബലയായ സ്ത്രീയാണ് ഈ സിനിമയിൽ നിക്കി. തന്റെ പഴയകാല ചില ഉഗ്രൻ വേഷങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മികച്ച പ്രകടനമാണ് നെടുമുടി കാഴ്ചവെക്കുന്നത്. ഇവിടെയൊക്കെ തിരക്കഥയുടെ ദുർബലത പ്രകടമാണ്. കേരളം ജീവിക്കുന്ന വാട്‌സ് ആപ് യുഗത്തെക്കുറിച്ചൊന്നും മനസ്സിലാക്കാതെ, തെയ്യവും തിറയുംമാത്രമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ നാട്ടിൻപുറത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. (ഉത്തരേന്ത്യയിലൊക്കെയാണ് ഇതുപോലൊരു കഥ നടക്കുന്നതെങ്കിൽ യുക്തിയുണ്ടാവുമായിരുന്നു). നന്ദു ജയിൽചാടുന്നത് തൊട്ട് ഇങ്ങോട്ടുള്ള കഥയും ഫ്‌ളാഷ്ബാക്കുമെല്ലാം ശരിക്കും അസംബന്ധങ്ങളുടെ ഘോഷയാത്രയാണ്. ആധുനിക കേരളത്തിലെ ഒരു ചെറുപ്പക്കാരൻ എങ്ങനെ ചിന്തിക്കുന്നുവെന്ന് പ്രാഥമികാന്വേഷണം നടത്താൻപോലും സംവിധായകർക്ക് ആയിട്ടില്ല.
ഗോപിസുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആവറേജ് എന്നു പറയാനോ ആയിട്ടുള്ളൂ. ഈ സംഗീത സംവിധായകരൊക്ക ലക്ഷങ്ങൾ പ്രതിഫലംവാങ്ങി എന്തൊക്കെയാണ് തട്ടിക്കൂട്ടുന്നത്. പക്ഷേ പൂർണമായും എഴുതിത്ത്ത്ത്ത്ത്തള്ളേണ്ട സംവിധായകരല്ല, ജെക്‌സൺ ആന്റണിയും, റജീസ് ആന്റണിയുമെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസ്സിലാവും. അവരൊരുക്കിയിരിക്കുന്ന ഷോട്ടുകളിലും ഫ്രയിമുകളിലുമെല്ലാം ഒരു പ്രൊഫഷണൽ ടച്ചുണ്ട്. ചില നർമ്മങ്ങൾ കുറിക്കുകൊള്ളുന്നുമുണ്ട്. പക്ഷേ കഥയിൽ വാലുംതലയും ഇല്ലാതിരുന്നാൽ എന്തുചെയ്യും. അടുത്തതവണ ഇവർ കെട്ടുറപ്പുള്ള ഒരു കഥയുമായി ശക്തമായി തിരച്ചുവരുമെന്ന് പ്രതീക്ഷിക്കാം.
വാൽക്കഷ്ണം: 'ചിറകൊടിഞ്ഞ കിനാക്കളിൽ' പരിഹസിക്കുന്നപോലെ ന്യൂജൻ ആണെന്ന് കാണിക്കാനെന്നോണം ഈ സിനിമയും വോയ്സ് ഓവറിലാണ് തുടങ്ങുന്നത്. അതും സാക്ഷാൽ പൃഥ്വിരാജിന്റെ. നല്ല സിനിമയെ പ്രോൽസാഹിപ്പിക്കുമെന്നൊക്കെ പൃഥ്വിരാജ് ഇടക്കിടെ ബഡായി പറയുന്നതിനാൽ അതും പ്രതീക്ഷകൾക്ക് മാറ്റുകൂട്ടി. വെറുതെ ആശിപ്പിച്ചുവെന്നല്ലാതെ എന്തുകാര്യം!