ഒക്കലഹോമ: മോഷണശ്രമത്തിനിടെ മലയാളിയായ ഹോട്ടലുടമയ്ക്ക് ഒക്കലഹോമയിൽ വെടിയേറ്റു. ഒക്കലഹോമ, ഡാളസ് എന്നിവിടങ്ങളിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ജോഷ്വാ ജോസഫി(39)നാണ് മോഷ്ടാക്കളുടെ വെടിയേൽക്കുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒക്കലഹോമയിലെ 401 മെറിഡിയൻ അവന്യൂവിലുള്ള ബിൽറ്റ്‌മോർ ഹോട്ടലിനു മുന്നിൽ വച്ചാണ് ജോഷ്വായ്ക്ക് വെടിയേൽക്കുന്നത്. കാർ പാർക്കിംഗിലുള്ള സ്വന്തം വാഹനത്തിലേക്ക് പോകുന്നതിനിടെയാണ് അക്രമികൾ ജോഷ്വായ്ക്ക് നേരെ വെടിയുതിർക്കുന്നത്. വെടിയേറ്റ ജോഷ്വാ കാറിനുള്ളിൽ കയറിയ ശേഷം പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ പൊലീസ് എത്തും മുമ്പ് അക്രമികൾ രക്ഷപ്പെട്ടു. ജോഷ്വായുടെ ശരീരത്തിൽ എട്ടു ബുള്ളറ്റുകളെങ്കിലും തുളഞ്ഞുകയറിയിട്ടുണ്ടാകുമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ജോഷ്വായ്ക്കു നേരെ വെടിയുതിർത്തവർക്കെതിരേ പൊലീസ് ലുക്കൗണ്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മോഷണശ്രമമാണ് വെടിവയ്‌പ്പിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അരിസോണ ടാഗുള്ള ചാരനിരത്തിലുള്ള 2007 മോഡൽ ഫോർഡ് ടോറസ് വാഹനമാണ് അക്രമികൾ ഉപയോഗിച്ചതെന്നാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്ന വിവരം.