ത്വാഇഫ്: അത്താഴം കഴിച്ച് സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഉറങ്ങാൻ കിടന്ന മലയാളി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി മങ്ങാരം കരിംബീലാക്കൽ സജീർ (37)ആണ് മരിച്ചത്.

വെള്ളിയാഴ്ച അവധിയായതിനാൽ സൂഖ് ബലദിലത്തെി സാധനങ്ങൾ വാങ്ങിയിരുന്നു. പിന്നീട് സനാഇയ്യയിലുള്ള താമസസ്ഥലത്ത് മടങ്ങിയത്തെി ഒപ്പം താമസിക്കുന്ന കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. അഞ്ച് മണിയോടെ സജീർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സൂഹൃത്തുക്കൾ ആശുപത്രിയിലത്തെിക്കുന്നതിന് സൗദി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
ഇവർ പരശോധിച്ചപ്പോഴാണ് മരണം സംഭവിച്ച് അരമണിക്കുർ കഴിഞ്ഞതായി സ്ഥിരീകരിച്ചത്. ഏഴ് മാസമായി സനാഇയ്യയിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ് സജീർ.

മുമ്പ് റിയാദിനെ ഒരു കമ്പനിയിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നു. ത്വാഇഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ത്വാഇഫിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബ്ദുൽ ഖനി റാവുത്തർ-സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സയ്ജു. മക്കൾ: ഫർഹാന, ഫിർദൗസ്.