തിരൂർ: മലയാള സർവകലാശാലക്ക് കെട്ടിടം പണിയാൻ തിരൂരിൽ സർക്കാർ വാങ്ങുന്നത് സി പി എം നേതാക്കളുടേയും ബന്ധുക്കളുടേയും ചതുപ്പു ഭൂമി വാങ്ങി തീവെട്ടിക്കൊള്ള നടത്തുന്നതായും ഇതിന് സർക്കാർ കൂട്ടുനിൽക്കുന്നതായും റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടേയും താനൂർ എംഎ‍ൽഎയുടെ ബന്ധുക്കളുടേയും ഭൂമി വാങ്ങുന്നത് വിപണിവിലയുടെ പത്തിരട്ടിക്കാണെന്ന വസ്തുത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ടുചെയ്തത്.

സർവകലാശാലക്ക് ഭൂമി വേണ്ടിവരുമെന്ന് മുൻകുട്ടിക്കണ്ട് തുച്ഛമായ വിലക്ക് പലരിൽ നിന്നായി വാങ്ങിയ സ്ഥലമാണ് ഇവർ സർക്കാരിന് കൊള്ളലാഭത്തിന് വിൽക്കുന്നതെന്നും മുൻ സർക്കാരിന്റെ കാലത്തുതന്നെ ഇതിനായി ചരടുവലികൾ തുടങ്ങിയെന്നും ആണ് സൂചനകൾ.

വെട്ടം പഞ്ചായത്തിലെ മാങ്ങാട്ടിരിയിൽ മലയാളം സർവകലാശാലക്കായി 27 കോടി 52 ലക്ഷം രൂപക്ക് വിലക്കുവാങ്ങാൻ കണ്ടെത്തിയ ഭൂമിയാണ് വിവാദത്തിലായിരിക്കുന്നത്. മുട്ടറ്റം വെള്ളകെട്ടുള്ള കണ്ടൽചെടികൾ നിറഞ്ഞ പാരിസ്ഥിതിക പ്രാധാന്യമുള്ള നഞ്ചഭൂമി ഇത്രയും വലിയ വിലക്ക് കണ്ടെത്തിയതിനു പിന്നിൽ ആരാണെന്ന ചോദ്യമുയർത്തിയാണ് ചാനൽ റിപ്പോർട്ട്.

രാഷ്ട്രീയ നേതാക്കളടക്കമുള്ള തിരൂരിലെ പ്രമുഖരായ ഒമ്പത് റിയൽ എസ്റ്റേറ്റ് ഇടപാടുകാരുടേതാണ് വെട്ടം പഞ്ചായത്തിലെ 313/ 1 ബി മുതൽ 341/6 എം വരെ സർവേ നമ്പറുകളിലുള്ള 17 ഏക്കർ 20 സെന്റ് സ്ഥലമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവരത്തോട് പ്രതികരിച്ച സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമുൾപ്പെടെ ഇക്കാര്യം അറിയില്ലെന്നാണ് വാർത്തയോട് പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി തിരൂരിൽ നിന്നും മത്സരിച്ച ഗഫൂർ പി ലില്ലീസിന്റെ ഒരു ഏക്കർ മൂന്ന് സെന്റ് സ്ഥലം, അദ്ദേഹത്തിന്റെ സഹോദരങ്ങളുടേയും ബന്ധുക്കളുടേയുമായി അഞ്ച് ഏക്കറോളം സ്ഥലം, താനൂർ എംഎ‍ൽഎ വി അബ്ദുറഹിമാന്റെ മൂന്ന് ബന്ധുക്കളുടെ എട്ടര ഏക്കർ സ്ഥലം, എന്നിവയാണ് സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നതാണെന്നാണ് വിവരം. പലരിൽ നിന്നായി ചെറിയ വിലക്ക് വാങ്ങിയതാണ് ഈ ചതുപ്പു ഭൂമി. വെള്ളം കെട്ടിനിൽക്കുന്ന നഞ്ച ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില സെന്റിന് നാലായിരം രൂപയാണ്. സെന്റൊന്നിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപക്ക് ആണ് സർക്കാർ ഈ ഭൂമി വാങ്ങാൻ പോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ ഭൂമിയുടെ ഇപ്പോഴത്തെ വിപണി വില സെന്റിന് പതിനായിരം മുതൽ നാൽപ്പതിനായിരം വരെ മാത്രം ആണെന്നിരിക്കെയാണ് വളരെ ഉയർന്ന വിലയ്ക്ക് ചതുപ്പുൾപ്പെടെ വാങ്ങുന്നത്. നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയും തണ്ണീർതട സംരക്ഷണ നിയമവുമൊക്കയായി മുറിച്ചു വിൽക്കാൻ കഴിയാതെ കിടന്നിരുന്ന വെള്ളക്കെട്ടുള്ള ഭൂമിക്ക് രാഷ്ട്രീയ നേതാക്കൾ സർക്കാരിൽ നിന്ന് വാങ്ങിയെടുക്കുന്നതുകൊള്ളവിലയാണ്. അന്യായ വിലക്കുള്ള ഭൂമി ഇടപാട് റദ്ദാക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷ സംഘടനകൾ ചാൻസലർ കൂടിയായ ഗവർണ്ണർക്ക് പരാതി നൽകിയിയിട്ടുണ്ട്.

എന്നാൽ സർവകലാശാലക്ക് കെട്ടിടം പണിയാൻ വേറെ സ്ഥലം തിരൂരിൽ കിട്ടാനില്ലെന്നാണ് വൈസ് ചാൻസലറുടെ വിശദീകരണം. റിയൽ എസ്റ്റേറ്റുകാരായ രാഷ്ട്രീയ നേതാക്കളോട് പ്രതികരണം തേടിയെങ്കിലും പ്രതികരണത്തിന് അവർ തയ്യാറായില്ല. - റിപ്പോർട്ടിൽ പറയുന്നു.