ന്യൂയോർക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ കഴിഞ്ഞ 14 വർഷമായി പ്രവർത്തിച്ചു വരുന്ന മലയാളം സ്‌കൂളിന്റെ വാർഷികവും കേരളപ്പിറവി ദിനാഘോഷവും സംയുക്തമായി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രവാസി മാദ്ധ്യമപ്രവർത്തകൻ ജോർജ് തുമ്പയിൽ ചടങ്ങിയിൽ മുഖ്യാതിഥിയായിരുന്നു. വളർന്നു വരുന്ന പുതുതലമുറയെ നമ്മുടെ സംസ്‌ക്കാരത്തിലും പൈതൃകത്തിലും വളർത്തേണ്ടത് ഈ കാലഘട്ടത്തിൻ അനിവാര്യമാണെന്ന് ജോർജ് തുമ്പയിൽ പറഞ്ഞു. മക്കളെ മലയാളം പഠിപ്പിക്കണമെന്നും വീട്ടിൽ മലയാളം സംസാരിക്കുകയാണ് അതിന് ഏറ്റവും എളുപ്പമാർഗമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

കഴിഞ്ഞ 14 വർഷമായി മലയാളം സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്എംസിസിയെ ജോർജ് തുമ്പയിൽ പ്രശംസിച്ചു. ചടങ്ങിൽ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അധ്യക്ഷത വഹിച്ചു. അറിവിന്റെ ലോകത്തിലേക്ക് പുതുതായി കടന്നുവന്ന കുട്ടികളെ ജോസച്ചൻ ആദ്യക്ഷരം എഴുതിച്ചു.

മലയാളം സ്‌കൂൾ പ്രിൻസിപ്പൽ ജോജോ ഒഴുകയിൽ സ്‌കൂളിന്റെ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. റോയിസൺ മേനോലിക്കൽ, കൈക്കാരൻ ആന്റണി കൈതാരം എന്നിവർ പ്രസംഗിച്ചു. എസ്എംസിസി പ്രസിഡന്റ് ഷാജി സഖറിയ സ്വാഗതവും ഷൈജു കളത്തിൽ നന്ദിയും പറഞ്ഞു. ഏഞ്ചൽ എഡ്വിൻ എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

മലയാളം സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. മലയാളം സ്‌കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പൽ ഷാന്റി കാത്തി, മേരിക്കുട്ടി തെള്ളിയാങ്കൽ, ജോസഫ്, പൊറ്റയിൽ, അരുൺ എടനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.