മസ്‌കത്ത്: മസ്‌കത്തില മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന മലയാളി ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞു. കൊല്ലം കൊച്ചാട്ടുമൂല മയ്യനാട് സ്വദേശി കല്ലുവിളയിൽ ഹൗസിൽ പോൾ ലിഗോറി (58) ആണ് മസ്‌കത്തിൽ നിര്യാതനായത്. ഭാര്യയും മക്കളും ഒരാഴ്‌ച്ചത്തെ അവധിക്കായി നാട്ടിലേക്ക് പോയ സമയത്താണ് പോളിനെത്തേടി മരണമെത്തിയത്.

ഫൈഖ് മണി എക്‌സ്‌ചേഞ്ച് ഇൻചാർജായി പ്രവർത്തിച്ചുവരുകയായിരുന്നു പരേതൻ. കഴിഞ്ഞ ദിവസം ഓഫിസിൽവച്ച് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ബദർ അൽ സമ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും തളർന്നുവീഴുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

മത്ര, റൂവി, ഗാല എക്‌സ്‌ചേഞ്ചുകളിലെല്ലാം ജോലി ചെയ്തിരുന്ന പോളിന് മസ്‌കത്തിൽ വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിരുന്നു.പരേതരായ ലിഗോറി മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: ദീപ്തി മറിയ, ഐശ്വര്യ മേരി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.