സൗദിയിൽ നിരോധിച്ച മരുന്നാണെന്നറിയാതെ നാട്ടിൽ നിന്നും സ്വന്തം ആവശ്യത്തിനായി മരുന്ന വരുത്തിച്ചതിന് നാടുകടത്താൻ വിധിച്ച മലയാളി യുവാവ് നാട്ടിലെത്തി. കോഴിക്കോട് ചേളന്നൂർ സ്വദേശി സിദ്ദീഖാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

ഈ മാസം 6ന് നാട്ടിലെത്തുമെന്നാണ് അറിഞ്ഞിരുന്നതെങ്കിലും സൗദിയിലെ നാർക്കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നതിനാൽ കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് നാട്ടിലെത്തിയത്. സിദ്ദിഖിനെ കുറിച്ച് വിവരങ്ങൾ അറിയാതെ ആശങ്കയിലായിരുന്ന കുടുംബത്തിന് ആശ്വാസമായി തിങ്കളാഴ് വൈകീട്ടാണ് സിദ്ദീഖ് വീട്ടിലെത്തിയത്. സൗദിയിൽ നിന്നും നാടുകടത്തിയെങ്കിലും നാട്ടിലെത്തിയില്ലെന്ന മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ അന്വേഷണത്തിൽ ജിദ്ദ നാർക്കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിലാണെന്ന് വിവരം ലഭിച്ചിരുന്നു.

ഒരു വർഷം മുമ്പ് സുഹൃത്ത് വശം വരുത്തിച്ച അലർജിക്കുള്ള മരുന്നാണ് സിദ്ദീഖിനെ കുഴക്കിയത്. നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം താൻ സാധാരണ കഴിച്ചു വരുന്ന മരുന്നുകളിൽ ഒന്ന് സൗദിയിൽ നിരോധിക്കപ്പെട്ടതാണ് പ്രശ്‌നമായത്. തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ വന്നതിനാൽ വിധി പ്രതികൂലമാവുകയായിരുന്നു.

നേരത്തെ ഒരു മാസത്തിലധികം നാർക്കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്ന സിദ്ദിഖിന് യാമ്പുവിലെ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ കാരണം ജാമ്യം അനുവദിച്ചിരുന്നു. ഈ മാസം ആദ്യത്തിൽ കോടതി വിധിയെ തുടർന്ന് പൊലീസിൽ ഹാജരാവുകയായിരുന്നു. നാർക്കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിലായതിന് ശേഷം സിദ്ദിഖിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നത് സാമൂഹ്യ പ്രവർത്തകരെയും കൂട്ടുകാരെയും ഏറെ ആശങ്കയിലാക്കിയിരുന്നു.

രണ്ട് ദിവസം യാമ്പു നാർക്കോട്ടിക് സെല്ലിന്റെയും പത്തു ദിവസത്തോളം ജിദ്ദ നാർക്കോട്ടിക് സെല്ലിന്റെയും കസ്റ്റഡിയിൽ കിടന്നതിന് ശേഷം തിങ്കളാഴ് വൈകീട്ടാണ് സിദ്ദീഖ് വീട്ടിലെത്തിയത്. ജിദ്ദയിൽ നിന്നും ചെന്നൈയിലേക്കായിരുന്നു വിമാന ടിക്കറ്റ്. അവിടെ നിന്നും ട്രെയിനിൽ കോഴിക്കോടെത്തി. ഏറെ പ്രയാസങ്ങളേറ്റുവാങ്ങി മാനസികമായി തളർന്നു പോയെങ്കിലും കുടുംബത്തിനോടൊപ്പം ചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിദ്ദീഖ്.