പ്രമേഹരോഗികൾക്ക് ആയുർവേദത്തിൽ കൊടുക്കുന്ന ഉണ്ണിക്കാമ്പുതോരനുണ്ട്. കഴിച്ചവർക്കറിയാം, മധുരമില്ല, ഉപ്പില്ല, ചവർപ്പില്ല ആകെ ഒരു നിർഗുണരുചി. എന്നുവച്ച് കഴിക്കാതിരുക്കുന്നതെങ്ങനെ.  ആരോഗ്യത്തിന് അത്യത്തുമവുമാണത്. അതുപോലെതന്നെയാണ് നമ്മുടെ ന്യൂജൻ സിനിമകളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'സു സു സുധിവാത്മീകം'. ജീവതത്തെ പോസറ്റീവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന,  ഒരു പാട് നന്മകൾ കോർത്തിണക്കിയ ഒരു കൊച്ചു ചിത്രം. (കണ്ടിറങ്ങിയാൽ രണ്ട് സ്‌മോടിക്കാനും നീലച്ചടയൻ വലിക്കാനും പ്രേരണ നൽകുന്ന ന്യൂജൻ സിനിമക്കാലത്ത് ഇത് ഒരു സംഭവം തന്നെയാണ്).  പക്ഷേ അതുതന്നെയാണ് ഈ പടത്തിന്റെ പരിമിതിയും.  ഈ നന്മതിന്മ കളിയും വ്യക്തികളുടെ അപകർഷതാബോധംവച്ചുള്ള കഥാഘടനയൊക്കെ നാം 'വടക്കുനോക്കിയന്ത്രത്തിന്റെ' ശ്രീനിവാസൻ കാലത്തുതൊട്ട് കാണുന്നില്ലേ. (കറുപ്പും ഉയരക്കുറവും തീർത്ത തളത്തിൽ ദിനേശന്റെ അപകർഷത സുധിയിലത്തെുമ്പോൾ വിക്കാവുന്നു എന്ന് മാത്രം) ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥാഘടന.

തുടങ്ങുമ്പോൾതന്നെ നമുക്ക് അറിയാം. ഇത് ഇങ്ങനെയേ ആവൂ എന്ന്. ഈ മോഡലിൽ ഒരുപാട് ചിത്രങ്ങൾ വന്നതുകൊണ്ട് പ്രേക്ഷകർക്ക് തനിയാവർത്തനങ്ങളുടെ ബോറടിയുണ്ടാവുമെന്ന് സംശയമില്ല. പക്ഷേ നമ്മുടെ ജയസൂര്യയുടെ മികച്ച പ്രകടനംകൊണ്ട്, കണ്ടിരിക്കാവുന്ന കോലത്തിലാണ് സിനിമയുടെ പലഭാഗവും. ആദ്യപകുതിയിലെ നർമ്മങ്ങൾ നന്നായി ഏശുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് വെള്ളിമൂങ്ങയിലെ ബിജുമേനോൻ പറയുന്നപോലെ, ആ ഫ്‌ളോയങ്ങ് പോവുകയാണ്.എന്നുവച്ച് തീയേറ്ററിൽനിന്ന് ജീവനുംകൊണ്ട് ഓടേണ്ട അവസ്ഥയുണ്ടാക്കുന്ന പടമൊന്നുമല്ല ഇത്.വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു പടം കാണുവാൻ ആഗ്രഹിക്കുന്ന കുടുംബപ്രേക്ഷകർക്ക്, സ്വസ്ഥമായി കാണാവുന്ന ചിത്രമാണിത്. മാത്രമല്ല, കോമഡിയെന്നപേരിൽ ശുദ്ധ വളിപ്പുകളും, അശ്‌ളീലവും ദ്വയാർഥപ്രയോഗങ്ങളും കുത്തിക്കയറ്റുന്ന രീതിയും ഈ പടം പാടെ ഒഴിവാക്കിയുട്ടുണ്ട്.ട്വിസ്റ്റിന്റെ പേരിൽ പ്രേക്ഷകരെ വട്ടം കറക്കുന്ന സമകാലീന സിനിമകൾക്കിടയിൽ, ഒരു മന്ദമാരുതനെപ്പോലെ നീങ്ങുകയാണ് ഈ പടം.

രഞ്ജിത്ത് ശങ്കറിന്റെ ഗ്രാഫ് താഴേക്ക്

ഒരർഥത്തിൽ പറഞ്ഞാൽ മലയാള സിനിമയിൽ ന്യൂ ജനറേഷൻ തരംഗം ഉദ്ഘാടനംചെയ്ത സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. ഇത് അദ്ദേഹം ഒരിക്കലും അവകാശപ്പെടാറില്‌ളെങ്കിലും സത്യം അതാണ് . രഞ്ജിത്ത് ശങ്കറിന്റെ 'പാസഞ്ചർ' എന്ന ഒന്നാന്തരം സിനിമക്ക് ശേഷമാണ് മലയാളത്തിലേക്ക് നവ സിനിമയുടെ അലയൊലികൾ തരംഗമായി എത്തുന്നത്.പക്ഷേ ആ പേരുമുഴുവൻ കിട്ടിയതാവട്ടെ 'ട്രാഫിക്കിലൂടെ' രാജേഷ് പിള്ളക്കും. അതെന്തെങ്കിലും ആകട്ടെ, ആഖ്യാനപരമായി മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടച്ച പടമായിരുന്നു, രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രമായ 'പാസഞ്ചർ'. പക്ഷേ തുടർന്ന് അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന് ഓർക്കുക. 'അർജുനൻ സാക്ഷി', 'മോളി ആന്റി റോക്ക്‌സ്', 'പുണ്യാളൻ അഗർബത്തീസ്', 'വർഷം' തുടങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ 'പാസഞ്ചറിന്റെ' ഏഴയലത്ത് എത്തിയിട്ടില്ല.ഏതാണ്ട് അതേ കാറ്റഗറിയിലേക്കാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ 'സു സു സുധി വാത്മീകവും' വീഴുന്നത്.

വിക്കുള്ള ഒരു മനുഷ്യന്റെ ജീവിത പ്രതിസന്ധിയുടെയും അതിജീവനപോരാട്ടത്തിന്റെയും കഥയാണിത്.ഈ വൈകല്യത്തിന്റെ പേരിൽ പലയിടത്തും അപമാനിക്കപ്പെടുന്ന സുധിയെ ( ജയസൂര്യ) കാണിക്കുമ്പോൾതന്നെ നമുക്കറിയാം, കഥാന്ത്യത്തിൽ എല്ലാ പ്രശ്‌നവും പരിഹരിച്ച് നായകൻ യുവകോമളനായി നായികയുമൊത്ത് സസുഖം വാഴുമെന്ന് പടത്തിലും അതുതന്നെ സംഭവിക്കുന്നു.

വിക്കുകാരണം നിശ്ചയിച്ച് ഉറപ്പിച്ച കല്യാണംപോലും മുടങ്ങിപ്പോയ ഹതഭാഗ്യനാണ് സുധി. അതോടെ അയാൾ നാട്ടുകാർക്കുമുമ്പിൽ പരിഹാസ കഥാപാത്രവുമായി മാറുന്നു. ഇങ്ങനെയുള്ള നായകനെ മിടുക്കനാക്കിയെടുക്കാനുള്ള ഉത്തരവാദിത്വം, വാണിജ്യ സിനിമയിൽ എല്ലായിപ്പോഴുമെന്നപോലെ നായികക്കാണ്.അവൾ ഒരു സ്പീച്ച് തെറാപ്പിസ്റ്റ് കൂടിയാവുമ്പോൾ കാര്യങ്ങൾ എളുപ്പമായി. പക്ഷേ പലപ്പോഴും സ്പീച്ച് തെറാപ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയായി ഇതുമാറുന്നു.

ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെയാണ് ഈ പടത്തിൽ രഞ്ജിത്ത് ശങ്കർ പ്രചോദനമാക്കിയെടുത്തത്.ചിത്രത്തിന്റെ കഥയെഴുതിയ സുധീന്ദ്രൻ അവിട്ടത്തൂരിന്റെ ജീവതത്തിലെ ചില ഭാഗങ്ങളാണ് ഈ പടമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിട്ടുണ്ട്.പക്ഷേ നേരത്തെ പറഞ്ഞപോലെ വിക്ക് എന്ന പ്രശ്‌നത്തിൽ കുടുങ്ങി നട്ടം തിരയുകയാണ് സിനിമയും. രണ്ടാം പകുതിയിൽ പലേടത്തും തിരക്കഥയും വിക്കുന്നുണ്ട്. ഒരു കൃത്യമായ കഥാപാത്രത്തിനായി കഥയുണ്ടാക്കുന്നതും, കഥക്കുള്ളിൽ ഇത്തരമൊരു കഥാപാത്രം കടന്നുവരുന്നതും രണ്ടും രണ്ടാണേല്ലോ. നമ്മുടെ പ്രഥ്വുരാജും, പ്രകാശ്രാജും, ജ്യോതികയും തകർത്ത് അഭിനയിച്ച തമിഴ് പടം 'മൊഴി' ഒന്നു കണ്ടുനോക്കുക. സംസാരശേഷിയും കേൾവിയുമില്ലാത്ത ഒരു പെൺകുട്ടിയും, ശബ്ദത്തിന്റെ ഉപാസകനായ ഒരു മ്യുസീഷനും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണിത്. ഇത് എവിടെയും ബധിരമൂകരുടെ അതിജീവനത്തെക്കുറിച്ചുള്ള ഡോക്യുമെന്റയാവുന്നില്ല. വൈകല്യങ്ങൾക്കപ്പുറത്തെ മനസ്സിന്റെ ഭാഷ പ്രേക്ഷകരിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കാൻ സംവിധകയകന് ആവുന്നു. പക്ഷേ നമ്മുടെ സുധിക്ക് അതിന് കഴിയുന്നില്ല. അതിനുള്ള പ്രധാന തടസ്സം വിക്ക് എന്ന ഒറ്റപ്രേമയത്തിൽ എച്ചുകെട്ടിയ തിരക്കഥയാണ്.

ശ്രീനിവാസൻ സിനിമകൾ, എത്രയോ കൊല്ലം മുമ്പ് പറഞ്ഞ വ്യക്തിയുടെ അപകർഷതാബോധ പ്രശ്‌നങ്ങളും ഈ പടത്തിലും പക്ഷേ ഈ പടത്തിലും ചിരിക്ക് വക നൽകുന്നുണ്ട്. ഒരാൾക്ക് നിസ്സാരമായി തോനുന്നു പല പ്രശ്‌നങ്ങളും മറ്റൊരാൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരക്കും.പക്ഷേ കണ്ടതുതന്നെ എത്രതവണയാണ് കാണുക. ഒപ്പം പൈങ്കിളി നന്മതിന്മകളുടെ സിനിമാറ്റിക്ക് പതിവ് ചേരുവകളും.നാട്ടുകവലയും ആൽമരവും അമ്പലക്കുളവുമൊക്കെ ഒരേ സ്റ്റീരിയോ ടൈപ്പ്.

പക്ഷേ ആകെയുള്ള ഒരു വ്യത്യസ്തത ഈ കഥയൊക്കെ പറയുന്നത് ഒരു സിനിമാസെറ്റിൽനിന്ന് ആണെന്നതാണ്. നടൻ മുകേഷ് ഈ പടത്തിൽ മുകേഷ് എന്ന സിനിമാനടനായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. പലേടത്തും സ്വതം കാരിക്കേച്ചർ ചെയ്യാനുള്ള ഈ നടന്റെ ശ്രമവും വിജയിക്കുന്നുണ്ട്.ബാംഗ്‌ളൂരിൽനിന്ന് പാലക്കാട്ടെ ആലത്തൂരേക്ക് സിനിമാ നടൻ മുകേഷുമായി അവിചാരിതമായി കിട്ടിയ ഒരു കാർ യാത്രക്കിടെയാണ് സുധി തന്റെ ജീവിതകഥ പറയുന്നത്. ഈ യാത്രയിലെ നർമ്മങ്ങളാണ് പലപ്പോഴും സിനിമയെ ബോറടിപ്പിക്കാത്തത്.

നേട്ടം ജയസൂര്യക്ക് മാത്രം

മേക്കോവറുകളെ നന്നായി ആസ്വദിക്കുന്ന ജയസൂര്യയെ ഒരിക്കൽകൂടി നിങ്ങൾ ഈ ചിത്രത്തിൽ കാണം. വിക്കനും നാട്ടുകാരുടെ പരിഹാസപാത്രവുമായ സുധിയിൽനിന്ന്, വലിയൊരു കമ്പനിയുടെ ഉയർന്ന സ്ഥാനത്തേക്കുള്ള വളർച്ചയിൽ സംഭവിക്കുന്ന ജയന്റെ ശരീരഭാഷ ഗംഭീരമായിട്ടുണ്ട്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന വിനയൻ ചിത്ത്രിലെ ഉരിയാടപ്പയ്യനായി കരിയർ തുടങ്ങിയ ജയസൂര്യ, നടൻ എന്ന നിലയിൽ എത്രയോ മുന്നോട്ടുപോയ്ക്കഴിഞ്ഞെന്നും ഈ പടം വ്യക്തമാക്കുന്നു.പക്ഷേ ഇതുപോലൊരു നടന് തകർത്ത് അഭിനയിക്കാവുന്ന രീതിൽ വൈവിധ്യമാർന്ന അഭിനയമുഹൂർത്തങ്ങൾ കാര്യമായി ഈ പടത്തിൽ ഇല്ലാതെപോയി.

അതുപോലെതന്നെയുള്ള ഒരു മേക്ക് ഓവർ അജുവർഗീസിലും കണ്ടു.തറക്കോമഡികളിൽ തളച്ചിടപ്പെടാറുള്ള ഈ നടൻ ഈ പടത്തിൽ ഇടക്ക് സീരയസ് ആയപ്പോഴും മോശമായില്ല.സുനിൽ സുഗദയുടെ ഡോക്ടറിൽ ആവർത്തിച്ച തമാശകളുടെ ചവർപ്പ്കാണാം. മുകേഷ് ടീമിന്റെയും കോമഡികൾ തീയേറ്റിൽ ചിരി ഉയർത്തുന്നു. പ്രേത്യേകിച്ചും ഒരു സിനിമാ നടനോടും സെലിബ്രിറ്റികളോടും മലയാളികളുടെ പൊതുപെരുമാറ്റം എങ്ങനെയാണെന്ന ഓർമ്മയും ചിത്രവും ഈ പടം നൽകുന്നു. പാതിരാത്രിക്ക് ഉണർത്തി സെൽഫിയെടുക്കൽ തൊട്ട്, ഒരു സിനിമാപരിചയവുമില്ലാത്ത ഒരാൾവന്ന് 'മകേഷ് കുറേക്കുടി സെലക്ടീവാകണം' എന്ന് ഉപദേശിക്കുന്നതുവരെയുള്ള ചെറു നർമ്മങ്ങൾ.

ഫാസിലിന്റെ ലിവിങ്ങ് ടു ഗദർ എന്ന സിനിമയിലൂടെ വന്ന ശിവദാ നായരാണ് ഈ പടത്തിലെ നായികയായ സ്പീച്ച് തെറാപ്പിസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഭാവിയിൽ അറിയപ്പെടുന്ന ഒരു മികച്ച നടി പൊട്ടിവിടരുന്നതിന്റെ സൂചനകൾ ഈ പടത്തിൽ പലേടത്തും പ്രതിഫലിപ്പിക്കാൻ ശിവദക്ക് കഴിഞ്ഞിട്ടുണ്ട്. ചിലയിടത്തൊക്കെ 'പ്രേമത്തിലെ', 'മലരുമായി' വല്ലാത്തൊരു സാദൃശ്യവും ഈ നടിക്കുതോനുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഈ പടത്തിൽനിന്ന് കുറച്ചുകൂടി നല്ല റിസൾട്ട് പ്രതീക്ഷിച്ചിരുന്നെങ്കിൽ അത് അഭിനേതാക്കളുടേതല്ല, തിരക്കഥകൂടി ഒരുക്കിയ സംവിധായകന്റെതുമാത്രമാണെന്ന് ചുരുക്കം.