മസ്‌കത്ത്: ഒരു മാസത്തെ വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ പാലക്കാട് സ്വദേശി മുങ്ങിയതായി പരാതി. പാലക്കാട് കൂറ്റനാട് സ്വദേശി മുഹമ്മദ് വീരാൻ കുട്ടിയാണ് വിസ കാലാവധി കഴിഞ്ഞിട്ടും നാട് വിടാതെ മുങ്ങിയതായി കണ്ടെത്തിയത്. വിസ കാലാവധി പൂർത്തിയായിട്ടും രേഖാമൂലം ഇയാൾ രാജ്യംവിടാത്തതിനെ തുടർന്ന് അധികൃതർ ട്രാവൽസിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഉടൻ ഇയാളെ കണ്ടെത്തി നാട്ടിലേക്ക് അയച്ചിട്ടില്ലെങ്കിൽ ട്രാവൽസ് ജീവനക്കാരുടെ മേൽ കടുത്ത നടപടിയുണ്ടായേക്കും. നാട്ടിലെ സുഹൃത്തുക്കളുടെ മുഖേനെയാണ് ഇയാൾക്ക് ട്രാവൽസിലെ ജീവനക്കാരനായ അനീഷ് വിസ നൽകിയത്. മൂന്നര മാസമായി മുഹമ്മദിനെ കുറിച്ച് ട്രാവൽസ് ഏജൻസിക്ക് യാതൊരു വിവരവുമില്ല. ബുറൈമി, ഇസ്‌കി എന്നിവിടങ്ങളിൽ പല സ്ഥലങ്ങളിലായി ഇയാൾ ജോലി ചെയ്തിരുന്നുവെന്ന് ട്രാവൽസുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

മുമ്പ് ദുബൈയിൽ പ്രവാസിയായിരുന്ന ഇയാൾ അനധികൃതമായി റോഡ് മാർഗം ദുബൈയിലേക്ക് കടന്നതായും അവിടെ നിന്ന് നാട്ടിലേക്ക് വിളിച്ചിരുന്നതായും ട്രാവൽ ഏജൻസി മാനേജർ പറഞ്ഞു. സോഷ്യൽ മീഡിയയിലും മറ്റും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമുണ്ടായില്ല.മുഹമ്മദ് രേഖാമൂലം ഒമാൻ വിടാത്തതിനാൽ ട്രാവൽസിൽ പുതിയ വിസകളൊന്നും ലഭിക്കുന്നില്ല. ഇതുമൂലം വൻ നഷ്ടമാണ് ദിനം പ്രതി ഉണ്ടാവുന്നത്. നെറ്റ്' ഫോണിൽ നിന്ന് ഇടക്കിടെ വിളിക്കാറുണ്ടെന്നും എവിടെയാണെന്നോ എന്താണ് ജോലിയെന്നോ തങ്ങൾക്കറിയില്ലെന്നും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

ഒമാനിൽ സന്ദർശക വിസയിലെത്തി നാട്ടിലേക്ക് തിരിച്ചുപോകാത്തവർ സർക്കാറിന്റെ കണക്കിൽ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിലാണ് ഉൾപ്പെടുക.