ന്യൂഡൽഹി: ചലച്ചിത്ര താരവും കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായ സുരേഷ് ഗോപി ബിജെപിയുടെ സംസ്ഥാന സമിതി അംഗമാണ്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇക്കാര്യം പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. കോഴിക്കോട്ട് നടത്ത ബിജെപി ദേശീയ കൗൺസിൽ യോഗത്തിലും സുരേഷ് ഗോപി താരമായിരുന്നു. ഇതൊക്കെ പാർട്ടി അംഗമല്ലാത്ത സുരേഷ് ഗോപിയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിജെപി. അംഗത്വം സുരേഷ് ഗോപി എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയോടെയാണ് ഇത്. അംഗത്വം എടുത്തതോടെ സുരേഷ് ഗോപിക്ക് കൂടുതൽ പാർട്ടി അംഗീകാരവും കിട്ടും. സുരേഷ് ഗോപിയെ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപിയുടെ വരവോടെ കേരളത്തിലെ ബിജെപി. കൂടുതൽ ശക്തിപ്പെടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. അംഗത്വ സ്വീകരണച്ചടങ്ങിൽ ബിജെപി. ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ജാർഖണ്ഡ് മന്ത്രി സി.പി. സിങ് എന്നിവർ പങ്കെടുത്തു. ഏപ്രിൽ 18നാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുമെല്ലാം ബിജെപി അംഗത്വം സുരേഷ് ഗോപിക്ക് നൽകാൻ ശ്രമം നടത്തിയിരുന്നു. കേരളത്തിൽ വമ്പൻ ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ അന്നൊന്നും സുരേഷ് ഗോപി തയ്യാറായില്ല. ഇതിനിടെയാണ് എംപിയായി സുരേഷ് ഗോപിയെ നാമനിർദ്ദേശം ചെയ്തത്. ബിജെപിയുമായി ചേർന്ന് തന്നെ പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ അംഗത്വമെടുത്തതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലെത്താനും സാധ്യത തെളിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നിലപാടാണ് ഇതിൽ ഇനി നിർണ്ണായകമാവുക.,

അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന്റെ മുഖമായി സുരേഷ് ഗോപി മോദി മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചന. അതിന് വേണ്ടിക്കൂടിയാണ് അംഗത്വമെടുക്കൽ. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ താര പ്രചാരകനായിരുന്ന സുരേഷ് ഗോപിയെ രാഷ്ട്രപതിയുടെ നോമിനേറ്റഡ് അംഗമായാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. പാർലമെന്റിലും ബിജെപി അംഗമാണെന്ന് കാണിച്ച് സുരേഷ് ഗോപി അപേക്ഷ നൽകിയിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം പാർട്ടിയേതെന്ന് തീരുമാനിക്കാൻ അവസരമുണ്ട്.

മലയാളിയായ രാജീവ് ചന്ദ്രശേഖറും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്ന മലയാളി എംപിയാണ്. കർണ്ണാടകയിൽ നിന്ന് ബിജെപി പിന്തുണയോടെ ജയിച്ച് രാജ്യസഭയിലെത്തിയ ഏഷ്യാനെറ്റ് ചെയർമാൻ നിലവിൽ എൻഡിഎയുടെ കേരള ഘടകം വൈസ് ചെയർമാനാണ്. കേന്ദ്രമന്ത്രിപദം ലക്ഷ്യമിട്ടാണ് ഏഷ്യാനെറ്റ് മുതലാളിയും കേരളത്തിൽ ബിജെപിയുടെ സജീവ മുഖമായത്. അതിനിടെയാണ് സുരേഷ് ഗോപിയുടെ അംഗത്വമെടുക്കൽ. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രിയാകാൻ ചാനൽ വ്യവസായി നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടിയുമാകും.

സുരേഷ് ഗോപിയെ കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് രാജ്യസഭ എംപി. സ്ഥാനത്തേക്ക് പരിഗണിച്ചത്. ബിജെപി. സംസ്ഥാന പ്രവർത്തക സമിതിയിൽ അംഗമായിരുന്ന സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുത്ത പ്രചാരണ വേദികളിൽ പ്രത്യേക ഇരിപ്പിടമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി സമീപിച്ചിരുന്നെങ്കിലും സുരേഷ് ഗോപി താൽപര്യം കാട്ടിയിരുന്നില്ല.