ഖദറ: ക്രിസ്തുമസ് ദിനത്തിൽ സുഹൃത്തുക്കളെ കാണാനായി തിരിച്ച മലയാളി യുവാവിന്റെ മരണ വാർത്ത കേട്ട ഞെട്ടലിൽ ആണ് ഒമാനിലെ ഒരു പറ്റം സുഹൃത്തുക്കൾ. രണ്ട് ദിവസം മുമ്പ് കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരം പൂങ്കുളം തേക്കുംകര പുത്തൻവീട്ടിൽ നെൽസന്റെ മകൻ രതീഷിന്റെ മരണവിവരം എത്തുന്നത്.

ക്രിസ്മസ് രാത്രി സുവൈഖിന് ശേഷമുള്ള ഹബ്ബയിൽ രതീഷ് സഞ്ചരിച്ച ടാക്‌സി കാർ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. വാഹനമോടിച്ച ഒമാനി തൽക്ഷണം മരിച്ചിരുന്നു. മാരകമായി മുറിവേറ്റ രതീഷിനെ റുസ്താഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 26ന് പുലർച്ചെ നാലോടെ മരിച്ചു.

സഹയാത്രികനായിരുന്ന ബംഗാളിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. സുവൈഖ് ഖദറയിലെ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന രതീഷിനെ കാണാനില്ലന്ന് വാർത്ത വന്നിരുന്നു.

കിസ്മസ് ദിവസം ഖദറയിലുള്ള സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞാണ് പോയത്. തൊട്ടടുത്ത മുറിയിലുള്ള സുഹൃത്തിനോട് രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നുപറഞ്ഞിരുന്നു. 25ന് രാത്രി 9.30ന് സുഹൃത്ത് വിളിച്ചപ്പോൾ അരമണിക്കൂറിനുള്ളിൽ ഖദറയിൽ എത്തുമെന്നാണ് പറഞ്ഞത്. രാത്രി 11.30 ആയിട്ടും കാണാതിരുന്നതിനെ തുടർന്ന് വിളിച്ചുനോക്കിയപ്പോൾ ഫോൺ കട്ട് ചെയ്തു. രാവിലെ കാണാതിരുന്നതിനെ തുടർന്ന് വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ്ഓഫ് ആയിരുന്നു. തുടർന്ന്, സഹപ്രവർത്തകരും സുഹൃത്തുക്കളും മറ്റും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റുസ്താഖ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടത്തെിയത്. മബേലയിലുള്ള സുഹൃത്തിനെ സന്ദർശിച്ച് മടങ്ങിവരവേയാണ് അപകടമുണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് രതീഷിന്റെ സഹപ്രവർത്തകർ പറഞ്ഞു. മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇയാൾ മുസന്നയിൽ ഇറങ്ങിയിരുന്നു.

നിർധന കുടുംബത്തിന്റെ ആശ്രയമായിരുന്നു രതീഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ മാത്രമേ മരണ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തുടർന്ന്, മറ്റു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ
പറഞ്ഞു.