കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാന സംസ്ഥാനമായ ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറി (എ.സി.ടി) യിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ മൂന്നു മലയാളി  വിദ്യാർത്ഥികൾക്ക് ഉന്നത വിജയം.  സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് ഉൾപ്പെടെ പരീക്ഷ എഴുതിയ മൂന്നു കുടിയേറ്റ വിദ്യാർത്ഥികൾ നേടിയ ഉന്നത വിജയം ഏറെ ശ്രദ്ധേയമാവുന്നു.

എ.ടി.എ .ആർ. സ്‌കോർ പ്രകാരം 99.9 ശതമാനം മാർക്ക് ലഭിച്ച പ്രിൻസ് സെബാസ്റ്റ്യൻ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി മലയാളികൾക്കു അഭിമാനമായി. പ്രദീപ്, സെലിൻ ദമ്പതികളുടെ മകനായ പ്രിൻസ് കാൻബറ നറബുന്ദ കോളേജ് വിദ്യാർത്ഥി ആണ്. 
95.6 ശതമാനം മാർക്ക് നേടി പിയേർസ് മാരിസ്റ്റ് കോളേജ്  വിദ്യാർത്ഥി ഫ്രാങ്ക്‌ലിൻ വിൽസൺ ശ്രദ്ധേയ വിജയം നേടി. ഐ.ടി പ്രോഗ്രാമിങ്ങിലെ മികച്ച  വിദ്യാർത്ഥിക്കുള്ള സ്റ്റീവൻ കെന്നഡി അവാർഡും ഫ്രാങ്ക്‌ലിന് ലഭിച്ചു. വിൽസൺ, പ്രിൻസി ദമ്പതികളുടെ മകനാണ്.

93.5 ശതമാനം സ്‌കോർ നേടിയ എഡ്വിൻ തോമസ്  മൂന്നാം സ്ഥാനം നേടി. ബയോളജിയിൽ ഏറ്റവും ഉയർന്ന സ്‌കോറും എഡ്വിൻ നേടി. തോമസ്, സിജി ദമ്പതികളുടെ മകനാണ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാൻബറ സെന്റ്, അൽഫോൻസ സിറോ മലബാർ കാത്തോലിക്ക സമൂഹവും ചെറുപുഷ്പ മിഷൻ ലീഗ് കാൻബറ യൂണിറ്റും, വിശ്വാസ പരിശീലന കേന്ദ്രവും സ്വീകരണം നല്കി. അനുമോദന പരിപാടികൾക്ക് വികാരി ഫാ. വർഗീസ് വാവോലിൽ, വിശ്വാസ പരിശീലന കേന്ദ്രം ഹെട്മാസ്ടർ മാർട്ടിൻ തിരുന്നിലം, മിഷൻ ലീഗ് ജോയിന്റ് ഡയറക്ടർ ഷൈജു ആലുങ്കൽ എന്നിവർ നേതൃത്വം നല്കി.