മസ്‌ക്കറ്റ്: തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി യുവതി ബർക്കയിൽ കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം വിതരു സ്വദേശിനിയായ ഷീജയാണ് തന്നെ പൂട്ടിയിട്ട ബഹുനില കെട്ടിടത്തിന്റെ മുറിയിലെ ജനാലയിൽ നിന്ന്  വ്യാഴാഴ്ച രാവിലെ ചാടിയത്.  നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ചാടിയതെങ്കിലും കെട്ടിടത്തിനു താഴെ പരസ്യബോർഡിൽ കുടുങ്ങിയതിനാൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ആയൂർവേദ തെറാപ്പിസ്റ്റിന്റെ ജോലിക്കെന്ന പേരിൽ ഒമാനിലെത്തിച്ച ഇവരെ പിന്നീട് വീട്ടുജോലിക്ക് നിർബന്ധിക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയതെന്നു പറയുന്നു. മനുഷ്യക്കടത്തിന് ഇരയാണ് ഷീജയെന്നും പറയപ്പെടുന്നുണ്ട്.

ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി വഴിയാണ് ഷീജ ഒമാനിലെത്തുന്നത്.  വീട്ടുജോലിക്കാണ് ഒമാനി സ്‌പോൺസർ ഷീജയെ കൊണ്ടു വന്നതെങ്കിലും ഏജൻസി ഇക്കാര്യം ഷീജയെ അറിയിച്ചിരുന്നില്ല. ആയുർവേദ തെറാപ്പിസ്റ്റിന്റെ ജോലി വാഗ്ദാനം ചെയ്തിട്ട് വീട്ടുജോലിക്കാരിയായി തുടരാൻ ഷീജ എതിർപ്പു പ്രകടിപ്പിക്കുകയായിരുന്നു. വീട്ടുജോലിക്ക് താൻ എതിർത്തതോടെ ഏജൻസി ജീവനക്കാർ തന്നെ ക്രൂരമായി മർദിച്ചുവെന്നും ഷീജ വെളിപ്പെടുത്തുന്നു.

തിരുവനന്തപുരത്തു നിന്ന് സന്ദർശക വിസയിൽ ഹൈദരാബാദ് വിമാനത്താവളം വഴി ദുബായിലെത്തിയ തന്നെ ശ്രീലങ്കൻ സ്വദേശിനി നടത്തുന്ന ഏജൻസിക്ക് കൈമാറുകയായിരുന്നുവെന്ന് ഷീജ പറയുന്നു. ഇവിടെ വച്ചാണ് തന്നെ വീട്ടുജോലിക്ക് കൊണ്ടുവന്നതാണെന്ന് അറിയുന്നത്. തിങ്കളാഴ്ച ഒമാനിലെത്തിയ താൻ നാട്ടിൽ പോകണമെന്ന് സ്‌പോൺസറോട് ആവശ്യപ്പെട്ടു. തുടർന്ന് നാട്ടിൽ വിടാമെന്നു പറഞ്ഞ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെങ്കിലും തന്നെ സലാലയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസിലായപ്പോൾ ബഹളം വയ്ക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ആളുകൾ ഇടപെട്ടതിനെ തുടർന്ന് തിരികെ ബർക്കയിലെത്തിച്ച തന്നെ മുറിയിലിട്ടു പൂട്ടുകയായിരുന്നു. ഇവിടെ നിന്നു രക്ഷപ്പെടാനാണ് ഷീജ ജനാല വഴി ചാടിയത്. സംഭവം കണ്ട് ഓടിക്കൂടിയവർ ഇവരെ താഴെയിറക്കിയ ശേഷം അടുത്ത ക്ലിനിക്കിലെത്തിച്ചു. ഷീജയുടെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്.

ചികിത്സയ്ക്കു ശേഷം ഷീജയെ അജ്മാനിലേക്ക് കൊണ്ടുപോകണമെന്നാണ് റോയൽ ഒമാൻ പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇവർക്ക് യുഎഇ വിസയില്ലാത്തത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മസ്‌ക്കറ്റ് എംബസിയിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.