ചന്ദ്രേട്ടൻ എവിടെയാണെന്ന് നമ്മളിൽ പലർക്കും നന്നായറിയാം. പലപ്പോഴായി നാം ചന്ദ്രേട്ടനെപ്പോലെ ഒരാളെ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ നമ്മുടെയുള്ളിൽതന്നെ ഒരു ചന്ദ്രേട്ടൻ ഉറങ്ങിക്കിടപ്പുണ്ട്. ഇതുതന്നെയായിരുന്ന നമ്മുടെ ജനപ്രിയ നായകൻ ദീലീപിന്റെ വിജയ ഫോർമുലയും. നമ്മുടെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് 'അടുത്ത വീട്ടിലെ പയ്യനെന്ന' ഇമേജ് ഉണ്ടാക്കിയെടുത്താണ് ആ യുവ നടൻ വളർന്നുവന്നത്. എന്നാൽ പിന്നീട് ദിലീപ് ചിത്രങ്ങളുടെ സ്വഭാവം ആകെ മാറി. മുഴു വളിപ്പുകളും, തറക്കോമഡികളും, അതിഭാവുകത്വമുള്ള കഥാപാത്രങ്ങളുമായി ആകെ തെലുങ്ക് മസാല മോഡൽ. ശൃംഗാരവേലൻ, മര്യാദരാമൻ, പണ്ടാരക്കാലൻ എന്ന പേരിലൊക്കെ ഒരേ അച്ചിൽവാർത്ത കൂതറകൾ ഇറക്കി പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കാൻ തുടങ്ങിയതോടെ ജനപ്രിയനായകന്റെ കഷ്ടകാലവും തുടങ്ങി. എന്നും മിനിമം ഗ്യാരണ്ടിയുണ്ടായിരുന്ന ദിലീപ് ചിത്രങ്ങൾ എട്ടല്ല, പത്തുനിലയിലാണ് ഇപ്പോൾ പൊട്ടിക്കൊണ്ടിരിക്കുന്നത്. അതിനിടെ ഒരു അൽപ്പം ആശ്വാസമാണ് അനുഗൃഹീത സംവിധായകൻ ഭരതന്റെ മകനും നടനുംകൂടിയായ സിദ്ധാർഥ് ഭരതൻ സംവിധാനംചെയ്ത 'ചന്ദ്രേട്ടൻ എവിടെയാ'.

മൊത്തം നിലവാരംനോക്കി മാർക്കിടുമ്പോൾ ആവറേജ് മാത്രമേ ആവുന്നുള്ളുവെങ്കിലും, സമകാലീന ക്രോപ്രായ മലയാളത്തിന്റെ കാലത്ത് ചന്ദ്രേട്ടൻ തീർച്ചയായും പ്രതീക്ഷതരുന്നു. പക്ഷേ സന്തോഷ് ഏച്ചിക്കാനത്തെപോലെയുള്ള കൃതഹസ്തനായ ഒരു കഥാകൃത്തിന്റെ തിരക്കഥയാണെല്ലോ എന്നൊക്കെ വിചാരിച്ച് അമിതപ്രതീക്ഷകളുമായി എത്തിയാൽ നിരാശയായിരിക്കും ഫലം. എന്നിരുന്നാലും അവധിക്കാല ഉല്ലാസത്തിനായി കണ്ടിരിക്കാവുന്ന സിനിമതന്നെയാണിത്.

ചന്ദ്രമോഹന്റെ ആഘോഷങ്ങൾ

ജീവിതം ഒരു ബാച്ചിലറെപ്പോലെ ആഘോഷിക്കയാണ് നമ്മുടെ ചന്ദ്രേട്ടന്റെ രീതി. സംഗീതവും, നൃത്തസന്ധ്യകളും, എഴുത്തും, മദ്യപാന സദസ്സുകളുമായി അയാൾ രാത്രികളിൽ സജീവമാവും. നിയമസഭയിൽ ഉദ്യോഗസ്ഥനായ ചന്ദ്രമോഹനൻ ഈ സ്വാതന്ത്ര്യമോഹംകൊണ്ടുതന്നെയാവണം, ഭാര്യയെയും മകനെയും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരാറില്ല. തൃശൂരിൽ ജോലിക്കാരിയായ ഭാര്യയോട്, ട്രാൻസ്ഫർ ശരിയാക്കുന്നുണ്ടെന്ന് പറഞ്ഞ് ഉഴപ്പിക്കളിക്കയാണ് അയാൾ. സ്‌നേഹക്കൂടുതലും അൽപ്പം സംശയവുമുള്ള ഭാര്യ സുഷമയാവട്ടെ (സിനിമയിൽ അനുശ്രീ) അടിക്കടി ചന്ദ്രേട്ടൻ എവിടെയാണെന്ന് വിളിച്ച് അയാളുടെ പിറകിലുണ്ട്. ചന്ദ്രമോഹന്റെ സുഹൃത്തിന്റെ ഭാഷയിൽ പറഞ്ഞാൽ രാവിലെ സുപ്രഭാതം പാടി ഉണർത്തുന്നതും, രാത്രി ഹരിവരാസനംപാടി ഉറക്കുന്നതും ഈ കോളുകളാണ്. പ്രത്യേക റിങ്ങ്‌ടോൺതന്നെ അയാൾ ഇതിനായി സെറ്റ്‌ചെയ്ത് വച്ചിട്ടുണ്ട്. പലപ്പോഴും ഇതൊരു വലിയ സൊല്ലയായും നമ്മുടെ ചന്ദ്രേട്ടന് തോന്നാറുണ്ട്.

ഈ സ്വഭാവം കാരണം വിനോദയാത്രപോകാമെന്നും മറ്റും പറഞ്ഞ് ഭാര്യക്കും മകനും കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ ചന്ദ്രേട്ടന് പലപ്പോഴും കഴിയാറില്ല. ഒടുവിൽ ഒരു മുഖംമിനുക്കൽ എന്നോണം അയാൾ കുടുംബവുമായി യാത്രപോവുന്നു. തഞ്ചാവൂരിലേയ്ക്കുള്ള ആ യാത്ര കഥയിലെ വഴിത്തിരിവാവുന്നു.

അവിടുത്തെ നാഡീജ്യോതിഷികൾ ചന്ദ്രമോഹനന്റെ പൂർവം ജന്മം എഴുതിയതെന്ന് പറയുന്ന ഓല വായിക്കുന്നു. ഇതു പ്രകാരം അയാൾ ആയിരംകൊല്ലംമുമ്പ് തഞ്ചാവൂരിലെ രാജരാജ ചോളന്റെ കൊട്ടാരം കവിയായിരുന്നു. അവിടുത്തെ നർത്തകിയായ വസന്തമല്ലികയോട് കവിക്കുണ്ടായ പ്രണയം അറിഞ്ഞ് രാജാവ് അയാളെ ചതിയിൽ കൊല്ലിക്കയാിരുന്നു. ആ വസന്തമല്ലിക ഈ ജന്മത്തിലും ചന്ദ്രമോഹനനെതേടിയത്തെുമെന്ന ജ്യോതിഷിയുടെ പ്രവചനം അയാളുടെ ഭാര്യയിൽ ഇടിത്തീയാവുന്നു. വൈകാതെ നമ്മുടെ ചന്ദ്രേട്ടനും അത്തരമൊരു ബന്ധത്തിൽ ചാടുന്നു! തുടർന്നങ്ങോട്ടുള്ള പുകിലുകൾ കണ്ടുതന്നെ അറിയണം.

സ്വാഭാവിക നർമ്മവുമായി ദിലീപും അനുശ്രീയും

തുറന്നു പറയട്ടെ, എറെക്കാലത്തിനുശേഷമാണ് ഒരു മനുഷ്യക്കോലത്തിൽ നമ്മുടെ ദിലീപേട്ടനെ കാണുന്നത്. ഇതോടെ ഒരുകാര്യം വ്യക്തമായി. നല്ല കഥയില്ലാത്തതുതന്നെയാണ് അടിസ്ഥാനപരമായി ദിലീപിന്റെ പ്രശ്‌നം. കഥയുടെ കെട്ടുറപ്പില്ലായ്മ മറച്ചുപിടിക്കാൻ കുറെ കൊമേഡിയന്മാരെ സ്‌പോട്ട് ഇംപ്രവൈസേഷൻ എന്നൊക്കെപ്പറഞ്ഞ് സ്‌കിറ്റ് മോഡൽ കാട്ടിക്കൂട്ടലുകൾ നടത്തിയാലൊന്നും വിജയങ്ങൾ ഉണ്ടാവില്ലെന്ന് ദിലീപിന് നമ്മൾ പറഞ്ഞുകൊടുക്കേണ്ടകാര്യമില്ലല്ലോ?

തനിക്ക് അനായാസമായി ചെയ്യാവുന്ന ചന്ദ്രേട്ടന്റെ മാനറിസങ്ങളെ ആസ്വദിച്ച് ചെയ്ത് വിജയിപ്പിക്കാൻ ദിലീപിന് ആയിട്ടുണ്ട്. സാധാരണ അദ്ദേഹത്തിന്റെ കഥാപാത്രത്തോടൊപ്പം ഉണ്ടാവുമായിരുന്ന മണ്ടന്മാരായ കൂട്ടുകാരാണ് കോമഡികൊണ്ടുള്ള ഭീകരാക്രമണം നടത്തി പ്രേക്ഷകനെ വെറുപ്പിക്കാറുള്ളത്. എന്നാൽ ഇത്തവ ചന്ദ്രേട്ടനും ചുറ്റും അങ്ങനെ വ്യക്തിത്വമില്ലാത്ത സുഹൃത്തുക്കൾ ഇല്ല. അയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായിവരുന്ന താരതമ്യേന പുതുമുഖമായ നടൻ സൗബിൻ ഷാഹിർ ഒരിടത്തും ഓവറാക്കുന്നില്ല. പുതുതലമുറയിലെ ഹാസ്യക്കാർ കണ്ടുപടിക്കേണ്ടതാണിത്.

ലാൽ ജോസിന്റെ 'ഡയമണ്ട് നെക്ലേസിൽ', 'അരുണേട്ടാ ഐ മിസ് യൂ' എന്ന ഒറ്റ ഡയലോഗുകൊണ്ട് താരമായ അനുശ്രീ ഇവിടെയും തകർക്കയാണ്. ഡയലോഗ് ഡെലിവറിയുടെയൊക്കെ ടൈം മോഡുലേഷനൊക്കെ ഗംഭീരമാണ്. ആ 'ഗുഡ്‌മോണിങ്ങ് ചന്ദ്രേട്ടാ'യൊക്കെ നോക്കുക. നായിക ദാരിദ്ര്യം തീർന്നുവെന്ന് ഇപ്പോഴും തീർത്തു പറയാൻ ആയിട്ടില്ലാത്ത മലയാളസിനിമയിൽ മുഖത്ത് നന്നായി ഭാവം വരുത്താൻ അറിയുന്നവർ കുറവാണേല്ലോ. പക്ഷേ ടൈപ്പ് വേഷങ്ങളിൽ വീണുപോവതിരിക്കാൻ ഈ നടി ശ്രദ്ധിക്കേണ്ടതുണ്ട്. പതിവുപോലെ സുന്ദരിയായി അണിഞ്ഞൊരുങ്ങി നടക്കാനും നൃത്തംചെയ്യാനുമല്ലാതെ അഭിനയിക്കാനുള്ള കാര്യമായ വകുപ്പ് നമിതാപ്രമോദിന് ഈ പടത്തിലും കിട്ടിയിട്ടില്ല. പഴയ പ്രതാപമൊന്നുമില്ലെങ്കിലും നമ്മുടെ ലളിതച്ചേച്ചിയും മോശമാക്കിയിട്ടില്ല. (ഭർത്താവും മകനും സംവിധാനം ചെയ്ത ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അപൂർവഭാഗ്യം ലഭിച്ചയാളാവുകയാണ് ഇപ്പോൾ കെ.പി.എസി ലളിത).
ചെമ്പൻവിനോദ് ഈ ചിത്രത്തിൽ ഏതാനും സീനുകളിൽ മാത്രമേ വരുന്നുള്ളുവെങ്കിലും അതിനൊക്കെയുണ്ട് ഒരു പ്രത്യേക ചന്തം. മലയാളത്തിൽ മുമ്പുണ്ടായിരുന്നപോലുള്ള ശക്തരായ സ്വഭാവനടന്മാരുടെ നിരയിലേക്ക് ഉയരുകയാണ് ചെമ്പൻ.

മുകേഷിനെയും സുരാജിനെയുമൊക്കെ ഈ സിനിമയിലേക്ക് വലിച്ചിട്ടത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രണ്ടുപേരും ഈ കഥാപാത്രങ്ങൾക്ക് അനുയോജ്യമായിട്ടില്ല എന്നുമാത്രമല്ല, നന്നായിട്ടുമില്ല. ഷൈജു ഖാലിദിന്റെ ക്യാമറെയക്കുറിച്ച് ഓരോ സിനിമയിലും എടുത്തു പറയേണ്ടകാര്യമില്ലല്ലോ. പ്രശാന്ത് പിള്ളയുടെ ഗാനങ്ങളും പാശ്ചാത്തല സംഗീതത്തിനും എ പ്‌ളസ് തന്നെ കൊടുക്കാം. ഇതിലെ 'വസന്തമല്ലികേ' എന്ന പാട്ട് കേട്ടുനോക്കുക. ഡപ്പാക്കുത്ത് ബാൻഡുകളുടെ കാലത്ത് പഴമയുടെ ഫീൽകിട്ടുന്ന മികച്ച സൃഷ്ടികളിൽ ഒന്നാണിത്.

'നിദ്ര'യെന്ന ആദ്യ ചിത്രത്തിനുശേഷം ആഖ്യാന പരമായി സിദ്ധാർഥ് ഭരതൻ മുന്നേറിയെന്ന് ഈ ചിത്രം തെളിയിക്കുന്നു. പക്ഷേ പ്രമേയപരമായും സാമൂഹികമായും ഭരതന്റെ മകനുചേർന്ന ഉള്ളടക്കമാണോ ഈ സിനിമക്ക്?

രാഷ്ട്രീയവായനയിൽ വട്ടപൂജ്യം; ക്ലൈമാക്‌സിന് സീരിയൽ നിലവാരം

ദാമ്പത്ത്യത്തിലെ മടുപ്പും ഏകപക്ഷീയതയും, പുരുഷന്റെ ആഘോഷവും സ്ത്രീയുടെ സഹനവും, കടുംബഭദ്രതയുമെല്ലാം കൃത്യമായി പറഞ്ഞുവെക്കാനുള്ള അവസരമുള്ള കഥാസന്ദർഭമായിരുന്നു ഇത്. എന്നാൽ തിരക്കഥാകൃത്ത് അങ്ങോട്ടൊന്നും പോയിട്ടില്ല. സമൂഹത്തിന്റെ സ്റ്റാറ്റസ്‌കോ നിലനിർത്തുക എന്ന സദാചാര പൊലീസിന്റെ റോളിലാണ് അദ്ദേഹം. (മികച്ച കഥകൾ എഴുതിയവർ സിനിമയിൽ എത്തുമ്പോൾ എങ്ങനെ അരാഷ്ട്രീയരാവുന്നുവെന്ന് പഠിക്കേണ്ടതാണ്.)[BLURB#1-VL] സാധാരണ കച്ചവടമലയാള സിനിമകളിൽ കാണാറുള്ളപോലെ നാഡീജോതിഷം, ജോത്സ്യം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ഈ പടവും ന്യായീകരിക്കുന്നു. അതിനേക്കാൾ അപലപനീയമായി തോന്നിയത് ഭാര്യയുടെ സ്‌നേഹവും പ്രാർത്ഥനയും മാത്രമാണ്, പുരുഷനെ പരസ്ത്രീഗമനത്തിൽനിന്ന് മാറ്റി നേർവഴിക്കുകൊണ്ടുവരികയെന്ന നിഗമനമാണ്. കേരളത്തിലെ മാറിയ സാമൂഹിക സാഹചര്യവും, ഇവിടെ സംഭവിക്കുന്ന വിവരസാങ്കേതിക വിസ്‌ഫോടനവുമൊന്നും കണക്കിലെടുക്കാതെ, പൈങ്കിളി സീരിയലിന്റെ നിലവാരത്തിലാണ്, ചെറുകഥകളിൽ പ്രതിഭകൊണ്ട് നമ്മെ ഞെട്ടിച്ച സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതിയ ഈ സിനിമ അവസാനിക്കുന്നത്. കുടംബങ്ങളാണ് മലയാളിസാമൂഹിക ഭദ്രതയുടെ അടിസ്ഥാനമെന്ന്, അതിന്റെ നിലനിൽപ്പിന് സ്ത്രീയാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്നുമുള്ള പരമ്പരാഗത ധാരണകൾ ഈ ന്യൂജനറേഷൻ പയ്യന്മാരും അരക്കിട്ട് ഉറപ്പിക്കുന്നു. ന്യൂജനറേഷൻ എന്നത് ഒരുമാനസികാവസ്ഥയാണെന്ന് മനസ്സിലാക്കാൻ സിദ്ധാർഥ് ഭരതൻ തന്റെ പിതാവിന്റെ ചില ചിത്രങ്ങൾ ഒന്നുകൂടി കാണുന്നത് നല്ലതാണ്.

ക്ലൈമാക്‌സിനോടനുബന്ധിച്ച് സിനിമ വല്ലാതെ ദുർബലമായിപ്പോവുന്നത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ജീവിതവീക്ഷണം സംബന്ധിച്ച കൺഫ്യൂഷൻ കൊണ്ടുകൂടിയാവണം. സുന്ദരിയായ കാമുകിയുടെ അടുത്തേക്ക് അന്തിയുറങ്ങാൻപോവുന്ന ചന്ദ്രേട്ടൻ, അടുത്ത ഫ്‌ളാറ്റിൽനിന്ന് ഒരു കുട്ടിയുടെ കരച്ചിൽകേട്ടാണ് പിന്തിരിയുന്നത്! ഭയങ്കരം തന്നെ. അപ്പോഴാണ് അയാൾക്ക് ഭാര്യ മകനെ പ്രസവിച്ചതും വളർത്തിയതും അടക്കമുള്ള സെന്റിമൻസ് വർക്കൗട്ടാവുന്നത്. 'കുങ്കുമപ്പൂവ്' സീരിയലിന്റെ നിലവാരത്തിലുള്ള ഈ 'കോമഡികളെയൊക്കെയാണ്', 'ചിറകൊടിഞ്ഞ കിനാവുകളിൽ' പിള്ളേരിട്ട് അലക്കുന്നത്.

മാത്രമല്ല നമിതാപ്രമോദ് അവതരിപ്പിച്ച ഡോക്ടറും നർത്തകിയുമായ കഥാപാത്രത്തെ അപൂർണമായി നിർത്തിയിരക്കയാണ്. തന്റെ കാര്യം നേടാനായി പുരുഷനെ വളയ്ക്കുന്ന ഒരു സ്ത്രീയാണോ, അതോ അവൾ ആത്മാർഥമായി ചന്ദ്രേട്ടനെ പ്രണയിക്കുകയായിരുന്നോ എന്നിടത്ത് സിനിമ അർധവിരാമമാണ് ഇടുന്നത്. പാവം പരുഷന്മാർ ശുദ്ധന്മാർ. സ്ത്രീകൾ ഇങ്ങനെ കുടുംബം തകർക്കാൻ വലവീശിയിറങ്ങിയാൽ എന്തുംചെയ്യും എന്നമട്ടിൽ, സ്ത്രീവിരുദ്ധതയെ പ്രോൽസാഹിപ്പിച്ചുകൊണ്ടാണ് പടം അവസാനിക്കുന്നത്.

വാൽക്കഷ്ണം: പണ്ടൊക്കെ നമ്മൾ 'അഡൽസ് ഓൺലി' എന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന ഡയലോഗുകൾ നിരവധിയുണ്ട് ഈ സിനിമയിൽ. അന്ന് ഇത്തരം കോമഡികൾ കുടുംബപ്രേക്ഷകരെ അകറ്റമായിരുന്നു. ഇന്ന് കുട്ടികളും രക്ഷിതാക്കളും ചേർന്ന് ചിരിക്കയാണ്. ലൈംഗികതയുടെ മാറുന്ന മുഖത്തിന് പ്രകടമായ ഉദാഹരണം. എന്നിട്ടും നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും മാത്രം ഇപ്പോഴും 'ധർമ്മ സംസ്ഥാപനാർഥം' ഒരേ അച്ചിൽ പടം എടുത്തുകൊണ്ടിരിക്കുന്നു!