തിരുവനന്തപുരം: ആഭ്യന്തര പ്രശ്‌നങ്ങൾ കടുത്തതോടെ യെമനിൽ നിന്ന് ഇന്ത്യാക്കാരെ മുഴുവൻ ഒഴുപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സജീവ പ്രവർത്തനങ്ങളാണ് അന്ന് നടന്നത്. യെമിലെ കുടിയൊഴുപ്പിക്കലിന് ശേഷം എംബസിയും പൂട്ടി. സൗദി അറേബ്യയുടെ നേതൃത്വത്തിൽ യെമനിൽ വിമതർക്ക് എതിരെ യുദ്ധം കടുപ്പിച്ചപ്പോഴായിരു്‌നു ഇതെല്ലാം. എന്നാൽ ഇതെല്ലാം അവഗണിച്ച് യെമനിൽ പിന്നേയും ഇന്ത്യാക്കാർ തുടർന്നു. ഇതിൽ മലയാളികളുമുണ്ട്.

നാട്ടിലേക്ക് മടങ്ങിയാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. വിദ്യാഭ്യാസ ലോണും മറ്റുമെടുത്ത് നേഴ്‌സായി യെമനിലെത്തിയ ഇരുപതോളം മലയാളികളും റിസ്‌ക് എടുത്ത് യെമനിൽ തുടർന്നു. കോട്ടയം, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കാസർഗോഡ് ജില്ലകളിലുള്ളവരും ആശുപത്രിയിൽ കുടുങ്ങിയിട്ടുണ്ട്. യമനിൽ നഴ്‌സായ മകൾ മിനു തിരിച്ചുവരുന്നത് രാജപുരം ചെമ്പല്ലിൽ ഫിലിപ്പും കുടുംബവും വേദനയോടെ കാത്തിരിക്കുന്നത് ഈ നേഴ്‌സുമാരുടെ കുടുംബങ്ങളിലെ നേർ ചിത്രമാണ്.

യുദ്ധത്തിൽ കുടുങ്ങിപ്പോയ മലയാളികളെ സർക്കാർ നാട്ടിലെത്തിച്ചെങ്കിലും ആശുപത്രി അധികൃതരുടെ ഭീഷണിക്കു മുന്നിൽ മിനുവിനു തിരിച്ചുവരാനായില്ലെന്നാണ് വീട്ടുകാർ പറയുന്നത്. മിനുവിനൊപ്പം കുടുങ്ങിയ 20 മലയാളികൾ കൂടി ആശുപത്രിയിലുണ്ടെന്നാണ് വിവരം. പാസ്‌പോർ്ട്ടും മറ്റും പിടിച്ചുവച്ചായിരുന്നു ആശുപത്രി അധികൃതരുടെ ഭീഷണിപ്പെടുത്തൽ. ഇതിനടെ യെമനിലെ ഇന്ത്യൻ എംബസി പൂട്ടിയതോടെ ഇവരുടെ തിരിച്ചുവരവു പ്രതിസന്ധിയിലായി. 2013ലാണ് മിനു യമനിലെ മാരിബ് ജനറൽ ആശുപത്രിയിൽ നഴ്‌സായി എത്തുന്നത്.

ഇതിനിടയിൽ യമനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം ശക്തമായപ്പോൾ എംബസിയുടെ സഹായത്തോടെ മിക്ക ഇന്ത്യക്കാരും നാട്ടിലെത്തി. എന്നാൽ ഗ്രാമപ്രദേശത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർ യുദ്ധത്തിന്റെ ഭീകരത അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതർ ഇവരുടെ സുരക്ഷയുടെ കാര്യത്തിൽ ഉറപ്പും നൽകി. യുദ്ധമവസാനിക്കുമ്പോൾ നാട്ടിലെത്തിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. എന്നാലിപ്പോൾ നാട്ടിലേക്കു വരണമെന്നാവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ കൈമലർത്തുകയാണ്. ഇത് തന്നെയാണ് മറ്റുള്ളവരുടേയും അവസ്ഥ.

കഴിഞ്ഞ ഒക്ടോബറിൽ മിനുവിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് ആശുപത്രി അധികൃതർ നാട്ടിലേക്കു വരാൻ അനുവാദം നൽകാത്തതിനാൽ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. നാട്ടിലേക്കുള്ള വരവു പ്രതിസന്ധിയിലായതോടെ മിനുവിന്റെ വിവാഹ സ്വപ്നങ്ങളും നീളുകയാണ്. കൂലിപ്പണിയാണ് ഫിലിപ്പിന്. ഭാര്യ ആൻസി പുഞ്ചക്കര ഗവ.എൽപി സ്‌കൂളിലെ പാചകത്തൊഴിലാളിയുമാണ്. ആർക്കാണു പരാതി നൽകേണ്ടതെന്നോ എന്താണു ചെയ്യേണ്ടതെന്നോ ഇവർക്കറിയില്ല. എന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

യെമനിലെ അവസ്ഥ ഗുരുതരമാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഒഴുപ്പിക്കൽ. അതിന് ശേഷം എംബസിയും പൂട്ടി. ഇതോടെ നയതന്ത്ര ബന്ധവും അവസാനിച്ചു. അതുകൊണ്ട് തന്നെ അവിടെ കുടുങ്ങിയവരുടെ കാര്യത്തിൽ എങ്ങനെ ഇടപെടുമെന്നാണ് വിദേശകാര്യമന്ത്രാലയം ചോദിക്കുന്നത്.