മെൽബൺ: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച മലയാളി മെൽബണിൽ അറസ്റ്റിലായി. കോട്ടയം കൂടല്ലൂർ നെടുംതുരുത്തിൽ ടോമിയെയാണ് ഭാര്യ ഉഴവൂർ സ്വദേശിനിയായ ജൂബിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. നിസാരപ്രശ്‌നത്തെ ചൊല്ലിയുള്ള കലഹം അവസാനം കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഭർത്താവിന്റെ കുത്തേറ്റ ജൂബി മെൽബൺ ഡാന്റിനോംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. ജൂബി അപകട നില തരണം ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. ഉഴവൂർ സ്വദേശിനിയാണ് ജൂബി.
ടോമി- ജൂബി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. മകൻ പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അവസാനം കലഹത്തിൽ എത്തിച്ചേർന്നത്. ഉച്ചയൂണിനു ശേഷം വിശ്രമിക്കുകയായിരുന്ന ടോമി മകൻ പുറത്തു പോകുന്നത് തടഞ്ഞതാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ ജൂബി ഇടപെടുകയായിരുന്നു. അമ്മയേയും മകനേയും കത്തിവീശി ഭയപ്പെടുത്താൻ ടോമി ശ്രമിക്കവേ അപ്രതീക്ഷിതമായി കത്തി ജൂബിയുടെ ശരീരത്തിൽ കൊള്ളുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടു മുഴുവൻ അലങ്കോലപ്പെട്ടു കിടക്കുന്നതായാണ് കാണുന്നത്. ഇത് ടോമിക്ക് തിരിച്ചടിയായി. പൊലീസ് അറസ്റ്റ് ചെയ്ത ടോമിയുടെ ജാമ്യാപേക്ഷ 27നാണ് പരിഗണിക്കുന്നത്. കേസിൽ ജൂബിയുടെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്. നിസാര കുടുംബ വഴക്ക് കത്തിക്കുത്തിൽ അവസാനിച്ചത് ടോമിയെ ജയിലഴിക്കുള്ളിലേക്ക് തള്ളിവിടുകയായിരുന്നുവെന്നാണ് മെൽബൺ മലയാളികൾ പറയുന്നത്.