പെർത്ത്: കഴിഞ്ഞയാഴ്‌ച്ച പെർത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച മലയാളി യുവാവിന് ഇന്ന് മലയാളി സമൂഹം വിട നല്കും. മലയാളികൾ ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന സിബിയുടെ മരണ വാർത്തയിൽ നിന്ന് വിട്ടുമാറാതെ കഴിയുന്ന സുഹൃത്തുക്കൾ ഇന്ന് വൈകുന്നേരം സിബിക്ക് യാത്രമൊഴിയേകാൻ ഒത്തുചേരും.

പെർത്തിൽ വിദ്യാർത്ഥിയായിരുന്ന അങ്കമാലി നടുവട്ടം ആലുക്ക വീട്ടിൽ സിബി(34) യുടെ മൃതദേഹം ഇന്ന് നടക്കുന്ന പൊതുദർശനത്തിന് ശേഷം നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകും. ശനിയാഴ്‌ച്ച നടുവട്ടം സെന്റ്. ആന്റണീസ്  പള്ളിയിൽ സംസകാര  ശുശ്രൂഷകൾ നടക്കും.

ഇന്ന് വൈകുന്നേരം മൃതദേഹം നോർത്ത് പെർത്ത് പർസ്ലോ ഫ്യൂണറൽ സർവീസിൽ (15 Scarborough Beach Rd, North Perth ) പൊതുദർശനത്തിന് വെയ്ക്കും. സിബിയുടെ സുഹൃത്തുക്കളും വിവിധ മലയാളി സംഘടനകളും സയുക്തമായിട്ടാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ടിഎഎഫ് ഇ ഡെന്റൽ ടെക്‌നോളജി വിദ്യാർത്ഥിയായിരുന്ന സിബി പാർട്ട് ടൈം ആയി പെട്രോൾ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു. നിർത്തിയിട്ടിരുന്ന കാറിനു സമീപം കത്തുന്ന നിലയിൽ കണ്ട സിബിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മലയാളി സംഘടനകളിലും കായിക രംഗത്ത് സജീവമായിരുന്ന സിബിയുടെ വിയോഗം അറിഞ്ഞ സുഹൃത്തുക്കൾ നടുക്കത്തിൽ നിന്ന് വിമുക്തരായിട്ടില്ല.