മസ്‌ക്കറ്റ്: അൽ ദഖ്‌ലിയ ഗവർണറേറ്റിലെ ബഹ്‌ലയിലെ താമസസ്ഥലത്ത് മലയാളി തൂങ്ങി മരിച്ച നിലയിൽ. ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശി സിബി ഭാസി (26)യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓട്ടോമൊബൈൽ സ്‌പെയർപാർട്ട്‌സ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു സിബി.

ഉച്ചയ്ക്ക് ഉണ്ണാനായി ഒരു മണിയോടെ കടയിൽ നിന്നു പോയ സിബി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫോണിൽ വിളിച്ചിട്ടും സിബിയെ കിട്ടാത്തതിനെതുടർന്ന് വൈകുന്നേരം നാലോടെ സ്‌പോൺസർ തന്നെ റൂമിൽ ചെന്ന് അന്വേഷിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി.

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയ സിബി ഫെബ്രുവരിയിലാണ് മടങ്ങിയെത്തിയത്. മൃതദേഹം ബഹ്‌ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടു പോകും.