ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റൻ കേന്ദ്രമായി മലയാള ഭാഷയുടെ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നവംബർ മാസയോഗം നവംബർ 13ന് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. ഹ്യൂസ്റ്റനിലെ പ്രമുഖ എഴുത്തുകാരും ഭാഷാ സ്‌നേഹികളും പങ്കെടുത്ത ഈ സമ്മേളനത്തിൽ, മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ് മോഡറേറ്ററായി പ്രവർത്തിച്ചു.

ബാബു തെക്കേകരയുടെ കൃഷ്‌ണേട്ടൻ, എന്ന ചെറുകഥയും ജോസഫ് തച്ചാറയുടെ വിശുദ്ധ അന്നമ്മ എന്ന ചെറുകഥയുമാണ് വായിച്ചതും ചർച്ചക്കും ആസ്വാദനത്തിനും നിരൂപണത്തിനും വിധേയമായതും. കൃഷ്‌ണേട്ടൻ എന്ന കഥാപാത്രത്തിന് രമേശ് എന്ന കഥാനായകനുണ്ടായിരുന്ന ഹൃദയ ഐക്യവും സ്‌നേഹവും, കൃഷ്‌ണേട്ടന്റെ ആകസ്മികമായ, ദുഃഖപര്യായമായ ജീവിതാന്ത്യത്തോടെ അനാവരണം ചെയ്യുകയാണ് ഈ കഥയിലൂടെ.
മധ്യകേരളത്തിലെ വലിയ സമ്പന്നമായ ഒരു സുറിനായി കൃസ്തീയ കുടുംബത്തിലെ മൂത്തമകനായി പിറന്ന ഒരു ആൺകുട്ടിയുടെ അർത്ഥമില്ലാത്ത ബാലചാപല്യങ്ങളും വ്യഥകളും ഗ്രാമീണ ചുറ്റുപാടിൽ ആ കുട്ടിയുടെ ആത്മഗതം പോലെ വിവരിക്കുകയാണ് കഥാകൃത്തായ ജോസഫ് തച്ചാറ വിശുദ്ധ അന്നമ്മ എന്ന തന്റെ കഥയിലൂടെ.

ആ കൊച്ചു കുട്ടി ഏറ്റവും വെറുത്തിരുന്ന സ്വന്തം വല്ല്യമ്മച്ചി, അന്നമ്മയുടെ മരണശേഷം അവരുടെ വാൽസല്യവും നല്ല ഗുണങ്ങളും മനസ്സിലാക്കി വിലാപത്തിന്റേയും സ്‌നേഹത്തിന്റേയും ഭക്തിയുടേയും സ്‌നേഹ കണ്ണീർകണങ്ങൾ ഒഴുക്കി തന്റെ വേർ പിരിഞ്ഞ വല്ല്യമ്മച്ചി അന്നമ്മയെ ഒരു വിശുദ്ധയായി - ഒരു വിശുദ്ധ അന്നമ്മയായി മനസ്സിൽ പ്രതിഷ്ഠിക്കുന്നതായിട്ട് കഥാകൃത്ത് ചിത്രീകരിക്കുന്നതോടെ കഥ അവസാനിക്കുന്നു.

ഈ രണ്ട് കഥകളുടേയും കഥാ രചനയും, തന്തുവും ആധാരമാക്കി ആസ്വാദന നിരൂപണ ചർച്ചകളിൽ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളും എഴുത്തുകാരുമായ ടി.എൻ. സാമുവേൽ, എ. സി. ജോർജ്, തോമസ് വർഗ്ഗീസ്, പൊന്നുപിള്ള, ജോർജ് പുത്തൻകുരിശ്, ഊർമ്മിള ദേവരാജ് കുറുപ്പ്, തോമസ് കുട്ടി വൈക്കത്തുശേരി, സെലിൻ ബാബു, ദേവരാജ് കാരാവള്ളിൽ, ടോം വിരിപ്പൻ, മേരികുട്ടി എബ്രഹാം, ബാബു തെക്കേകര, കുര്യൻ മാത്യു, തോമസ് തയ്യിൽ, ജോസഫ് തച്ചാറ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.