സാൻഫ്രാൻസിസ്‌കോ: സാൻഫ്രാൻസിസ്‌കോയിലെ സാലിനാസ് ലോറൽ എക്‌സിറ്റിലുണ്ടായ കാറപകടത്തിൽ പത്തനംതിട്ട സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു. 101 ഹൈവേയിൽ റോഡ് മുറിച്ചുകടക്കവേ കാറിടിച്ചാണ് ആശാ നിത്യാ നന്ദൻ എന്ന മുപ്പതുകാരി കൊല്ലപ്പെടുന്നത്. മാതാപിതാക്കൾക്കും സഹോദരനും ഒപ്പം റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു.

അഹമ്മദാബാദിൽ താമസക്കാരാണ് നിത്യയുടെ മാതാപിതാക്കളും സഹോദരനും. പത്തു മാസം മുമ്പ് വിവാഹമോചനം നേടിയ നിത്യ സാലിനാസിൽ ഒരു സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അവധിയാഘോഷത്തിന് അഹമ്മദാബാദിൽ നിന്നും സാൻഫ്രാൻസിസ്‌കോയിൽ എത്തിയ കുടുംബാംഗങ്ങൾക്കൊപ്പം യാത്രചെയ്യവേയാണ് നിത്യയ്ക്ക് അപകടമുണ്ടാകുന്നത്. മൃതദേഹം അഹമ്മദാബാദിൽ സംസ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തി വരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ കണ്ടെത്തുന്നതിന് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് കാലിഫോർണിയ (മങ്ക), സാക്രമെന്റോ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസ് (സർഗം) എന്നിവയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തിവരുന്നു.