കുവൈറ്റ് സിറ്റി: കുവൈറ്റ് മിനിസ്ട്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന മണിക്കൊമ്പിൽ സേവ്യറുടെ മകൻ ബോണി എം സേവ്യർ (31) ആണ് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അൽ റാസി ആശുപത്രിയിലെ ഐസിയുബിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ബോണി.

വൈകുന്നേരം ജോലിക്കിടെ ചായകുടിച്ച ശേഷം ടോയ്‌ലറ്റിൽ പോകാനായി എഴുന്നേൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഭാര്യ പത്തനംതിട്ട സ്വദേശിനി ജീവ ഭർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആണ്. മൂന്നര വയസുള്ള ബ്രയാൻ ഏക മകനാണ്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടേയും ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റേയും നേതൃത്വത്തിൽ നടന്നുവരുന്നു. കഴിഞ്ഞ ജൂൺ 16നാണ് ബോണിയും ജീവയും അഞ്ചാം വിവാഹവാർഷികം ആഘോഷിച്ചത്. ഒക്ടോബറിൽ ഭാര്യയും മകനും ഒപ്പം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു ബോണി.