കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി എഞ്ചീനിയർ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരണം. കോഴിക്കോട് പേരാമ്പ്ര എടക്കാട് സ്വദേശി റമീസിന്റെ മരണമാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ മലയാളി യുവാവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു മലയാളികൾ അടക്കം നിരവധി പേരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഫോറൻസിക് പരിശോധനയിൽ മരണ കാരണം ഞരമ്പ് മുറിഞ്ഞു രക്തം വാർന്നാണെന്ന് തെളിഞ്ഞിരുന്നു, ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് മൃതദേഹത്തിൽ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതേ തുടര്ന്നാ!ണ് ആത്മഹത്യ ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചത് . കഴിഞ്ഞ കുറെ നാളുകളായി റമീസ് മാനസിക സംഘര്ഷത്തിലായിരുന്നു എന്ന് സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞതായി അന്വേഷണത്തിന് നേതൃത്വം നൽകിയ കേണൽ ഖാലിദ് ഹമീസ് അറിയിച്ചു .

ഷൈഖാൻ അൽ ഫാരിസി സെന്ററിനു പിറകു ഭാഗത്ത് മണ്ണിൽ പൂണ്ട നിലയിൽ  ആണ് റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം മുതൽ സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് ശനിയാഴ്ച രാത്രിയിൽ സുറയിൽ കുഴിച്ചിട്ടനിലയിൽ ഒരു മൃതദേഹം കണ്ടതായി വിവരം ലഭിച്ചത്. പിന്നീട് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

മൺപരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന നിലയിൽ മനുഷ്യന്റെ കൈ കണ്ട സ്വദേശി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടന്ന പൊലീസ് എത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് രാത്രി ഭക്ഷണം കഴിക്കാനായി അബൂ ഖലീഫയിലെ താമസ സ്ഥലത്ത് നിന്നും തൊട്ടടുത്ത ഹോട്ടലിൽ പോയ റമീസ് പിന്നീട് ഫ്‌ലാറ്റിൽ തിരികെ എത്തിയിരുന്നില്ല . ഇതേ തുടർന്ന് റമീസിന്റെ ബന്ധുക്കൾ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. അഹമദിയിലെ ഓ. ആൻഡ് .ജി. കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയ റമീസ് 2 മാസം മുമ്പാണ് കുവൈത്തിൽ എത്തിയത്.

റമീസ് താമസിച്ചിരുന്ന അബൂ ഖലീഫയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കുവൈത്തിലുള്ള ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.പേരാമ്പ്ര മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും വ്യാപാരിയുമായ ബാദുഷ സലാമാണ് റസീമിന്റെ പിതാവ്. റസീനായാണ് മാതാവ്. സഹോദരങ്ങൾ: റാശിദ് (ബിസിനസ്), റിഷാന (വിദ്യാർത്ഥി, ദേവഗിരി കോളജ്, കോഴിക്കോട്).