കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ ഐസിസ് സ്വാധീന മേഖലയിൽ ശനിയാഴ്ചണ്ടായ ഡ്രോൺ (ആളില്ലാ വിമാനം ) ആക്രമണത്തിൽ കൊല്ലപ്പെട്ട ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കളും. ഹഫീസുദ്ദീൻ നെറ്റിയിൽ മുറിവേറ്റ് മരിച്ചു കിടക്കുന്ന ഫോട്ടോ സംഘത്തിലുള്ളവർ അയച്ചതോടെയാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്.

2016 ജൂലൈയിൽ ദൂരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി സംഘത്തിൽപ്പെട്ട കാസർകോഡ് പടന്ന സ്വദേശി ടി കെ ഹഫീസുദ്ദീൻ (24) ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് സന്ദേശം ലഭിച്ചത്. സംഘത്തിൽപ്പെട്ട അഷ്ഫാഖ് മജീദ് ഹഫീസിന്റെ മാതാവിനും ബന്ധുവിനും ടെലഗ്രാം മെസഞ്ചർ വഴി ഞായറാഴ്ച രാവിലെ ഹഫീസിന്റെ മരണ വാർത്ത അറിയിക്കുകയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അധികൃതർ നൽകിയിരുന്നില്ല. തിങ്കളാഴ്ച ഫോട്ടോ ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും മരണം സ്ഥിരീകരിച്ചത്.

സംഘത്തിൽപ്പെട്ട അബ്ദുൽ റാഷിദ് അബ്ദുല്ല, സഹോദരനും അഷ്ഫാഖ് മജീദ് ഹഫീസിന്റെ വീട്ടുകാർക്കുമാണ് മരിച്ചു കിടക്കുന്ന ഫോട്ടോ അയച്ചത്. ഫോട്ടോയിലുള്ളത് ഹഫീസുദ്ദീൻ തന്നെയാണെന്നും നെറ്റിയിൽ മുറിവുള്ളതായി ഫോട്ടോയിലുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. നെറ്റിയിലേറ്റ മുറിവും ആഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. യു എ ഇയിൽ ബിസിനസുകാരനായ പിതാവ് ഹക്കീം മകന്റെ മരണവാർത്തയറിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ട്. എന്നാൽ മകൻ മരിച്ചു കിടക്കുന്ന ഫോട്ടോ പിതാവിന് ബന്ധുക്കൾ കാണിച്ചിട്ടില്ല. വിവിധ അന്വേഷണ ഏജൻസികൾ വീട്ടിലെത്തിയിട്ടുണ്ട്. ഫോട്ടോ പുറത്തു വിടരുതെന്ന് കർശന നിർദ്ദേശം അന്വേഷണ ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്.

എൻ.ഐ.എ, ഇന്റലിജൻസ്, റോ, സ്‌പെഷൽ ബ്രാഞ്ച് തുടങ്ങിയ സുരക്ഷാ ഏജൻസികൾ ബന്ധുകളുടെ മൊഴി രേഖപ്പെടുത്തി. നിലവിൽ എൻ.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. ബന്ധുക്കൾക്ക് ലഭിച്ച ഫോട്ടോകൾ, സന്ദേശങ്ങൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങൾക്കടക്കം ഇത് കൈമാറരുതെന്നാണ് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഐസിസിൽ എത്തിയ മറ്റു മലയാളികളും ബന്ധുക്കൾക്ക് ഡ്രോൺ ആക്രമണം സംബന്ധിച്ച് സന്ദേശം അയച്ചതായാണ് വിവരം.

അതേ സമയം ഡ്രോൺ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതായും ഇതിൽ 36 പേർ വിദേശികളാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. മറ്റു മലയാളികൾക്കും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. അഫ്ഗാനിലെ ഐസിസ് സ്വാധീന മേഖലയായ നാംഗർഹാർ ദിഹ്ബലയിൽ വച്ചാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഈ മേഖലയിൽ നിരവധി ഇന്ത്യക്കാർ ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇത് ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.

കേരളത്തിൽ നിന്നും കാണാതായ 22 പേരടങ്ങുന്ന സംഘം ഇസ്ലാമിക്ക് സ്റ്റേറ്റിൽ എത്തിയതായി എൻ.ഐ.എ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ദൈവീക രാജ്യത്ത് എത്തിയെന്നും സ്വർഗത്തിലേക്കുള്ള വഴിയാണിതെന്നുമായിരുന്നു ഇവർ ശബ്ദ സന്ദേശമായി ബന്ധുക്കൾക്ക് അയച്ചിരുന്നത്. ഇതോടെ അന്വേഷണം കൂടുതൽ ഊർജിതപ്പെടുത്തി. ഇവർക്കെതിരെയുള്ള കേസിനു പുറമെ നിരവധി ഐസിസ് കേസുകൾ കേരളത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്തു. 15 ഓളം പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹഫീസുദ്ദീന്റെ മരണവാർത്ത എത്തിയത്. ഇതിനിടെ ബന്ധുക്കളെയും കൂട്ടുകാരെയും ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങളും ഇവരിൽ നിന്നും എത്തിയിരുന്നു. ഹഫീസ് സഹോദരിയെയും ഭാര്യയെയും അടക്കം ഐസിസി ലേക്ക് ക്ഷണിച്ചിരുന്നു.

കേരളത്തിൽ നിന്നും അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെത്തിയ സംഘം അവരവരുടേതായ താൽപര്യത്തിനും കഴിവിനും അനുസരിച്ചായിരുന്നു ' ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഡോ. ഇജാസിന്റെ നേതൃത്വത്തിൽ ക്ലിനിക്ക് തുടങ്ങിയതായി ഈയിടെ വീട്ടുകാർക്ക് സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ഹഫീസ് ഉൾപ്പടെയുള്ള ഏതാനും പേർ സൈന്യത്തോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. പരിശീലനം സിദ്ധിച്ചവർക്കും ട്രൈനിങ്ങിൽ പാസാകുന്നവർക്കും മാത്രമേ ഐസിസിന്റെ സൈന്യത്തിൽ പ്രവേശനമുള്ളൂ. ഹഫീസിനെ കൂടാതെ പാലക്കാട് യാക്കര സ്വദേനികളായ ഈസ, യഹിയ എന്നിവരുമുണ്ട് സൈന്യത്തിൽ. ട്രൈനിംങിനിടെ ഹഫീസിന്റെ രണ്ട് കൈ വിരലുകൾ നഷ്ടമായിരുന്നു. ഇത് ഫോട്ടോയിലൂടെ വ്യക്തമാകുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഹഫീസിന്റെ മരണത്തിന്റെ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തിനു പുറത്തെ വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.